ലോകം മുഴുവനും വ്യാപിച്ചിരിക്കുന്ന തിന്മയുടെ ശക്തിയാണു പാപം. ദൈവവുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണു പാപത്തിന്റെ അടിസ്ഥാന കാരണം. മനുഷ്യന്റെ വിട്ടുവീഴ്ചയില്ലാത്ത വഷളത്തവും മേച്ഛപ്രവൃത്തികളും പാപം എന്ന പ്രയോഗം ഉള്‍ക്കൊള്ളുന്നു. പാപത്തിന് അനേക പദപ്രയോഗങ്ങള്‍ ബൈബിളില്‍ കാണാം. പാപത്തെക്കുറിക്കുന്ന മൂലപദങ്ങളില്‍നിന്നും പാപത്തിന്റെ ഒരു നിര്‍വ്വചനം രൂപപ്പെടുത്തിയെടുക്കുക എളുപ്പമല്ല. എന്നാല്‍ ഓരോപദത്തിലും പാപത്തിന്റെ ഓരോ സവിശേഷഭാവം പ്രകടമാകുന്നുണ്ട്. പാപം എല്ലാംതന്നെ ദൈവത്തിനെതിരെയുള്ളതാണ്. ''നിന്നോടു തന്നേ ഞാന്‍ പാപം ചെയ്തു; നിനക്ക് അനിഷ്ടമായുള്ളതു ഞാന്‍ ചെയ്തിരിക്കുന്നു'' (സങ്കീ. 51:4). റോമ. 8:7 - ല്‍ പാപത്തിനു ദൈവത്തോടു ശത്രുത്വം എന്നും ഒരു നിര്‍വ്വചനമുണ്ട്. ചുരുക്കത്തില്‍ ദൈവകല്പന ലംഘിക്കുന്നതാണു പാപം. തിന്മചെയ്യുന്നതിനെയും തിന്മയ്ക്കു അധിഷ്ഠാനമായി ദൈവവുമായി മനുഷ്യനു നഷ്ടപ്പെട്ടുപോയ ബന്ധത്തെയും പാപം വിവക്ഷിക്കുന്നു. നീതിമാനും പരിശുദ്ധനുമായ ദൈവത്തോടടുക്കാതവണ്ണം പാപം മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റി. ഇങ്ങനെ പാപത്തെ നിര്‍വ്വചിക്കുക എളുപ്പമല്ലെങ്കിലും പാപത്തിനു വി.വേദപുസ്തകം പറയുന്ന വ്യത്യസ്ത വാക്കുകളില്‍നിന്നു പാപത്തിന് അര്‍ത്ഥം നല്‍കാന്‍ സാധിക്കും. ദൈവത്തിനെതിരെയുള്ള തിന്മയുടെ ശക്തിയാണ് പാപം. സര്‍പ്പം പാപം ചെയ്യാന്‍ മനുഷ്യനെ നിര്‍ദ്ദേശിക്കുന്നതു മുതല്‍ പാപത്തെക്കുറിച്ചു വേദപുസ്തകത്തില്‍ നമുക്കു കാണാം. എന്നാല്‍ അതിനു മുമ്പെതന്നെ ഈ തിന്മയുടെ ശക്തി ലോകത്തിലുണ്ടായിരുന്നു എന്നുവേണം കരുതാന്‍ (ഉല്പ. 3:1, യോഹ. 8:44, 2പത്രൊ. 2:4, 1യോഹ. 3:8, യൂദാ 6). ദൈവകല്പനയുടെ ലംഘനവും അനുസരണക്കേടുമാണ് പാപത്തിന്റെ ആരംഭമെങ്കിലും തുടര്‍ന്നു ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ പോകുന്ന അകൃത്യവും പാപമാണെന്നു വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അതായത് അകൃത്യവും അതിക്രമവും പാപമാണ്. എന്നാല്‍ ഏകമനുഷ്യനാല്‍ പാപം ലോകത്തില്‍ വന്നതുപോലെ ഏകമനുഷ്യന്റെ നീതിയാല്‍ പാപമോചനവും ലോകത്തില്‍ വന്നു (റോമ. 5:14-47). പാപത്തിന്റെ ശിക്ഷ ഒന്നാമത്തെ ആദാമില്‍ മരണമായിത്തീര്‍ന്നുവെങ്കില്‍ ഒടുക്കത്തെ ആദാം ആ മരണം ഏറ്റെടുത്തതിലൂടെ നീതീകരണവും ജീവനും മനുഷ്യനുണ്ടായി. ഇങ്ങനെ ക്രിസ്തുവിലൂടെ മനുഷ്യവംശത്തിനു ലഭിച്ച പാപമോചനം ഭാഗ്യകരമാണ്. ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയ മനുഷ്യന്‍ ഭാഗ്യവാന്‍ (സങ്കീ. 32:1). പാപത്തെ വ്യക്തമാക്കുന്ന ചില നിര്‍വ്വചനങ്ങള്‍ നോക്കുക - 1. ഗര്‍വ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നേ (സദൃ. 21:4). 2. ഭോഷന്റെ നിരൂപണം പാപം തന്നേ (സദൃ. 24:9). 3. വിശ്വാസത്തില്‍നിന്നും ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ (റോമ. 14:23). 4. മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു (യാക്കോ. 2:9). 5. നന്മ ചെയ്‌വാനറിഞ്ഞിട്ടും ചെയ്യാത്തവന് അതു പാപം തന്നേ (യാക്കോ. 4:17). 6. പാപം ചെയ്യുന്നവന്‍ എല്ലാം അധര്‍മ്മവും ചെയ്യുന്നു; പാപം അധര്‍മ്മം തന്നേ (1യോഹ. 3:4,7). ഏതു അനീതിയും പാപം ആകുന്നു (1യോഹ. 5:17).
