ടെലിവിഷനില്‍ നിന്നിറങ്ങി ഗ്രാമത്തിലേയ്ക്കു വരിക
ഗലീല എന്ന പ്രവിശ്യയില്‍ ഗ്രാമങ്ങളായിരുന്നു കൂടുതല്‍. ഗ്രാമീണരോടൊപ്പമായിരുന്നു യേശു കൂടുതല്‍ സമയവും പ്രസംഗിച്ചതും പ്രവര്‍ത്തിച്ചതും. മീന്‍പിടിത്തക്കാര്‍, കൃഷിക്കാര്‍, ആട്ടിടയര്‍ എന്നിവരായിരുന്നു യേശുവിന്റെ പ്രധാന അനുവാചകര്‍. തികച്ചും ഗ്രാമാന്തരീക്ഷം. തന്റെ പ്രവര്‍ത്തന കാലഘട്ടത്തില്‍ അഞ്ചുപ്രാവശ്യം മാത്രമേ അവിടുന്ന് യരുശലേം എന്ന പട്ടണത്തില്‍ വന്നിട്ടുള്ളുയെന്നാണ് പറയപ്പെടുന്നത്. ശിശുവായിരുന്നപ്പോള്‍ മാതാപിതാക്കള്‍ തന്നെ സമര്‍പ്പിക്കുവാന്‍ വേണ്ടി കൊണ്ടുവന്നത്. 12 വയസ്സുള്ളപ്പോള്‍ പെരുന്നാളിന് കൊണ്ടുപോയത്. അന്നു പുരോഹിതന്മാരുമായി തര്‍ക്കവും വാദങ്ങളും, പിന്നൊരിക്കല്‍ ദേവാലയത്തിലെ വാണിജ്യവല്‍ക്കരണത്തിനെതിരെ അക്രമം. പിന്നെ ക്രൂശിക്കപ്പെടാന്‍. ഒരിക്കല്‍ മാത്രമേ ചില അത്ഭുതങ്ങള്‍ ചെയ്യാനും ഉപദേശിക്കാനും യരുശലേമില്‍ പോയിട്ടുള്ളൂ. യേശു ഗ്രാമീണരായ സാധുക്കളോടു കൂടെയായിരുന്നു. ഉപമകളും, ഉപദേശങ്ങളും വായിക്കുമ്പോള്‍ അതു മനസ്സിലാകും. ''കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു'' (ലൂ4:18) എന്നായിരുന്നു തന്റെ മാനിഫെസ്റ്റോ. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ സംവത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് അയക്കപ്പെട്ടുവെന്നു തനിക്കു നല്ല ബോധ്യമുണ്ടായിരുന്നു.
2011 സെന്‍സസ് അനുസരിച്ചു ഭാരതത്തില്‍ 72 ശതമാനം ജനങ്ങളും പാര്‍ക്കുന്നത് ഗ്രാമങ്ങളിലാണ്. 28 ശതമാനം മാത്രമേ പട്ടണങ്ങളിലുള്ളു. എന്നാല്‍ 85 ശതമാനം ക്രിസ്തുനാമ പ്രവര്‍ത്തനങ്ങളും നടക്കുന്നത് പട്ടണങ്ങളിലാണ്. ഗ്രാമീണരായ 72 ശതമാനം ജനത്തിന് വേണ്ടി സര്‍ക്കാര്‍ അനേക വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ എത്തേണ്ടവന്റെ കരങ്ങളില്‍ അതൊന്നും എത്തുന്നില്ല. വടക്കന്‍ ഭാരതത്തിലെ ഗ്രാമങ്ങള്‍ നോക്കുക. സ്‌കൂളുകള്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ അദ്ധ്യാപകരില്ല. ആശുപത്രികള്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ ഡോക്ടര്‍മാര്‍ ഇല്ല. റോഡില്ല. യാത്രാസൗകര്യങ്ങളില്ല. ശുദ്ധജലമില്ല. ദാരിദ്ര്യം എന്നും ദാരിദ്ര്യം തന്നെ. ഇന്നത്തെ തൊഴിലാളി നിയമം അനുസരിച്ചു 348 രൂപ(മിനിമം വേജ് ആക്ട് 2015) ഒരു തൊഴിലാളിക്ക് ദിവസക്കൂലി കിട്ടണം. എന്നാല്‍ ഇന്നു കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഒരു തൊഴിലാളിയുടെ ശരാശരി ശമ്പളം 100-120 രൂപയാണ്. അഞ്ചോ ആറോ മക്കള്‍ അവനു കാണും. ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാരും. ഇവിടെ ആത്മഹത്യകളുടെ എണ്ണം കൂടുന്നു. ഗവണ്‍മെന്റിന്റെ വികസന പോളിസികളെല്ലാം ഇന്നും പേപ്പറില്‍ മാത്രം ഒതുങ്ങുന്നു.
