ദൈവസഭയില്‍ വനിതകളുടെ ശുശ്രൂഷകളെ സ്മരിക്കുന്നതു വളരെ പ്രധാനപ്പെട്ടതാണ്. യഹൂദനും ഗ്രീക്കുകാരനും; പുരുഷനും സ്ത്രീയും; യജമാനനും അടിമയും (ഗലാ. 3:28) എല്ലാവരും. യേശുവിനോടൊപ്പം ഒരു വലിയ കൂട്ടം സ്ത്രീകള്‍ ശുശ്രൂഷചെയ്തതായി നാം കാണുന്നു (ലൂക്കൊ. 8:1-13). സൗഖ്യം പ്രാപിച്ച സ്ത്രീകള്‍, മഗ്ദലക്കാരത്തി മറിയ, ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്ന, ശൂശന്ന, അവരുടെ വസ്തുവകകള്‍ നല്‍കി ശുശ്രൂഷ ചെയ്യുന്ന പല സ്ത്രീകളും ആ ടീമില്‍ ഉണ്ടായിരുന്നതായി നാം മനസ്സിലാക്കുന്നു. അവരുടെ ഈ തരത്തിലെ ശുശ്രൂഷകള്‍ ഗുരു സ്വീകരിച്ചിരുന്നു. യേശുവിന്റെ ദൈവരാജ്യപ്രസംഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും അങ്ങനെ സ്ത്രീകളും പ്രധാന പങ്കാളികളായിത്തീര്‍ന്നു. പുരുഷമേധാവിത്വത്തിന്റെ കാലത്തും ബൈബിളിലെ ആത്മീയതയില്‍ സ്ത്രീകള്‍ക്ക് ഒരു നല്ല സ്ഥാനം നല്‍കുന്നതായി കാണുന്നു. സാറ, റിബേക്കാ, റാഹേല്‍, ദബോര, രൂത്ത്, എസ്ഥേര്‍ എന്നിവര്‍ പഴയനിയമത്തിലെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്.
1. ദെബോരായുടെ ശുശ്രൂഷ (ന്യായാ. 4:1-16)
യിസ്രായേലിനു രാജാവില്ലാതിരുന്ന കാലത്ത് അനേകം ന്യായാധിപന്മാരാണ് യിസ്രായേലിനെ ഭരിച്ചത്. അന്നത്തെ ഒരു പ്രധാന ന്യായാധിപയായിരുന്നു ദെബോരാ. യിസ്രായേലിന്റെ വിടുതലിനുവേണ്ടി ദൈവം ദെബോരായെ ഉപയോഗിച്ചരീതിയാണു ന്യായാ. 4:4. എബ്രായ സ്ത്രീകള്‍ക്കു താണസ്ഥാനം നല്‍കിയിരുന്ന കാലത്താണ് ദെബോരാ ന്യായാധിപയായത്. അന്നു യിസ്രായേല്‍ കനാന്യരാജാവായ യാബീനു വിധേയപ്പെട്ടിരുന്നു. ദെബോരാ ബാരാക്കിനെ വിളിപ്പിച്ച് അവനോടുകൂടെ കനാന്യര്‍ക്കെതിരെ യുദ്ധത്തിനു പോയി. കനാന്യ സേനാധിപതിയായ സീസെരയെ ബാരാക് തോല്പിച്ചു. സീസെരയുടെ സൈന്യം മുഴുവനും സംഹരിക്കപ്പെട്ടു. യായേലിന്റെ കൂടാരത്തില്‍ എത്തിയ സീസെരയെ അവള്‍ ചതിവില്‍ കൊന്നു (ന്യായാ. 4:1-24). പിന്നീട് 40 വര്‍ഷം ദേശത്തു സ്വസ്ഥത ഉണ്ടായി. ദെബോരായെ യിസ്രായേലിന്റെ മാതാവ് എന്നു വിശേഷിപ്പിച്ചിരുന്നു (ന്യായാ. 1:5). ദെബോരായും ബാരാക്കും പാടിയ ജയഗീതം എബ്രായകവിതയുടെ പ്രാക്തനസ്വഭാവം വെളിപ്പെടുത്തുന്ന ഒന്നാണ് (ന്യായാ. 5:2-31).
