ക്രൈസ്തവസാക്രമന്തുകളില്‍ ഒന്നാണ് സ്‌നാനം. സാക്രമന്തിന്റെ സത്യം മാര്‍മ്മികമാണ് (mysterious). ക്രിസ്തുവിനോടു കൂടെ മരിച്ച് അടക്കപ്പെട്ട് ഉയിര്‍ത്തെഴുന്നേല്ക്കുന്നതിന്റെ അടയാളമാണിത്. വിശുദ്ധ സ്‌നാനശുശ്രൂഷയിലൂടെ ദൈവത്തിന്റെ മക്കളായിത്തീരുകയും നാം ക്രിസ്തുസഭയില്‍ ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. ഉയരത്തില്‍നിന്ന് ആത്മാവില്‍ ജനിക്കുന്ന ഒരു പ്രക്രിയയാണ് സ്‌നാനത്തിലൂടെ നടക്കേണ്ടത്. അതുകൊണ്ടാണ് ദുര്‍ന്നടപ്പും അശുദ്ധിയും ജഡത്തിന്റെ എല്ലാ പ്രവൃത്തികളും മരിപ്പിച്ചു പഴയമനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഊരിക്കളഞ്ഞു തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയമനുഷ്യനെ ധരിക്കാന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ബപ്റ്റിസ്‌മോസ് എന്ന ഗ്രീക്ക് വാക്കിന്റെ തര്‍ജ്ജമയാണു സ്‌നാനം. യഹൂദന്മാരുടെയിടയില്‍ ആചാരമായ ശുദ്ധീകരണം അഥവാ കഴുകല്‍ നിലനിന്നിരുന്നു. പുരോഹിതന്മാര്‍ മാത്രമല്ല വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയും ശുദ്ധീകരണത്തിനു വിധേയമാക്കിയിരുന്നു (പുറ. 19:10-14, ലേവ്യ.8:6, മര്‍ക്കൊ. 7:3,4, എബ്രാ. 9:10) ഇവിടെയെല്ലാം 'ബപ്റ്റിസോ' എന്ന ക്രിയാധാതു ഉപയോഗിച്ചിരിക്കുന്നു. യേശുക്രിസ്തുവിന്റെ ആഗമനം അറിയിച്ചുകൊണ്ടു ക്രിസ്തുവിനു പാതയൊരുക്കാനായി അനുതാപപ്രസംഗം നടത്തിയ യോഹന്നാനാല്‍ നടത്തപ്പെട്ട സ്‌നാനം യഹൂദ്യമായിരുന്നു. മാനസാന്തരപ്പെട്ട് ഒരു ധാര്‍മ്മികജീവിതം നയിക്കാന്‍ തീരുമാനിച്ചവര്‍ അന്നു യോഹന്നാനാല്‍ സ്‌നാനമേറ്റു. എന്നാല്‍ ക്രിസ്തു സ്‌നാനമേറ്റതു പാപപരിഹാരത്തിനായിരുന്നില്ല, പ്രത്യുത താന്‍ പൂര്‍ണ്ണമനുഷ്യനാണെന്നു വെളിപ്പെടുത്താനായിരുന്നു. അതുകൊണ്ടാണ് ''ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം'' (മത്താ. 3:15) എന്നു ക്രിസ്തു പറഞ്ഞത്. അനുഷ്ഠാനപരമായ നീതിയാണ് ഇവിടെ വിവക്ഷിതം. മശിഹായുടെ ദൗത്യത്തിലേക്കു പരസ്യമായി പ്രവേശിക്കുന്നതിന്റെ അടയാളമായിട്ടാണു ക്രിസ്തു സ്‌നാനം സ്വീകരിച്ചത്.
1. പുതുജനനം പ്രാപിച്ച സമൂഹം (ഉല്പ. 8:1-14)
പെട്ടകത്തിലൂടെ രക്ഷപ്പെട്ട ജനം ഒരു പുതിയ സമൂഹമായി മാറി. ഉയരത്തില്‍നിന്നു ജനിക്കുന്നത് ഇതുപോലെയാണ്. നോഹയുടെ കാലത്തുള്ള ജലപ്രളയത്തില്‍ പെട്ടകത്തിലൂടെ 'അല്പജനം' രക്ഷപ്പെട്ടതു സ്‌നാനത്തിന്റെ ഒരു അടയാളമായിട്ടാണു പത്രൊസ് രേഖപ്പെടുത്തുന്നത് (1 പത്രൊ. 3:19-21). ആ പെട്ടകത്തില്‍ അല്പജനം എന്നുവച്ചാല്‍ എട്ടുപേര്‍ വെള്ളത്തില്‍ കൂടെ രക്ഷപ്രാപിച്ചു. അതു സ്‌നാനത്തിനു ഒരു മുന്‍കുറി എന്ന് അദ്ദേഹം പറയുന്നു. സ്‌നാനം ജഡത്തിന്റെ അഴുക്കു കളയുന്ന സാധാരണ കുളിയല്ല. ദൈവത്തോടുള്ള നല്ല മനഃസാക്ഷിക്കുള്ള അപേക്ഷയായിട്ടാണു യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തില്‍ നമ്മെ രക്ഷിക്കുന്നത്. അതുപോലെ യിസ്രായേല്‍ജനം ചെങ്കടലിലൂടെ കടന്നു മോശെയോടു ചേര്‍ന്നതു സമുദ്രത്തിലുള്ള സ്‌നാനം എന്നു വി.പൗലൊസും ചിന്തിക്കുന്നു (പുറ. 14:15-31, 1 കൊരി. 10:1,2). ജലപ്രളയം ഭൂമിയെ ശുദ്ധീകരിക്കാന്‍ വേണ്ടിയായിരുന്നു. ചെങ്കടലിലൂടെയുള്ള പ്രയാണം യിസ്രായേലിനു ഫറവോനില്‍നിന്നും ശാശ്വതമായ വിമോചനവും നല്‍കി. ഇതുപോലെ സ്‌നാനവും ഒരു പുതിയ ബന്ധത്തിലേക്കും ക്രിസ്തുവിന്റെ ശരീരമായ സഭയിലേക്കും ഒരു വ്യക്തിയെ ചേര്‍ക്കുന്നതിന്റെ അടയാളമായിരിക്കുന്നു.
