Sermon Outlines
Create Account
1-800-123-4999

ഒരു ശരീരവും ഒരു സ്‌നാനവും

Saturday, 16 January 2016 17:10
Rate this item
(2 votes)

ജനുവരി 17

ഒരു ശരീരവും ഒരു സ്‌നാനവും

ആമോ. 9:5-12 സങ്കീ. 115

എഫെ. 4:1-6മത്താ. 16:13-20

 

ധ്യാനവചനം: നിങ്ങളെ വിളിച്ചപ്പോള്‍ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു, കര്‍ത്താവു ഒരുവന്‍, വിശ്വാസം ഒന്നു, സ്‌നാനം ഒന്നു (എഫെ. 4:4,5).

വ്യത്യസ്തതകളിലെ ഐക്യമാണു ക്രിസ്തുസഭയുടെ അനുപമത്വം. ഈ ഐക്യത്തിനു വേണ്ടിയുള്ള അപേക്ഷയാണ് ക്രിസ്തുവിന്റെ പൗരോഹിത്യ പ്രാര്‍ത്ഥനയില്‍ ദര്‍ശിക്കുന്നത് (യോഹ. 17:11,21,23). ക്രിസ്തുസഭയ്ക്കു നല്‍കിയിരിക്കുന്ന രണ്ടു സാക്രമന്തുകളുടെയും സന്ദേശം ഐക്യമാണ്. സ്‌നാനത്തിലൂടെ ഏകശരീരമാകുന്നു. കുര്‍ബാനയിലൂടെ ഏകശരീരത്തിന്റെ അംശികളാകുന്നു. ഏകദൈവവിശ്വാസത്തില്‍ ജീവിക്കുന്ന ക്രൈസ്തവര്‍, ദൈവത്തിന്റെ ഏകത്വത്തില്‍ വിശ്വസിക്കുന്നതുപോലെ മനുഷ്യബന്ധങ്ങളിലെ ഏകത്വത്തേയും വിശ്വസിക്കുകയും ആചരിക്കുകയും വേണമെന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്: ''ശരീരം ഒന്ന്, ആത്മാവ് ഒന്ന്, കര്‍ത്താവ് ഒരുവന്‍, വിശ്വാസം ഒന്ന്, സ്‌നാനം ഒന്ന്, എല്ലാവര്‍ക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവര്‍ക്കും ദൈവവും പിതാവുമായവന്‍ ഒരുവന്‍'' (എഫെ.4:4-6). ഏകകര്‍ത്താവായി തന്റെ ആത്മാവ് എല്ലാവരിലും പകര്‍ന്നു നല്‍കിക്കൊണ്ടു ദൈവം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ത്രിത്വം എന്ന സത്യവും വിവക്ഷിക്കുന്നത് അതാണ്. ഏകശരീരമായിത്തീരാനാണ് ഏകസ്‌നാനത്തിലൂടെ ദൈവസഭയിലേക്കു ഒരു വ്യക്തി പ്രവേശിക്കുന്നത് (റോമ. 6:1-3, ഗലാ. 3:27). ബപ്റ്റിസ്‌മോസ് എന്ന ഗ്രീക്ക് വാക്കിന്റെ തര്‍ജ്ജമയാണ് സ്‌നാനം. യഹൂദന്മാരുടെയിടയില്‍ ആചാരമായ ശുദ്ധീകരണം അഥവാ കഴുകല്‍ നിലനിന്നിരുന്നു. പുരോഹിതന്മാര്‍ മാത്രമല്ല വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയും ശുദ്ധീകരണത്തിനു വിധേയമാക്കിയിരുന്നു (പുറ. 19:10-14, ലേവ്യ. 8:6, മര്‍ക്കൊ. 7:3,4, എബ്രാ. 9:10) ഇവിടെയെല്ലാം 'ബപ്റ്റിസോ' എന്ന ക്രിയാധാതു ഉപയോഗിച്ചിരിക്കുന്നു. യേശുക്രിസ്തുവിന്റെ ആഗമനം അറിയിച്ചുകൊണ്ടു ക്രിസ്തുവിനു പാതയൊരുക്കാനായി അനുതാപ പ്രസംഗം നടത്തിയ യോഹന്നാന്‍ നടത്തിയ സ്‌നാനം യഹൂദ്യമായിരുന്നു. മാനസാന്തരപ്പെട്ട് ഒരു ധാര്‍മ്മിക ജീവിതം നയിക്കുവാന്‍ തീരുമാനിച്ചവര്‍ അന്നു യോഹന്നാനാല്‍ സ്‌നാനമേറ്റു. എന്നാല്‍ ക്രിസ്തു സ്‌നാനമേറ്റതു പാപപരിഹാരത്തിനായിരുന്നില്ല, പ്രത്യുത താന്‍ പൂര്‍ണ്ണമനുഷ്യനാണെന്നു വെളിപ്പെടുത്താനായിരുന്നു. അതുകൊണ്ടാണ് ''ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം'' (മത്താ. 3:15) എന്നു ക്രിസ്തു പറഞ്ഞത്. അനുഷ്ഠാനപരമായ നീതിയാണ് ഇവിടെ വിവക്ഷിതം. മശിഹായുടെ ദൗത്യത്തിലേയ്ക്കു പരസ്യമായി പ്രവേശിക്കുന്നതിന്റെ അടയാളമായിട്ടാണ് ക്രിസ്തു സ്‌നാനം സ്വീകരിച്ചത്. 

