Sermon Outlines
Create Account
1-800-123-4999

മുതിര്‍ന്നവരെ കരുതുകയും അംഗീകരിക്കുകയും ചെയ്യുക

Tuesday, 24 September 2019 04:03
Rate this item
(1 Vote)

സെപ്റ്റംബര്‍ 29
മുതിര്‍ന്നപൗരന്മാരുടെ ഞായര്‍
Senior Citizen’s Sunday


മുതിര്‍ന്നവരെ കരുതുകയും അംഗീകരിക്കുകയും ചെയ്യുക
Caring and Accepting the Elderly


പഴയനിയമം   ഉല്പ. 46:28-34, 47:1-10
സങ്കീര്‍ത്തനം    21
ലേഖനം           1 തിമൊ. 5:1-10
സുവിശേഷം    ലൂക്കൊ. 2:25-35


ധ്യാനവചനം: മൂത്തവനെ ഭര്‍ത്സിക്കാതെ അപ്പനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും മൂത്തസ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയസ്ത്രീകളെ പൂര്‍ണ്ണനിര്‍മ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക (1തിമൊ. 5:1,2).


മുതിര്‍ന്നവരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും കരുതുകയും ചെയ്യാന്‍ വി.വേദപുസ്തകം നമ്മെ പ്രബോധിപ്പിക്കുന്നു. മുതിര്‍ന്ന പൗരന്മാരെ കരുതുകയും അവരെ അംഗീകരിക്കുകയും ചെയ്യേണ്ടത് ഇന്നത്തെ യുവതലമുറയുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. മുതിര്‍ന്നവരെക്കുറിച്ചുള്ള കരുതല്‍ (care for the aged) ഇന്നു വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. അവരുടെ സാമൂഹികവും ശാരീരികവും ധാര്‍മ്മികവുമായ പ്രശ്‌നങ്ങളും വെല്ലുവിളികളും ജെറന്റോളജി (Gerontology) വിഭാഗം ശാസ്ത്രീയമായി പഠനങ്ങള്‍ നടത്തുന്നുണ്ട്. മുതിര്‍ന്നവരുടെ മുഖത്തിലെ ചുളിവുകള്‍ അവരുടെ ശ്രേഷ്ഠ ഭൂതകാല അനുഭവങ്ങളായും, കൈകളിലെ പാടുകള്‍ കഠിനാദ്ധ്വാനത്തിന്റെ അടയാളങ്ങളായും, വെളുത്തുപോയ മുടികള്‍ അറിവിന്റെ കിരീടമായും, മങ്ങിയ കണ്ണുകള്‍ പുത്തന്‍തലമുറയുടെ വഴിവിളക്കുകളായും നാം തിരിച്ചറിയണം. വര്‍ത്തമാനകാലത്തില്‍ ജീവിക്കാന്‍ നന്നേ ശ്രമപ്പെടുന്ന പുതിയ തലമുറയുടെ തിരക്കുപിടിച്ച ജീവിതത്തില്‍ മുതിര്‍ന്നവര്‍ അവഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍ മുതിര്‍ന്നവരേയും ദൈവം ഉപയോഗിക്കുന്നു. അതുകൊണ്ടാണു വാര്‍ദ്ധക്യത്തിലും ഫലം കായ്ച്ചുകൊണ്ടിരിക്കുമെന്നു തിരുവചനം പറയുന്നത്. ശലോമോനു ശേഷം വന്ന അദ്ദേഹത്തിന്റെ മകനായ രെഹബെയാം രാജാവിന്റെ വീഴ്ചയ്ക്കു പ്രധാനകാരണം ജ്ഞാനികളായ മുതിര്‍ന്നവരോട് ആലോചന ചോദിക്കാതെ യുവാക്കന്മാരുടെ ആലോചനപ്രകാരം ആസൂത്രണപരിപാടികള്‍ നടപ്പിലാക്കിയതാണ് (1രാജാ. 12). ശലോമോന്റെ മന്ത്രിസഭയില്‍ ഒരുകൂട്ടം വൃദ്ധന്മാരായിരുന്നു ആലോചന നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ ശലോമോന്‍ ജ്ഞാനിയായിത്തീര്‍ന്നു. നിന്റെ അപ്പന്റെയും അപ്പന്റെ സ്‌നേഹിതന്മാരുടെയും ഉപദേശം ഉപേക്ഷിക്കരുതെന്ന ശലോമോന്റെ പഠിപ്പിക്കലാണ് രെഹബെയാം ത്യജിച്ചുകളഞ്ഞത്.