2. പൗലൊസിനോടൊപ്പമുള്ള സ്ത്രീകളുടെ ശുശ്രൂഷ (ഫിലി. 4:1-7)
പൗലൊസിനോടൊപ്പം പ്രവര്‍ത്തിച്ച യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിച്ചുകൊണ്ടു അദ്ദേഹം എഴുതുന്ന ഒരു ഭാഗമാണ് ഫിലി. 4:1-7 -ല്‍ കാണുന്നത്. ഇതുപോലെ അദ്ദേഹത്തോടൊപ്പം അനേകം സ്ത്രീകള്‍ ശുശ്രൂഷയില്‍ പങ്കാളികളായിരുന്നു (റോമ. 16:1-16). പ്രിസ്‌ക അഥവാ പ്രിസ്‌കില്ല, യൂനിയാവ്, യൂലിയ, നെരെയൂസിന്റെ സഹോദരി മറിയ, പെര്‍സിസ്, റൂഫസിന്റെ അമ്മ, യുവൊദ്യ, സുന്തുക (റോമ. 16:3,7,15; ഫിലി. 4:2,3) ഇങ്ങനെ അനേകര്‍. നിജപുത്രനായ തിമൊഥെയൊസിനെ ഉപദേശിക്കുമ്പോള്‍ തിമൊഥെയൊസിന്റെ അമ്മയിലും (യൂനീക്ക) വലിയമ്മയിലും (ലോവീസ്) ഉണ്ടായിരുന്ന വിശ്വാസത്തെ അനുകരണീയമായി പ്രശംസിക്കുന്നതു കാണാം. ദൈവവേലയ്ക്കായി പ്രാര്‍ത്ഥിക്കുന്നവര്‍, സാമ്പത്തികമായി സഹായിക്കുന്നവര്‍, വചനം പ്രസംഗിക്കാന്‍ കൂടെനിന്നു മറ്റു സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍, പ്രസംഗിക്കുന്നവര്‍, ദൈവവേലചെയ്യുന്ന ഭര്‍ത്താക്കന്മാരെ സഹായിക്കുന്നവര്‍ ഇങ്ങനെ വിവിധരീതിയില്‍ ദൈവരാജ്യത്തിനുവേണ്ടി വനിതകളും അദ്ധ്വാനിക്കുന്നു.
3. യേശുവിനോടൊപ്പമുള്ള സ്ത്രീകളുടെ ശുശ്രൂഷ (ലൂക്കൊ. 8:1-3)
യേശുവിനോടൊപ്പവും ഒരുകൂട്ടം സ്ത്രീകള്‍ ശുശ്രൂഷയില്‍ പങ്കാളികളായിരുന്നതാണ് ലൂക്കൊ.8:1-3 -ല്‍ കാണുന്നത്. ഇങ്ങനെ എല്ലാ കാലത്തും പഴയനിയമം മുതല്‍ വനിതകളും ദൈവത്താല്‍ ഉപയോഗിക്കപ്പെട്ടതായി രേഖകളുണ്ട്. അവരുടെ ശുശ്രൂഷകളെ ഓര്‍ക്കുകയും അതിനെ സ്മരിക്കുകയും ചെയ്യാം.
