Sermon Outlines
Create Account
1-800-123-4999

വിദ്യാഭ്യാസം : സഭയുടെ ഒരു ശുശ്രൂഷ

Tuesday, 27 August 2019 04:05
Rate this item
(4 votes)

സെപ്റ്റംബര്‍ 1
വിദ്യാഭ്യാസഞായര്‍
Education Sunday


വിദ്യാഭ്യാസം : സഭയുടെ ഒരു ശുശ്രൂഷ
Education as a Ministry of the Church


പഴയനിയമം   നെഹെ. 8:1-8
സങ്കീര്‍ത്തനം    119:41-48
ലേഖനം           അ.പ്ര. 18:24-28
സുവിശേഷം    മത്താ. 5:1-12


ധ്യാനവചനം: എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്കു ഞാന്‍ കൈകളെ ഉയര്‍ത്തുന്നു; നിന്റെ ചട്ടങ്ങളെ ഞാന്‍ ധ്യാനിക്കുന്നു (സങ്കീ. 119:48).


ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസം സഭയുടെ ഒരു ശുശ്രൂഷയാണ്. കാരണം സഭയുടെ ശുശ്രൂഷയില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് വിദ്യാഭ്യാസം. ദൈവത്തിന്റെ കല്പനകളില്‍ പ്രിയംവച്ചു അവിടുത്തെ ചട്ടങ്ങളെ ധ്യാനിക്കുന്നതിലൂടെ നമുക്കു ആത്മികവിദ്യാഭ്യാസവും ലഭിക്കുന്നു. സഭയില്‍ ഉപദേഷ്ടാവ് (അദ്ധ്യാപകന്‍ - Teacher) എന്ന ഒരു ശുശ്രൂഷതന്നെ ഉണ്ടായിരുന്നതായി നാം കാണുന്നു (എഫെ. 4:11). ക്രിസ്തീയവിദ്യാഭ്യാസം പോലെതന്നെ സാമൂഹികവിദ്യാഭ്യാസവും സഭ ഒരു ദൗത്യമായി ഏറ്റെടുത്തിട്ടുണ്ട്. മിഷണറിമാര്‍ പോയിടത്തെല്ലാം പൊതുവിദ്യാഭ്യാസ സമ്പ്രദായം ആരംഭിച്ചു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ രണ്ടുമേഖലകളാണ് ഒരു സമൂഹത്തിന്റെ വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ടവയെന്നു തിരിച്ചറിഞ്ഞ് അവര്‍ പ്രവര്‍ത്തിച്ചു. പൊതുവിദ്യാഭ്യാസത്തെക്കാള്‍ പ്രാധാന്യമുള്ളതാണ് ക്രിസ്തീയവിദ്യാഭ്യാസം. സണ്ടേസ്‌കൂളിലൂടെയും സഭയുടെ മറ്റു വിവിധ പോഷകസംഘടനകളിലൂടെയും ഈ ദൗത്യവും സഭ ചെയ്തുവരുന്നു. ദൈവത്തിന്റെ തിരുവെഴുത്തുകള്‍ പഠിപ്പിക്കുക എന്നതു പഴയനിയമകാലം മുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അതിനുവേണ്ടി ശാസ്ത്രിമാര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