1. യോസേഫ് നല്‍കുന്ന പാഠം (ഉല്പ. 46:28-34, 47:1-10)
യോസേഫിനെ കാണാനായി വാര്‍ദ്ധക്യത്തിലെത്തിയ പിതാവായ യാക്കോബ് മക്കളുമായി മിസ്രയീമിലേക്കു പോയ സംഭവമാണ് ഉല്പ. 46,47 അധ്യായങ്ങളില്‍ കാണുന്നത്. പ്രായാധിക്യത്തിലെത്തിയ യാക്കോബിനെ മിസ്രയീമില്‍ ബഹുമാനത്തോടെ സ്വീകരിക്കുകയും നല്ല താമസസൗകര്യം യോസേഫ് ഒരുക്കുകയും ചെയ്തു. തന്റെ പിതാവിനെ യോസേഫ് കരുതിയതാണ് ഇവിടത്തെ പ്രസക്തഭാഗം.


2. പൗലൊസിന്റെ ഉപദേശം (1 തിമൊ. 5:1-10)
മൂത്തവനെ ഭര്‍ത്സിക്കാതെ അപ്പനെപ്പോലെ കാണണമെന്നാണു പൗലൊസ് തിമൊഥെയൊസിനെ ഉപദേശിച്ചത്. വാര്‍ദ്ധക്യത്തിലും ഫലം കായിച്ചുകൊണ്ടിരിക്കാന്‍ വേദപുസ്തകം സന്ദേശം നല്‍കുന്നു (സങ്കീ. 92:14). നന്മയുണ്ടാകാനും ദീര്‍ഘായുസ്സോടിരിക്കാനും അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്ന കല്പനയാണ് വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പനയെന്നു പൗലൊസ് ഉപദേശിക്കുന്നു (എഫെ. 6:1-3).


3. മുതിര്‍ന്നവരുടെ പ്രവചനം (ലൂക്കൊ. 2:25-35)
വാര്‍ദ്ധക്യത്തിലെത്തിയ ശിമ്യോനും വിധവയായ ഹന്നായും ദൈവാലയത്തില്‍ വന്നു പാര്‍ത്തു. മിശിഹയുടെ വരവില്‍ പരിശുദ്ധാത്മാവില്‍ നടത്തപ്പെട്ട ശിമ്യോന്‍ യേശുവിനെ കൈയിലേന്തി ദൈവത്തെ പുകഴ്ത്തുന്നു. യേശുവിനെ തിരിച്ചറിയാനുള്ള ആത്മജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. ക്രിസ്തുവചനത്തെയും അതിന്റെ സാരാംശത്തെയും തിരിച്ചറിയാന്‍ വൃദ്ധന്മാര്‍ക്കു കഴിയുന്നു. അവരുടെ ദീര്‍ഘകാല അനുഭവങ്ങള്‍ അവരെ അങ്ങനെയാക്കിത്തീര്‍ക്കുന്നു.


