Sermon Outlines
Create Account
1-800-123-4999

യഹോവഭക്തി ജ്ഞാനത്തിന്റെ ആരംഭം

Monday, 27 May 2019 04:03
Rate this item
(4 votes)

ജൂണ്‍ 2
വിദ്യാര്‍ത്ഥിഞായര്‍
Students Sunday


യഹോവഭക്തി ജ്ഞാനത്തിന്റെ ആരംഭം
Fear of the Lord is the Beginning of Wisdom


പഴയനിയമം   1 രാജാ. 3:3-14
സങ്കീര്‍ത്തനം    14
ലേഖനം           1 യോഹ. 5:13-21
സുവിശേഷം    ലൂക്കൊ. 10:21-24


ധ്യാനവചനം: ജ്ഞാനവും വിവേകവുമുള്ളോരു ഹൃദയം ഞാന്‍ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവന്‍ നിനക്കു മുമ്പു ഉണ്ടായിട്ടില്ല; നിനക്കു സമനായവന്‍ നിന്റെ ശേഷം ഉണ്ടാകയും ഇല്ല (1രാജാ. 3:12).


യഹോവാഭക്തിയാണ് ജ്ഞാനത്തിന്റെ ആരംഭം (സദൃ. 1:7, സങ്കീ. 111:11). രണ്ടു വസ്തുതകളാണ് ഇവിടെ ശ്രദ്ധേയം - ഭക്തിയും ജ്ഞാനവും. അകമഴിഞ്ഞ തീവ്രമായ സ്‌നേഹമാണു (intense love) ഭക്തി. എല്ലായ്‌പ്പോഴും ദൈവത്തിങ്കലേക്കു നോക്കുകയും ദൈവത്തിനു പ്രസാദകരമായി ജീവിക്കുകയും ചെയ്യുന്നതാണു ഭക്തി. ആശ്രയിക്കുക, സേവിക്കുക എന്നീ അര്‍ത്ഥങ്ങളുള്ള ഭജ് ധാതുവില്‍നിന്നാണു ഭക്തി എന്ന പദത്തിന്റെ വ്യുത്പത്തി. വ്യവസ്ഥകളില്ലാതെയും തിരികെ ഒന്നും പ്രതീക്ഷിക്കാതെയും സ്‌നേഹിക്കുന്ന ഒരു വികാരമാണിത്. ഈ ഭക്തിയാണ് ജ്ഞാനത്തിന്റെ ആരംഭം എന്നാണ് വ്യവസ്ഥ. ജ്ഞാനം എന്ന ചിന്ത വേദപുസ്തകത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഹാഖ്മാഹ് എന്ന എബ്രായ പദത്തിന്റെ തര്‍ജ്ജമയായിട്ടാണു ജ്ഞാനത്തെ കാണുന്നത്. 141 പ്രാവശ്യം ഈ പദം പഴയനിയമത്തില്‍ കാണുന്നുണ്ട്. ഗ്രീക്കില്‍ സൊഫിയ എന്നാണു തര്‍ജ്ജമ ചെയ്തിരിക്കുന്നത്. ബൈബിളില്‍ ജ്ഞാനത്തെക്കുറിച്ചു പറയാന്‍ മൂന്നു പുസ്തകങ്ങള്‍ തന്നെ മാറ്റിവച്ചു. അതിനെ ജ്ഞാനസാഹിത്യം എന്നു പറയുന്നു. ഇയ്യോബ്, സദൃശവാക്യങ്ങള്‍, സഭാപ്രസംഗി എന്നിവയാണ് ഈ പുസ്തകങ്ങള്‍. സങ്കീര്‍ത്തനങ്ങളില്‍ 19, 37, 104, 107, 147, 148 എന്നിവ ജ്ഞാനസാഹിത്യത്തില്‍ ഉള്‍പ്പെടുന്നു. അഹരോനു പുരോഹിതവസ്ത്രം ഉണ്ടാക്കേണ്ടതിനു ചിലര്‍ക്കു ദൈവം ജ്ഞാനം കൊടുത്തു (പുറ. 28:3). ബസലേലിനും ഒഹൊലിയാബിനും സമാഗമനകൂടാരം പണിയാന്‍ ജ്ഞാനം നല്കപ്പെട്ടു (പുറ. 31:3,6). ദൈവദത്തമോ അല്ലാത്തതോ ആയ മാനുഷിക കഴിവുകളെയാണു ജ്ഞാനം സൂചിപ്പിക്കുന്നത്. വൈദഗ്ദ്ധ്യം അഥവാ സാമര്‍ത്ഥ്യം എന്നൊക്കെ അര്‍ത്ഥമാക്കാം. എന്നാല്‍ ഗ്രീക്കുപദത്തിനു ദൈവത്തിന്റെ ജ്ഞാനം (റോമ.11:33, 1കൊരി.1:21,24; 2:7; 3:10; വെളി. 7:12) അഥവാ ആത്മീകജ്ഞാനം എന്ന അര്‍ത്ഥത്തിലാണു കൂടുതല്‍ പ്രാധാന്യം. എന്നാലും ക്രിസ്തുവിന്റെ ജ്ഞാനം (മത്താ.13:54, മര്‍ക്കൊ. 6:2, ലൂക്കൊ.2:40,52, 1കൊരി.1:30, കൊലൊ.2:3, വെളി. 5:12) പുരുഷത്വാരോപിതജ്ഞാനം (മത്താ.11:19, ലൂക്കൊ. 7:35, 11:49) മാനുഷിക - ആത്മീകജ്ഞാനം (ലൂക്കൊ. 25:13, അ.പ്ര. 6:3,10; റോമ. 7:10, 1കൊരി. 2:6), ജ്ഞാനം എന്ന സ്വഭാവം ഇതിനൊക്കെ ഈ പദം ഉപയോഗിച്ചിട്ടുണ്ട്.


