ദൈവം നൽകിയ കൃപയെ പ്രഖ്യാപിക്കലാണ് യൂക്കറിസ്റ്റ്. യേശുക്രിസ്തുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവിടുന്നു ശിഷ്യന്മാരുമായി പെസഹ കഴിക്കുവാൻ തീരുമാനിച്ചു. കർത്താവിന്റെ അത്താഴത്തിനും യൂക്കറിസ്റ്റ് എന്ന പേര് ഉപയോഗിച്ചുവരുന്നു. യൂക്കാറിസ്റ്ററിൻ (eucharisterin) എന്ന ഗ്രീക്കു പദത്തിൽ നിന്നാണു യൂക്കറിസ്റ്റ് ഉണ്ടായത്. Eu = well / good, charis = gift / grace എന്നും ഒരു വ്യാഖ്യാനമുണ്ട്. പെസഹകുഞ്ഞാടിനെ അറുക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയപ്പോൾ യേശു പത്രൊസിനേയും യോഹന്നാനേയും അയച്ചു പെസഹ കഴിക്കാൻ സ്ഥലം ഒരുക്കുവാൻ ആവശ്യപ്പെട്ടു. വിരിച്ചൊരുക്കിയ ഒരു വൻമാളികയിൽ അന്നു പെസഹ ഒരുക്കപ്പെട്ടു. അന്നു അപ്പൊസ്തലന്മാരുമായി യേശു കഴിച്ച ഭക്ഷണമാണ് പിന്നത്തേതിൽ സഭയുടെ ഒരു സാക്രമന്തായി രൂപപ്പെട്ടത്. യഹൂദന്മാരുടെ 3 വാർഷിക ഉത്സവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതു പെസഹയാണ്. എബ്രായർ 'പേസാഹ്' എന്നും ഗ്രീക്കിൽ 'പാസ്ഖാ' എന്നും പറയുന്നു. ഈ വാക്കിന് 'കടന്നുപോകൽ' എന്നാണർത്ഥം. പെസഹപ്പെരുന്നാളെന്നും, പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളെന്നും ഇതിനെ വിളിക്കുന്നു എങ്കിലും ഇവ രണ്ടാണ്. പെസഹയാഗത്തെയും ആ യാഗത്തെ തുടർന്നുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിനേയും തമ്മിൽ വിവേചിക്കുന്നതിനു രണ്ടാമത്തേതിനെ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ എന്നു വിളിക്കുന്നു (ലേവ്യാ. 23:5, പുറ. 12:21, 48, 2ദിന.30:15). പെസഹാ ഭോജനം എന്ന അർത്ഥവും പെസഹയ്ക്കുണ്ട് (മത്താ. 26:18,19, മർക്കൊ. 14:16, ലൂക്കൊ. 22:8,13). നീസാൻമാസം 14-ാം തീയതി (ഏപ്രിൽ) വൈകുന്നേരമാണ് പെസഹാഭോജനം. അതിനെത്തുടർന്നുള്ള 7 ദിവസം പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളാണ് (ലേവ്യാ. 23:5,6). എന്നാൽ യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തെയും അതിലൂടെ മനുഷ്യവർഗ്ഗത്തിനു ലഭിച്ച വീണ്ടെടുപ്പിനെയും പെസഹ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ പെസഹക്കുഞ്ഞാടു യേശുവാണെന്നാണ് പൗലൊസ് വ്യാഖ്യാനിച്ചത് (1കൊരി. 5:7). അതുകൊണ്ടാണ് യഹൂദന്മാരായിരുന്ന ശിഷ്യരോട് യഹൂദാചാരമായ പെസഹ ഇനി ആചരിക്കുമ്പോൾ എന്നെ ഓർക്കണം എന്നു പറഞ്ഞത്. ''എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ'' (ലൂക്കൊ. 22:19). കാരണം, കഴിഞ്ഞ അനേകവർഷങ്ങളായി ആചരിക്കുന്ന പെസഹയുടെ പൂർത്തീകരണം ക്രിസ്തുവാണെന്നാണു മനസ്സിലാകുന്നത്. ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1:29).