1. യിസ്രായേലിലെ പുരാതന വിദ്യാഭ്യാസരീതി - ശാസ്ത്രിമാര്‍ (നെഹെ. 8:1-8)
യിസ്രായേല്‍ ജനങ്ങളുടെയിടയില്‍ ന്യായപ്രമാണം പഠിപ്പിക്കുന്നത് ഒരു പ്രധാന ശുശ്രൂഷയായിരുന്നു. വ്യവസ്ഥാപിതമായ രീതിയില്‍ ന്യായപ്രമാണം പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ക എന്നതു തൊഴിലായി സ്വീകരിച്ചിരുന്ന പണ്ഡിതഗണമാണ് ശാസ്ത്രിമാര്‍. ശാസ്ത്രിമാര്‍ക്കു അക്ഷരജ്ഞന്‍ അഥവാ പണ്ഡിതന്‍ എന്നാണര്‍ത്ഥം (ഗ്രമറ്റൈസ് - ഗ്രീക്ക്) (മത്താ. 23:2, 13,14,15,23,25,27,29). ന്യായപ്രമാണവിദഗ്ദ്ധന്മാര്‍ക്കു ന്യായശാസ്ത്രി എന്നു പറഞ്ഞിരുന്നു (നൊമികൊസ് - ഗ്രീക്ക്)(ലൂക്കൊ. 7:30, 10:25, 11:45,46, 14:3). ഈ പദത്തെ മത്തായി 22:25 -ല്‍ വൈദികനെന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ലിഖിതവും അലിഖിതവുമായ നിയമങ്ങള്‍ വ്യാഖ്യാനിക്കുക എന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയാണ് ന്യായശാസ്ത്രിമാര്‍ എന്നു വിളിച്ചിരുന്നത് (ലൂക്കൊ. 5:17, അ.പ്ര. 5:34). ശാസ്ത്രിമാര്‍ നിയമോപദേഷ്ടാക്കന്മാരുമായിരുന്നു. ന്യായാധിപസംഘത്തിലെ ന്യായാധിപതികള്‍ എന്ന നിലയില്‍ നിയമനിര്‍വ്വഹണം അവരുടെ ചുമതലയായിരുന്നു (മത്താ.12:35, മര്‍ക്കൊ. 14:43,53). ശാസ്ത്രിമാര്‍ പരീശവിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണെങ്കിലും ഒരു ഗണമെന്ന രീതിയില്‍ അവര്‍ വ്യത്യസ്തരായിരുന്നു. പുനരുത്ഥാനപ്രശ്‌നത്തില്‍ അവര്‍ സദൂക്യര്‍ക്കെതിരായിരുന്നു (അ.പ്ര. 23:9). ക്രിസ്തു അധികാരത്തോടെ ഉപദേശിച്ചതുകൊണ്ട് അവര്‍ ക്രിസ്തുവുമായി ഇടഞ്ഞു (മത്താ. 7:28,29). ചില ശാസ്ത്രിമാര്‍ പത്രൊസിനെയും യോഹന്നാനെയും പീഡിപ്പിച്ചു (അ.പ്ര. 4:5). ഭൂരിപക്ഷംപേരും ക്രിസ്തുവിനെ എതിര്‍ത്തെങ്കിലും ചില ശാസ്ത്രിമാര്‍ ക്രിസ്തുവില്‍ വിശ്വസിച്ചു (മത്താ. 21:15, 8:19). ബാബേല്‍ പ്രവാസത്തില്‍നിന്നും സെരുബ്ബാബേലിനോടൊപ്പം മടങ്ങിവന്ന യഹൂദന്മാരില്‍ ഒരു സംഘത്തിന്റെ തലവനായിരുന്നു എസ്രാ. മോശെയുടെ ന്യായപ്രമാണത്തില്‍ അദ്ദേഹം വിദഗ്ദ്ധശാസ്ത്രിയായിരുന്നു (എസ്രാ. 7:6,11,12). യഹോവയുടെ ന്യായപ്രമാണം പരിശോധിക്കാനും അതനുസരിച്ചു നടക്കാനും യിസ്രായേലിനെ പഠിപ്പിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. നെഹെമ്യാവിന്റെ മതില്‍ പണിക്കുശേഷം ഏഴാംമാസം ഒന്നാം തീയതി പുരുഷന്മാരും സ്ത്രീകളും കേട്ടുഗ്രഹിക്കാന്‍ മനസ്സുള്ള എല്ലാവരും സഭയുടെ മുമ്പാകെ ന്യായപ്രമാണം കൊണ്ടുവന്നു. എല്ലാവരും കേള്‍ക്കത്തക്കവിധം ഉറക്കെ വായിച്ചുകേള്‍പ്പിച്ചു. ഒരു പ്രസംഗപീഠത്തില്‍ കയറിനിന്നുകൊണ്ടാണ് എസ്രാ ശാസ്ത്രി ഇതു വായിച്ചത്. അന്നു ജനം പൊട്ടിക്കരഞ്ഞു അനുതാപത്തിലേക്കു വന്നു. എസ്രയുടെ ന്യായപ്രമാണവായനയും പഠിപ്പിക്കലും യിസ്രായേലിനെ ഒരിക്കല്‍കൂടെ യഥാസ്ഥാനത്തിലാക്കാന്‍ ഇടയാക്കി.