4. ആധുനികാലത്തു വനിതകളുടെ ശുശ്രൂഷ
ഇന്ത്യയില്‍ സ്ത്രീകള്‍ പൊതുവെ പലരീതികളില്‍ അടിച്ചമര്‍ത്തപ്പെട്ട സമൂഹമായിരുന്നു. സതി, ജൗവ്ഹര്‍, പര്‍ദ, ദേവദാസി, മേല്‍മുണ്ടു നിരോധനം തുടങ്ങിയവയെല്ലാം സ്ത്രീകള്‍ക്കെതിരെയുള്ള ചില സാമൂഹികതിന്മകളുടെ ഉദാഹരണങ്ങള്‍ മാത്രം. എന്നാല്‍ ഈ അവസ്ഥകള്‍ക്കെല്ലാം മാറ്റംവരാന്‍ തുടങ്ങി. വിമോചനത്തിന്റെ കാഹളവുമായി ഇന്ത്യയില്‍ ദൈവം സ്ത്രീകളെത്തന്നെ ഉപയോഗിച്ചു. 1819-ല്‍ നാഗര്‍കോവിലില്‍ മിസിസ് ചാള്‍സ് മീഡ് എന്ന മിഷണറി വനിത പ്രവര്‍ത്തിച്ചു. 1820-ല്‍ ശ്രീമതി. നോര്‍ട്ടന്‍ ആലപ്പുഴയില്‍ സ്‌കൂള്‍ തുടങ്ങി. 1867-ല്‍ തിരുവനന്തപുരം കോട്ടയ്ക്കകത്തു ദിവാന്‍ മാധവറാവു വിട്ടുകൊടുത്ത കൊട്ടാരത്തില്‍ ശ്രീമതി ബ്ലാന്റ് ഫോര്‍ഡ് ഹൈന്ദവ പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ തുടങ്ങി. 1810-ല്‍ ശ്രീമതി ഇസബല്ല തോബോണ്‍ എന്ന അമേരിക്കന്‍ മിഷണറിവനിത ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ സ്‌കൂള്‍ തുടങ്ങി. 1818-ല്‍ ബോംബെയില്‍ മിസിസ് വില്‍സണ്‍, സെറാംപൂറില്‍ മിസിസ് മാര്‍ഷ്മാന്‍ എന്നിവര്‍ വിദ്യാലയങ്ങള്‍ ആരംഭിച്ചു. 1822-ല്‍ മിസിസ് മോള്‍ട്ട്, മിസിസ് മീഡ് എന്നീ മിഷണറിവനിതകള്‍ കുറിയ കൈകളുള്ള ഒരുതരം ജാക്കറ്റുകള്‍ തുന്നി ആദ്യമായി തെക്കന്‍ തിരുവിതാംകൂറിലെ താണ ജാതിയിലെ സ്ത്രീകളെ ധരിപ്പിച്ചു മാറുമറച്ചു. മേല്‍മുണ്ട് കലാപം പൊട്ടിപ്പുറപ്പെട്ടു. ക്രമേണ ഈ പ്രദേശങ്ങളിലെ താണജാതിയിലെ സ്ത്രീകള്‍ക്കും മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു.
ഇന്ത്യയിലെ ആദ്യ മിഷണറിഡോക്ടര്‍ ആയിരുന്ന ഡോ. ജോണ്‍ സ്‌ക്കഡ്ഡര്‍ (1836) ന്റെ കൊച്ചുമകള്‍ ഡോ. ഐഡാ സ്‌കഡ്ഡര്‍ ഇന്ത്യ സന്ദര്‍ശിച്ചു (1890). ഇവിടുത്തെ പാവപ്പെട്ട സ്ത്രീകളുടെ ദാരുണ അവസ്ഥകണ്ടു തിരിച്ചുപോയി വൈദ്യശാസ്ത്രം പഠിച്ചു തിരികെ ഒരു മിഷണറി ഡോക്ടര്‍ ആയിട്ട് വന്നു. 1900-ല്‍ ഒരു കിടക്കയുള്ള ഒരു ചെറിയ ആശുപത്രി സ്ഥാപിച്ചു. 