യഹൂദന്മാരല്ലാതെ ആരും ഇതു ആചരിക്കാനും പാടില്ല (പുറ.12:42-49). ഇനി പെസഹ കഴിക്കുന്നവർ തന്റെ ഓർമ്മയ്ക്കായി ചെയ്യാൻ യേശു പറഞ്ഞതു യഹൂദരോടു താൻ ദൈവം ഒരുക്കിയ പരമയാഗമാണെന്നുള്ള സന്ദേശം കൂടെയായിരുന്നു. സുവിശേഷകന്മാരിൽ ലൂക്കൊസ് മാത്രമേ ഈ വാചകം എഴുതിയിട്ടുള്ളു. വിജാതിയർ പെസഹ ആചരിക്കാൻ പാടില്ലാത്തതുകൊണ്ടും വിജാതിയർക്കു ഇത് അപ്രധാനമായതുകൊണ്ടുമായിരിക്കാം മറ്റു സുവിശേഷകർ ഇതു രേഖപ്പെടുത്താത്തത് എന്നും പണ്ഡിതാഭിപ്രായമുണ്ട്. എ.ഡി. 300 നു ശേഷമാണു വിജാതിയരുടെ ക്രൈസ്തവ സഭയിൽ ഇതൊരു കൂദാശയായി മാറിയതെന്ന് ഇവർ അഭിപ്രായപ്പെടുന്നു. അപ്പൊസ്തലപ്രവൃത്തികളിൽ 'അപ്പം നുറുക്കി' എന്നത് ലൂക്കൊസ് 24-ൽ കാണുന്ന അപ്പം നുറുക്കൽ മാത്രമാണെന്നും അതു ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന സമൂഹഭക്ഷണരീതിയാണെന്നും മനസ്സിലാകുന്നുണ്ട് (ലൂക്കൊ. 24:30, അ.പ്ര. 2:42,46). 1കൊരി. 11:17-34-ലെ പരാമർശവും ഒരു സമൂഹഭക്ഷണമാണെന്നു മനസ്സിലാക്കാം. ''...ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഭക്ഷണം കഴിക്കാൻ കൂടുമ്പോൾ അന്യോന്യം കാത്തിരിപ്പിൻ...'' (1കൊരി.11:33,34), ''...ഭക്ഷണം കഴിക്കയിൽ ഓരോരുത്തൻ... (1കൊരി. 11:21) തുടങ്ങിയ പരാമർശങ്ങൾ ഇതു വ്യക്തമാക്കുന്നുണ്ട്. എന്നാൽ പൂർവ്വസഭയിലുണ്ടായ കൂദാശകൾ സഭയുടെ കെട്ടുറപ്പിനും വളര്‍ച്ചയ്ക്കും കാരണമായിത്തീർന്നിട്ടുണ്ട് എന്നതു നിസ്തർക്കമാണ്. അതുകൊണ്ടാണു ഭയഭക്തിയോടും അനുതാപത്തോടും സ്വയശോധനയോടും നാം അപ്പവും മുന്തിരിച്ചാറും അനുഭവിക്കുന്നത്. ഇന്നു ക്രൈസ്തവസഭ തിരുവത്താഴശുശ്രൂഷ നിർവ്വഹിക്കുമ്പോൾ ചില പ്രധാന കാര്യങ്ങൾ നടക്കുന്നുണ്ട്.
1. പെസഹയും യൂക്കറിസ്റ്റിന്റെ ആരംഭവും (പുറ. 12:1-7)
430 വർഷം അടിമത്തത്തിന്റെ കഷ്ടപ്പാടിൽ ആയിരുന്ന ഒരു മനുഷ്യസമൂഹത്തിന്റെ വിടുതലിന്റെ കൂട്ടായ്മയാണ് പെസഹയുടെ ആരംഭം. മിസ്രയീമിനെ പീഡിപ്പിച്ച പത്താമത്തെ ബാധയിൽ (കടിഞ്ഞൂൽ സംഹാരം) നിന്നും യിസ്രായേല്യർ സംരക്ഷിക്കപ്പെട്ടതിന്റെയും മിസ്രയീമ്യ ദാസ്യത്തിൽ നിന്നും വിടുവിക്കപ്പെട്ടതിന്റെയും സ്മരണയായിട്ടാണ് (പുറ. 12:1-28) പെസഹ ആചരിക്കുന്നത്. മിസ്രയീമിൽനിന്നുള്ള വിടുതലിനെത്തുടർന്നു യഹോവ യിസ്രായേൽ ജനത്തെ തന്റെ ജനമായി സ്വീകരിച്ചു. ഇങ്ങനെ ഒരു പുതിയ ജീവിതത്തിന്റെ കൂട്ടായ്മയിലേക്കുള്ള പ്രവേശനത്തിനു പെസഹ അടിസ്ഥാനമിട്ടു(ഹോശേ. 2:15, പുറ. 6:6,7).