പട്ടണങ്ങളിലെ മനോഹരമായ ഫ്‌ളാറ്റുകളും, ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ഗോപുരങ്ങളും കാണുമ്പോള്‍ ഓര്‍ക്കണം അതിന്റെ പിമ്പില്‍ ഗ്രാമീണനായ തൊഴിലാളികളുടെ കൈകളാണെന്ന്. വലിയ റോഡുകള്‍, വലിയ ആലയങ്ങള്‍, ഭംഗിയേറിയ തുണികള്‍, ഫര്‍ണിച്ചറുകള്‍, വിഭവ സമൃദ്ധമായ ആഹാരം, സുന്ദരമായ വാഹനങ്ങള്‍ ഇതെല്ലാം കാണുമ്പോള്‍ ഓര്‍ക്കണം ഇതിന്റെയെല്ലാം പിന്നില്‍ ഒരു ഗ്രാമീണനായ തൊഴിലാളിയുണ്ട്. ദിവസം നൂറുരൂപ വാങ്ങി വയറ് ഇറുക്കി ഉടുത്ത് കൂനിക്കൂനി നടക്കുന്ന ഒരു തൊഴിലാളി. അവനല്ലേ യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ ശില്പി. തൊഴിലാളികള്‍ക്കുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും വെറും ഹിപ്പോക്രസിയല്ലേ പറയുന്നത് എന്നു തോന്നിപോകുന്നു. ഇവിടെ പാവപ്പെട്ടവന്‍ എന്നും പാവപ്പെട്ടവന്‍ തന്നെ. ക്രിസ്തുവിന്റെ അനുയായികളെങ്കിലും ഗ്രാമീണര്‍ക്കുവേണ്ടിയുള്ള സ്‌നേഹത്തോടും വാല്‍സല്യത്തോടും മുമ്പോട്ട് വരണം.
ക്രിസ്തു തന്റെ ശുശ്രൂഷ ആരംഭിച്ചതും അവസാനിപ്പിച്ചതും ഗലീലയില്‍ തന്നെയായിരുന്നു. യോഹന്നാന്‍ തടവില്‍ ആയി എന്നു കേട്ടപ്പോള്‍ യേശു ഗലീലയിലേക്കു പോയി (മത്താ-1:4-12). അങ്ങനെ യേശുവിന്റെ ശുശ്രൂഷ ഗലീലയില്‍ ആരംഭിച്ചു (ലൂ-4:14). ക്രൂശിലേറ്റി കൊല്ലപ്പെട്ട കര്‍ത്താവിനെ കാണാന്‍ പോയ സ്ത്രീകള്‍ക്കു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു, ''അവന്‍ ഇവിടെ ഇല്ല നിങ്ങള്‍ക്കു മുമ്പ് ഗലീലലേക്ക് പോയി. നിങ്ങളും ഗലീലയിലേക്ക് പോവുക'' . ഉയിര്‍ത്ത കര്‍ത്താവിന്റെ സന്ദേശവും ഇതു തന്നെയായിരുന്നു. ''എന്റെ സഹോദരന്മാരോടു ഗലീലയിലേക്കു പോകുവാന്‍ പറയുവിന്‍. അവിടെ അവര്‍ എന്നെ കാണും'' (മത്താ. 28:7-10). യേശുവിനെ കാണണമെങ്കില്‍ ഗലീലക്ക് പോകണം. ഭാരതത്തിന്റെ ഗ്രാമങ്ങള്‍ - അതാണ് ഇവിടത്തെ ഗലീല.