ഭാരതീയ മതങ്ങള്‍ അനുസരിച്ചും ജ്ഞാനം ഒരു പ്രധാന ചിന്തയാണ്. ഭഗവദ്ഗീത 5-ാം അധ്യായം മുഴുവനും ജ്ഞാനത്തെക്കുറിച്ചു പറയുന്നു. അതുകൊണ്ട് ആ അധ്യായത്തിനു ജ്ഞാനയോഗം എന്നു പേരു നല്കിയിട്ടുണ്ട്. ഉപനിഷത്ത് വേദാന്തികള്‍ വേദകാലത്തെ മൂന്നായി തിരിച്ചിട്ടുണ്ട്. കര്‍മ്മകാണ്ഡം, ഉപാസനകാണ്ഡം, ജ്ഞാനകാണ്ഡം. മോക്ഷം പൂകാന്‍ ജ്ഞാനവും ഒരു മാര്‍ഗ്ഗമാണെന്ന് അവര്‍ വിശ്വസിച്ചു. എന്നാല്‍ ഈ ജ്ഞാനം ഭൗതികജ്ഞാനമല്ല. അതു ദൈവികജ്ഞാനമാണ്. ഭഗവദ്ഗീത പറയുന്നത് ഇപ്രകാരമാണ് :


അപി ചേതസി പാപേഭ്യഃ
സര്‍വേഭ്യഃ പാപകൃത്തമഃ
സര്‍വ്വം ജ്ഞാനപ്ലവേനൈവ
വൃജിനം സംതരിഷൃസി


''നീ എല്ലാ പാപികളെക്കാളും പാപിയാണെങ്കില്‍പ്പോലും ജ്ഞാനമാകുന്ന കപ്പലിലേറി പാപമാകുന്ന കടലെല്ലാം കടക്കാന്‍ കഴിയും''. ശങ്കരാചാര്യര്‍ (എ.ഡി. 788-820) ജ്ഞാനത്തിലൂടെ ദൈവദര്‍ശനം പ്രാപിക്കുന്നതിനു മുന്‍തൂക്കം നല്കി. ഈ ജ്ഞാനത്തിലൂടെയാണ് 'അഹം ബ്രഹ്മാസ്മി' എന്ന അറിവു ലഭിക്കേണ്ടത് എന്ന് അദ്ദേഹം അദ്വൈതത്തെ സിദ്ധാന്തിച്ചു. സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യുമെന്ന ക്രിസ്തുവിന്റെ ഉപദേശവും ഇതില്‍നിന്നു വിഭിന്നമല്ല (യോഹ. 8:31-33). ഈ ജ്ഞാനമാണു മനുഷ്യനു മോക്ഷം നല്കുന്നതെന്നു പറയാം. ദൈവഭക്തി ജ്ഞാനത്തിന്റെ ആരംഭമെന്നു വേദപുസ്തകം ചൂണ്ടിക്കാണിക്കുന്നതുപോലെ മലയാളത്തിലെ ഭക്തകവിയായ പൂന്താനവും അതു വിശ്വസിച്ചു. അദ്ദേഹത്തിന്റെ ഭക്തകവിതയായ ജ്ഞാനപ്പാന അതിന് ഉദാഹരണമാണ്. ദൈവത്തോടുള്ള ഭക്തിയാണു ജ്ഞാനത്തിന്റെ തുടക്കം (ഇയ്യോ. 