യേശുക്രിസ്തുവിന്റെ ഉയിർപ്പിൽ അനന്തമായ രൂപാന്തരമാണ് കാണുന്നത്. യേശു ഉയിർത്തെഴുന്നേറ്റു എന്നതായിരുന്നു അപ്പൊസ്തലന്മാരുടെ പ്രസംഗത്തിന്റെ ഒരു പ്രധാനഭാഗം. ഇങ്ങനെ യേശു രൂപാന്തരപ്പെട്ടതുകൊണ്ടു നാമും രൂപാന്തരപ്പെടും എന്നതാണ് അപ്പൊസ്തലന്മാർ നൽകിയ ഉറപ്പ് (1കൊരി. 15:52). ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും. ആദ്യഫലം ക്രിസ്തു പിന്നെ ക്രിസ്തുവിനുള്ളവർ ഇതായിരുന്നു പൗലൊസ് കൊരിന്ത്യസഭയ്ക്കു നൽകിയ സന്ദേശം (1കൊരി. 15:22,23). കർത്താവായ യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പാണ് ക്രിസ്തീയ ജീവിതത്തിന്റെ പ്രത്യാശയുടെയും വിജയത്തിന്റെയും ഏറ്റവും വലിയ സന്ദേശം നൽകുന്നത്. എല്ലാ അപ്പൊസ്തലന്മാരും യേശുവിന്റെ ഉയിർപ്പിനെ രേഖപ്പെടുത്തുന്നു (മത്താ. 28, മർക്കൊ.16, ലൂക്കൊ. 24, യോഹ. 20,21, 1കൊരി. 15). മരിച്ചവരുടെ ഉയിർപ്പ് പഴയനിയമം മുതൽ പല സന്ദർഭങ്ങളിലായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഏലിയാവ്, ഏലിശാ തുടങ്ങിയ പ്രവാചകന്മാരിലൂടെ മരിച്ചവർ ഉയിർത്തതായി പഴയനിയമ സംഭവങ്ങളുണ്ട് (1രാജാ. 17:17-23, 2രാജാ. 4:26-37). ഞാൻ മരിക്കയില്ല ജീവനോടെ ഇരുന്ന് യഹോവയുടെ പ്രവർത്തികളെ വർണ്ണിക്കുമെന്ന് ദാവീദ് പ്രത്യാശയുടെ സങ്കീർത്തനം പാടുന്നത് ശ്രദ്ധേയമാണ് (സങ്കീ.118:17). ''ജീവനുള്ളവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്ത്? അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു'' (ലൂക്കൊ. 24:5,6) ഇങ്ങനെയാണ് ലൂക്കൊസ് രേഖപ്പെടുത്തുന്നത്. യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം. നിങ്ങളുടെ വിശ്വാസവും വ്യർത്ഥം എന്നാണ് വി.പൗലൊസിന്റെ വാദം (1കൊരി. 15:14). യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പാണ് ക്രിസ്തീയവിശ്വാസത്തിന്റെ പ്രധാനമായ അടിസ്ഥാനം. ഈ ഉയിർപ്പിൻ ദിവസത്തെ ലോകമെമ്പാടും ആഘോഷിക്കുമ്പോൾ ക്രിസ്തുവിന്റെ ഉയിർപ്പ് തരുന്ന ചില സന്ദേശങ്ങൾ നാം ഓർത്തിരിക്കുന്നത് നല്ലതാണ്.
1. അനന്തമായ രൂപാന്തരം നൽകുന്ന ദൈവം (2 ശമു. 22:1-20)
ദൈവം ദാവീദിനെ തന്റെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൗലിന്റെ കയ്യിൽനിന്നും വിടുവിച്ചപ്പോൾ ദൈവത്തെ സ്തുതിച്ചുകൊണ്ടു ആലപിച്ച സംഗീതമാണ് 2ശമു. 22:1-20. ദൈവം അവസ്ഥകൾക്കു രൂപാന്തരമുണ്ടാക്കുന്നു. പുതിയ പ്രഭാതം നൽകുന്നു. കാരണം അവിടുന്നു ശൈലവും കോട്ടയും രക്ഷകനും പാറയും പരിചയും കൊമ്പും ഗോപുരവും സങ്കേതവും ആകുന്നു. ഉയരത്തിൽ നിന്നു കൈനീട്ടി പിടിക്കുകയും പെരുവെള്ളത്തിൽ നിന്നു വലിച്ചെടുക്കുകയും ചെയ്യുന്ന ദൈവം. അതാണ് മരണാനന്തരം ലഭിക്കുന്ന ആത്യന്തിക ജയം.