ഒഡീഷ തുടങ്ങിയ സംസ്ഥാനത്തിലെ ഗ്രാമത്തില്‍ ഒരു അതിഥി വന്നാല്‍ അവരുടെ കാലുകള്‍ കഴുകി തുണി കൊണ്ട് തുടച്ചാണ് അവരെ സ്വീകരിക്കുന്നത്. ഒരിക്കല്‍ എന്നെ അങ്ങനെ സ്വീകരിച്ചപ്പോള്‍ ഞാന്‍ അവരുടെ മുഖത്തേക്കു നോക്കി. ഗുരുവിനെയാണ് ഞാന്‍ അവരുടെ മുഖങ്ങളില്‍ കണ്ടത്.
ഗുരുവിന്റെ ഹൃദയം ഇന്നും ഗ്രാമീണരുടെ ഇടയിലാണ്. പാളയത്തിനു പുറത്ത് (എബ്രാ. 13:13). ഗ്രാമീണരായ സാധുക്കളാണു വൈദ്യനെ ആവശ്യമുള്ള രോഗികള്‍. ബെഥസ്ദയിലേക്ക് ഇറങ്ങാന്‍ കഴിയാത്ത രോഗി ഗ്രാമീണനാണ്.
യേശുവിന്റെ ശുശ്രൂഷയില്‍ സന്തോഷിച്ചതു ഗ്രാമീണരാണ്. അപ്പം കഴിക്കാന്‍ എത്താന്‍ സാധിക്കാത്ത ഉള്‍ഗ്രാമങ്ങളിലുള്ളവര്‍ക്കുവേണ്ടിയാണു പന്ത്രണ്ട് കൊട്ട മിച്ചമുണ്ടായിരുന്ന അപ്പം ഉപയോഗിച്ചതെന്നാണു പറയപ്പെടുന്നത്. ധാരാളിത്തത്തിലെ മിച്ചം - സര്‍പ്ലസ് - കളയരുത്. ആഢംബരങ്ങള്‍ക്കുവേണ്ടി പാഴാക്കരുത്. മിച്ചം എടുക്കുക. ഉള്‍ഗ്രാമങ്ങളിലുള്ളവര്‍ക്കും, ഗുരുവിന്റെ ധ്യാനപ്രസംഗം കേള്‍ക്കാന്‍ വരാത്തവര്‍ക്കും ആ അപ്പം ആവശ്യമാണ്.
കേരളത്തില്‍ ക്രൈസ്തവ ടെലിവിഷന്‍ ചാനലുകള്‍ ഒന്നുമില്ലാതിരുന്നപ്പോള്‍ ഞാന്‍ ടെലിവിഷനില്‍ (ജീവന്‍ ടിവിയില്‍) ക്രൈസ്തവ പ്രോഗ്രാമുകള്‍ ചെയ്തുകൊണ്ടിരുന്നതാണ്. എന്നാല്‍ ക്രമേണ ടിവി പ്രഭാഷണത്തിലുള്ള ചിലവു വളരെയധികമാണെന്നു മനസ്സിലായി. ഒരു എപ്പിസോഡ് നിര്‍മ്മിച്ചു അതു സംപ്രേക്ഷണം ചെയ്യുമ്പോള്‍ ചിലവാകുന്ന പണം കണക്കുകൂട്ടിയാല്‍ അതൊരു പാഴ്ചിലവാണെന്നു മനസ്സിലായി. ഇന്നു കേരളത്തില്‍ അഞ്ചു ക്രൈസ്തവ ചാനലുകള്‍ ഉണ്ട്. സുവിശേഷപ്രസംഗം നല്ലതുതന്നെ. എന്നാല്‍ വ്യക്തികളുടെയും സംഘടനകളുടെയും പേര് വളര്‍ത്താന്‍ മാത്രമാണ് ഇന്നു ടെലിവിഷന്‍ പ്രോഗ്രാമുകള്‍ അധികവും നടത്തുന്നത്. ഒരു എപ്പിസോഡ് (അര മണിക്കൂര്‍) നിര്‍മ്മിച്ചു