28:12-28, സങ്കീ. 111:10, സദൃ. 1:7). വേറൊരുവിധത്തില്‍ ആരാധന എന്നും പറയാം. ദാനിയേലിന്റെ ഭക്തി അദ്ദേഹത്തിനു ജ്ഞാനത്തെ നല്കി. യോഹന്നാന്റെ ഭക്തി അദ്ദേഹത്തിനു വെളിപ്പാടു നല്കി. ഭക്തി ജ്ഞാനത്തിന്റെ ഒരു തൂണാണ്.

 

ജ്ഞാനം : മൂന്നു വസ്തുതകള്‍

  1. ജ്ഞാനം എന്ന സ്വഭാവഗുണം അഥവാ അവസ്ഥ
  2. യേശു എന്ന ജ്ഞാനം (1കൊരി.1:24). ഇതിനെ ദൈവജ്ഞാനം എന്നും പറയുന്നു.
  3. ജ്ഞാനമെന്ന സഭ


നാം ജ്ഞാനികളാകണം എന്നു പറയുമ്പോള്‍ വിവക്ഷിക്കുന്നതു ദൈവസഭയെ തന്നെയാണ്.


ജ്ഞാനസാഹിത്യത്തില്‍ പ്രത്യേകിച്ചു സദൃശവാക്യങ്ങളില്‍ ജ്ഞാനത്തെ ഒരു വ്യക്തിയായും സ്വഭാവമായും ചിത്രീകരിക്കുന്നുണ്ട്. ജ്ഞാനം എന്ന സ്ത്രീ ഒരു ഭവനം പണിതു അതിനു ഏഴു തൂണുകളുണ്ടായിരുന്നു (സദൃ.9:1). ഏഴ് എന്നതു പൂര്‍ണ്ണതയെ കാണിക്കുന്നു. ജ്ഞാനം എന്ന ഭവനം ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെ പൂര്‍ണ്ണതയാണ്. യേശു എന്ന ജ്ഞാനത്തിനു സപ്ത ഗുണങ്ങളുണ്ട് - സര്‍വ്വശക്തി, സര്‍വ്വജ്ഞാനം, സര്‍വ്വവ്യാപി, സ്വയംഭൂ, സനാതനന്‍, വിശുദ്ധി, സ്‌നേഹം ഇതാണു ദൈവത്തിനുള്ള ഏഴു ഗുണങ്ങള്‍. ഈ ഏഴു ഗുണങ്ങളും യേശുവിലുള്ളതായി കാണുന്നു. ജ്ഞാനമെന്ന സഭയും പണിയപ്പെടുന്നത് ഏഴു ഗുണങ്ങളിലാണ്. സഭ ഏഴു പൊന്‍നിലവിളക്കുകളായും സഭയുടെ ദൂതന്മാര്‍ ഏഴു നക്ഷത്രങ്ങളായും യോഹന്നാന്‍ ദര്‍ശിച്ചു (വെളി.1:19, 2:1). സഭയുടെ ഏഴ് അടിസ്ഥാന ഉപദേശങ്ങളോ അഥവാ ഏഴു കൂദാശകളോ ആയിരിക്കാം ഏഴു തൂണുകളെന്നു ചിലര്‍ കരുതുന്നു (സദൃ. 9:1). \


1. ജ്ഞാനത്തിന്റെ ഉറവിടം (1 രാജാ. 3:4-15)
ജ്ഞാനത്തിന്റെ ഉറവിടം ദൈവമാണ്. അതുകൊണ്ടാണ് ശലോമോന്‍ രാജ്യം ഭരിക്കാന്‍ ജ്ഞാനമുള്ള ഒരു ഹൃദയം ദൈവത്തോടു ചോദിച്ചത്. അതിനായി അദ്ദേഹം ആയിരം ഹോമയാഗമര്‍പ്പിച്ചു. ഗിബെയോനില്‍ വച്ചു യഹോവ രാത്രിയില്‍ ശലോമോനു സ്വപ്നത്തില്‍ പ്രത്യക്ഷനായി. ശലോമോന്‍ ചോദിച്ച വരം ദൈവം അദ്ദേഹത്തിനു നല്കി. നമ്മുടെ മേല്‍ ദൃഷ്ടിവച്ചു ആലോചനപറഞ്ഞു നടത്തുന്ന ദൈവമാണ് ജ്ഞാനം നല്കുന്നത് (സങ്കീ. 32:8, യെശ. 30:20,21). ദൈവം എല്ലാ ജ്ഞാനത്തിന്റെയും ഉറവിടമാണ്. ശലോമോന്റെ ദൈവത്തോടുള്ള ഭക്തിനിമിത്തം അദ്ദേഹത്തിനു ജ്ഞാനം പകരാനിടയായി.


2. പ്രാര്‍ത്ഥന ജ്ഞാനം നല്കുന്നു (1 യോഹ. 5:13-21)
ദൈവ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാല്‍ അവിടുന്നു നമ്മുടെ അപേക്ഷ കേള്‍ക്കുന്നു (1യോഹ. 5:15). ജ്ഞാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവേഷ്ടമുള്ള ഒരു പ്രാര്‍ത്ഥന തന്നെയാണ്. ഭര്‍ത്സിക്കാതെ ഔദാര്യമായി എല്ലാവര്‍ക്കും നല്കുന്ന ദൈവത്തോടു ജ്ഞാനത്തിനുവേണ്ടി അപേക്ഷിക്കാന്‍ (യാക്കോ. 1:5) നമുക്കു വ്യവസ്ഥയുണ്ട്. ഏതുകാര്യത്തിലും നമ്മെ ഉപദേശിച്ചുനടത്തുന്നവനാണ് ദൈവം (സങ്കീ. 32:8). അതിനുള്ള ജ്ഞാനം ലഭിക്കാനായി നമുക്കു പ്രാര്‍ത്ഥിക്കാം.


3. ശിശുക്കള്‍ക്കു ജ്ഞാനം ലഭിക്കുന്നു (ലൂക്കൊ. 10:21-24)
''വിവേകികള്‍ക്കും ജ്ഞാനികള്‍ക്കും മറച്ചു ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതുകൊണ്ട് ഞാന്‍ നിന്നെ വാഴ്ത്തുന്നു'' (ലൂക്കൊ. 10:21) എന്നാണ് യേശു പ്രാര്‍ത്ഥിക്കുന്നത്. തന്റെ ശിഷ്യന്മാരെ ഓര്‍ത്താണ് കര്‍ത്താവ് ഇതു പ്രസ്താവിക്കുന്നത്. യേശുവിന്റെ ശിഷ്യന്മാര്‍ കൂടുതലും വലിയ പണ്ഡിതന്മാരായിരുന്നില്ല (അ.പ്ര. 4:13). എന്നാല്‍ ദൈവം അവര്‍ക്കു ജ്ഞാനം നല്കി. അതുകൊണ്ടു ലോകത്തിന്റെ പലകോണുകളിലും യേശുക്രിസ്തുവിന്റെ സുവിശേഷം എത്താന്‍ ഈ സാധാരണക്കാര്‍ ഉപയോഗിക്കപ്പെട്ടു. ദൈവികജ്ഞാനം ലഭിക്കുമ്പോള്‍ സാധാരണക്കാരും അസാധാരണന്മാരായി മാറുന്നു. അതേസമയം ശിശുക്കളായി മാറാനുള്ള ഒരു ഉപദേശവും ഇതിലൂടെ നല്കുന്നുണ്ട് (മത്താ. 18:3, മര്‍ക്കൊ. 10:15).

 

Menu