യേശുവിന്റെ ക്രൂശീകരണത്തെ ധ്യാനിക്കുമ്പോൾ പൊതുവെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണു ക്രൂശിലെ ഏഴു മൊഴികൾ. നാലു സുവിശേഷകന്മാരും എഴുതിയ, യേശു പറഞ്ഞ വചനങ്ങളാണു ക്രൂശിലെ മൊഴികളായി മനസ്സിലാക്കുന്നത്. ഏഴു മൊഴികളും എല്ലാ സുവിശേഷങ്ങളിലും കാണുന്നില്ല. 7 പൂർണ്ണതയുടെ ഒരു സംഖ്യ ആണ്. 7 സഭ, 7 നക്ഷത്രം, 7 നിലവിളക്ക്, 7 മുദ്ര, 7 കാഹളം, 7 ഉത്സവം, 7 ദിവസം ഇങ്ങനെ വേദപുസ്തകത്തിൽ അനേക പ്രാവശ്യം 7 എന്ന സംഖ്യയ്ക്കു പ്രാധാന്യം നല്‍കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടായിരിക്കാം 7 മൊഴികൾ എന്ന ചിന്ത ഉടലെടുത്തത്.
1. ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ (ലൂക്കൊ. 23:34).
2. ഇന്നു നീ എന്നോടു കൂടെ പറുദീസയിൽ ഇരിക്കും (ലൂക്കൊ. 23:43).
3. സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു (യോഹ. 19:26,27).
4. എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതു എന്തു (മത്താ. 27:46, മർക്കൊ. 15:34).
5. എനിക്കു ദാഹിക്കുന്നു (യോഹ. 19:28).
6. നിവൃത്തിയായി (യോഹ. 19:30).
7. പിതാവേ എന്റെ ആത്മാവിനെ തൃക്കൈയിൽ ഏല്പിക്കുന്നു (ലൂക്കൊ. 23:46).
ഈ 7 വചനങ്ങളെ ഇപ്രകാരം അപഗ്രഥിക്കാം. ആദ്യത്തെ മൂന്നു മൊഴികൾ മനുഷ്യർക്കു വേണ്ടിയുള്ളതാണ് - തന്നെ ക്രൂശിച്ചവർക്കു വേണ്ടി, തന്നോടൊപ്പം ക്രൂശിക്കപ്പെട്ടവർക്കുവേണ്ടി, അമ്മക്കു വേണ്ടി. അടുത്ത രണ്ടു മൊഴി തനിക്കു വേണ്ടിയുള്ളതാണ് - നീ എന്നെ കൈവിട്ടതെന്തു, എനിക്കു ദാഹിക്കുന്നു. അടുത്ത രണ്ടു മൊഴികളിൽ ഒന്നു ഭൂതകാലത്തേയും (നിവൃത്തിയായി) അടുത്തതു ഭാവികാലത്തെയും കാണിക്കുന്നു (ആത്മാവിനെ ഏല്പിക്കുന്നു).
മൂന്നു മൊഴി ദൈവത്തോടുള്ള പ്രാർത്ഥനകളാണ്. മൂന്നു മൊഴി മനുഷ്യരോടുള്ള സംവേദനവും. ഒരെണ്ണം ലോകത്തോടും. അതുപോലെ തന്നെ ഈ 7 മൊഴികളിലൂടെ മുകളിലുള്ള പിതാവിനോടും താഴെ നില്‍ക്കുന്ന മനുഷ്യരോടും കൂടെ നില്‍ക്കുന്ന ക്രൂശിക്കപ്പെട്ടവരോടും യേശു സംസാരിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തേതും അവസാനത്തേതും പിതാവിനോടുള്ള പ്രാർത്ഥനകളും രണ്ടാമത്തേതു ക്രൂശിലെ കള്ളന്റെ പ്രാർത്ഥനയ്ക്കുള്ള മറുപടിയും നാലാമത്തേതു ദൈവത്തോടുള്ള പ്രാർത്ഥനയുമാണ്. അതുപോലെ സുവിശേഷത്തിലെ യേശുവിന്റെ എട്ടു പ്രാർത്ഥനയിൽ അവസാനത്തെ പ്രാർത്ഥന ക്രൂശിലെ പ്രാർത്ഥന ആയിരുന്നു. മത്തായിയും മർക്കൊസും 7 മൊഴികളിൽ ഒന്നു മാത്രമേ എഴുതിയിട്ടുള്ളു. ലൂക്കൊസും യോഹന്നാനും മൂന്നു മൊഴികൾ വീതം രേഖപ്പെടുത്തിയിട്ടുണ്ട്.
1. ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ (ലൂക്കൊ. 23:34)
കർത്താവിന്റെ പ്രാർത്ഥനയിലും പിഴകളെ ക്ഷമിക്കാനുള്ള അപേക്ഷ വളരെ ശക്തമാണ് (മത്താ. 6:12,14,15). പ്രസിദ്ധ സാഹിത്യകാരനായ സൗത്ത് സീ ഐലൻഡിലെ റോബർട്ട് ലൂയിസ് സ്റ്റീഫൻസൻ ഒരിക്കൽ കുടുംബപ്രാർത്ഥനാ വേളയിൽ കർത്താവിന്റെ പ്രാർത്ഥന പറയുന്ന സമയത്തു പ്രാർത്ഥന നിർത്തി ഇറങ്ങിപ്പോയി. ഞങ്ങളോടു ക്ഷമിക്കണമേ എന്ന പ്രാർത്ഥന അഭ്യർത്ഥിക്കാനുള്ള ധാർമ്മിക ധൈര്യം ഇല്ല എന്നാണു അദ്ദേഹം പറഞ്ഞത്. കാരണം അദ്ദേഹം പലരോടും ക്ഷമിച്ചിട്ടില്ലായിരുന്നുവത്രേ. 'തെറ്റു ചെയ്യുക മനുഷ്യസ്വഭാവമെങ്കിൽ ക്ഷമിക്കുക ദൈവികമാണെന്ന്' കവിയായ അലക്‌സാണ്ടർ പോപ്പ് പറഞ്ഞിട്ടുണ്ട്. പതിനായിരം താലന്തു കടപ്പെട്ടവനു ക്ഷമിച്ചുകൊടുത്ത ഉപമ (മത്താ.18:21-35) ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. പ്രാർത്ഥിക്കുന്നതിനു മുമ്പും വഴിപാടുമായി വരുന്നതിനു മുമ്പും ക്ഷമിക്കാനായി ക്രിസ്തു ഉപദേശിക്കുന്നു (മർക്കൊ.11:25, മത്താ.5:23,24). അന്യോന്യം ക്ഷമിക്കാനായി അപ്പൊസ്തലന്മാരും ഉപദേശിച്ചു (2കൊരി. 2:7, എഫെ. 4:32). നാം ക്ഷമിച്ചാലേ നമുക്കും ക്ഷമ ലഭിക്കൂ എന്ന തത്ത്വം ഇവിടെ ഓർക്കേണ്ടതാണ്.