1902-ല്‍ അതു 40 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ന്നു. ഇന്ന് ഇന്ത്യയിലെ പ്രസിദ്ധമായ 1800-ലധികം കിടക്കകളുള്ള ആശുപത്രിയായി (വെല്ലൂര്‍ ആശുപത്രി) ഉയര്‍ന്നു. ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് സ്ത്രീകളാണ്. ദൈവികദൗത്യത്തിന്റെ പങ്കാളികളായി ദൈവം അവരെ ഉപയോഗിച്ചു. ഈ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് എന്താണു സംഭവിച്ചത്. ഭാരതത്തില്‍ വലിയ സാമൂഹികപരിണാമം ഉണ്ടായി. 1966-ല്‍ ഒരു വനിതാപ്രധാനമന്ത്രി ഉണ്ടായി (ഇന്ദിരാഗാന്ധി). 1972-ല്‍ ഒരു ഐ.പി.എസ് കാരിയുണ്ടായി (കിരണ്‍ ബേദി). 1989-ല്‍ സുപ്രീം കോടതിയില്‍ ജസ്റ്റീസുണ്ടായി (ജസ്റ്റീസ്. എം. ഫാത്തിമാ ബീവി). 1997-ല്‍ ബഹിരാകാശ സഞ്ചാരിയുണ്ടായി (കല്പനാ ചൗള), 2007-ല്‍ പ്രസിഡന്റുണ്ടായി (പ്രതിഭാ പാട്ടീല്‍), 2009-ല്‍ ലോക്‌സഭാ സ്പീക്കര്‍ ഉണ്ടായി (മീരാ കുമാര്‍), 2010-ല്‍ തദ്ദേശസ്വയംഭരണത്തില്‍ 50 ശതമാനം സ്ത്രീ ശക്തിയുണ്ടായി. ''ഒരു രാജ്യത്തിലെ സ്ത്രീകളുടെ പദവി കണ്ടിട്ട് ആ രാജ്യത്തിന്റെ അവസ്ഥ പറയാന്‍ കഴിയും'' എന്നാണ് നെഹ്‌റു പറഞ്ഞത്.
ഇങ്ങനെയൊക്കെയാണെങ്കിലും ശ്രദ്ധിച്ചു വിലയിരുത്തിയാല്‍ ഇന്നും സ്ത്രീകള്‍ക്ക് ഒരു യഥാര്‍ത്ഥ വിമോചനം ഇന്ത്യയില്‍ ആവശ്യമാണെന്നു മനസ്സിലാകും. ഭാരതത്തിലെ പല ഹൈന്ദവ ദേവിമാര്‍ക്കും 'അമ്മ'യെന്നു പേരുണ്ടെങ്കിലും പലരുടേയും കുടുംബ ബന്ധങ്ങളിലേക്കു പോകുമ്പോള്‍ യാഥാര്‍ത്ഥ്യം വ്യത്യസ്തമായി നമുക്കു മനസ്സിലാകും. ''ഭാരതത്തിലെ സ്ത്രീകള്‍ അവരുടെ വീടുകളെക്കാള്‍ തെരുവുകളില്‍ സുരക്ഷിതരാണെന്ന് ഒരു സാമൂഹികശാസ്ത്രജ്ഞന്‍ പറഞ്ഞിട്ടുണ്ട്. 2001-നെ 'സ്ത്രീശാക്തീകരണവര്‍ഷമായി' ഇന്ത്യ കണ്ടു. 'സ്വശക്തി, 'സ്ത്രീ ശക്തി', 'സ്വയംസിദ്ധ', 'ബാലികസമൃദ്ധിയോജന' തുടങ്ങി പല പരിപാടികളും കേന്ദ്രസര്‍ക്കാര്‍ സ്ത്രീശാക്തീകരണത്തിനായി പരിചയപ്പെടുത്തി. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളിലേക്കു നോക്കിയാല്‍ ഇന്നും ഒരു വിമോചനം സ്ത്രീകള്‍ക്കു വേണമെന്നു നമുക്കു മനസ്സിലാകും. പണിയെടുക്കുന്നതില്‍ ലോകത്തില്‍ 67 ശതമാനം സ്ത്രീകളാണെങ്കിലും വരുമാനമുള്ളത് 10 ശതമാനം പേര്‍ക്കു മാത്രമേ ഉള്ളു. സ്വന്തമായി വസ്തുവകകളുള്ളത് 1 ശതമാനം പേര്‍ക്കു മാത്രമാണ്. ലോകത്തില്‍ ആഹാരസാധനങ്ങള്‍ ഉണ്ടാക്കുന്നതില്‍ 60 - 80 ശതമാനം സ്ത്രീകളാണ്. എന്നാല്‍ സ്‌കൂളില്‍ പോകാത്തതില്‍ 60 ശതമാനവും പെണ്‍കുട്ടികളാണ്. അക്ഷരമറിയാത്തവര്‍ 67 ശതമാനവും സ്ത്രീകളാണ്. ദിനംപ്രതി 300 സ്ത്രീകള്‍ പ്രസവസംബന്ധമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ മരിക്കുന്നു. ഓരോ ദിവസവും ഇന്ത്യയില്‍ 45 സ്ത്രീകള്‍ ബലാല്‍സംഗത്തിന് ഇരയാകുന്നു. ഓരോ 32 മിനിറ്റിലും ഒരു സ്ത്രീവീതം, ഓരോ ദിവസവും 121 സ്ത്രീകള്‍ ലൈംഗികപീഡനത്തിനിരയാകുന്നു. ഓരോ 12 മിനിറ്റിലും ഒരു സ്ത്രീവീതം. സ്ത്രീധനം, ഗാര്‍ഹികപീഡനം, കുട്ടികളുടെ പീഡനം തുടങ്ങിയവയിലൂടെ ഓരോ 3.5 മിനിറ്റിലും ഓരോ കുറ്റകൃത്യങ്ങള്‍ സ്ത്രീക്കെതിരെ ഇന്ത്യയില്‍ നടക്കുന്നു. സ്ത്രീ ദൈവത്താല്‍ ശപിക്കപ്പെട്ടുവെന്നും സ്ത്രീയിലൂടെ ശാപം ഭൂമിയിലേക്കു വന്നുവെന്നും സ്ത്രീയുടെ അനുസരണക്കേടാണ് (പാപം) ഇതിനെല്ലാം കാരണമെന്നുമൊക്കെയുള്ള ചിന്തകളുണ്ട്. അതേസമയംതന്നെ ഒരു സ്ത്രീയിലൂടെ ദൈവം ഈ ഭൂമിയെ വീണ്ടും സന്ദര്‍ശിച്ചുവെന്നും അനുഗ്രഹിച്ചുവെന്നും തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ചുവെന്നും ലോകത്തെ സ്‌നേഹിച്ചു രക്ഷിച്ചുവെന്നും നാം മറക്കരുത് (ലൂക്കൊ. 1:28,30). സ്ത്രീക്ക് ഗര്‍ഭം നല്‍കി ദൈവം ശപിച്ചു എന്നു പറയുമ്പോള്‍ തന്നെ; ഒരു സ്ത്രീയുടെ (മറിയ) ഗര്‍ഭഫലത്തിലൂടെ (യേശു) ഈ ലോകം മുഴുവന്‍ അനുഗ്രഹിക്കപ്പെടാനുള്ള വഴിയും ദൈവം ഒരുക്കിയെന്നും നാം വിസ്മരിച്ചു കൂടാ. യേശുവിലൂടെ എല്ലാ സ്ത്രീകളുടെയും ഗര്‍ഭപാത്രത്തെ ദൈവം അനുഗ്രഹിച്ചു. പുത്രന്‍ മുഖാന്തിരം എല്ലാവര്‍ക്കും കൃപ വന്നിരിക്കുന്നു. രക്ഷാകരമായ ദൈവകൃപ ഉദിച്ചിരിക്കുന്നു (യോഹ. 11:15,16; തീത്തൊ. 2:11). ലോകത്തിന്റെ മുഴുവന്‍ വിമോചനത്തിനു കാരണമായ യേശുക്രിസ്തുവിന്റെ അവതാരത്തിന് സ്ത്രീ പങ്കാളിയായിത്തീര്‍ന്നു. വനിതകളിലൂടെയുള്ള ശുശ്രൂഷകളെ നമുക്കു സ്മരിക്കുകയും അത് ആഘോഷമാക്കുകയും ചെയ്യാം.