ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് നല്കുന്ന മഹാആജ്ഞയാണ് മത്താ. 28:19,20 -ല്‍ കാണുന്നത്. ഇതാണ് പ്രേഷിതദൗത്യത്തിന്റെ അടിസ്ഥാനം. പുതിയനിയമത്തിലെ ഓരോ പുസ്തകവും അവസാനിക്കുന്നത് പ്രേഷിതദൗത്യത്തിനുള്ള ആഹ്വാനത്തോടുകൂടിയാണെന്നു പറയാം. അന്ധകാരത്തില്‍നിന്നു നമ്മെ അത്ഭുതപ്രകാശത്തിലേക്കു വിളിച്ചിരിക്കുന്നത് ദൈവത്തിന്റെ സല്‍ഗുണങ്ങളെ ഘോഷിക്കാനാണെന്നാണു വി.പത്രൊസ് രേഖപ്പെടുത്തുന്നത്. കാള്‍ ബാര്‍ത്ത് എന്ന ദൈവശാസ്ത്രജ്ഞന്‍ പറഞ്ഞു: ''മിഷന്‍ ദൈവത്തിന്റേതാണ്'' (Missio Dei = Mission belongs to God). ''ഏറ്റവും വലിയ മിഷണറിയായ ദൈവം തന്റെ സ്വന്തപുത്രനെത്തന്നെ യാഗമായിത്തീരാന്‍ മിഷണറിയായി ലോകത്തിലേക്കു അയച്ചു''. അയയ്ക്കുന്ന ദൈവത്തെ വേദപുസ്തകത്തില്‍ കാണുന്നു. ദൈവം തന്റെ വാക്കു (ശബ്ദം, വചനം) അയച്ചു ലോകത്തെ സൃഷ്ടിച്ചു; തന്റെ ആത്മാവിനെ അയച്ചു സൃഷ്ടിയെ നവീകരിച്ചുകൊണ്ടിരിക്കുന്നു; തന്റെ ജനത്തെ അയച്ചു പ്രസംഗിപ്പിച്ചുകൊണ്ടിരിക്കുന്നു. മിഷനുവേണ്ടി സഭയെ ഒരുക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയില്‍ അറിയിക്കണം എന്നതു പഴയനിയമത്തിലുമുള്ള ഒരു ചിന്തയായിരുന്നു (സങ്കീ. 105:1).
1. ദൈവചൈതന്യത്തിന്റെ ശുശ്രൂഷ (2 രാജാ. 2:9-16)
ആത്മശക്തിയുടെയും ദൈവചൈതന്യത്തിന്റെയും ശുശ്രൂഷയായിരുന്നു ഏലീയാവ് ചെയ്തുവന്നത്. ശക്തിയേറിയ ഏലീയാവിന്റെ ശുശ്രൂഷ അവസാനിക്കുന്ന സമയമെത്തിയപ്പോള്‍ തന്റെ ശിഷ്യനായ എലീശാ ഏലീയാവിന്റെ ഇരട്ടിപ്പങ്ക് അഭിഷേകം സ്വീകരിക്കുന്നതാണ് 2രാജാ. 2:9-16 -ല്‍ കാണുന്നത്. ഒടുവില്‍ എലീശയും ശക്തിയേറിയ ശുശ്രൂഷ ചെയ്തു. പുതിയനിയമസഭയ്ക്കു ദൈവം സകലരുടെമേലും പകരുന്ന ആത്മാവിനെയാണ് വാഗ്ദത്തം ചെയ്തിരിക്കുന്നത്. കര്‍ത്താവ് പറഞ്ഞതനുസരിച്ചു പരിശുദ്ധാത്മശക്തിക്കായി അപ്പൊസ്തലന്മാര്‍ കാത്തിരുന്നു (ലൂക്കൊ. 24:52,53, അ.പ്ര.1:1-11). കര്‍ത്താവ് വാഗ്ദത്തം ചെയ്തതുപോലെ പെന്തക്കോസ്തുനാളില്‍ അവര്‍ ആത്മശക്തി പ്രാപിച്ചതായി (അ.പ്ര. 2) ലൂക്കൊസ് രേഖപ്പെടുത്തുന്നു. അങ്ങനെ അവന്‍ ക്രിസ്തുവിനെ സാക്ഷിക്കാന്‍ തുടങ്ങി. കര്‍ത്താവു പറഞ്ഞത് ഇപ്രകാരമാണ്: ''പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ക്കു ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയില്‍ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികള്‍ ആകും'' (അ.പ്ര.1:8). സഭയുടെ ദൗത്യം ഇതാണ്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും നാം ക്രിസ്തുസാക്ഷ്യം വഹിക്കുക. ഈ ശുശ്രൂഷക്കു പരിശുദ്ധാത്മാവു നേതൃത്വം നല്കുന്നതുകൊണ്ടാണു പ്രതികൂലങ്ങള്‍ ഉണ്ടായിട്ടും ക്രിസ്തുസാക്ഷ്യം ലോകം മുഴുവന്‍ ഇന്നും എത്തിക്കൊണ്ടിരിക്കുന്നത്.
2. ആത്മനിറവുള്ള പുതിയനിയമ ശുശ്രൂഷകന്മാര്‍ (അ.പ്ര. 7:54-60)
മേശയിങ്കല്‍ ശുശ്രൂഷ ചെയ്യാനും തിരഞ്ഞെടുക്കപ്പെട്ടവര്‍ ആത്മനിറവുള്ളവരായിരുന്നു (അ.പ്ര. 6:3). ആ ഏഴുപേരില്‍ ഒരാളായിരുന്നു സ്‌തെഫാനോസ്. ദൈവകൃപയും ശക്തിയും നിറഞ്ഞവനായി ജനത്തില്‍ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു (അ.പ്ര. 6:8). ഒടുവില്‍ സ്‌തെഫാനോസ് രക്തസാക്ഷിയായി കൊല്ലപ്പെട്ടു. ക്രിസ്തുവിന്റെ ദൗത്യം സുഖകരമായ ഒരു ദൗത്യമല്ല. അതില്‍ വെല്ലുവിളികളും വേണ്ടിവന്നാല്‍ രക്തസാക്ഷിത്വവുമുണ്ട്. എന്നാല്‍ രക്തസാക്ഷികളുടെ രക്തം സഭയുടെ വിത്താണ്.
3. ആത്മനിറവുള്ള മഹാആജ്ഞ (മത്താ. 28:16-20)
യേശു പഠിപ്പിച്ചതു സകലജാതികളെയും പഠിപ്പിച്ചുകൊണ്ടു ശിഷ്യരാക്കണം. ഇതായിരുന്നു അവിടുന്നു നല്കിയ മഹാആജ്ഞ (great commission). ഇന്നത്തെ സഭയുടെ മിഷണറി പ്രവര്‍ത്തനങ്ങളുടെ പ്രധാനമായ രസതന്ത്രമിതാണ് - ക്രിസ്തുവിന്റെ മഹാആജ്ഞ. ഇതനുസരിച്ച അപ്പൊസ്തലന്മാര്‍ യാത്ര ചെയ്തു. പ്രസംഗിക്കുകയും പഠിപ്പിക്കുകയും രോഗശാന്തി ശുശ്രൂഷകള്‍ ചെയ്യുകയും വിശ്വസിച്ചവരെ സ്‌നാനപ്പെടുത്തുകയും സഭകള്‍ ഉണ്ടാക്കുകയും ചെയ്തു (മര്‍ക്കൊ. 16:15-18). ഇന്നും ഈ പ്രേഷിതദൗത്യം നിറവേറിക്കൊണ്ടിരിക്കുന്നു.