2. പെസഹക്കുഞ്ഞാടായ യേശുവിനെ ഓർക്കുക (മർക്കൊ. 14:17-25)
എപ്പോഴെല്ലാം യെഹൂദന്മാർ പെസഹാ ആചരിക്കുന്നുവോ അപ്പോഴെല്ലാം യേശുവിനെ ഓർക്കാൻ അവിടുന്ന് ആഹ്വാനം നല്‍കി. യേശുക്രിസ്തുവാണു നുറുക്കപ്പെട്ട അപ്പം. ഇതു നിങ്ങൾക്കുവേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം. അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന എന്റെ രക്തം എന്നാണു ക്രിസ്തു പെസഹാദിനത്തിൽ പ്രഖ്യാപിച്ചത് (മത്താ. 26:26,27). നമ്മുടെ പെസഹാക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ. (1കൊരി. 5:7). പെസഹാകുഞ്ഞാടിന്റെ അസ്ഥികളിൽ ഒന്നും ഒടിക്കരുതെന്നും കല്പനയുണ്ട് (പുറ.12;46, സംഖ്യാ. 9:12). ഈ തിരുവെഴുത്തു ക്രിസ്തുവിന്റെ മരണത്തിൽ നിറവേറി എന്നു യോഹന്നാൻ രേഖപ്പെടുത്തുന്നു. പടയാളികൾ വന്നു യേശുവിനോടൊപ്പം ക്രൂശിച്ചിരുന്ന രണ്ടുപേരുടെയും കാൽ ഒടിച്ചു. എന്നാൽ യേശു മരിച്ചുപോയി എന്നു കണ്ടിട്ടു അവന്റെ കാൽ ഒടിച്ചില്ല (യോഹ.19:32-37). പെസഹാദിനത്തിലാണു ക്രിസ്തു കർത്തൃമേശ ഏർപ്പെടുത്തിയത് (1കൊരി.11:23). പെസഹ ഒടുവിലായി ആചരിച്ചതും കർത്താവിന്റെ അത്താഴം ആദ്യമായി കഴിച്ചതും ആ രാത്രിയിലായിരുന്നു. പെസഹ പിന്നിലോട്ടു കടിഞ്ഞൂൽസംഹാരം നടന്ന രാത്രിയെയും മൂന്നിലോട്ടു ക്രിസ്തുവിന്റെ ക്രൂശിനെയും ചൂണ്ടിക്കാണിക്കുന്നു. അതിനാൽ ക്രിസ്തുവിന്റെ ക്രൂശീകരണത്തിനു ശേഷം പെസഹാചരണത്തിന്റെ ആവശ്യമില്ല. കർത്തൃമേശ പിന്നിലോട്ടു ക്രൂശിനെയും മുന്നിലോട്ടു ക്രിസ്തുവിന്റെ പുനരാഗമനത്തെയും ദർശിക്കുന്നു. അതിനാൽ ക്രിസ്തുവിന്റെ പുനരാഗമനത്തിനു ശേഷം കർത്തൃമേശ ആചരിക്കേണ്ടതില്ല എന്നു പറയാം. അതുകൊണ്ടാണ് ''അവൻ വരുവോളം നാം ഇതിനെ ആചരിക്കുന്നു'' എന്നു പറയുന്നത്. പെസഹയോടൊപ്പം പുളിപ്പില്ലായ്മ ആരംഭിക്കുന്നു. അതായത് ഒരാൾ ക്രിസ്തുവിലാകുന്നതു മുതൽ വിശുദ്ധജീവിതം ആരംഭിക്കുകയാണെന്ന് അർത്ഥമാക്കാം (പുറ. 12:15, 13:7, 1കൊരി. 5:6-8, 2കൊരി. 7:1).
3. അവരവരെ ശോധന ചെയ്യുക (1 കൊരി. 11:23-34)
ഇന്നു കർത്താവിന്റെ അത്താഴത്തിൽ അംഗങ്ങളാകുമ്പോൾ ക്രിസ്തുവിനെ ഓർക്കുകയാണ്. യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തെയും അതിലൂടെ മനുഷ്യവർഗ്ഗത്തിനു ലഭ്യമായ വീണ്ടെടുപ്പിനെയും പെസഹാ ചൂണ്ടിക്കാണിക്കുന്നതായി പറയാം. പെസഹയുടെ പൊരുൾ പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ വ്യാഖ്യാനിച്ചു : ''നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിനു പഴയ പുളിമാവിനെ നീക്കിക്കളയുവിൻ. നമ്മുടെ പെസഹാകുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു (1കൊരി. 5:7). അങ്ങനെ അപ്പം തിന്നുകയും പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം തന്റെ മരണത്തെ പ്രസ്താവിക്കുന്നു (1കൊരി. 11:26). കർത്താവിന്റെ ക്രൂശുമരണവും ലോകത്തിനുവേണ്ടി അനുഭവിച്ച വ്യഥകളും ഓർക്കുകയും ദൈവം മനുഷ്യവർഗ്ഗത്തിനു വരുത്തിയ രക്ഷയുടെ പദ്ധതിക്കായി നന്ദി അർപ്പിക്കുകയും ചെയ്യുന്നു.