Sermon Outlines
Create Account
1-800-123-4999

സൃഷ്ടിയിലെ പരസ്പര ആശ്രയം

Monday, 11 February 2019 05:12
Rate this item
(1 Vote)

ഫെബ്രുവരി 17
ഉയിര്‍പ്പിനുമുമ്പുള്ള ഒമ്പതാംഞായര്‍
9th Sunday Before Easter


സൃഷ്ടിയിലെ പരസ്പര ആശ്രയം
The Inter-dependence in Creation


പഴയനിയമം    ഉല്പ. 2:1-15
സങ്കീര്‍ത്തനം    104:24-35
ലേഖനം           കൊലൊ. 2:16-23
സുവിശേഷം    മത്താ. 13:1-9


ധ്യാനവചനം: തലയായവനില്‍നിന്നല്ലോ ശരീരം മുഴുവന്‍ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളര്‍ച്ച പ്രാപിക്കുന്നു (കൊലൊ. 2:19).


പ്രപഞ്ചസൃഷ്ടി ദൃശ്യവും അദൃശ്യവുമായ സകലത്തെയും ഉള്‍ക്കൊള്ളുന്നു. ദൂതന്മാര്‍, സ്വര്‍ഗ്ഗീയജീവികള്‍, ജന്തുക്കള്‍, മനുഷ്യര്‍ എന്നിവ മാത്രമല്ല സ്വര്‍ഗ്ഗവും അതിലുള്ള സര്‍വ്വവും ദൈവത്തിന്റെ സൃഷ്ടിയത്രേ. എസ്രായുടെ പ്രാര്‍ത്ഥന ശ്രദ്ധേയമാണ് ''നീ, നീ മാത്രം യഹോവ ആകുന്നു: നീ ആകാശത്തേയും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്‌കരിക്കുന്നു'' (നെഹെ. 9:6). ദൃശ്യവും അദൃശ്യവുമായ സകലവും ക്രിസ്തു മുഖാന്തരവും ക്രിസ്തുവിനായും സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നു അപ്പൊസ്തലനായ പൗലൊസ് രേഖപ്പെടുത്തുന്നു (കൊലൊ. 1:16).


ദൈവം സൃഷ്ടിച്ച പ്രപഞ്ചം നല്ലതായിരുന്നു. സൃഷ്ടിച്ചു പൂര്‍ത്തിയാക്കിയപ്പോള്‍ ദൈവം അതില്‍ ആഹ്‌ളാദിച്ചു. സൃഷ്ടിയുടെ ഓരോ ഘട്ടത്തിലും താന്‍ സൃഷ്ടിച്ചത് നല്ലതെന്നു ദൈവം കണ്ടു (ഉല്പ. 1:4,10,12,18,21,25). ആറു ദിവസത്തെയും സൃഷ്ടി തീര്‍ന്നപ്പോള്‍ ''താന്‍ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതെന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം'' (ഉല്പ. 1:31). ഭൗതികപ്രപഞ്ചം പാപമയമാണെന്നും അതിനാല്‍ അതു വര്‍ജ്ജ്യമാണെന്നുമുള്ള ചിന്ത ശരിയല്ല. ലോകത്ത് പാപം ഉണ്ടെങ്കിലും ദ്രവ്യലോകം ദൈവദൃഷ്ടിയില്‍ നല്ലതാണെന്നും നാം അവയെല്ലാം സ്‌തോത്രത്തോടുകൂടി അനുഭവിക്കേണ്ടതാണെന്നും അപ്പൊസ്തലന്‍ ഓര്‍പ്പിക്കുന്നു (1തിമൊ. 4:5). മനുഷ്യന്‍ പരസ്പരാശ്രയ ജീവിയാണ്. അതുകൊണ്ടാണു മനുഷ്യനെ സാമൂഹിക ജീവിയെന്ന് അരിസ്റ്റോട്ടില്‍ പറഞ്ഞത് (Man is a social animal). പരസ്പരാശ്രയമില്ലാതെ ഒരു ദ്വീപുപോലെ മനുഷ്യനു ജീവിക്കാന്‍ കഴിയുകയില്ല. ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയില്‍ ശാസ്ത്രസാങ്കേതിക രംഗങ്ങളിലെ വളര്‍ച്ചയും മനുഷ്യന്റെ സാമൂഹിക ബന്ധങ്ങളെ കുറയ്ക്കുന്നുണ്ട്. എന്നാല്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചതു മനുഷ്യരുമായുള്ള ബന്ധത്തില്‍ മാത്രമല്ല സര്‍വ്വസൃഷ്ടിയുമായുള്ള ബന്ധത്തിലാണ്.


1. സൃഷ്ടി മുതല്‍ പരസ്പരാശ്രയം (ഉല്പ. 2:1-15)
സൃഷ്ടി മുതല്‍തന്നെ പരസ്പരാശ്രയത്തിന്റെ അനിവാര്യത വ്യക്തമാണ്. ദൈവം സകലത്തെയും സൃഷ്ടിച്ചശേഷം മനുഷ്യനു ഒരു ഉത്തരവാദിത്വം നല്‍കി - തോട്ടം കാക്കണം, തോട്ടത്തില്‍ വേല ചെയ്യണം (ഉല്പ. 2:15). കാക്കുന്നവന്‍ യഥാര്‍ത്ഥത്തില്‍ ദൈവമാണ്. യഹോവ കാക്കുന്നു, പരിപാലിക്കുന്നു (സങ്കീ. 121). എന്നാല്‍ ഈ പരിപാലിക്കുന്ന ജോലി ദൈവം മനുഷ്യനു നല്‍കി. ഭാരതീയമതമനുസരിച്ചു ദൈവം സൃഷ്ടി- സ്ഥിതി-സംഹാരത്തിലേര്‍പ്പെട്ടിരിക്കുന്നു. സൃഷ്ടിക്കുന്നു, പരിപാലിക്കുന്നു, സംഹരിക്കുന്നു. ഇതില്‍ പരിപാലനം എന്ന ജോലി മനുഷ്യനു നല്‍കിയെന്നു പറയാം. ദൈവത്തിന്റെ അധികാരവും തേജസ്സും മനുഷ്യനു നല്‍കിയത് ഈ പരിപാലനപ്രക്രിയ ചെയ്യാനാണ് (സങ്കീ. 8). എന്നാല്‍ കാലക്രമേണ മനുഷ്യന്‍ തന്റെ കാര്യവിചാരകത്വം മറന്നുപോയി. ഭൂമിയെ പരിപാലിക്കേണ്ടതിനു പകരം ഉപദ്രവിക്കാന്‍ തുടങ്ങി. അങ്ങനെ തിന്മകളും അസന്തുലിതാവസ്ഥയും ഭൂമിയില്‍ വന്നു. ദൈവം മനുഷ്യനു നല്‍കിയ അധികാരത്തെ ദുര്‍വിനിയോഗം ചെയ്യുമ്പോഴും പ്രകൃതിയുടെ വിഭവങ്ങളെ ചൂഷണം ചെയ്യുമ്പോഴും മനുഷ്യന്‍ തന്നെ സ്വയം നശിക്കുന്നു എന്നു വിസ്മരിച്ചു പോകരുത്. ഇവിടെ നാം ഓരോരുത്തരും അവരവരുടെ ഏദെന്‍തോട്ടം തിരിച്ചറിയണം. അപ്പോഴാണ് അതിനോടുള്ള കാര്യവിചാരകത്വവും ഓര്‍ക്കപ്പെടുന്നത്. ഓരോ ഗൃഹസ്ഥന്റെയും ആദ്യത്തെ ഏദെന്‍ അവരവരുടെ കുടുംബം തന്നെയാണ്. കുടുംബത്തിന്റെ കാര്യവിചാരകത്വമാണ് ആദ്യ ഉത്തരവാദിത്വം. രണ്ടാമതു, കുടുംബങ്ങളുടെ കുടുംബമാണ്. ഒരു വലിയ കുടുംബം. അതാണ് സഭ. സഭയിലും പരസ്പരം പരിപാലിക്കപ്പെടേണ്ടതാണ്. ക്രിസ്തുവില്‍ ഒരുമിച്ചു വളരേണ്ടതു സഭയിലൂടെയാണ് (എഫെ. 4:11-16). ഏദെന്റെ പരിമിതി പിന്നേയും വളര്‍ന്നു വികസിക്കുന്നുണ്ട്. അതാണു സമൂഹം. നാം ഓരോരുത്തരും സമൂഹത്തിന്റെ കാര്യവിചാരകന്മാരാണ്. പിന്നെയും ഏദെന്‍ തോട്ടത്തിന്റെ അതിര്‍ വലുതാകുന്നുണ്ട്. അത് ഈ പരിസ്ഥിതി മുഴുവനുമാണ്. അങ്ങനെ ഈ സൃഷ്ടിയുടെ കാര്യവിചാരകത്വത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ദൈവം മനുഷ്യനു നല്‍കി. ഈ പരസ്പര ആശ്രയമാണു സൃഷ്ടിയില്‍ നാം കാണുന്നത്.