ശലോമോന്‍ രാജാവിനെ ജ്ഞാനികളില്‍ ജ്ഞാനിയെന്നു വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് ഉപദേശം നല്‍കാനായി തന്റെ കൗണ്‍സിലില്‍ ഒരുകൂട്ടം വൃദ്ധന്മാര്‍ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. പേര് പ്രസിദ്ധമല്ലാത്ത കുറേപ്പേരായിരുന്നു അദ്ദേഹത്തിന്റെ ജ്ഞാനത്തിന്റെ പിന്നില്‍. എന്നാല്‍ തന്റെ മകന്‍ രെഹെബയാം അധികാരത്തില്‍ വന്നപ്പോള്‍ പരിജ്ഞാനവും അനുഭവസമ്പത്തുമുള്ള വൃദ്ധന്മാരുടെ ആലോചന ശ്രദ്ധിക്കാതെ ചെറുപ്പക്കാരുടെ ഉപദേശം അനുസരിക്കാന്‍ തുടങ്ങിയതു രാജ്യത്തില്‍ ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുകയും വലിയ അത്യാഹിതങ്ങള്‍ ഉണ്ടാകുകയും ചെയ്തു (1രാജാ. 12:1-8, 2ദിന. 10:1-8). രെഹെബയാമിന്റെ ഭരണത്തെ ഇങ്ങനെയാണ് വേദപുസ്തകം ഉപസംഹരിച്ചിരിക്കുന്നത് ''എന്നാല്‍ വൃദ്ധന്മാര്‍ തന്നോടു പറഞ്ഞ ആലോചന അവന്‍ ത്യജിച്ചു'' (1രാജാ. 12:8,13, 2ദിന.10:8,13). പഴയനിയമപ്രകാരം ദീര്‍ഘായുസ്സ് ദൈവത്തിന്റെ അനുഗ്രഹമാണ്. അങ്ങനെയെങ്കില്‍ മുതിര്‍ന്നവര്‍ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവരാണ് (സങ്കീ.128:1-6). അവര്‍ അനുഗ്രഹിക്കപ്പെട്ടവരാകകൊണ്ടു മറ്റുള്ളവരെ അനുഗ്രഹിക്കാന്‍ അവര്‍ക്കു കഴിയും. അതുകൊണ്ടാണ് വൃദ്ധനായ യാക്കോബ് മിസ്രയീം രാജാവായ ഫറവോനെ അനുഗ്രഹിച്ചത് (ഉല്പ. 47:8,10, 48:1-22). വൃദ്ധനായ യാക്കോബ് തന്റെ എല്ലാ മക്കളെയും അനുഗ്രഹിച്ചു. എന്നാല്‍ ആ അനുഗ്രഹം ഓരോ പ്രവചനമായിരുന്നു. യിസ്രായേലില്‍ ഇന്നും ആ പ്രവചനങ്ങള്‍ നിവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് യഹൂദന്മാര്‍ വിശ്വസിക്കുന്നു (ഉല്പ. 47:8,10, 48:1-22, 49:1). വാര്‍ദ്ധക്യത്തിലെത്തിയ ശിമ്യോനും ഹന്നായും ദൈവാലയത്തില്‍ യേശുക്രിസ്തുവിനെ കരങ്ങളിലെടുത്തു പിതാവിനെ മഹത്വപ്പെടുത്തുന്നതു നാം കാണുന്നു. അവരുടെ വാര്‍ദ്ധക്യം അവരെ പ്രവാചകനും പ്രവാചകിയുമാക്കി മാറ്റി (ലൂക്കൊ. 2:25-38). വൃദ്ധന്മാരുടെ അനുഗ്രഹം ഒരു പ്രവചനമായിത്തീരും. നരച്ചതല വിശുദ്ധിയുടെ അടയാളമാണ് (വെളി. 1:14, യെശ.1-18, സദൃ-16:31). വൃദ്ധന്മാര്‍ കൂടുതല്‍ ദൈവചിന്തയിലും നിത്യതയെക്കുറിച്ചുള്ള പ്രാര്‍ത്ഥനയിലും മുഴുകുന്നതുകൊണ്ട് അവര്‍ അധികം ആത്മീയരായിത്തീരുന്നു. അതുകൊണ്ടു യുവതലമുറ ഇങ്ങനെയുള്ളവരോടു സംസാരിക്കാനും അവരുടെ ആത്മീകദര്‍ശനങ്ങള്‍ പ്രാപിക്കാനും സമയം ചിലവഴിക്കണം. ദേശീയവും അന്തര്‍ദേശീയവുമായ നേതാക്കന്മാര്‍ അധികവും വൃദ്ധന്മാരാണ്. സാമൂഹിക രാഷ്ട്രീയ നവോത്ഥാനക്കാര്‍ വൃദ്ധന്മാരാണ്. വലിയ തത്വചിന്തകന്മാരും ശാസ്ത്രജ്ഞന്മാരും ആത്മീയനേതാക്കന്മാരും രാജ്യതന്ത്രജ്ഞന്മാരും നിര്‍ണ്ണായക തീരുമാനമെടുക്കുന്നവരും ചെറുപ്പക്കാരല്ല, വാര്‍ദ്ധക്യത്തിലെത്തിയവരാണ്. അതേ, അവര്‍ ദൈവത്തിന്റെ സ്വന്തജനമാണ്. വേദപുസ്തകപ്രകാരം മുതിര്‍ന്നവര്‍ അനുഭവങ്ങളുടെ അധ്യാപകരാണ്, മറ്റുള്ളവരെ അനുഗ്രഹിക്കുന്ന അനുഗ്രഹിക്കപ്പെട്ടവരാണ്, വിശുദ്ധരാണ്, പ്രാര്‍ത്ഥിക്കുന്നവരാണ്, അഭിഷേകം വഹിക്കുന്ന പ്രവാചകന്മാരാണ്.


