സ്‌നാനവും തിരുവത്താഴവും പ്രൊട്ടസ്റ്റന്റു സഭകള്‍കളുടെ രണ്ടു പ്രധാന സാക്രമന്തുകളായി കരുതുന്നു. 'കൊര്‍ബ്ബാന്‍' എന്ന അരാമ്യ പദത്തില്‍നിന്നാണു കുര്‍ബ്ബാനയുടെ ഉല്പത്തി. കര്‍ത്താവിന്റെ അത്താഴത്തിനു സുറിയാനി സഭകള്‍ കുര്‍ബാന എന്ന പേരാണു നല്‍കിയിട്ടുള്ളത്. കൊര്‍ബ്ബാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം വഴിപാട് എന്നാണ്. കത്തോലിക്ക സഭ ഇതിനെ മാസ് എന്നു വിളിക്കുന്നു. പിരിച്ചുവിടുക എന്നര്‍ത്ഥമുള്ള 'മിത്തറെ' (Mittere) എന്ന ലത്തീന്‍ ധാതുവില്‍ നിന്നാണു മാസ് എന്ന പദത്തിന്റെ ഉല്പത്തി. കര്‍ത്താവിന്റെ ക്രൂശുമരണത്തെ സ്മരിച്ചുകൊണ്ടു ക്രൈസ്തവസഭ ആചരിച്ചുവരുന്ന ഒരു കൂദാശയാണു കര്‍ത്താവിന്റെ അത്താഴം. യേശുക്രിസ്തു തന്റെ അപ്പൊസ്തലന്മാരുമായി കഴിച്ച പെസഹാ ഭോജനമാണ് ഒടുവില്‍ പരമ്പരാഗതമായി കര്‍ത്താവിന്റെ അത്താഴമായി സഭയില്‍ അംഗീകരിക്കപ്പെട്ടതെന്നു വിശ്വസിക്കുന്നു. ഈ അന്ത്യ അത്താഴത്തെക്കുറിച്ചുള്ള വിവരണം സമവീക്ഷണസുവിശേഷങ്ങളിലും കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാംലേഖനത്തിലും ഉണ്ട് (മത്താ. 26:17-29, മര്‍ക്കൊ. 14:17-25, ലൂക്കൊ. 22:14-21, 1കൊരി. 11:23-26). ഒരു അത്താഴത്തെക്കുറിച്ചുള്ള വിവരണം യോഹന്നാന്‍ നല്‍കുന്നുണ്ടെങ്കിലും (13:21-30) അതില്‍ കര്‍ത്തൃമേശയുടെ സ്ഥാപനത്തെക്കുറിച്ചു സൂചനയില്ല. ''എന്റെ ഓര്‍മ്മയ്ക്കായി ചെയ്‌വിന്‍'' എന്നു ക്രിസ്തു പറഞ്ഞതായി ലൂക്കൊസ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു (ലൂക്കൊ. 22:19). ആണ്ടുതോറും യഹൂദന്മാര്‍ ആചരിച്ചുവരുന്ന പെസഹാ പെരുന്നാളിനുവേണ്ടി ഇനി കൂടിവരുമ്പോള്‍ തന്റെ ഓര്‍മ്മയ്ക്കുവേണ്ടി ചെയ്യണമെന്നാണു ക്രിസ്തു വിഭാവനചെയ്തത്. കാരണം കഴിഞ്ഞ നാളുകളില്‍ ജനത്തിനുവേണ്ടി യാഗമായിത്തീര്‍ന്ന പെസഹാകുഞ്ഞാടു താന്‍തന്നെയെന്നു (1കൊരി. 5:7) ക്രിസ്തു പറയുകയായിരുന്നു. ഇനി നടത്തുന്ന പെസഹാആചാരങ്ങളിലും യേശുവിനെയാണ് ഓര്‍ക്കേണ്ടത്. ഇതായിരുന്നു സന്ദേശം. യഹൂദനല്ലാതെ വേറെയാരും ഇത് ആഘോഷിക്കാനും പാടില്ല (പുറ. 12:42-51). എന്നാല്‍ പുതിയനിയമസഭ ഇതൊരു കൂദാശയായി ആചരിച്ചുതുടങ്ങിയപ്പോള്‍ കര്‍ത്താവിന്റെ ക്രൂശുമരണത്തെ ധ്യാനിക്കാനും അനുതാപത്തോടെ അവിടുത്തെ അടുക്കല്‍ വരാനും ഈ ശുശ്രൂഷ കാരണമായിത്തീര്‍ന്നു.
1. വിശുദ്ധസംസര്‍ഗ്ഗത്തിന്റെ ആരംഭം (പുറ. 12:1-14)
യഹൂദന്മാരുടെ പെസഹ ആചരണമാണ് പിന്നത്തേതില്‍ വിശുദ്ധ സംസര്‍ഗ്ഗമായി (തിരുവത്താഴം) മാറിയത്. യിസ്രായേല്യരുടെ വാര്‍ഷികോത്സവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണിത്. പെസഹ പെരുന്നാളെന്നും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളെന്നും ഇതിനെ വിളിക്കാറുണ്ട്. എന്നാല്‍ ഇതു രണ്ടും രണ്ടാണ്. പേസാഹ് എന്ന എബ്രായ വാക്കിനു കടന്നുപോകല്‍ എന്നര്‍ത്ഥം. നീസാന്‍ മാസം (ഏപ്രില്‍) 14-ാം തീയതി വൈകുന്നേരമാണ് പെസഹാ ഭോജനം. അന്നാണ് സംഹാരകന്‍ യിസ്രായേല്‍ ജനത്തിന്റെ കൂടാരങ്ങളില്‍നിന്നു കടന്നുപോയത്. വര്‍ഷംതോറും യഹൂദന്മാര്‍ ആചരിച്ചു വന്ന പെസഹയാണ് യേശു ശിഷ്യന്മാരുമായി ചേര്‍ന്ന് ആചരിച്ചത് (മത്താ. 26:18,19, മര്‍ക്കൊ. 14:16, ലൂക്കൊ. 22:8-13). വിജാതീയര്‍ ഇത് ആചരിക്കാനും പാടില്ല (പുറ. 12:42-51).
2. വിശുദ്ധ സംസര്‍ഗ്ഗവും പുതിയനിയമസഭയും (1 കൊരി. 10:14-22)
ഈ കൂദാശയില്‍ ക്രിസ്തുവിനെ ഓര്‍ക്കുന്നതുപോലെ മാനുഷികബന്ധങ്ങളിലുള്ള കൂട്ടായ്മയുടെ ഐക്യവും ദൃഢതയും വര്‍ദ്ധിക്കണം. ''അപ്പം ഒന്നാകകൊണ്ട് പലരായ നാം ഒരു ശരീരമാകുന്നു. നാം എല്ലാവരും ആ ഒരേ അപ്പത്തില്‍ അംശികളാകുന്നുവല്ലോ'' (1കൊരി. 10:17). അന്യോന്യമുള്ള കൂട്ടായ്മയ്ക്ക് ആദിമസഭ വളരെ പ്രാധാന്യം നല്‍കിയിരുന്നു. അപ്പം നുറുക്കലില്‍ ഒരു കൂട്ടായ്മ ഉണ്ട് (അ.പ്ര. 2:42,46). ആ കൂട്ടായ്മയില്‍ ഉല്ലാസവും ഹൃദയപരമാര്‍ത്ഥതയും അവര്‍ അനുഭവിച്ചു (അ.പ്ര. 2:46). കര്‍ത്താവിന്റെ അത്താഴം സഭയില്‍ കൂട്ടായ്മബന്ധം വളരാനും സ്‌നേഹം വര്‍ദ്ധിക്കാനും ഐകമത്യം നിലനില്‍ക്കാനും കാരണമാകുന്നു. കര്‍ത്താവിന്റെ അത്താഴത്തില്‍ നിരന്തരം ശോധന ചെയ്യാനും ശുദ്ധീകരിക്കാനും സഭയ്ക്ക് അവസരം ലഭിക്കുന്നു. ഇത്തരുണത്തില്‍ അയോഗ്യത മാറ്റപ്പെടുകയും കുറവുകള്‍ ബോധ്യപ്പെടുകയും ചെയ്യുന്നു. പിന്നെയും വിശുദ്ധജീവിതത്തിനായി ദൈവകൃപ അന്വേഷിക്കുന്നു. അവിടത്തെ കൃപയില്ലാതെ നിര്‍മ്മലമായ ജീവിതം സാധ്യമല്ലല്ലോ. അങ്ങനെ സ്വയം വിധിക്കപ്പെട്ട് ശുദ്ധീകരിക്കപ്പെടാന്‍ ഉപദേശിക്കുന്ന അനുഗ്രഹിക്കപ്പെട്ട ഒരു സന്ദേശമാണ് കര്‍ത്താവിന്റെ അത്താഴം നല്‍കുന്നത്. അവരവരെ വിധിക്കാനായി ലഭിക്കുന്ന ഒരവസരം. അങ്ങനെ ചെയ്താല്‍ നാം വിധിക്കപ്പെടുകയില്ല (1കൊരി. 11:27-33). അങ്ങനെ നിരന്തരം ദൈവത്തിന്റെ സാന്നിധ്യബോധം ഉണര്‍ന്നുകൊണ്ടു ജീവിക്കാന്‍ ഇടയാകും (സങ്കീ. 16:11).
കര്‍ത്താവിന്റെ അത്താഴം എന്ന കൂദാശ ഉണ്ടാകാന്‍ പ്രധാനകാരണമായി കാണുന്ന വേദഭാഗത്തിന്റെ മറ്റൊരു വ്യാഖ്യാനവും ഇവിടെ ഓര്‍ക്കേണ്ടതാണ് (1കൊരി. 11:17-34). കൊരിന്ത്യസഭയിലെ ജനം ഒരുമിച്ചു കൂടുന്ന കൂട്ടായ്മകളില്‍ ചിലര്‍ നല്ലവണ്ണം ഭക്ഷണം കഴിച്ചും ചിലര്‍ പട്ടിണിയിലും ഇരുന്നപ്പോള്‍ അതിനെതിരെ പൗലൊസ് നല്കിയ സമൂഹഭക്ഷണത്തിന്റെ (community meal) ഒരു ഉപദേശമാണ് ഇവിടെ വിവക്ഷിക്കുന്നതെന്നും ഒരു വ്യാഖ്യാനമുണ്ട്. ഈ വിശുദ്ധസംസര്‍ഗ്ഗത്തില്‍ കാണുന്നത് ഒരു ചെറിയവിഭാഗം ജനത്തിനു മാത്രം ഭക്ഷിക്കാവുന്ന വിശുദ്ധ കുര്‍ബാന അല്ലെന്നും ക്രിസ്തു വിഭാവന ചെയ്ത സമത്വം എന്ന ചിന്തയുടെ പ്രകടനമാണെന്നും കരുതപ്പെടാന്‍ കാരണം പൗലൊസ് നല്‍കുന്ന ഇവിടത്തെ സന്ദേശത്തിന്റെ ഉപസംഹാരമാണ്. ''അതുകൊണ്ട് സഹോദരീ സഹോദരന്മാരേ നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ കൂടുമ്പോള്‍ അന്യോന്യം കാത്തിരിക്കുവിന്‍. വല്ലവനും വിശക്കുന്നുവെങ്കില്‍ നിങ്ങള്‍ ഒരുമിച്ചുകൂടുന്നതു ന്യായവിധിക്കു കാരണമാകാതിരിക്കേണ്ടതിനു അവന്‍ വീട്ടില്‍ വച്ചു ഭക്ഷണം കഴിക്കട്ടെ'' (1കൊരി. 13:33,34). ചിലര്‍ക്കു സുഭിക്ഷവും ചിലര്‍ക്കു ദുര്‍ഭിക്ഷവും അല്ല എല്ലാവര്‍ക്കും സമത്വം വരണമെന്ന (2കൊരി. 8:13) തന്റെ ആശയമാണ് ഈ ഉപദേശത്തിനു കാരണമെന്നാണ് ഈ വ്യാഖ്യാനികള്‍ ചൂണ്ടിക്കാണിക്കുന്നത്. ഒന്നാംനൂറ്റാണ്ടിലെ സഭയില്‍ കുറച്ചുകാലമെങ്കിലും ഈ സമത്വം നിലനിന്നിരുന്നതായി രേഖകളുമുണ്ട് (അ.പ്ര. 2:32-35). അതുകൊണ്ട് ഈ കൂദാശക്ക് ആധ്യാത്മികം മാത്രമല്ല സാമൂഹികമായ ഒരു തലവും കൂടെയുണ്ടെന്നു കരുതണം.
3. വിശുദ്ധസംസര്‍ഗ്ഗം - ഇന്ന് (ലൂക്കൊ. 22:7-20)
വിശുദ്ധസംസര്‍ഗ്ഗത്തില്‍ കര്‍ത്താവിന്റെ ക്രൂശുമരണത്തെയും പുനരുത്ഥാനത്തെയും ഓര്‍ക്കുന്നു. നാം നുറുക്കുന്ന അപ്പം കര്‍ത്താവിന്റെ ശരീരത്തിന്റെ കൂട്ടായ്മയായും നാം കുടിക്കുന്ന പാനപാത്രം യേശുക്രിസ്തു ചൊരിഞ്ഞ രക്തത്തിന്റെ അടയാളമായും ഓര്‍ക്കുന്നു. ഓരോ കൂട്ടായ്മയിലേയും അദൃശ്യനായ ആതിഥേയനായി ക്രിസ്തുവിനെ ധ്യാനിക്കുന്നു (1കൊരി. 10:20,21). നാം ക്രിസ്തുവിലും ക്രിസ്തു നമ്മിലും വസിക്കുന്ന അനുഭവം സജീവവും ചൈതന്യവത്തുമായിത്തീരുന്നു (യോഹ. 6:53-58). അതു പരസ്പരകൂട്ടായ്മയ്ക്കും ക്രിസ്തുശരീരത്തിന്റെ പങ്കാളിത്തത്തിനും കാരണമായിത്തീരുന്നു. കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാംവരവാണ് ക്രൈസ്തവസഭയുടെ ഏറ്റവും വലിയ പ്രത്യാശ. യേശുക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണസമയം മുതല്‍ ക്രിസ്തുവിന്റെ വരവിനായി സഭ കാത്തിരിക്കുന്നു (അ.പ്ര. 1:11). ആമേന്‍ കര്‍ത്താവായ യേശുവേ വേഗം വരേണമേ എന്ന സഭയുടെ പ്രാര്‍ത്ഥന ഇത്തരുണത്തില്‍ സ്മരിക്കപ്പെടണം (വെളി. 22:20). ഈ കൂദാശ കര്‍ത്താവിന്റെ വരവോളം തന്റെ മരണത്തെ പ്രസ്താവിക്കുന്നു എന്നാണ് വി.പൗലൊസിന്റെ വാദം. കര്‍ത്താവിന്റെ വരവോളം തന്റെ മരണത്തെ സാക്ഷിക്കുന്നതിന്റെ അടയാളമാണ് കര്‍ത്താവിന്റെ അത്താഴം.