2. പുതിയനിയമസഭയിലെ വിദ്യാഭ്യാസം - ശുശ്രൂഷകര്‍ (അ.പ്ര. 18:24-28)
പുതിയനിയമസഭയില്‍ ഉപദേഷ്ടാക്കന്മാര്‍ എന്ന ഒരു ശുശ്രൂഷ തന്നെ ക്രമേണ രൂപപ്പെട്ടുവന്നു (എഫെ. 4:11). പ്രബോധനം നല്‍കുന്നവന്‍ എന്ന് ഇതിനര്‍ത്ഥം (ഡിഡസ്‌ക്കലൊസ് - ഗ്രീക്ക്). യഹൂദാമതനിയമങ്ങള്‍ പഠിപ്പിക്കുന്നവരെയാണ് പൊതുവെ ഉപദേഷ്ടാക്കന്മാര്‍ എന്നു വിളിച്ചിരുന്നത് (ലൂക്കൊ. 2:46, റോമ. 2:20). യേശുവിനെയും നിക്കൊദൊമെസിനെയും ഉപദേഷ്ടാവെന്നു വിളിച്ചിരുന്നു (യോഹ. 3:2,10). തുടര്‍ന്നു പുതിയനിയമസഭയില്‍ സഭയുടെ ഉപദേശം പഠിപ്പിക്കുന്നവരെ ഉപദേഷ്ടാക്കന്മാര്‍ എന്നു വിളിച്ചു (അ.പ്ര. 13:1, 1കൊരി. 12:28,29, എഫെ. 4:11, 2തിമൊ. 1:11, എബ്രാ. 5:12, യാക്കോ. 3:1). അക്വിലാസും പ്രിസ്‌കില്ലയും ഇതുപോലെ സഭയുടെ ഉപദേഷ്ടാക്കളായിരുന്നു. ഒന്നാംനൂറ്റാണ്ടിലെ സഭയിലെ വിശ്വസ്തരായ ഒരു കുടുംബമായിരുന്നു അക്വിലാസിന്റെയും പ്രിസ്‌കില്ലയുടെയും കുടുംബം (അ.പ്ര. 18:2,18,26, റോമ. 16:3,4 1കൊരി. 16:19, 2തിമൊ. 4:19). യഹൂദന്മാര്‍ റോമാനഗരം വിട്ടുപോകണമെന്നുള്ള ക്‌ളൌദ്യൊസിന്റെ കല്പനപ്രകാരം അക്വിലാസും പ്രിസ്‌കില്ലയും കൊരിന്തില്‍ വന്നു കൂടാരപ്പണിയില്‍ ഏര്‍പ്പെട്ടു. പൗലൊസും അവരോടൊത്തു കൂടാരപ്പണി ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തതായി രേഖകളുണ്ട് (അ.പ്ര. 18:1-4). പൗലൊസ് കൊരിന്തില്‍ നിന്നുപോയപ്പോള്‍ അക്വിലാസ് പൗലൊസിനോടൊപ്പം എഫെസൊസില്‍ വന്നു പാര്‍ത്തു. അവിടെ എത്തിയ അപ്പൊല്ലോസിനെ അവര്‍ സ്വീകരിച്ചു ക്രിസ്തുവിന്റെ മാര്‍ഗ്ഗം പഠിപ്പിച്ചു (അ.പ്ര. 18:24-28). ഇങ്ങനെ ദൈവവചനം മറ്റുള്ളവരെ പഠിപ്പിക്കുന്നതില്‍ ഈ കുടുംബം ഒരു മാതൃകയായിരിക്കുന്നു.


3. യേശു എന്ന ഗുരു - എല്ലാ വിദ്യാഭ്യാസങ്ങളുടെയും മാതൃക (മത്താ. 5:1-12)
യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണം വളരെ പ്രസിദ്ധമാണ് (മത്താ. 5,6,7 അധ്യായങ്ങള്‍). യേശുവിന്റെ ഈ പഠിപ്പിക്കലുകളില്‍ അനേകര്‍ ആകൃഷ്ടരായി യേശുവിനെ ഗുരുവായി അംഗീകരിച്ചിട്ടുണ്ട്. ബൈബിളില്‍ അമ്പതോളം പ്രാവശ്യം ഗുരു എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. പഴയനിയമത്തില്‍ മൂന്നു എബ്രായപദങ്ങളെയാണു ഗുരു എന്നു തര്‍ജ്ജമ ചെയ്തിട്ടുള്ളത്. 1ശമു. 10:12 (അബ്= പിതാവ്), 1ദിന. 25:8 (മേവീന്‍= പരിജ്ഞാനി), സങ്കീ. 119:99 (മ്‌ലംദീം = അദ്ധ്യാപകന്മാര്‍). ഡിഡസ്‌ക്കലൊസ് എന്ന ഗ്രീക്കു പദമാണു പുതിയനിയമത്തില്‍ പ്രയോഗിച്ചിട്ടുള്ളത്. ഡിഡസ്‌ക്കോ (പഠിപ്പിക്കുക) എന്ന ധാതുവില്‍നിന്നാണു ഡിഡസ്‌ക്കലൊസ് എന്ന നാമത്തിന്റെ നിഷ്പത്തി. യേശുവിന്റെ സംബോധനയാണു സുവിശേഷങ്ങളില്‍ ഗുരു (മത്താ. 8:19, 12:38, 19:16, 22:16,24,36, 22:24, മര്‍ക്കൊ. 4:38, 9:17,38, 10:17,20,35, 12:14,19,32). ഗുരു എന്ന സംബോധന ഏറ്റവും അധികം കാണുന്നതു ലൂക്കൊസ് സുവിശേഷത്തിലാണ്. യോഹ.1:38 ലെ റബ്ബിയുടെയും 20:16 ലെ റബ്ബൂനിയുടെയും അര്‍ത്ഥം ഗുരു എന്നുതന്നെയാണ്. യേശുതന്നെ സ്വയം ഞാന്‍ ഗുരുവും കര്‍ത്താവുമെന്നു പറഞ്ഞു (യോഹ.13:11). ഗുരുവിന്റെ ഭാവമാണു ഗൗരവം.

Menu