സംപ്രേക്ഷണം ചെയ്യാന്‍ ചിലവാകുന്നത് ഏറ്റവും കുറഞ്ഞത് മുപ്പതിനായിരം രൂപയാണ്. ഈ പണമുണ്ടെങ്കില്‍ വടക്കേന്ത്യയിലെ ഗ്രാമത്തില്‍ ഒരു ആരാധന കൂട്ടത്തിന് ഒരു ഷെഡ് പണിയാം. സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളെ താമസിപ്പിക്കാന്‍ ഗ്രാമങ്ങളിലെ ഹോസ്റ്റലുകള്‍ക്കുവേണ്ടി ഒരു കുട്ടിക്കു മാസംതോറും ചിലവാകുന്നത് 500 രൂപയാണ്. ടിവി പ്രഭാഷകന്റെ പണമുണ്ടെങ്കില്‍ ആയിരക്കണക്കിനു ഗ്രാമങ്ങളില്‍ ഇതുപോലുള്ള ഹോസ്റ്റലുകള്‍ പാവപ്പെട്ട കുട്ടികള്‍ക്കായി നടത്താന്‍ കഴിയും. ഇതുവരെയും സുവിശേഷം എത്താത്ത ഗ്രാമങ്ങളില്‍, അതായതു വൈദ്യുതിയോ ടെലിവിഷനോ ഇല്ലാത്ത ഗ്രാമങ്ങളില്‍ സുവിശേഷം അറിയിക്കുവാന്‍ കഴിയും. ഭക്ഷണമില്ലാതെയും നല്ല പാര്‍പ്പിടമില്ലാതെയും പഠനസൗകര്യങ്ങളില്ലാതെയും കഴിയുന്ന 60 കുട്ടികളെ ഒരു മാസം സംരക്ഷിക്കാന്‍ ഇവിടെ അര മണിക്കൂറുള്ള എപ്പിസോഡ് പരിപാടിക്കു ചിലവാകുന്ന പണം മതിയാകും.
ഈയൊരു അറിവു ലഭിച്ചപ്പോഴാണ് പണം ചിലവാക്കിയുള്ള ടിവി പ്രോഗ്രാം നടത്തുന്നത് ഒരുതരത്തിലെ പാപമാണെന്നു എനിക്കു ബോധ്യമായത്. കേരളത്തില്‍ 24 മണിക്കൂറും ഒരേ സുവിശേഷം വലിയ വ്യത്യസ്തതകളില്ലാതെ പലരും പല ചാനലുകളില്‍ പ്രസംഗിക്കുന്നതുകൊണ്ട് എന്തു സുവിശേഷീകരണമാണ് ഇവിടെ നടക്കുന്നത്? എനിക്കു തോന്നുന്നത് ഇതിനായി സ്‌പോണ്‍സര്‍ ചെയ്യുന്നതും സാമ്പത്തികസഹായം ചെയ്യുന്നതും പാപമണെന്നാണ്. ചില വ്യക്തികളുടെയും സംഘടനകളുടെയും പ്രമോഷന്‍ മാത്രമേ ഇതുകൊണ്ടു നടക്കുന്നുള്ളു. ഒരു ജോലിക്കും പോകാതെ ഉത്തരവാദിത്ത്വങ്ങളില്‍നിന്നു ഒഴിഞ്ഞുമാറി വീടുകളില്‍ ഇരുന്നു സമയം കളയുന്ന കുറേ സ്ത്രീകളാണ് ഇതു കൂടുതലും കാണുന്നത്. അവര്‍ക്കോ അവരുടെ ആത്മീയജീവിതത്തിനോ ഒരു രൂപാന്തരവും ഇതുകൊണ്ടുണ്ടാകുന്നുമില്ല.
