Sermon Outlines
Create Account
1-800-123-4999

സൃഷ്ടിയുടെ അഴിമതി

Friday, 29 January 2016 13:05
Rate this item
(1 Vote)

ജനുവരി 31

സൃഷ്ടിയുടെ അഴിമതി

യെശ. 5:1-13 സങ്കീ. 8

ഗലാ. 1:5-10ലൂക്കൊ. 10:13-16

 

ധ്യാനവചനം: കോരസീനേ, നിനക്കു അയ്യോ കഷ്ടം! ബേത്ത്‌സയിദേ, നിനക്കു അയ്യോ കഷ്ടം! നിങ്ങളില്‍ നടന്ന വീര്യപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവര്‍ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു (ലൂക്കൊ. 10:13).

ദൈവത്തെക്കാള്‍ അല്പം മാത്രം താഴ്ത്തി സൃഷ്ടിക്കപ്പെട്ട മനുഷ്യനെ ദൈവം തേജസ്സും ബഹുമാനവും അണിയിച്ചു. ദൈവത്തിന്റെ കൈകളുടെ പ്രവൃത്തിക്ക് ദൈവം അവനെ അധിപതിയാക്കി (സങ്കീ. 8:5,6). മനുഷ്യനെ സൃഷ്ടിച്ചശേഷം അവന്‍ ചെയ്യേണ്ട ഉത്തരവാദിത്വങ്ങളും ദൈവം അവനു വ്യക്തമാക്കിക്കൊടുത്തു. എന്നാല്‍ ആ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാതെ അവന്‍ അതിക്രമത്തിലും വഷളത്വത്തിലും ജീവിച്ചു (ഉല്പ. 6:11,12). അപ്പോഴാണു ഭൂമിയെ നശിപ്പിക്കാന്‍ ദൈവം തീരുമാനിച്ചതും ജലപ്രളയം അയക്കുന്നതിനു മുമ്പു നോഹയോടു പെട്ടകം ഉണ്ടാക്കാന്‍ പറഞ്ഞതും (ഉല്പ. 6,7,8,9). മനുഷ്യസൃഷ്ടിയുടെ ദൈവികോദ്ദേശ്യം ലംഘിക്കുന്നതാണു പ്രഥമമായ പാപം. ദൈവികോദ്ദേശ്യം ലംഘിച്ചുപോയവര്‍ക്കു വീഴ്ചയില്‍നിന്നു കരകയറാനുള്ള വഴി ക്രിസ്തുയേശുവിലൂടെ ലഭിക്കുന്ന ദൈവകൃപയാണ്. മനുഷ്യന്റെ വീഴ്ചയും അതിന്റെ പരിണതഫലമായ ദൈവത്തിന്റെ ശാപവും ഉല്പത്തി 3 -ല്‍ കാണുന്നു. 'എല്ലാവരും പാപം ചെയ്തു' എന്നു പറയത്തക്കവിധത്തില്‍. അഥവാ 'നന്മ മാത്രം ചെയ്യുന്നവന്‍ ആരുമില്ല; ഒരുത്തന്‍ പോലും ഇല്ല' എന്നു പറയത്തക്കവിധത്തില്‍ സൃഷ്ടിയുടെ പതനം വലുതായിത്തീര്‍ന്നു. ''മനുഷ്യന്‍ പാപം ചെയ്യുന്നതു കൊണ്ടല്ല അവന്‍ പാപിയാകുന്നത്; പ്രത്യുത അവന്‍ പാപിയായതുകൊണ്ടാണു പാപം ചെയ്യുന്നതെന്നു'' സെന്റ് അഗസ്തീന്‍ പറഞ്ഞു. സ്വാഭാവികമായി മനുഷ്യന്‍ തിന്മ ചെയ്യുന്ന പ്രവണതയുള്ളവനായി എന്നാണ് അദ്ദേഹം അര്‍ത്ഥമാക്കിയത്. എന്നാല്‍ ദൈവത്തിന്റെ ദീര്‍ഘമായ ക്ഷമ തന്റെ പുത്രനായ യേശുവിലൂടെ വെളിപ്പെടുത്തുയും മനുഷ്യനെ പാപത്തില്‍നിന്നു രക്ഷിക്കുകയും ചെയ്തു എന്നാണു വേദപുസ്തകം പഠിപ്പിക്കുന്നത്. ഇതാണു സൃഷ്ടിക്കുള്ള ഏറ്റവും വലിയ പ്രത്യാശ.

