പട്ടത്വ സ്വീകാര്യത്തിലൂടെ രാജകീയപുരോഹിതവര്‍ഗ്ഗമായി വിളിച്ചുചേര്‍ക്കപ്പെട്ടവരുടെ കൂട്ടമാണ് ദൈവസഭ. അവിടുത്തെ വിളിയെ വിവേചിച്ചറിഞ്ഞുകൊണ്ടു അവിടുത്തെ രാജ്യവര്‍ദ്ധനവിനായി പ്രയത്‌നിക്കുകയും ദുര്‍ബലരെ ശക്തീകരിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്യാനാണ് ഈ അല്‌മേനികളുടെ ഞായര്‍ ആചരിക്കുന്നത്. യേശുക്രിസ്തുവിലൂടെ അവിടുന്ന് എല്ലാവരെയും രാജാക്കന്മാരും പുരോഹിതന്മാരുമാക്കുന്നു (വെളി. 1:6). അതുകൊണ്ടു പുതിയനിയമ ശുശ്രൂഷയില്‍ വേര്‍തിരിവുകളില്ല. അങ്ങനെയാണ് അല്മായ ശുശ്രൂഷ ദൈവസഭയില്‍ പ്രധാനപ്പെട്ടതാകുന്നത്. കാരണം സഭയുടെ പ്രധാന ശുശ്രൂഷകള്‍ പലതും നിര്‍വ്വഹിക്കുന്നത് അല്മായരാണ്. എല്ലാവരും ദൈവസഭയുടെ ശുശ്രൂഷയില്‍ പങ്കാളികളായിരിക്കേണ്ടതാണ് (1കൊരി.12). മുന്തിരിത്തോട്ടത്തിലേക്കു എല്ലാക്കാലത്തും എല്ലാവരും വിളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു (മത്താ.20:1-7). ദൈവവിളി ഇല്ല എന്നുപറഞ്ഞു ആര്‍ക്കും മാറിനില്‍ക്കാന്‍ കഴിയില്ല. പ്രസംഗംകൊണ്ടു മാത്രമല്ല ദൈനംദിന ജീവിതത്തിലെ ഓരോ പ്രവൃത്തികൊണ്ടും ക്രിസ്തുവിനെ സാക്ഷിക്കാന്‍ എല്ലാ അല്മായര്‍ക്കും കഴിയും.
1. എല്ലാ വിശ്വാസികളുടെയും പൗരോഹിത്യം ക്രിസ്തുവിലൂടെ (1 പത്രൊ. 2:1-10)
യേശുക്രിസ്തുവിലൂടെയാണു പൗരോഹിത്യം ഉദാരവത്ക്കരിക്കപ്പെട്ടത്. മതത്തിനു നിലനില്‍ക്കാന്‍ ആവശ്യമായ ഒരു ഘടകം പുരോഹിതനാണ്. പുരോഹിതനാണ് മതത്തിന്റെ സൂക്ഷിപ്പുകാരന്‍. എല്ലാമതത്തിനും അതിന്റേതായ പുരോഹിതന്മാരുണ്ട്. എന്നാല്‍ ക്രിസ്തുവിന്റെ ഏകീകരണ ശുശ്രൂഷയില്‍ നടന്നത് പൗരോഹിത്യം റദ്ദ് ചെയ്യലല്ല, പ്രത്യുത ഉദാരമാക്കലായിരുന്നു. പന്ത്രണ്ടില്‍ ഒരു ഗോത്രത്തിനു മാത്രമേ പുരോഹിതന്‍ ആകാവൂ, ലേവ്യര്‍ക്ക്. പുരോഹിതസ്ഥാനവസ്ത്രം ആ ഗോത്രത്തിലെതന്നെ അടുത്ത തലമുറക്കു കൈമാറണം. അതുകൊണ്ട് പുരോഹിതന്‍ വസ്ത്രം പിടിച്ചുകീറരുതെന്നാണ് പ്രമാണം (ലേവ്യ. 21:10). എന്നാല്‍ ക്രൂശുമരണത്തിനു മുമ്പ് നീ ദൈവപുത്രനാണോ എന്ന മഹാപുരോഹിതന്റെ ചോദ്യത്തില്‍ ''അതേ ഞാന്‍ ദൈവപുത്രനാണ്'' എന്ന ക്രിസ്തുവിന്റെ മറുപടി കേട്ട് മഹാപുരോഹിതന്‍ വസ്ത്രം കീറി. (മര്‍ക്കൊ. 