1. അനുതാപവും പാപമോചനവും (2 ശമു. 12:1-14)
അനുതാപമുള്ള ഹൃദയമാണ് പാപമോചനത്തിന് ആവശ്യം. ദൈവത്തോടു പാപം ഏറ്റുപറയുമ്പോള്‍ അവിടുന്നു നമ്മോടു ക്ഷമിക്കുന്നു (സങ്കീ. 32:5). ദാവീദ് ചെയ്ത പാപവും അദ്ദേഹത്തിന്റെ അനുതാപവും പ്രസിദ്ധമാണല്ലോ (2ശമു. 12, സങ്കീ. 51). ദാവീദിനുണ്ടായ അനുതാപം ഇന്നും അനേകര്‍ക്ക് അനുതാപത്തിലേക്കു വരാന്‍ ഒരു കുമ്പസാരക്കൂടായി മാറി. നമ്മുടെ ആരാധനകളില്‍ പാപം ഏറ്റുപറയുന്നതും പാപക്ഷമ പ്രഖ്യാപിക്കുന്നതും ആരാധനയുടെ ഒരു പ്രധാന ഭാഗമാണല്ലോ. പലതരത്തില്‍ നാം എല്ലാവരും പാപികളാണ്. എന്നാല്‍ അതു സ്വയം തിരിച്ചറിഞ്ഞ് എല്ലാദിവസവും അനുതപിക്കുകയും പുതുക്കത്തിലേക്കു വരികയും ചെയ്യാന്‍ ഈ അനുഭവം നമ്മെ പ്രചോദിപ്പിക്കുന്നു.
2. മാനസാന്തരപ്രാര്‍ത്ഥന നല്‍കുന്ന പാപമോചനം (അ.പ്ര. 8:9-25)
മാനസാന്തരപ്പെട്ടു കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുമ്പോള്‍ പാപമോചനം ലഭിക്കുന്നു. ഫിലിപ്പൊസിന്റെ ശമര്യയിലെ ശുശ്രൂഷ നിമിത്തം അനേകര്‍ ക്രിസ്തുവിശ്വാസത്തിലേക്കു വന്നു. ശിമോന്‍ എന്ന ആഭിചാരക്കാരനും വിശ്വാസിയായിത്തീര്‍ന്നു. എന്നാല്‍ പത്രൊസും യോഹന്നാനും ആള്‍ക്കാരുടെ മേല്‍ കൈവച്ചപ്പോള്‍ പരിശുദ്ധാത്മാവിന്റെ പ്രവൃത്തി നടക്കുന്നതുകണ്ട ശിമോന്‍ അവര്‍ക്കു പണം കൊണ്ടുവന്ന് ഈ അധികാരം എനിക്കും തരേണം എന്ന് അപേക്ഷിച്ചു. ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കര്‍ത്താവിനോടു പ്രാര്‍ത്ഥിക്ക എന്നു പത്രൊസ് ശക്തമായി ശിമോനോടു സംസാരിച്ചു (അ.പ്ര. 8:9-24). ''നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു'' എന്നാണ് ശിമോനെക്കുറിച്ചു വി.പൗലൊസ് പറഞ്ഞത്. ശിമോന്‍ പത്രൊസിനോടു പ്രാര്‍ത്ഥന അപേക്ഷിക്കുന്നു.
3. പാപമോചനം ദൈവം മാത്രം നല്‍കുന്ന അനുഗ്രഹം (മര്‍ക്കൊ. 2:1-12)
ദൈവത്തിനു മാത്രമേ പാപം മോചിക്കാനുള്ള അധികാരമുള്ളു. മനുഷ്യന്റെ മതാചാരധര്‍മ്മങ്ങളും ആചാരങ്ങളും പാപം മോചിക്കാന്‍ ശക്തിയുള്ളതല്ല. പാപംമോചിക്കുന്നത് ദൈവം മാത്രമാണ്. എന്നാല്‍ ഏകമനുഷ്യനാല്‍ പാപം ലോകത്തില്‍ വന്നതുപോലെ ഏകമനുഷ്യനാല്‍ പാപമോചനവും ലോകത്തില്‍വന്നു (റോമ. 5:12-17). അങ്ങനെ ആദാമില്‍ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും ജീവിക്കപ്പെടും (1കൊരി. 15:21,22). പാപത്തെ ആദാമിന്റെ ലംഘനം (റോമ. 5:14), ഏകന്റെ ലംഘനം (റോമ. 5:15), ഏകന്റെ പാപം (റോമ. 5:16), ഏകലംഘനം (റോമ. 5:18) എന്നിങ്ങനെ പറയുന്നു. എന്നാല്‍ ഒടുക്കത്തെ ആദാം (ക്രിസ്തു) മനുഷ്യവര്‍ഗ്ഗത്തിനു മുഴുവന്‍ പാപമോചനം നല്‍കുന്നു. പക്ഷവാതക്കാരനു സൗഖ്യത്തിനുവേണ്ടിയാണ് യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നത്. എന്നാല്‍ യേശു അവനു പാപമോചനം നല്‍കുന്നു (മര്‍ക്കൊ. 2:5). പാപങ്ങളെ മോചിക്കാന്‍ യേശുവിനു അധികാരമുണ്ടെന്നു യേശു ഇതിലൂടെ തെളിയിക്കാന്‍ ശ്രമിക്കുകയാണ് (മര്‍ക്കൊ. 2:9). പാപമോചനമാണു മനുഷ്യവര്‍ഗ്ഗത്തിനു ആത്യന്തികമായി ലഭിക്കേണ്ട അനുഗ്രഹം. യേശുവിലൂടെ വാഗ്ദത്തം ചെയ്യപ്പെടുന്നതും ഇതാണ്.