1.    കാട്ടുമുന്തിരിയുടെ ഉപമ (യെശ. 5:1-13)

യെശ. 5:1-13 ല്‍ കാണുന്ന ഉപമ സൃഷ്ടിയുടെ പതനത്തിന്റെ ഒരു നല്ല ഉദാഹരണമാണ്. നല്ല ഫലം നല്‍കുമെന്നു ദൈവം കാത്തിരുന്നു. എന്നാല്‍ ലഭിച്ചതു തിന്മയുടെയും അനീതിയുടെയും ഫലമാണ്. ''അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുന്നു, വീഞ്ഞു കുടിച്ചു മത്തരാകുന്നു...'' (യെശ. 5:11) എന്നാണ് ഈ സമൂഹത്തെക്കുറിച്ചു യെശയ്യാവ് ദര്‍ശിക്കുന്നത്.  നല്ല ഫലം കായ്ക്കുക എന്നത് ഒരു പ്രധാന ഉപദേശമാണ് (ലൂക്കൊ. 13:6-9, മത്താ. 7:16-23, യോഹ. 15:16, മര്‍ക്കൊ. 11:12-14). 

2.   മാനസാന്തരത്തിനുള്ള ആഹ്വാനം (ലൂക്കൊ. 10:13-16)

അനേകം വീര്യപ്രവൃത്തികള്‍ നടന്ന കോരസീനും ബേത്ത്‌സയിദയും കഫര്‍ന്നഹൂമും മാനസാന്തരപ്പെടണമെന്നു യേശു ഉപദേശിച്ചു. അവര്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവരെ ശാസിച്ചു (മത്താ. 11:20-24). മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്ക്കുക എന്നു യോഹന്നാന്‍ പ്രസംഗിച്ചു തുടങ്ങി (മത്താ. 3:8). തുടര്‍ന്നു യേശുവും അപ്പൊസ്തലന്മാരും ഇതുതന്നെ പഠിപ്പിച്ചു. വീണുപോയ സൃഷ്ടി അനുതപിച്ചു ദൈവത്തിങ്കലേക്കു തിരികെ വരുന്നതാണു മാനസാന്തരം. ജീവിതത്തിനു വരേണ്ട രൂപാന്തരമാണത്. പഴയനിയമ പ്രവാചകന്മാരും പുതിയനിയമ അപ്പൊസ്തലന്മാരും പ്രസംഗിച്ചതു മാനസാന്തരമാണ്. 

3.   ക്രിസ്തുസുവിശേഷത്തിലേക്കു മടങ്ങിവരിക (ഗലാ. 1:5-10)

വേറൊരു സുവിശേഷം, വേറൊരു ക്രിസ്തു, വേറൊരു ആത്മാവ് ഇങ്ങനെ വി.പൗലൊസ് 'വേറൊരു' അല്ലെങ്കില്‍ 'മറ്റൊരു' എന്ന പദപ്രയോഗം പലയിടത്തും ഉപയോഗിക്കുന്നുണ്ട് (2കൊരി. 11:4). ഇന്നത്തെ ക്രിസ്തീയതയിലും ഈ പ്രതേ്യകത കാണുന്നുണ്ട്. സുവിശേഷങ്ങളിലെ ക്രിസ്തുവിനെ വിട്ടു മറ്റൊരു ക്രിസ്തുവിനെയോ മറ്റൊരു സുവിശേഷത്തെയോ ജനം പിന്തുടരുന്നു. സുവിശേഷങ്ങളിലെ ക്രിസ്തുവിലേക്കും ആ ക്രിസ്തു ഉപദേശങ്ങളിലേക്കും വന്നാലേ അഴിമതിയിലായിപ്പോയ സൃഷ്ടിക്കു വിമോചനമുള്ളു. 

ന്നു

 

Menu