Sermon Outlines
Create Account
1-800-123-4999

രോഗത്തില്‍ സൗഖ്യം

Wednesday, 10 February 2016 12:35
Rate this item
(2 votes)

ഫെബ്രുവരി - 14

രോഗത്തില്‍ സൗഖ്യം

പുറ. 4:10-17 സങ്കീ. 103:1-10

2 കൊരി. 12:1-10യോഹ. 9:1-7

 

ധ്യാനവചനം: അവന്‍ എന്നോടു: എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു എന്നു പറഞ്ഞു (2കൊരി. 12:9).

രോഗിക്കു പൂര്‍ണ്ണമായ ആരോഗ്യവും ശാരീരികവും മാനസികവുമായ സ്വസ്ഥതയും മടക്കിക്കിട്ടുന്നതാണ് സൗഖ്യം. വൈദ്യശുശ്രൂഷകൊണ്ടു സ്വാഭാവികമായി സൗഖ്യം ലഭിക്കാം. എന്നാല്‍ രോഗത്തിനു ബാഹ്യമായ സൗഖ്യം ലഭിച്ചില്ലെങ്കില്‍പോലും ചുറ്റുപാടിനോടും ലോകത്തിനോടും വീക്ഷണ വ്യത്യാസമുണ്ടാകുന്നതു തന്നെ സൗഖ്യമാണ്. സൗഖ്യമാക്കുന്ന ദൈവികസ്വഭാവം ബൈബിളില്‍ ആദി മുതല്‍ കാണുന്നു. ''ഞാന്‍ നിന്നെ സൗഖ്യമാക്കുന്ന യഹോവ'' (പുറ.15:26) എന്നു യിസ്രായേല്‍ ജനത്തോടു പറയുന്ന ഉടമ്പടി മുതല്‍ ദൈവം തന്റെ ജനത്തെ പലപ്പോഴും സൗഖ്യമാക്കുന്നതായി കാണുന്നു. സങ്കീര്‍ത്തനത്തിലും (സങ്കീ.103:3, 107:20, 147:3), പ്രവചനത്തിലും (യിരെ.33:6, യെശ. 53:3-5, 57:18,19, മലാ. 4:2) പുതിയനിയമത്തിലും അനേകസ്ഥലങ്ങളില്‍ ഇതു ദൃശ്യമാകുന്നു. യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷയിലും, അപ്പൊസ്തലന്മാരുടെ പ്രവൃത്തിയിലും രോഗശാന്തി ശുശ്രൂഷ പ്രകടമായി കണ്ടു. ഒടുവില്‍ വേദപുസ്തകം അവസാനിക്കുന്നതും യോഹന്നാന്‍ വെളിപ്പെടുത്തുന്ന രോഗശാന്തി നല്‍കുന്ന ഇലയുള്ള വൃക്ഷം നില്‍ക്കുന്ന ഒരു സ്വര്‍ഗ്ഗീയ ദര്‍ശനത്തോടുകൂടെയാണ് (വെളി. 22:2). 

ദൈവികരോഗശാന്തി സമഗ്രമായ രോഗശാന്തിയാണ്.

1. ശരീരത്തിനു സൗഖ്യം (സങ്കീ. 103:3, 1പത്രൊ. 2:24, യെശ. 53:5)

2. മനസ്സിനു സൗഖ്യം (സങ്കീ.147:3)

3. ആത്മാവിനു സൗഖ്യം (ഹോശേ.14:4). പിന്മാറ്റത്തിനു ലഭിക്കുന്ന സൗഖ്യം കൊണ്ട് അര്‍ത്ഥമാക്കുന്നത് അതാണ്.

4. ദേശത്തിനു സൗഖ്യം (2ദിന. 7:14). നമ്മുടെ രാജ്യത്തിനും, രാഷ്ട്രീയ വ്യവസ്ഥിതിക്കും, സൗഖ്യം അത്യാവശ്യമാണ്.

5. ബന്ധങ്ങള്‍ക്കു സൗഖ്യം (എഫെ. 2:13-15). കുടുംബങ്ങള്‍ക്കും, സുഹൃദ്ബന്ധങ്ങള്‍ക്കുമൊക്കെ നടക്കേണ്ട സൗഖ്യമാണിത്.