2. അനന്തമായ രൂപാന്തരത്തിന്റെ ഉദാത്ത മാതൃക (മർക്കൊ. 16:1-11)
യേശുക്രിസ്തുവിന്റെ ഉയിർപ്പാണ് അനന്തമായ രൂപാന്തരത്തിന്റെ ഏറ്റവും വലിയ മാതൃക. മരിച്ചത് ഉയിർക്കുന്നു. മൂടിവയ്ക്കപ്പെട്ടതു തുറക്കപ്പെടുന്നു. ദുഃഖിച്ചും കരഞ്ഞും കൊണ്ടിരുന്നവരോടു യേശുവിന്റെ ഉയിർപ്പിൻ സന്ദേശം അറിയിച്ചു (മർക്കൊ. 16:10). അവിടുന്ന് ജീവനോടിരിക്കുന്നു എന്നു പറഞ്ഞു. അസാദ്ധ്യം എന്നു ചിന്തിക്കുന്ന കാര്യങ്ങൾ ചെയ്യുന്നവനാണു ദൈവം. അവസാനിക്കാത്ത രൂപാന്തരമാണ് ഉയിർപ്പിലൂടെ നമുക്കും ലഭിക്കുന്നത്.
3. അനന്തമായ രൂപാന്തരത്തിന്റെ സന്ദേശം (1 കൊരി. 15:20-28)
യേശു ഉയിർത്തതുപോലെ നാമും ഉയിർക്കും എന്നതാണ് അടിച്ചമർത്തപ്പെട്ട ഒന്നാം നൂറ്റാണ്ടിലെ ചെറിയ വിശ്വാസസമൂഹത്തിനു നൽകിയ പ്രത്യാശ. അതുകൊണ്ട് പീഡനങ്ങളിലൂടെ അവർ വളർന്നു. യേശുവിനെ മരിച്ചവരിൽ നിന്നുയർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നുവെങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽ നിന്നുയർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തങ്ങളുടെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും (റോമ. 8:11). എന്ന പ്രതീക്ഷ അവർക്കുണ്ടായി. മരണമെന്ന ശത്രു ഒടുവിലായി നീങ്ങിപ്പോകുമ്പോൾ അനന്തമായ രൂപാന്തരം നടക്കും (1കൊരി. 10:26).
ഈസ്റ്റർ
ക്രിസ്തുവിനു വളരെമുമ്പുതന്നെ ഈസ്റ്റർ എന്ന പേരിൽ ആഘോഷിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു ഉത്സവം നിലനിന്നിരുന്നു. ഇതിന്റെ പിന്നിൽ ഒരു ഐതിഹ്യമുണ്ട്. അത്ഭുതകരമായ വലിപ്പമുള്ള ഒരു മുട്ട ആകാശത്തിൽനിന്നു യൂഫ്രട്ടീസ് നദിയിൽ പതിച്ചുവത്രെ. മത്സ്യങ്ങൾ ഇതിനെ ഉരുട്ടി കരയിൽ വച്ചു. പ്രാവുകൾ അതിന് അടയിരിക്കുകയും അതിൽ നിന്ന് അസ്തരാത്ത് (Astarte or Ishtar, the goddess of Easter) എന്ന ദേവി പുറത്തുവരികയും ചെയ്തു. അസ്തരാത്തിന്റെ മറ്റൊരു വാക്കാണ് ഈസ്റ്റർ. ഈസ്തർ എന്ന ഒരു ബാബിലോണിയ ദേവിയും ഉണ്ടായിരുന്നു. സ്വർഗ്ഗരാജ്ഞി എന്നാണ് ഇതിന്റെ അർത്ഥം (Ishtar = Queen of Heaven A Babylonian goddess) ഈ ദേവിയുടെ പേരിലുള്ള ഉത്സവമാണ് ഈസ്റ്റർ ഉത്സവമായി ആഘോഷിക്കപ്പെട്ടിരുന്നത്. എബ്രായർക്ക് അസ്തരാത്ത് ദേവിയും അവരോടുള്ള ആരാധനയും അറപ്പായിരുന്നു (1ശമു. 7:13, 1രാജാ.11:5,33, 2രാജാ. 23:13, യിരെ. 7:18, 44:18).