4. മുതിര്‍ന്നവരുടെ പ്രശ്‌നങ്ങള്‍
ജറിയാട്രിക്‌സ് (Geriatrics വാര്‍ദ്ധക്യകാലരോഗങ്ങളെക്കുറിച്ചുള്ള പഠനം നടത്തുന്ന വൈദ്യശാസ്ത്രശാഖ), ജെറോന്റോളജി (Gerontology വാര്‍ദ്ധക്യവിജ്ഞാനം) തുടങ്ങിയ ശാസ്ത്രശാഖകള്‍ ഇന്നു മുതിര്‍ന്നവരുടെ വെല്ലുവിളികളെക്കുറിച്ചു പല പഠനങ്ങളും നടത്തുന്നുണ്ട്. ജറിയാട്രിക്‌സ് സൊസൈറ്റി ഒഫ് ഇന്ത്യ ഈ വിഷയങ്ങളെക്കുറിച്ചു വിശദമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നു. മെഡിക്കല്‍ ഡോക്ടര്‍മാര്‍ക്ക് കേരളത്തിലെ കൊച്ചിയില്‍ സ്ഥിതിചെയ്യുന്ന ''ജറിയാട്രിക്‌സ് ഇന്ത്യാ സെന്റര്‍'' ഡിപ്ലോമാ കോഴ്‌സ് നടത്തുന്നുണ്ട്. 1999-നെ ഐക്യരാഷ്ട്രസംഘടന മുതിര്‍ന്നവരുടെ അന്തര്‍ദേശീയവര്‍ഷമായി പ്രഖ്യാപിച്ചിരുന്നു. 2011-ന്റെ സെന്‍സസ് അനുസരിച്ച് 79 ദശലക്ഷം മുതിര്‍ന്നപൗരന്മാര്‍ ഇന്ത്യയിലുണ്ട്. അതില്‍ 32 ദശലക്ഷം പേര്‍ 70 വയസ്സിലധികമുള്ളവരും 10 ദശലക്ഷത്തിലേറെ 80 വയസ്സിലധികമുള്ളവരുമാണ്. അതായത് ഓരോ പതിനൊന്ന് ഇന്ത്യാക്കാരിലും ഒരാള്‍ മുതിര്‍ന്ന പൗരനാണ്. ഇവര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലാണ് - 10.8%. അതായത് ഓരോ 10 മലയാളിയിലും ഒരാള്‍ മുതിര്‍ന്ന പൗരനാണ്. 33.1% മുതിര്‍ന്നപൗരന്മാര്‍ ഇന്ത്യയില്‍ ജീവിതപങ്കാളി നഷ്ടപ്പെട്ടു ജീവിക്കുന്നു. രണ്ടു മുതിര്‍ന്നപൗരന്മാരിലൊരാള്‍ ഏതെങ്കിലും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും (chronic disease), ദീര്‍ഘകാലമായി മരുന്നു ഉപയോഗിക്കുന്നവരുമാണ്. 2030 ആകുമ്പോള്‍ മൂന്നിലൊന്നു ജനസംഖ്യ മുതിര്‍ന്ന പൗരന്മാരായിത്തീരും എന്നു കണക്കാക്കപ്പെട്ടു. അതിനൊരു പ്രധാനകാരണം മരണനിരക്കിന്റെ കുറവുതന്നെയാണ് (less mortality rate). അതുകൊണ്ടു മുതിര്‍ന്ന പൗരന്മാരെ കരുതുന്ന കാര്യത്തില്‍ വേദപുസ്തകപ്രകാരമുള്ള ഒരു പരിഹാരം അടിയന്തിരമായി പുതിയ തലമുറ കണ്ടെത്തേണ്ടിയിരിക്കുന്നു. ഗ്രാമപ്രദേശങ്ങളിലുള്ളവരെക്കാള്‍ പട്ടണവാസികളായ മുതിര്‍ന്നവര്‍ക്കാണു ജീവിതം ഏറെ ക്ലേശകരം. പട്ടണങ്ങളിലുള്ള അണുകുടുംബവ്യവസ്ഥിതിയും തിരക്കിട്ട മക്കളുടെ ജീവിതശൈലിയുമാണ് ഇതിനു പ്രധാനകാരണം. ഗ്രാമങ്ങളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 'അന്നപൂര്‍ണ്ണ' എന്നപേരില്‍ 10 കിലോ ഭക്ഷണസാധനങ്ങള്‍ കൊടുക്കുന്ന പരിപാടി കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്നവരുടെ പലവിധമായ പ്രശ്‌നങ്ങള്‍ കണക്കിലെടുത്തു വൃദ്ധസദനങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങളുള്ളത് കേരളത്തിലാണ്. 760 വൃദ്ധസദനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതില്‍ 146 കേരളത്തിലും 122 തമിഴ്‌നാടിലുമാണ്. ചില സാമൂഹികശാസ്ത്രജ്ഞന്മാര്‍ വൃദ്ധസദനം എന്ന ചിന്തയെ ശക്തമായി വിമര്‍ശിക്കുന്നെങ്കിലും ഇന്നത്തെ യുവതലമുറയുടെ ജീവിതശൈലി വൃദ്ധസദനങ്ങളുടെ അനിവാര്യതയെ കാണിക്കുന്നു. മുതിര്‍ന്നവര്‍ മക്കളോടൊപ്പം താമസിക്കാന്‍ കാണിക്കുന്ന വിമുഖതയും ഇവിടെ കണക്കിലെടുക്കപ്പെടണം. യാക്കോബ് തന്റെ നാടും വീടും വിട്ട് തന്റെ മകന്റെ ജോലിസ്ഥലത്തേക്കു പോകാന്‍ വിമുഖത കാണിച്ചപ്പോള്‍ ''നിന്റെ മക്കളോടൊപ്പം ഈജിപ്റ്റിലേക്കു പോകുവാന്‍ നീ ഭയപ്പെടേണ്ട'' (ഉല്പ. 46:2-4) എന്ന് ദൈവം യാക്കോബിനോടു വ്യക്തിപരമായി സംസാരിച്ചത് ഇത്തരുണത്തില്‍ സ്മരിക്കപ്പെടാം. മുതിര്‍ന്നവരുടെ വിവിധ പ്രശ്‌നങ്ങളെ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു


• ആരോഗ്യപരം (Issue of Health)
• സ്വീകാര്യത (Issue of Acceptance)
• സുരക്ഷിതത്വബോധം (Issue of Security)
• അംഗീകാരം (Issue of Recognition)
• മാനസികം (Issue of Psychological Disorientation)
• ചലനം (Issue of Mobility)
• ആശ്രയം (Issue of Dependence)


5. വേദപുസ്തകത്തിന്റെ സന്ദേശം
മുതിര്‍ന്നവരെ അംഗീകരിക്കാനും അവരോടൊപ്പം സമയം ചെലവിടാനും അവരെ സ്‌നേഹിക്കാനും അവരുടെ അനുഭവങ്ങള്‍ ശ്രദ്ധിക്കാനും അവരോടു ചേര്‍ന്നു നില്‍ക്കാനും വേദപുസ്തകം ഓര്‍മ്മിപ്പിക്കുന്നു. ദുഃഖത്തിലും ക്ഷീണത്തിലും കഴിയുന്ന എല്ലാ മാതാപിതാക്കളെയും കരുതാനും തികഞ്ഞ പ്രത്യാശയിലേക്കു നടത്താനും നമുക്കു സാധിക്കണം. പത്തുകല്പനകളില്‍ ഒരേയൊരു കല്പനയാണ് വാഗ്ദത്തത്തോടുകൂടിയ കല്പന ''നിനക്കു നന്മയുണ്ടാകാനും ദീര്‍ഘായുസ്സോടിരിക്കാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കണം'' (ലേവ്യ.19:3, പുറ.20:12, ആവര്‍.5:16). രക്ഷാകര്‍ത്താക്കളെ മാത്രമല്ല, എല്ലാ മുതിര്‍ന്നവരെയും ബഹുമാനിക്കണം എന്നാണ് പഴയനിയമ ഉപദേശം. ''നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാന്‍ യഹോവ ആകുന്നു'' (ലേവ്യ. 19:32). ജ്ഞാനസാഹിത്യത്തിലും അനേകസ്ഥലങ്ങളില്‍ ഇപ്രകാരമുള്ള ഉപദേശങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു (സദൃ. 17:6). യേശുക്രിസ്തു അന്നത്തെ കപടഭക്തിക്കാരുടെ നിരര്‍ത്ഥകമായ മനുഷ്യനിര്‍മ്മിത പാരമ്പര്യ ആചാരങ്ങളെ വിമര്‍ശിച്ചപ്പോള്‍ താന്‍ പത്തുകല്പനകളില്‍നിന്ന് എടുത്തുപറഞ്ഞ കല്പന ഇതായിരുന്നു (മത്താ.15:1-9, മര്‍ക്കൊ. 7:10) വാക്കുകളുടെ പെരുപ്പത്തിലല്ല പ്രവൃത്തിക്കാണ് പ്രാധാന്യം എന്ന് അവിടുന്നു പറഞ്ഞു. വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന എന്നാണ് പൗലൊസ് ഇതിനെ വിശേഷിപ്പിച്ചത് (എഫെ. 6:1-4). മുതിര്‍ന്നവരെ തിരസ്‌കരിക്കാതെ പിതാവിനെപ്പോലെ കരുതണമെന്നാണ് വി.പൗലൊസ് തിമൊഥെയൊസിനു നല്‍കിയ നിര്‍ദ്ദേശം (1തിമൊ. 5:1).

Menu