2. ഉയരത്തില്‍നിന്നുള്ള ആത്മാവിലെ ജനനം (യോഹ. 3:1-8)
നിക്കോദേമൊസിനോടുള്ള കര്‍ത്താവിന്റെ സംഭാഷണം ആത്മാവിനെക്കുറിച്ചുള്ളതാണ്. കാരണം കര്‍ത്താവ് ആത്മാവിനാല്‍ സ്‌നാനപ്പെടുത്തുന്നവനാണ്. അതുകൊണ്ടാണ് യോഹന്നാന്‍ സ്‌നാപകന്‍ യേശുവിനെ ആത്മാവില്‍ സ്‌നാനം കഴിപ്പിക്കുന്നവനെന്നു പരിചയപ്പെടുത്തിയത് (ലൂക്കൊ. 3:16, അ.പ്ര. 1:5, 11:16). നിക്കോദേമൊസിനു ക്രിസ്തു നല്കുന്ന മറുപടി പ്രസക്തമാണ്: ''പുതുതായി ജനിക്കണം - വെള്ളത്താലും ആത്മാവിനാലും''. ആത്മാവില്‍ ജനിക്കുന്നതിന്റെ ഒരു അടയാളമാണ് സ്‌നാനം. സ്‌നാനത്തിലൂടെ ഒരു വ്യക്തി സഭയിലേക്കു ചേര്‍ക്കപ്പെടുമ്പോള്‍ ദൈവത്തിന്റെ ആത്മാവിനാല്‍ ആ വ്യക്തി പുതുതായി ജനിക്കുന്നതായി വിശ്വസിക്കുന്നു. അമ്മയുടെ ഉദരത്തില്‍നിന്നുള്ള ജനനം വെള്ളത്താലുള്ള സ്‌നാനത്തെ പ്രതിനിധീകരിക്കുന്നുവെങ്കില്‍ ആത്മാവിനാലുള്ള ജനനം ക്രിസ്തുവിലുള്ള ജനനത്തെ പ്രതിനിധീകരിക്കുന്നു. ആത്മാവിനാല്‍ ജനിക്കാനാണ് യേശു നിക്കേദൊമൊസിനെ പ്രോത്സാഹിപ്പിക്കുന്നത്.
3. ഉയരത്തില്‍നിന്നുള്ള ജനനത്തിന്റെ പ്രത്യേകത (കൊലൊ. 3:1-11)
ആത്മാവിനാല്‍ ജനിക്കുമ്പോള്‍ അവസ്ഥകള്‍ക്കു രൂപാന്തരമുണ്ടാകുന്നു. അതിനെയാണ് ഉയരത്തില്‍നിന്നു ജനിക്കുകയെന്നു പൗലൊസ് പറഞ്ഞത്. ഒരു വിശ്വാസി തന്റെ പഴയ ആളത്തം മരിച്ചു പുതിയ ആളത്തം സ്വീകരിച്ചു പുതിയസൃഷ്ടിയായി മാറിയെന്നു വെളിപ്പെടുത്തുകയാണ് സ്‌നാനത്തില്‍ സംഭവിക്കുന്നത്. ക്രിസ്തുവിന്റെ മരണത്തില്‍ പങ്കാളികളാകുകയും ക്രിസ്തുവിനോടുകൂടെ അടക്കപ്പെടുകയും ക്രിസ്തുവിനോടുകൂടെ ഉയിര്‍ക്കപ്പെടുകയും ചെയ്തു ക്രിസ്തുവിനോടുചേരുകയും ക്രിസ്തുവിനെ ധരിക്കുകയും ചെയ്യുന്നതിനെ സ്‌നാനം ചൂണ്ടിക്കാണിക്കുന്നു (റോമ. 6:3-5, കൊലൊ. 2:12, ഗലാ. 3:27). ഉയരത്തില്‍നിന്ന് ആത്മാവില്‍ ജനിക്കുന്ന അനുഭവമാണ് പ്രധാനം. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു ചിന്തിക്കണം. അങ്ങനെ ക്രിസ്തുവില്‍ ജനിക്കുന്നവര്‍ തിന്മയുടെ പ്രവൃത്തികള്‍ ഉപേക്ഷിച്ചു പുതിയ മനുഷ്യനെ ധരിച്ചു ജീവിക്കണം. കാരണം സ്‌നാനത്തിലൂടെ ഒരു വ്യക്തിയില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ സംഭവിക്കുന്നു.
- ക്രിസ്തുവിനോടു ചേരുന്നു (ഗലാ. 3:27)
- സഭയോടു ചേരുന്നു - ക്രൈസ്തവസമൂഹത്തോടു ചേരുന്നു (അ.പ്ര.2:41, 1കൊരി. 12:12,13)
- ക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങളില്‍ പങ്കാളികളാകുന്നു (റോമ.6:3-5, കൊലൊ.2:12)
- പരിശുദ്ധാത്മാവ് എന്ന ദാനം പ്രാപിക്കുന്നു (അ.പ്ര.2:38)
- ദൈവത്തോടു നല്ല മനസ്സാക്ഷിക്കായിട്ടുള്ള അപേക്ഷ അര്‍പ്പിക്കുന്നു (1പത്രൊ.3:21, തീത്തൊ.3:6,7)