14:63). അങ്ങനെ പഴയപ്രമാണത്തിനു താനറിയാതെതന്നെ മഹാപുരോഹിതന്‍ വിരാമം കുറിച്ചുവെന്നാണു പറയുന്നത്. അങ്ങനെ ക്രിസ്തുവിന്റെ മരണത്തിലൂടെ എല്ലാവര്‍ക്കും പൗരോഹിത്യം നല്‍കിക്കൊണ്ടു പൗരോഹിത്യം ഉദാരമാക്കി. എല്ലാവരെയും രാജാക്കന്മാരും പുരോഹിതന്മാരും ആക്കി (വെളി. 1:6, 1പത്രൊ. 2:9). ഇന്നും അബ്രാഹ്മണന് പുരോഹിതന്‍ ആകാന്‍ കഴിയുകയില്ല എന്ന വികലമായ വിശ്വാസത്തിലാണല്ലോ ചില ഭാരതീയമതങ്ങള്‍ വിശ്വസിക്കുന്നത്. എന്നാല്‍ വജ്രസൂചികോപനിഷത്തില്‍ പറയുന്നത് ബ്രാഹ്മണന്‍ ജാതിയല്ല എന്നാണ്. പിന്നെ ആരാണ് ബ്രാഹ്മണന്‍? അവന്‍ ജീവനാണോ? ദേഹമാണോ? ജാതിയാണോ? കര്‍മ്മമാണോ? ധാര്‍മ്മികത്വമാണോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഈ ഉപനിഷത്തില്‍ ഉത്തരം നല്‍കുന്നു. ഭൗതിക ദേഹമല്ല ബ്രാഹ്മണന്‍. ചണ്ഡാളന്‍ മുതല്‍ സകല മനുഷ്യരുടേയും ശരീരം ഒരുപോലെ പഞ്ചഭൂതാത്മകമാണ്. എല്ലാവരിലും വാര്‍ദ്ധക്യം, മരണം, ധര്‍മ്മം, അധര്‍മ്മം എന്നിവയുണ്ട്. ബ്രാഹ്മണന്‍ വെളുത്ത നിറക്കാരനും ക്ഷത്രിയന്‍ ചുവന്ന നിറക്കാരനും വൈശ്യന്‍ മഞ്ഞനിറക്കാരനും ശൂദ്രന്‍ കറുത്തനിറക്കാരനും ആകണമെന്നു യാതൊരു നിയമവുമില്ല. ബ്രാഹ്മണന്‍ ജാതിയല്ല. കാരണം ഭിന്നജാതിയില്‍പ്പെട്ടവരില്‍നിന്നും മഹര്‍ഷിമാര്‍പോലും ജനിച്ചിട്ടുണ്ട്. മുക്കുവസ്ത്രീയില്‍ നിന്നാണല്ലോ വ്യാസന്‍ ജനിച്ചത്. ജ്ഞാനം കൊണ്ട് ബ്രാഹ്മണന്‍ ആകണമെന്നില്ല. അന്യജാതിക്കാരും പരമാര്‍ത്ഥദര്‍ശികള്‍ ആയിത്തീര്‍ന്നിട്ടുണ്ട്. പിന്നെ ആരാണ് ബ്രാഹ്മണന്‍? ആത്മാവായ ദൈവത്തെ സാക്ഷാത്കരിക്കുന്നവനാണ് ബ്രാഹ്മണന്‍. കാമരാഗാദിദോഷരഹിതനായി ശമദമാദി സമ്പന്നനായും മാത്സര്യം, തