ഈ നോയ്മ്പുകാലം ആരംഭിക്കുന്നത് യേശുക്രിസ്തു മനുഷ്യവര്‍ഗ്ഗത്തിനു നല്‍കിയ വീണ്ടെടുപ്പിനെക്കുറിച്ചു ധ്യാനിച്ചുകൊണ്ടാണ്. അനുരഞ്ജനത്തിന്റെയും അനുതാപത്തിന്റെയും സമയമാണിത്. യേശുക്രിസ്തുവിലൂടെ മനുഷ്യവര്‍ഗ്ഗത്തെ വീണ്ടെടുത്ത ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ച് ഓര്‍ക്കാന്‍ ഈ സമയം ഉപയോഗിക്കാം. രക്ഷയുമായി അടുത്തബന്ധംപുലര്‍ത്തുന്ന വീണ്ടെടുപ്പ് എന്ന ചിന്ത ബൈബിളിലെ ഒരു പ്രധാന വിഷയമാണ്. പഴയനിയമ എബ്രായഭാഷയില്‍ പാദാ, ഗാ അല്‍ എന്നീ വാക്കുകളാണു വീണ്ടെടുപ്പിനെ കുറിക്കുന്നത്. യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനായ യഹോവ (ഗോ ഏല്‍) പല സ്ഥലങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് (യെശ. 41:14, 43:14). മറുവില കൊടുത്തു മോചിപ്പിക്കുക അഥവാ വീണ്ടുകൊള്ളുക (പാദ) എന്ന പ്രയോഗങ്ങളും വീണ്ടെടുപ്പിനുണ്ട് (പുറ. 13:13, 34:20). പൗരാണിക യിസ്രായേലില്‍ മതിയായ വില കൊടുത്തു വസ്തുക്കളും ജീവനും വീണ്ടെടുക്കാമായിരുന്നു. മിസ്രയീമിലെ കടിഞ്ഞൂല്‍ സംഹാരത്തില്‍നിന്നു യിസ്രായേല്‍മക്കളിലെ ആദ്യജാതന്മാരെ രക്ഷിച്ചതിനാല്‍ ആദ്യജാതന്മാര്‍ യഹോവക്കുള്ളവരായിരുന്നു. അതുകൊണ്ട് ആദ്യജാതന്മാരെ പണം കൊടുത്തു വീണ്ടുകൊള്ളേണ്ടതാണ് (പുറ. 13:13-15). ന്യായപ്രമാണം അനുസരിച്ചു സ്വയം അടിമയായി വില്‍ക്കപ്പെട്ടാലും ഒരുവന്റെ അവകാശം നഷ്ടപ്പെട്ടാലും വീണ്ടെടുപ്പു വില നല്‍കാന്‍ സന്നദ്ധനായി വരുന്ന ചാര്‍ച്ചക്കാരന് അവനെയും അവന്റെ അവകാശത്തെയും വീണ്ടെടുക്കാം (ലേവ്യ. 25:25-27, 27:27, രൂത്ത് 4:1-12). യിസ്രായേലിനെ മിസ്രയീമില്‍നിന്നു മോചിപ്പിച്ചത് അവരുടെ വീണ്ടെടുപ്പാണ് (പുറ. 6:6, 15:3). അങ്ങനെ യഹോവ യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനായി (സങ്കീ. 78:35, യെശ. 43:3, ഇയ്യോ. 19:25, സദൃ. 23:10,11, സങ്കീ. 130:8). മനുഷ്യന്റെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതാണ് (സങ്കീ. 49:7-9, യെശ. 59:20, റോമ. 11:26).
1. സമഗ്രമായ വീണ്ടെടുപ്പ് (യെശ. 58:1-14)
പാപത്തില്‍നിന്നും എല്ലാത്തരം ബന്ധനങ്ങളില്‍നിന്നും വീണ്ടെടുക്കുന്നവനാണ് ദൈവം. പാപം ചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണ് (യോഹ. 8:34). പാപത്തിന് അടിമയായി വില്‍ക്കപ്പെട്ടു എന്നു വി.പൗലൊസ് പറയുന്നു (റോമ. 6:17,23 7:14). ക്രൂശിലൂടെ ദൈവം വാഗ്ദാനം ചെയ്തതു സമഗ്രമായ ഒരു വീണ്ടെടുപ്പാണ്. എല്ലാതരത്തിലെ ബന്ധനങ്ങള്‍ക്കും മോചനവും വീണ്ടെടുപ്പും ആവശ്യമാണ്. ബന്ധനങ്ങളില്‍നിന്നുള്ള വിമോചനത്തിനായി പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥ നോയ്മ്പ്. അന്യായബന്ധനങ്ങളെ അഴിക്കുക, നുകത്തിന്റെ അടിമക്കയറുകളെ അഴിക്കുക, പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക, എല്ലാ നുകത്തെയും തകര്‍ക്കുക ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം - നോയ്മ്പ്. അല്ലാതെ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി തലയെ വേഴത്തെപ്പോലെ കുനിയിക്കുന്നതും രട്ടും വെണ്ണീറും വിരിച്ചു കിടക്കുന്നതുമല്ല. ഇതിനാണോ നോമ്പെന്നും യഹോവയ്ക്കു പ്രസാദമുള്ള ദിവസമെന്നും നീ പറയുന്നത് (യെശ. 58:5-6). വ്യക്തിപരവും ആത്മീയവും മാനസികവും സാമൂഹികവുമായ എല്ലാ ബന്ധനങ്ങള്‍ക്കും വീണ്ടെടുപ്പുണ്ടാകണം. അതാണ് ദൈവഇഷ്ടമുള്ള സമഗ്രമായ വീണ്ടെടുപ്പ്.
2. വീണ്ടെടുപ്പ് യേശുവിലൂടെ (യോഹ. 5:1-9)
''നിനക്കു സൗഖ്യമാകാന്‍ മനസ്സുണ്ടോ'' ഇതു വീണ്ടെടുപ്പിനു ആവശ്യമായ ഒരു ഘടകമാണ് (യോഹ. 5:1-9). യേശുക്രിസ്തുവിലൂടെ ലഭിച്ചിരിക്കുന്ന വീണ്ടെടുപ്പില്‍ നാം വിശ്വസിക്കണം. അപൊലുട്രൊസിസ് എന്ന ഗ്രീക്കു പദമാണു പുതിയനിയമത്തില്‍ വീണ്ടെടുപ്പിനെ കുറിക്കുന്നത്. പുതിയനിയമത്തില്‍ ഈ വാക്ക് 10 സ്ഥലങ്ങളിലുണ്ട്. വിലകൊടുത്ത് അടിമയെ വാങ്ങി മോചിപ്പിക്കുക എന്ന അര്‍ത്ഥമാണിതിനുള്ളത്. ഈ വിലയാണ് പ്രായശ്ചിത്തമായി ക്രിസ്തു നമുക്കുവേണ്ടി നല്‍കിയത് (എഫെ. 1:7, റോമ. 3:24). തന്റെ രക്തം വിലയായി നല്‍കി നമ്മെ വിലയ്ക്കു വാങ്ങി (1കൊരി. 6:19, 7:22). നമ്മുടെ ശാപം യേശു ഏറ്റെടുത്തു നമുക്ക് അനുഗ്രഹം നല്‍കി. ഈ വീണ്ടെടുപ്പിന്റെ അനുഭവത്തില്‍ ജീവിക്കാന്‍ നമുക്കു മനസ്സുണ്ടാവണം.
3. വീണ്ടെടുക്കാന്‍ വീണ്ടെടുത്തു (റോമ. 2:1-13)
വീണ്ടെടുപ്പുവില നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിന്റെ പ്രായശ്ചിത്തമരണമാണ്. ക്രിസ്തുവിന്റെ രക്തമാണ് വീണ്ടെടുപ്പുവില (എഫെ. 1:7). ''അവന്റെ കൃപയാല്‍ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതികരിക്കപ്പെടുന്നത്'' (റോമ. 3:24). തന്റെ രക്തം വിലയായി നല്കി ക്രിസ്തു നമ്മെ വാങ്ങി. ഇതിനെ വിലയ്ക്കു വാങ്ങി എന്നും പറഞ്ഞിട്ടുണ്ട് (1കൊരി. 6:19, 7:22). നമ്മുടെ ശാപം വഹിച്ചു നമ്മുടെ സ്ഥാനം ഏറ്റെടുത്തുകൊണ്ട് ക്രിസ്തു നമ്മെ വീണ്ടെടുത്തു. നമ്മെ വീണ്ടെടുക്കുന്നതിനു ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു (ഗലാ. 3:13). വീണ്ടെടുക്കപ്പെട്ടവര്‍ ദൈവത്തിന്റെ വകയാണ്. അവര്‍ ആത്മാവിലും ശരീരത്തിലും ദൈവത്തെ മഹത്വപ്പെടുത്തണം (1കൊരി. 6:20). ഇത്രയും വലിയ വിലകൊടുത്തു വീണ്ടെടുത്തിരിക്കയാല്‍ വിശ്വാസികള്‍ വീണ്ടും അടിമനുകത്തില്‍ കുടുങ്ങരുതെന്നു അപ്പൊസ്തലന്‍ ഉദ്‌ബോധിപ്പിക്കുന്നു. ''സ്വാതന്ത്ര്യത്തിനായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാല്‍ അതില്‍ ഉറെച്ചു നില്പിന്‍; അടിമനുകത്തില്‍ പിന്നെയും കുടുങ്ങിപ്പോകരുത് (ഗലാ. 5:1). നമുക്കു നല്‍കിയ വീണ്ടെടുപ്പിനനുസരിച്ചു നാം വിശുദ്ധിയോടെ ജീവിക്കേണ്ടതാണ്. അല്ലെങ്കില്‍ ന്യായവിധി ഉണ്ടാവും (റോമ. 2:3-5). ഓരോരുത്തന്റെ പ്രവൃത്തിക്കു തക്ക പകരം ലഭിക്കും. അതുകൊണ്ട് അനുഭവിച്ച വീണ്ടെടുപ്പിന് അനുസരിച്ചു ജീവിക്കാനും മറ്റുള്ളവരെയും ഈ വീണ്ടെടുപ്പിലേക്കു കൊണ്ടുവരാനും ദൈവവചനം ആഹ്വാനം നല്‍കുന്നു (റോമ. 2:6-10).