ടെലിവിഷന്‍ പ്രോഗ്രാം കഴിയുമ്പോള്‍ സ്‌ക്രീനില്‍ കാണുന്ന നമ്പരില്‍ കുറെ വിളികളുണ്ടാകും. അങ്ങനെ കുറെ ബന്ധങ്ങള്‍ ലഭിക്കും. ഇതാണ് ഈ പ്രോഗ്രാം നടത്തുന്നവരുടെ പ്രധാന അജണ്ട. എന്നാല്‍ സാമ്പത്തികഭദ്രതയും സ്വന്തമായി ചാനലുമുള്ള ബിഷപ്പ് ഡോ.കെ.പി.യോഹന്നാനെപ്പോലുള്ളവര്‍ ടെലിവിഷന്‍ പ്രോഗ്രാം നടത്തുന്നതിനെ വിമര്‍ശിക്കേണ്ട കാര്യമില്ല. കാരണം അവര്‍ ആരോടും പണം ചോദിക്കുന്നില്ല. എന്നാല്‍ പണപ്പിരിവു നടത്തിയും സ്‌പോണ്‍സര്‍ഷിപ്പു യാചിച്ചും ടെലിവിഷന്‍ പ്രോഗ്രാം നടത്തി ടിവിയില്‍ മുഖം കാണിക്കുന്നതു പുതിയനിയമ സുവിശേഷീകരണ രീതിയ്ക്കു നിരക്കാത്തതും ദൈവസന്നിധിയില്‍ ന്യായീകരിക്കാന്‍ കഴിയാത്തതുമാണ്. ഈ പ്രഭാഷകര്‍ ടെലിവിഷനില്‍ നിന്നിറങ്ങി ഗ്രാമങ്ങളിലേക്കു വരട്ടെ. മുഖം മേക്കപ്പു ചെയ്തുള്ള 'ദൂരദര്‍ശനം' വിട്ടു ഗ്രാമത്തില്‍ വന്നു വിയര്‍പ്പൊഴുക്കി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഇവരെ ആഹ്വാനം ചെയ്യുന്നു.
പലവട്ടം സുവിശേഷം കേട്ട നമുക്ക് ഇനിയും അതു കേട്ടുകൊണ്ടിരിക്കുവാന്‍ ഒരവകാശവുമില്ല. കേട്ടവര്‍ മറ്റുള്ളവരെ അറിയിക്കേണ്ട ഉത്തരവാദിത്ത്വമാണ് ബൈബിള്‍ നമുക്കു നല്‍കുന്നത്. യേശുക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ളിടത്തല്ല, അറിവു കിട്ടിയിട്ടില്ലാത്തവര്‍ കാണാനും കേട്ടിട്ടില്ലാത്തവര്‍ ഗ്രഹിക്കാനുമാണ് സുവിശേഷം പ്രസംഗിക്കപ്പെടേണ്ടത് (റോ-15:20,21). വചനം കേട്ടുകൊണ്ടു മാത്രമിരിക്കുന്നത് തങ്ങളെതന്നെ ചതിക്കുന്നതാണ് (യാ-1:22). രണ്ടായിരത്തിലധികം വര്‍ഷമായി 'മക്കദോന്യ വിളി' നിലനില്‍ക്കുന്നു. സുവിശേഷം കേള്‍ക്കാത്തിടത്തേക്കു പോവുക (അ.പ്ര-16:6-10). ആസ്യയിലും ബിഥുന്യയിലും പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുന്നു (അ.പ്ര-16:7). സുവിശേഷം ആവര്‍ത്തിച്ചാവര്‍ത്തിച്ചു കേള്‍പ്പിക്കപ്പെടേണ്ടതല്ല. അങ്ങനെ കേള്‍പ്പിക്കപ്പെടുന്നതു പരിശുദ്ധാത്മാവു സമ്മതിക്കുന്നില്ല എന്നര്‍ത്ഥം.
വല്ലപ്പോഴും, രണ്ടോ മൂന്നോ ദിവസം വടക്കേന്ത്യയിലെ ഏതെങ്കിലും പട്ടണങ്ങളില്‍ സുവിശേഷയോഗം നടത്തിയിട്ടു വടക്കേന്ത്യ മുഴുവന്‍ സുവിശേഷീകരിക്കുന്നു എന്നവകാശപ്പെടുന്ന ടിവിപ്രഭാഷകരുമുണ്ട്. അതു ഇന്നൊരു ട്രെന്‍ഡായി മാറിയിരിക്കുന്നു. പണപ്പിരിവിനായി എല്ലാ സംഘടനകളും ''വടക്കേന്ത്യയിലെ മിഷന്‍വേല'' എന്നു പരസ്യപ്പെടുത്തുന്നു. താഴ്മയോടെ അവരോടു തന്നെ ചോദിക്കേണ്ടതാണ്; മാസത്തില്‍ എത്ര ദിവസമാണ് ഇവര്‍ വടക്കേന്ത്യയുടെ ഗ്രാമങ്ങളില്‍ ചിലവിടുന്നത്. ഇവര്‍ പോകുന്നതു പട്ടണങ്ങളിലാണോ ഗ്രാമങ്ങളിലാണോ. പ്രസംഗിക്കുന്നത് ആരോടാണ്. ഇവര്‍ക്കു കിട്ടുന്ന പണത്തിന്റെ 80 ശതമാനമെങ്കിലും വടക്കേന്ത്യയിലെ ഗ്രാമസുവിശേഷീകരണത്തിനു ഉപയോഗിക്കുന്നുണ്ടോ.