2. ഇന്നു നീ എന്നോടു കൂടെ പറുദീസയിൽ ഇരിക്കും (ലൂക്കൊ. 23:43)
യേശു അതിവേദനയിൽ ആകുമ്പോഴും മറ്റൊരാളോടു സുവിശേഷം പങ്കുവയ്ക്കുന്നു. 'ഇന്നു' എന്നതു വിശ്വാസത്തിന്റെ ശബ്ദമാണ്. ഇന്നു നിന്റെ വീട്ടിൽ പാർക്കും, ഇന്നു ഈ വീട്ടിനു രക്ഷ വന്നു, ഇപ്പോൾ ആകുന്നു സുപ്രസാദ കാലം തുടങ്ങിയ വചനങ്ങൾ ശ്രദ്ധേയമാണ് (2കൊരി. 6:2, ലൂക്കൊ. 19:5, 19:9). തന്നോടൊപ്പം ക്രൂശിക്കപ്പെടുന്ന കുറ്റവാളിക്കു പറുദീസ വാഗ്ദത്തം ചെയ്യുന്നതിൽനിന്നും ഒരു കാര്യം മനസ്സിലാക്കുന്നു: വേശ്യമാരും ചുങ്കക്കാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുമെന്ന ചിന്ത ക്രിസ്തു പിന്നെയും ഉറപ്പിക്കുന്നു (മത്താ.21:31). ദൈവരാജ്യത്തിൽനിന്ന് ആരേയും അന്യപ്പെടുത്താൻ നമുക്കു സാധിക്കുകയില്ല. കാരണം മുമ്പന്മാർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും എന്നാണല്ലോ അവിടുന്നു പറഞ്ഞത് (മത്താ.19:30, 20:16, 22:14). പെരുമ്പടവത്തിന്റെ 'അരൂപിയുടെ മൂന്നാംപ്രാവി'ല്‍ ആൻഡ്രൂ സേവിയറിന്റെ കഥ ഇതാണു പറയുന്നത് : ഏതു പാപിക്കുമുള്ള പ്രത്യാശയാണിത്.
ക്രൂശിലെ കുറ്റവാളിയുടെ മാനസാന്തരത്തെ അപഗ്രഥിക്കുമ്പോൾ അതിനു ചില പടികൾ ഉള്ളതായി നാം കാണുന്നു (ലൂക്കൊ.23:39-43).
• ദൈവത്തെ ഭയപ്പെട്ടു
• താൻ തന്നെ പാപിയെന്നു സമ്മതിച്ചു
• യേശുവിന്റെ നിരപരാധിത്വം ഏറ്റുപറഞ്ഞു, യേശുവിനെ സ്തുതിച്ചു
• ക്രൂശിക്കപ്പെട്ട യേശുവിൽ ഒരു രാജാവിനെ കണ്ടു
• നിത്യജീവനുവേണ്ടി അപേക്ഷിച്ചു
ഏറ്റുപറയുകയും പാപക്ഷമ അപേക്ഷിക്കുകയും ചെയ്യുന്ന ഏതു മനുഷ്യനോടും എപ്പോഴും അവിടുന്ന് അവരുടെ പാപങ്ങൾ ക്ഷമിക്കുമെന്നുള്ളതാണു ഈ മൊഴി തരുന്ന സന്ദേശം.
3. സ്ത്രീയേ, ഇതാ നിന്റെ മകൻ; ശിഷ്യനോടു ഇതാ നിന്റെ അമ്മ (യോഹ. 19:26,27)
തനിക്കുള്ളതെല്ലാം കൊടുക്കുന്ന ക്രിസ്തുവിന്റെ ഒരു പ്രസ്താവനയാണിത്. അമ്മയെ യോഹന്നാന് ഏല്‍പ്പിക്കുന്നു. അമ്മയെ ആരാധിക്കാനായി തരുന്നു എന്ന ചിന്തയ്ക്കു ഇവിടെ തെളിവില്ല. സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവളാണു മറിയ (ലൂക്കൊ.1:42). എന്നാൽ നിന്നെ ചുമന്ന ഉദരവും... അനുഗ്രഹിക്കപ്പെട്ടതെന്നു ജനം പറഞ്ഞപ്പോൾ ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവരത്രെ അനുഗ്രഹിക്കപ്പെട്ടവർ എന്നു ക്രിസ്തു പറഞ്ഞതും ഇവിടെ സ്മരിക്കണം (ലൂക്കൊ. 11:27,28, 8:19-21, മത്താ. 12:46-50, മർക്കൊ. 3:31-35). അമ്മയെ കരുതണം എന്ന ചിന്ത ഇവിടെ വളരെ ശക്തമാണ്. അപ്പനമ്മമാരെ ബഹുമാനിക്കുക എന്നുള്ളതാണു വാഗ്ദത്തത്തോടുകൂടിയ ഒരേയൊരു കല്പന (എഫെ. 6:1-4). മുതിർന്നവരെ കരുതണം എന്ന ചിന്ത ഇന്നു സാമൂഹികതലത്തിലും വളരെ വളർന്നുവരുന്നുണ്ട്. ക്രിസ്തുവിന്റെ ക്രൂശിലെ മൊഴിയും ഈ സ്‌നേഹത്തിനെയും കരുതലിനെയും കാണിക്കുന്നു.
4. എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്തു (മത്താ. 27:46, മർക്കൊ. 15:34)
മത്തായിയും മർക്കൊസും മാത്രം പറയുന്ന ഒരു മൊഴിയാണിത്. സങ്കീ.22:1 ന്റെ പൂർത്തീകരണമായും നമുക്കു മനസ്സിലാക്കാം. അരമായാ, യവന ഭാഷയുടെ സമ്മിശ്രരൂപമായിരിക്കും ഏലീ ഏലീ... എന്ന പ്രാർത്ഥന. ഒരു വ്യക്തതയില്ലാത്ത പ്രാർത്ഥനയെന്നാണ് ഇതിന്റെ വ്യാഖ്യാതാക്കൾ പറയുന്നത്. A.T റോബർട്ട്‌സൺ വ്യാഖ്യാനിച്ചിരിക്കുന്നത് ''my power my power why have you forsaken me'' എന്നാണ്. Racco A-Errico & George M. Lamsa എഴുതിയിരിക്കുന്നത് : ‘My God, My God, for this purpose I was spared’ or “For such a purpose have you kept me” എന്നാണ്. എന്റെ ദൈവമേ എന്റെ ദൈവമേ ഈ ഉദ്ദേശത്തിനായി നീ എന്നെ സൂക്ഷിച്ചിരുന്നോ? എന്നർത്ഥം. ക്രൂശിൽ പിതാവ് പുത്രനെ കൈവിട്ടു എന്നാണ് മറ്റൊരു വ്യാഖ്യാനം. അതായതു മനുഷ്യരുടെ എല്ലാവരുടെയും അകൃത്യം പുത്രന്റെ മേൽ ചുമത്തി. തന്റെ അടിപ്പിണരുകളാൽ മനുഷ്യവർഗ്ഗത്തിനു സൗഖ്യവും സമാധാനവും കൊടുത്തു (യെശ. 53:6, 1പത്രൊ. 2:24).
5. എനിക്കു ദാഹിക്കുന്നു (യോഹ. 19:28)
യേശു നൂറു ശതമാനം മനുഷ്യനും നൂറു ശതമാനം ദൈവവുമായിരുന്നു. ഇവിടത്തെ ദാഹം തന്റെ ഭൗതിക ദാഹമായിരിക്കാം. പഴയനിയമത്തിലും ഇതിന്റെ പ്രവചനങ്ങളായി ചില വചനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട് (സങ്കീ. 22:15, സങ്കീ. 69:3). യേശുവിനു കയ്പ് കലർത്തിയ വെള്ളം കൊടുത്തു. എന്നാൽ രുചി നോക്കിയാറെ താൻ അതു കുടിച്ചില്ല (മത്താ.27:34, മർക്കൊ.15:23). കാരണം അതു കുടിച്ചാൽ ബോധം നഷ്ടപ്പെടും. ക്രൂശിൽ അനുഭവിക്കാൻ പോകുന്ന വേദനകൾ സ്വയം ഏറ്റെടുക്കാൻ തീരുമാനിച്ചതുകൊണ്ടായിരിക്കാം കയ്പു കലർത്തിയ വീഞ്ഞു താൻ ഒഴിവാക്കിയതെന്നു കരുതപ്പെടുന്നു. പടയാളികൾ അവനെ പരിഹസിച്ചു അവനു പുളിച്ച വീഞ്ഞു കാണിച്ചു എന്നാണ് ലൂക്കൊസ് എഴുതുന്നത്. യോഹന്നാൻ മാത്രമാണ് പുളിച്ച വീഞ്ഞ് കുടിച്ചു എന്നു എഴുതിയിരിക്കുന്നത് (യോഹ.19:29,30). ഇതു ഒരു ആത്മീയദാഹമായും ചിത്രീകരിക്കപ്പെടുന്നുണ്ട്. നശിച്ചുപോയ മനുഷ്യവർഗ്ഗത്തിന്റെ രക്ഷയ്ക്കു വേണ്ടിയുള്ള ദാഹം.