1. എല്ലാവരുടെയും ഏക കര്‍ത്താവ് (ആമോ. 9:5-12)

ഏക ശരീരമായിരിക്കുവാന്‍ ദൈവസഭയ്ക്കു ആഹ്വാനം നല്‍കുന്നതുപോലെ ദൈവവും ത്രിത്വത്തില്‍ ഏകനായിരിക്കുന്നു. അവിടുന്നു യിസ്രായേലിന്റെയും മിസ്രയീമ്യരുടെയും ഫെലിസ്ത്യരുടെയും അരാമ്യരുടെയും ദൈവമാണ്. യിസ്രായേലിനെ മിസ്രയീമില്‍നിന്നു വിടുവിച്ചതുപോലെ ഫെലിസ്ത്യരെ കഫ്‌തോരില്‍നിന്നും അരാമ്യരെ കീറില്‍നിന്നും വിടുവിച്ചിട്ടുണ്ട്. ഇതിന്റെ വിശദമായ ചരിത്രരേഖ പഴയനിയമത്തില്‍ ലഭിക്കുന്നില്ലെങ്കിലും ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ആമോസ് രേഖപ്പെടുത്തുന്നത് (ആമോ. 9:7). അങ്ങനെ ദൈവം എല്ലാവരുടെയും ദൈവമായി ഏകനായിരിക്കുന്നതുപോലെ നാമും ഏകശരീരമായിരിക്കണമെന്നു  ആഹ്വാനം നല്‍കുന്നു. 

2.   ഏക വിശ്വാസത്തില്‍ പണിതിരിക്കുന്ന ശരീരം (മത്താ. 16:13-20)

ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തുവച്ചു യേശു തന്റെ ശിഷ്യന്മാരോടു ജനങ്ങള്‍ മനുഷ്യപുത്രനെക്കുറിച്ചു എന്തു പറയുന്നു എന്നു അന്വേഷിച്ചു. യോഹന്നാന്‍ സ്‌നാപകന്‍, ഏലിയാവ്, യിരെമ്യാവ്, പ്രവാചകന്മാരില്‍ ഒരുവന്‍ - ഇങ്ങനെ ഉത്തരങ്ങള്‍ പലതായിരുന്നു. എന്നാല്‍ നിങ്ങളെന്നെ ആരെന്നു പറയുന്നു എന്നു യേശു ചോദിച്ചപ്പോള്‍ ''നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു''  എന്നു പത്രൊസ് ഉത്തരം പറഞ്ഞു (മത്താ. 16:16). ജഡരക്തങ്ങളല്ല സ്വര്‍ഗ്ഗസ്ഥനായ പിതാവാണ് ഇതു വെളിപ്പെടുത്തിക്കൊടുത്തതെന്നു യേശു പത്രൊസിനോടു പറഞ്ഞു. ഈ വിശ്വാസ പ്രഖ്യാപനത്തിന്റെ മേലാണ് സഭ പണിയപ്പെട്ടിരിക്കുന്നത് (മത്താ. 16:18). വ്യത്യസ്ത പേരുകളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ദൈവസഭയുടെ അടിസ്ഥാനമിതാണ്. ഇതാണു സഭയുടെ ഐക്യത്തിന്റെ പ്രധാന കാരണം.

3.   ഏക ശരീരമാകാനുള്ള ആഹ്വാനം (എഫെ. 4:1-6)

പൂര്‍ണ്ണവിനയത്തോടും സൗമ്യതയോടും ദീര്‍ഘക്ഷമയോടും കൂടെ നടക്കുകയും സ്‌നേഹത്തില്‍ അനേ്യാന്യം പൊറുക്കുകയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തില്‍ കാക്കാന്‍ ശ്രമിക്കുകയും ചെയ്‌വിന്‍ (എഫെ. 4:2,3) എന്നാണ് പൗലൊസ് ആഹ്വാനം നല്‍കുന്നത്. ഏക പ്രത്യാശയ്ക്കായി വിളിക്കപ്പെട്ടതുകൊണ്ട് ഏക ശരീരമായിരിക്കാന്‍ നല്‍കുന്ന ഉപദേശമാണിത്. ക്രിസ്തുസഭയില്‍ കാണേണ്ട ഐക്യത്തിന്റെ ആത്മീകമര്‍മ്മമാണിത്. 'എല്ലാവര്‍ക്കും ഏക കര്‍ത്താവായ ദൈവത്തിലുള്ള വിശ്വാസം', 'ഏക വിശ്വാസത്തില്‍ പണിയപ്പെട്ടിരിക്കുന്ന ശരീരം', 'ഏക സ്‌നാനത്തിലൂടെ ചേര്‍ക്കപ്പെട്ടിരിക്കുന്ന സമൂഹം' എന്നീ ചിന്തകള്‍ വിരല്‍ചൂണ്ടുന്നതു ദൈവസഭയ്ക്ക് ആവശ്യമായ ഐക്യത്തെയാണ്.

 

Menu