രോഗങ്ങള്‍ വരാനുള്ള ചില കാരണങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നു: 

• മനുഷ്യന്റെ തിന്മപ്രവൃത്തികളായ പാപം ഒരു പ്രധാനകാരണമാണ്. പല അസാന്മാര്‍ഗ്ഗികസ്വഭാവങ്ങളും രോഗങ്ങളെ വിളിച്ചുവരുത്തുന്നു. നമുക്കു ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യത്തെ ദുര്‍വിനിയോഗം ചെയ്യുകയും വഴിവിട്ട ജീവിതം നയിക്കുകയും ചെയ്യുന്നത് ഒരു വ്യക്തിക്കു മാത്രമല്ല, ഒരു സമൂഹത്തിനു തന്നെ രോഗം വരാന്‍ കാരണമുണ്ടാക്കുന്നു (യെശ. 59:1,2, റോമ. 1:24-27, 1കൊരി. 11:28,29,30, കൊ-1:15). 

• വി.പൗലൊസിനു ജഡത്തില്‍ ശൂലം നല്‍കിയത് ദൈവം അറിഞ്ഞിട്ടുതന്നെയായിരുന്നു. അദ്ദേഹം നിഗളിച്ചുപോകാതിരിക്കേണ്ടതിന് എന്നാണ് താന്‍ പറയുന്നത് (2കൊരി. 12:7-9). ഇയ്യോബിനു രോഗം വന്നതും ദൈവം അറിഞ്ഞിട്ടായിരുന്നു (ഇയ്യോ. 1,2 അധ്യായങ്ങള്‍). 

• പൈശാചികശക്തികളാല്‍ രോഗമുണ്ടാകാം എന്നും പറയപ്പെടുന്നു. പതിനെട്ടുവര്‍ഷം കൂനിയായിരുന്ന സ്ത്രീയിലുള്ള രോഗാത്മാവിന്റെ (ലൂക്കൊ. 13:11) ബന്ധനത്തെ കര്‍ത്താവ് അഴിച്ചുവെന്നാണ് ലൂക്കൊസ് രേഖപ്പെടുത്തുന്നത്. തിന്മയുടെ ഇപ്രകാരമുള്ള ശക്തികളാലും രോഗം ഉണ്ടാകുന്നു. 

• ഇന്നത്തെ സാഹചര്യത്തില്‍, അന്തരീക്ഷമലിനീകരണത്താല്‍ അനേകരോഗങ്ങള്‍ വരുന്നു. നിരപരാധികളായ കുട്ടികള്‍ മുതല്‍ വാര്‍ദ്ധക്യത്തിലുള്ളവര്‍ വരെ മാരകരോഗങ്ങള്‍ക്കു അടിമകളാകുന്നു. ഭൂമിയെ പരിപാലിക്കാന്‍ ദൈവം മനുഷ്യനെ ഏല്പിച്ചു (ഉല്പ.2:15). എന്നാല്‍ മനുഷ്യന്‍ ഭൂമിയെ പരമാവധി ചൂഷണം ചെയ്തു. തന്മൂലം ഭൂമിയുടെ സന്തുലിതാവസ്ഥ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ജലം മലിനപ്പെട്ടു. മണ്ണു മലിനപ്പെട്ടു. തോടും നദിയും കുളവും അരുവിയും കിണറും അപ്രത്യക്ഷമായി. വായു മലിനപ്പെട്ടു. ഭക്ഷണങ്ങളിലും പച്ചക്കറിയിലും രാസവസ്തുക്കളാണ്. ഇതിന്റെ പരിണതഫലം മനുഷ്യന്‍ അനുഭവിക്കുന്നു. പരിസ്ഥിതിവാദികള്‍ ഒരുവശത്തു ശബ്ദം ഉയര്‍ത്തുന്നുണ്ടെങ്കിലും മറുവശത്തു തിന്മയില്‍ നിന്നു തിന്മയിലേക്കും, തെറ്റില്‍ നിന്നു തെറ്റിലേക്കും നമ്മുടെ ഭൂമിയുടെ അവസ്ഥ പോയിക്കൊണ്ടിരിക്കുന്നു. അങ്ങനെ മലിനീകരണം അനേക രോഗങ്ങള്‍ക്കു കാരണമായി.

