Sermon Outlines
Create Account
1-800-123-4999

ക്രൂശ് : പൗരോഹിത്യകഷ്ടതകള്‍ക്കുള്ള ഒരു ആഹ്വാനം

Wednesday, 10 February 2016 12:28
Rate this item
(0 votes)

ഫെബ്രുവരി-10

ചാമ്പല്‍ ബുധനാഴ്ച

ക്രൂശ് : പൗരോഹിത്യകഷ്ടതകള്‍ക്കുള്ള ഒരു ആഹ്വാനം

1 രാജാ. 17:12-24 സങ്കീ. 102

ഫിലി. 2:1-11മര്‍ക്കൊ. 8:31-38

ധ്യാനവചനം: പിന്നെ  അവന്‍ പുരുഷാരത്തെയും തന്റെ ശിഷ്യന്മാരെയും അരികെ വിളിച്ചു അവരോടു പറഞ്ഞതു: ഒരുവന്‍ എന്നെ അനുഗമിപ്പാന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ (മര്‍ക്കൊ. 8:34).

ക്രിസ്തുവിന്റെ ക്രൂശീകരണധ്യാനത്തില്‍ അവിടുത്തെ കഷ്ടതകളാണു പ്രധാനമായ വിഷയം. നോമ്പുകാലത്തിലെ ധ്യാനത്തില്‍ മനുഷ്യവര്‍ഗ്ഗത്തെ ദൈവവുമായി ഒന്നാക്കിത്തീര്‍ത്ത യേശുവിന്റെ പ്രായശ്ചിത്ത മരണം മഹാപുരോഹിത ശുശ്രൂഷയുമായി ബന്ധപ്പെട്ടതാണ്. ലേവ്യാപുസ്തകം 1 മുതല്‍ 5 വരെയുള്ള അധ്യായങ്ങളില്‍ വിവിധ യാഗങ്ങളെ കാണാം. ഈ യാഗങ്ങളില്‍ പുരോഹിത ശുശ്രൂഷ വളരെ പ്രധാനപ്പെട്ടതാണ്. പുരോഹിതനാണു യാഗത്തിനു നേതൃത്വം നല്‍കുന്നത്. എന്നാല്‍ പുതിയനിയമത്തില്‍ പുരോഹിതനായ യേശു തന്നെ യാഗമായിത്തീരുന്നു (എബ്രാ. 4,5,6 അധ്യായങ്ങള്‍). ക്രിസ്തീയവിശ്വാസികള്‍ക്കും ക്രൂശ് എടുത്ത് ഇതേ യേശുവിനെ അനുഗമിക്കാന്‍ ഒരു ആഹ്വാനമുണ്ട്. കാരണം യേശുവിലൂടെ ഓരോ ക്രൈസ്തവനും പുരോഹിതനാണ് (1പത്രൊ. 2:9, വെളി. 1:6). 

ചാമ്പല്‍ബുധനാഴ്ച 

ചാമ്പല്‍, അനുതാപത്തിന്റെയും, മാനസാന്തരത്തിന്റെയും ദുഃഖത്തിന്റെയും അടയാളമായി കാണാം. (ഇയ്യോ. 42:3-6, ദാനി.9:3, യിരെ.6:26, സംഖ്യാ.19:9,17, യോന.3:6, മത്താ.11:21, ലൂക്കൊ.10:13, എബ്രാ.9:13, യെഹെ.9). അപ്പോക്രിഫാ പുസ്തകങ്ങളിലും ഇതു കാണുന്നുണ്ട് (1മക്കാ-3:47, 4:39). ചാമ്പല്‍ ബുധനാഴ്ച നോമ്പുകാലത്തിന്റെ ഒന്നാം ദിവസമാണ്. യേശുക്രിസ്തു 40 ദിവസം ഉപവസിച്ചതിനെ മാതൃകയാക്കിക്കൊണ്ട് ഈസ്റ്റര്‍ ദിനത്തിന്റെ (ഉയിര്‍പ്പ് ദിനത്തിന്റെ) മുമ്പുള്ള 40 ദിവസത്തെ ഉപവാസത്തിനും പ്രാര്‍ത്ഥനക്കും വേണ്ടി മാറ്റിവയ്ക്കുന്നു. ഞായറാഴ്ചകളെ ക്രൈസ്തവര്‍ ശബത്തായി ആചരിക്കുന്നതുകൊണ്ട് ഇതിനിടയിലുള്ള 6 ഞായറാഴ്ചകളെ ഈ 40 ദിവസത്തോടൊപ്പം കണക്കാക്കുന്നില്ല. ഈ ദിവസം കുരുത്തോല ഞായറാഴ്ച ഉപയോഗിച്ച കുരുത്തോലയെ കത്തിച്ചു ലഭിക്കുന്ന ചാമ്പല്‍കൊണ്ടു പുരോഹിതന്‍ നെറ്റിയില്‍ കുരിശു വരയ്ക്കുന്നു. പുരോഹിതന്‍ കുരിശ് വരക്കുമ്പോള്‍ ഉല്പ. 3:19, മര്‍ക്കൊ. 1:15 വാക്യങ്ങള്‍ ഉരുവിടുന്നു. മനുഷ്യന്റെ മര്‍ത്യത്വത്തെക്കുറിച്ചും മാനസാന്തരത്തെക്കുറിച്ചുമുള്ള വചനങ്ങളാണിത്. അയര്‍ലണ്ടില്‍ ഈ ദിവസം പുകയില വിരുദ്ധദിനമായി കൂടെ ആചരിക്കുന്നു. നോമ്പു കാലത്ത് ആഡംബരങ്ങളെ ഒഴിവാക്കുക എന്ന സന്ദേശമാണിതു നല്‍കുന്നതെന്നു പറയപ്പെടുന്നു. 1984-ല്‍ യുണൈറ്റഡ് കിംഗ്ഡത്തില്‍ ആദ്യ പുകയില വിരുദ്ധദിനം തുടങ്ങിയത് ഒരു ചാമ്പല്‍ ബുധനാഴ്ചയായിരുന്നു. ഇന്നതു മാര്‍ച്ച് രണ്ടാം ബുധനാഴ്ചകളില്‍ ആചരിക്കുന്നു. ഈ ദിവസം തുടങ്ങുന്ന നോമ്പില്‍ മാംസാഹാരങ്ങളും മദ്യം തുടങ്ങിയ ലഹരി വസ്തുക്കളും ഒഴിവാക്കി പ്രാര്‍ത്ഥനയ്ക്കും അനുതാപത്തിനും കൂടുതല്‍ സമയം മാറ്റിവയ്ക്കുന്നു.