2. സൃഷ്ടിയുടെ നിലനില്പ് പരസ്പരാശ്രയത്തില്‍ (കൊലൊ. 2:16-23)
ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താല്‍ നിര്‍മ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താല്‍ അറിയുന്നു (എബ്രാ. 11:3) എന്നതാണു സൃഷ്ടിയെ സംബന്ധിച്ചുള്ള ഉപദേശത്തിന്റെ അടിസ്ഥാനം. ബൈബിളിലെ സൃഷ്ടിവിവരണം ദൈവികവെളിപ്പാടില്‍ അധിഷ്ഠിതമാണെന്നും അതു ഗ്രഹിക്കേണ്ടതു വിശ്വാസത്താല്‍ ആണെന്നും തിരുവെഴുത്തുകള്‍ വ്യക്തമാക്കുന്നു. ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നതാണു ബൈബിളിലെ പ്രാരംഭവാക്യം. മുമ്പുണ്ടായിരുന്ന ദ്രവ്യത്തില്‍ നിന്നല്ല മറിച്ചു ഒന്നുമില്ലായ്മയില്‍ (ex nihilo) നിന്നാണു ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചത്. ദ്രവ്യം നിത്യമാണെന്ന ചിന്താഗതിയെ ഇതു ഖണ്ഡിക്കുന്നു. ദൈവത്തിനെതിരെ മറ്റൊരു അസ്തിത്വം ദൈവിക വെളിപ്പാടു നിഷേധിക്കുന്നു. അതുകൊണ്ടുതന്നെ ദൈവത്തിലുള്ള ആശ്രയമില്ലാതെ സൃഷ്ടിക്കു നിലനില്പില്ലാത്തതുപോലെ പരസ്പരാശ്രയമില്ലാതെയും സൃഷ്ടി നിലനില്‍ക്കുന്നില്ല. ശരീരം മുഴുവനും സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും വളരുന്നതുപോലെ നാമും പരസ്പരാശ്രയത്തില്‍ വളരണമെന്നു പൗലൊസ് പഠിപ്പിക്കുന്നു (കൊലൊ. 2:19). ഉപരിപ്ലവമായ ഉപദേശങ്ങളിലല്ല ആചാരാനുഷ്ഠാനങ്ങളിലുമല്ല ദൈവസ്‌നേഹത്തിലാണു ക്രൈസ്തവസഭ പണിയപ്പെടേണ്ടതും വളരേണ്ടതും. അത്തരത്തിലുള്ള ഒരു വളര്‍ച്ചയാണ് 1കൊരി. 12 ലും രേഖപ്പെടുത്തിയിരിക്കുന്നത്.


3. സൃഷ്ടിയുടെ വളര്‍ച്ച പരസ്പരാശ്രയത്തില്‍ (മത്താ. 13:1-9)
ദ്വന്ദ്വവാദമനുസരിച്ചു രണ്ടു നിത്യതത്ത്വങ്ങളുണ്ട്; നന്മയും തിന്മയും അല്ലെങ്കില്‍ രണ്ടു സത്തകള്‍: ദൈവവും സാത്താനും അഥവാ ദൈവവും ദ്രവ്യവും. കേവല സത്തയുടെ ആവിഷ്‌കാരം മാത്രമാണു സൃഷ്ടി എന്ന ചിന്താഗതിയെയും ബൈബിളിലെ സൃഷ്ടിവിവരണം നിഷേധിക്കുന്നു. സ്രഷ്ടാവു സൃഷ്ടിയില്‍നിന്നും ഭിന്നമാണ്. എന്നാല്‍ മനുഷ്യരെ സൃഷ്ടിച്ചത് ഒന്നുമില്ലായ്മയില്‍ നിന്നല്ല, പ്രത്യുത ഭൂമിയിലെ പൊടിയില്‍നിന്നാണ് (ഉല്പ. 2:7). ഭൂമിയിലെ മൃഗങ്ങളെയും ആകാശത്തിലെ പറവകളെയും ഭൂമിയില്‍നിന്നു നിര്‍മ്മിച്ചു (ഉല്പ. 2:19). ഇവിടെത്തന്നെ സൃഷ്ടിയുടെ മറ്റൊരു രൂപവും പ്രകടമാണ്. അതാണ് പരസ്പരാശ്രയത്തിന്റെ രൂപം. വിതെക്കുമ്പോള്‍ വിത്തു പല സ്ഥലത്തും വീഴുന്നു. നല്ല നിലത്തു വീഴുന്നതു മാത്രമേ മുപ്പതും അറുപതും നൂറുംമേനി വിളയുന്നുള്ളു. ബന്ധങ്ങളും കുടുംബവും സമൂഹവും നല്ല നിലമായാലേ ആരോഗ്യകരമായ ഒരു വളര്‍ച്ചയുണ്ടാവൂ. വിത്തു വീണ നിലങ്ങള്‍ കാണിക്കുന്നതു വ്യത്യസ്ത മനോഭാവങ്ങളെയും ഹൃദയങ്ങളെയുമാണ്. പരസ്പരാശ്രയത്തില്‍ വളരുന്ന ഒരു മനോഭാവമാണ് നല്ല നിലം പ്രകടമാക്കുന്നത്.

Menu