ഇവിടെയാണ് നാം ദൈവമുഖം തേടേണ്ടത്. ഒരു സമഗ്രസൗഖ്യത്തിനുവേണ്ടി നമുക്കു ദൈവത്തിലാശ്രയിക്കുകയും ലോകത്തിനു സൗഖ്യം വരുത്താന്‍ നമുക്കു പ്രാര്‍ത്ഥിക്കുകയും യത്‌നിക്കുകയും ചെയ്യാം.

1.   ബലഹീനനായ മോശെ (പുറ. 4:10-17)

യിസ്രായേല്‍ ജനത്തെ വിടുവിക്കാന്‍ ദൈവം മോശെയെ തിരഞ്ഞെടുത്തു. എന്നാല്‍ അദ്ദേഹം വിക്കനും തടിച്ച നാവുള്ളവനുമാകുന്നുവെന്ന് അറിഞ്ഞിരുന്നു (പുറ. 4:10). എന്നാല്‍ ആ മോശെയെത്തന്നെ ദൈവം ഒരു വലിയ ശുശ്രൂഷക്കായി വിളിച്ചു. ''ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആര്‍? ഞാന്‍ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു ഉപദേശിച്ചു തരും'' എന്നു വാഗ്ദത്തം ചെയ്തു (പുറ. 4:11,12). ഇങ്ങനെ ബലഹീനനായ മോശെ ബലപ്പെട്ടു. ബലഹീനതകളില്‍ പതറാതെ ജീവിക്കാന്‍ തിരുവചനം ആഹ്വാനം ചെയ്യുന്നു.

2.   കുരുടനില്‍ ദൈവമഹത്വം (യോഹ. 9:1-7)

ഇവന്‍ കുരുടനായി പിറക്കാന്‍ പാപം ചെയ്തത് ആരായിരുന്നു എന്നായിരുന്നു ശിഷ്യന്മാരുടെ സംശയം. എന്നാല്‍ ദൈവപ്രവൃത്തി അവനില്‍ വെളിപ്പെടേണ്ടതിനാണ് എന്നു യേശു പറഞ്ഞ് കുരുടനെ സൗഖ്യമാക്കി.  ദൈവനാമം പലവിധത്തില്‍ മഹത്വപ്പെടുന്നു. ദൈവത്തിന്റെ സൗഖ്യമാക്കുന്ന പ്രവര്‍ത്തിയാണ് ഇവിടെയെല്ലാം കാണുന്നത്. 

3.   ബലഹീനതയിലും ബലം (2കൊരി. 12:1-10)

ജഡത്തിലെ ശൂലം മാറാനായി പൗലൊസ് 3 പ്രാവശ്യം പ്രാര്‍ത്ഥിച്ചു (2കൊരി. 12:7). എന്നാല്‍ ദൈവം അദ്ദേഹത്തിനു പരിഹാരം നല്‍കിയില്ല. ''എന്റെ കൃപ നിനക്കു മതി എന്റെ ശക്തി നിന്റെ ബലഹീനതയില്‍ തികഞ്ഞുവരുന്നു'' എന്നായിരുന്നു യേശു നല്‍കിയ ഉത്തരം. ബലഹീനതയിലും അമിതബലം നല്‍കി നടത്തിവരുന്ന ദൈവകൃപയാണ് ഇവിടെ പ്രസ്താവ്യം. രോഗത്തില്‍നിന്നുള്ള വിടുതല്‍ അല്ല രോഗത്തിലെ സൗഖ്യമാണ് ഇവിടെ  നടന്നത്. ഇത്തരം അനുഭവങ്ങളും പ്രാര്‍ത്ഥനയുടെ മറുപടിയായി കാണാന്‍ നമുക്കു കഴിയണം. 'യേശുവേ നിന്റെ കൃപ എനിക്കു മതി' എന്നു നമുക്കു പറയാന്‍ കഴിയുമോ? 

Menu