1.   കഷ്ടതയില്‍ പങ്കാളിയായി ജീവന്‍ പകരുക (1 രാജാ. 17:12-24)

നാം കഷ്ടതയില്‍ പങ്കാളികളാകുമ്പോള്‍ മറ്റുള്ളവര്‍ക്കു ജീവനുണ്ടാകുന്നു. കഷ്ടത പെരുകുന്തോറും മറ്റുള്ളവരില്‍ ആശ്വാസം പെരുകുന്നു (2കൊരി. 1:4-7). യേശുവിന്റെ ജീവന്‍ വെളിപ്പെടേണ്ടതിനു യേശുവിന്റെ മരണം വഹിക്കുന്നു (2കൊരി. 4:9,10). അങ്ങനെ ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും വ്യാപരിക്കുന്നു (2കൊരി. 4:12). സാരെഫാത്തിലെ വിധവയുടെ മകന്‍ മരിച്ചപ്പോള്‍ ഏലീയാവു ആ കുട്ടിയുടെ മേല്‍ 3 പ്രാവശ്യം കവിണ്ണു കിടന്നു. കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങിവരുവാന്‍ പ്രാര്‍ത്ഥിച്ചു. ഇതാണ് ഒരു പുരോഹിതന്റെ പ്രാര്‍ത്ഥന. മറ്റുള്ളവരുടെ ഭാരം ഏറ്റെടുത്തു സ്വയം ക്രൂശു വഹിക്കുന്ന അനുഭവം (1കൊരി. 17:20,21,22). 

2.   ക്രിസ്തുവിന്റെ ഭാവമുള്ളവരാകാം (ഫിലി. 2:1-11)

ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിക്കാതെ ദാസരൂപമെടുത്ത യേശുക്രിസ്തുവിന്റെ ഭാവം ധരിക്കാനാണ് വി.പൗലൊസിന്റെ ആഹ്വാനം (ഫിലി. 2:5). തന്നെത്താന്‍ ഒഴിച്ചു മനുഷ്യസാദൃശ്യത്തിലായ കെനോസിസ് സിദ്ധാന്തമാണ് (ഗലിീശെ െഠവലീൃ്യ) ഇവിടത്തെ പ്രതിപാദ്യവിഷയം - സ്വയം ശൂന്യനാകുന്ന അനുഭവം. 

3.  ക്രൂശ് വഹിക്കാനുള്ള ആഹ്വാനം (മര്‍. 8:31-38)

സ്വയം ത്യജിച്ചു നാള്‍തോറും ക്രൂശ് എടുക്കാന്‍ യേശു തന്നെ മറ്റുള്ളവരോട് ആഹ്വാനം ചെയ്തു. യേശു മനുഷ്യവര്‍ഗ്ഗത്തിനു വേണ്ടി മരിച്ചതു നമുക്കു മാതൃകയാണ്. ദിനംതോറുമുള്ള ക്രൂശീകരണ അനുഭവത്തില്‍ യേശുവിനെയാണ് നാം ധ്യാനിക്കേണ്ടത്. ക്രൂശ് ഒരിക്കലും അവസാനമല്ല. ഉയിര്‍പ്പിന്റെയും നിത്യവീണ്ടെടുപ്പിന്റെയും ആരംഭമാണ്. ഈ നോമ്പുകാലം യേശുവിന്റെ പൗരോഹിത്യ കഷ്ടപ്പാടുകള്‍ക്കുള്ള ഒരു ആഹ്വാനമായി നമുക്കു ചിന്തിക്കാം.

Menu