6. നിവൃത്തിയായി (യോഹ. 19:30)
സകലവും നിവൃത്തിയായി എന്ന ക്രിസ്തുവിന്റെ ക്രൂശിലെ പ്രസ്താവന പല സത്യത്തിലേക്കും വിരൽചൂണ്ടുന്നു. ന്യായപ്രമാണത്തെ ക്രിസ്തു നിവർത്തിച്ചു (മത്താ.5:17). പ്രവാചകന്മാരുടെ തിരുവെഴുത്തുകളെ അവിടുന്നു നിവർത്തിച്ചു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു മനുഷ്യവർഗ്ഗത്തെ വിലയ്ക്കു വാങ്ങി (ഗലാ.3:14). പിശാചിന്റെയും തിന്മയുടെയും പ്രവൃത്തികളെ എന്നെന്നേക്കുമായി അഴിച്ചു (1യോഹ.3:8). ക്രിസ്തുവിന്റെ ക്രൂശീകരണത്തെക്കുറിച്ചു ഒരു ദൈവശാസ്ത്രജ്ഞന്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു : “The debt of humanity to God is canceled and written off” ദൈവത്തോടു മനുഷ്യവർഗ്ഗത്തിനുണ്ടായിരുന്ന കടം എഴുതിത്തള്ളിയതാണു ക്രിസ്തുവിന്റെ ക്രൂശുമരണം.
ക്രൂശിന്റെ പ്രാധാന്യം ക്രിസ്തുശാസ്ത്രപരമാണ്. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിലൂടെ എന്നേക്കുമായി പൂർത്തിയാക്കിയ നിത്യരക്ഷയാണു ക്രൂശിന്റെ പ്രാധാന്യത്തിനു കാരണം. അതുകൊണ്ടാണു ക്രൂശിന്റെ വചനം... രക്ഷിക്കപ്പെടുന്ന നമുക്കു ദൈവശക്തി എന്നു പറയുന്നത് (1കൊരി. 1:18). സുവിശേഷത്തെ എതിർക്കുന്നവർ ക്രൂശിന്റെ ശത്രുക്കളായി (ഫിലി. 3:18). എന്നാൽ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശ് ക്രമേണ പ്രശംസാവിഷയമായിത്തീർന്നു. അങ്ങനെയാണു ക്രൂശിന്റെ വചനം അനുരഞ്ജനത്തിന്റെ വചനമായത് (2കൊരി. 5:19). വേർപാടിന്റെ നടുച്ചുവർ ഇടിക്കപ്പെട്ടു (എഫെ. 2:14-16). ക്രൂശിൽ ചൊരിഞ്ഞ രക്തത്തിലൂടെ സമാധാനം ഉണ്ടാക്കപ്പെട്ടു (കൊലൊ. 1:20). ചട്ടങ്ങളാൽ നമുക്കു വിരോധമായിരുന്ന കയ്യെഴുത്ത് അഴിക്കപ്പെട്ടു (കൊലൊ. 2:14). യഹൂദന്മാർക്കു ഇടർച്ചയും ഗ്രീക്കുകാർക്കു ഭോഷത്വവുമാണെങ്കിലും വിശ്വാസികൾക്കു അതു ദൈവജ്ഞാനമായി മാറി (1കൊരി. 1:18,23,24). അതുകൊണ്ടാണു അവിടുന്നു സകലവും നിവർത്തിച്ചു എന്നു പറയുന്നത്.