ഈ കാലങ്ങളില്‍ ഗ്രാമസുവിശേഷീകരണത്തിന്റെ പേരു പറഞ്ഞു ധാരാളം പുതിയ സംഘടനകളും ഉണ്ടാകുന്നുണ്ട്. ഇതിന്റെ പ്രധാന ലക്ഷ്യം പണസമ്പാദനം മാത്രമാണ്. സൊസൈറ്റിയോ ട്രസ്റ്റോ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഭര്‍ത്താവ് പ്രസിഡന്റും ഭാര്യ സെക്രട്ടറിയും മക്കള്‍ ട്രഷററും അടുത്ത ബന്ധുക്കള്‍ ബോര്‍ഡംഗങ്ങളും ആയി മാറുന്നു. പണം കൊടുക്കുന്ന സാധാരണ ജനം ഇതു മനസ്സിലാക്കുന്നില്ല. സംഘടനാ നേതാക്കന്മാര്‍ വസ്തുവകകള്‍ വാങ്ങുമ്പോള്‍ അവരുടെ പേരില്‍ വാങ്ങി കെട്ടിടങ്ങള്‍ വയ്ക്കുന്നു. കുറെ കാലം കഴിയുമ്പോള്‍ ഈ വസ്തുവകകള്‍ ആരുടെ പേരിലാണ് ഉപയോഗിക്കപ്പെടാന്‍ പോകുന്നത്? മുഖ്യധാരാ സഭകളും (സി.എസ്.ഐ, സി.എന്‍.ഐ, മാര്‍ത്തോമ്മാ മുതലായവ), എ.ജി, ഐ.പി.സി, റ്റി.പി.എം തുടങ്ങിയ പെന്തക്കോസ്തു സഭാവിഭാഗങ്ങളും അവരുടെ സഭകളുടെ പേരില്‍ മാത്രമേ വസ്തുവകകള്‍ വാങ്ങാന്‍ അനുവദിക്കുകയുള്ളു. അതുകൊണ്ടാണു മേല്‍പ്പറഞ്ഞ സ്വതന്ത്ര സംഘടനാ പ്രവര്‍ത്തകര്‍ ഇതുപോലുള്ള യാതൊരു സഭകളുമായും ചേര്‍ന്നു നില്‍ക്കാതെ ഒറ്റയ്ക്കു നില്‍ക്കുന്നത്. അതുകൊണ്ടു ഇതിനായി പണം നല്‍കുന്നതും തിന്മയാണെന്നു സംഭാവനകള്‍ നല്‍കുന്നവരും അറിയേണ്ടതാണ്. കുറേക്കാലം കഴിയുമ്പോള്‍ ആത്മീയതയുടെയും യേശുവിന്റെയും പേരിലുള്ള തട്ടിപ്പുകളായി ഇതു മനസ്സിലാക്കും.
'നല്ല വാര്‍ത്ത' എന്നാണ് സുവിശേഷം എന്ന വാക്കിന്റെ അര്‍ത്ഥം. വാര്‍ത്ത എന്നതു പുതിയ അറിവ് എന്നര്‍ത്ഥം(News= New information). ദൈവം യേശുക്രിസ്തുവിലൂടെ മനുഷ്യരെ രക്ഷിച്ചിരിക്കുന്നു എന്ന വാര്‍ത്ത വാര്‍ത്തയാകുന്നതു അതു പുതുതായി അറിയിക്കുമ്പോഴാണ്. ഒരേ കാര്യം പിന്നെയും പിന്നെയും പറഞ്ഞാല്‍ അതു വാര്‍ത്തയാകില്ല. യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവ് വാര്‍ത്തയാകുന്നതു ഇതിനെക്കുറിച്ചു കേള്‍ക്കാത്തിടത്തു മാത്രമാണ്.
മുന്‍ സൂചിപ്പിച്ചതുപോലെ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ലക്ഷക്കണക്കിനു ജനങ്ങള്‍ മനുഷ്യാവകാശങ്ങള്‍ നഷ്ടപ്പെട്ടവരായി ഭാരതത്തിലെ കുഗ്രാമങ്ങളില്‍ കഴിയുമ്പോള്‍ അവരോടു സമഗ്രമായ സുവിശേഷം അറിയിച്ചു മുന്‍കാല മിഷണറിമാര്‍ ചെയ്തുവന്നതുപോലെ ഈ സാധുവിഭാഗങ്ങളെ സമഗ്ര വികസനത്തിലേക്കു കൊണ്ടുവരുവാന്‍ ഒരു വലിയ ദൗത്യം നമുക്കുണ്ട്. ഈ ദൗത്യം ഏറ്റെടുക്കാന്‍ നാം തയ്യാറായേ പറ്റൂ.
ക്രിസ്തുവിനെ അറിഞ്ഞവര്‍ ആരാധിച്ചും ആത്മീയ അനുഭവങ്ങള്‍ പ്രാപിച്ചും മാത്രമിരിക്കേണ്ടവരല്ല. അറിയാത്തവരെ അറിയിക്കേണ്ടവരാണവര്‍. ആവശ്യത്തിനു മാത്രം വച്ചിട്ടു ബാക്കി വിഭവങ്ങള്‍ പങ്കുവയ്‌ക്കേണ്ടവരാണവര്‍. ഇതാണു ക്രിസ്തു പഠിപ്പിച്ചത്. മനുഷ്യന്റെ ഇവിടത്തെ പ്രാര്‍ത്ഥനാവിഷയങ്ങള്‍ക്കു ഒരിക്കലും അവസാനം വരുന്നില്ല. മനുഷ്യന്‍ കൂടുതല്‍ ലൗകീകനാകുന്തോറും കൂടുതല്‍ ലൗകീക ആവശ്യങ്ങള്‍ കൂടിവരുന്നു. ആവശ്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥന ഫലിക്കാതെ വരുമ്പോള്‍ മുന്‍ സൂചിപ്പിച്ചതുപോലുള്ള പ്രാര്‍ത്ഥനക്കാരെ ആശ്രയിക്കുന്നു. അങ്ങനെ പണം കൊടുത്തും സംഭാവന നല്‍കിയും പ്രാര്‍ത്ഥിപ്പിക്കുന്നു. അങ്ങനെ മുന്‍ പറഞ്ഞതുപോലുള്ള പ്രാര്‍ത്ഥനക്കാരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. യേശുക്രിസ്തു വിഭാവന ചെയ്ത പങ്കുവയ്ക്കലിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും നല്‍കലിന്റെയും ദൈവരാജ്യത്തിന്റെ അനുഭവം ഉണ്ടാകുന്നില്ല. എളിയവരുടെ അടുക്കല്‍ സുവിശേഷത്തിന്റെ പ്രവൃത്തികള്‍ നടക്കുന്നില്ല. വി.പൗലൊസ് പറയുന്നതുപോലെ: ''മനുഷ്യര്‍ സ്വസ്‌നേഹികളും ദ്രവ്യാഗ്രഹികളും വമ്പുപറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സല്‍ഗുണദ്വേഷികളും ദ്രോഹികളും ധാര്‍ഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായും ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരും ആയി മാറുന്നു'' (2തിമൊ-3:1-6). ഇതു അന്ത്യകാലത്തിന്റെ ലക്ഷണമാണെന്നും ഇവര്‍ സ്വാധീനമാക്കുന്നതു കൂടുതലും സ്ത്രീകളെയാണെന്നും അങ്ങനെയുള്ളവരെ വിട്ടൊഴിയണമെന്നും അദ്ദേഹം മുന്നറിയിപ്പു തരുന്നു. ഈ സ്ത്രീകള്‍ എപ്പോഴും പഠിക്കുന്നവരാണ്. എന്നാല്‍ സത്യത്തിന്റെ പരിജ്ഞാനം പ്രാപിക്കാന്‍ ഇവര്‍ക്കു കഴിയാതിരിക്കുന്നുവെന്നു പൗലൊസ് തന്നെ പറയുന്നു (2തിമൊ-3:6,7). അന്ത്യകാല ലക്ഷണമെന്നാണു വി.പൗലൊസ് ഇതിനെ കാണുന്നത്.