7. പിതാവേ എന്റെ ആത്മാവിനെ തൃക്കൈയിൽ ഏല്പിക്കുന്നു (ലൂക്കൊ. 23:46)
ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സമാധാനപരമായ മരണമായിട്ടാണു ചിലർ ക്രിസ്തുവിന്റെ മരണത്തെ പുകഴ്ത്തുന്നത്. തൃപ്തിയോടെ തന്റെ ആത്മാവിനെ പിതാവിന്റെ കയ്യിൽ ഏല്പിച്ചുകൊണ്ടുള്ള മരണം. യഹൂദാ പിതാക്കന്മാർ രാത്രി തോറും അവരുടെ മക്കളോടു ചേർന്നു പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണിത്. “Father into thy hands I commit my spirit” സുഖമായി ഉറങ്ങി പ്രഭാതത്തിൽ എഴുന്നേല്‍ക്കുന്നു. ആ ലാഘവത്തോടെയാണു യേശു തന്റെ ആത്മാവിനെ പിതാവിന്റെ കൈയിൽ ഏല്പിക്കുന്നത്. ഒരു ഉയിർപ്പിന്‍ പ്രഭാതമുണ്ടെന്നു അവിടുന്ന് അറിഞ്ഞിരുന്നു. യേശുവിന്റെ മരണസമയത്തു പ്രകൃത്യതീതമായ പല കാര്യങ്ങളും നടക്കുന്നു. ദൈവാലയത്തിലെ തിരശ്ശീല മേൽ തൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി. ഭൂമി കുലുങ്ങി. പാറകൾ പിളർന്നു. കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു (മത്താ. 27:51-53).
സാധാരണ ആരാധകരെയും മഹാപുരോഹിതനെയും തമ്മിൽ വേർപിരിച്ചിരുന്ന തിരശ്ശീലയാണു കീറിയത്. ഇപ്പോൾ എല്ലാവർക്കും അതിവിശുദ്ധസ്ഥലത്തേക്കും കൃപാസനത്തിലേക്കും വരാം (എബ്രാ. 4:16, 10:19-21). തന്റെ ദേഹമെന്ന തിരശ്ശീലയാണു നടുവെ ചീന്തപ്പെട്ടതെന്നാണ് അപ്പൊസ്തലൻ രേഖപ്പെടുത്തുന്നത്. ക്രിസ്തുവിജ്ഞാനീയത്തിൽ പുനരുത്ഥാനം വളരെ പ്രധാനപ്പെട്ട വിഷയമാണ്. മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാം ദിവസം താൻ ഉയിർത്തെഴുന്നേല്‍ക്കുമെന്നു യേശു മുമ്പെ പ്രവചിച്ചിരുന്നു (മർക്കൊ. 8:31, 9:31, 10:34). ദൈവപുത്രനെ പിടിച്ചു വയ്ക്കാൻ മരണത്തിനു അസാധ്യമായിരുന്നു (അ.പ്ര. 2:24, റോമ. 1:5, യോഹ. 5:26). കാരണം ക്രിസ്തുവിന്റെ ഉയിർപ്പാണ് ക്രൈസ്തവസന്ദേശത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത് (1കൊരി.15:14-17). മരണത്തിനു അപ്പുറമായ ഒരു ജീവിതമുണ്ടെന്ന പ്രത്യാശയാണു ഈ മൊഴിയിൽ കാണുന്നത്.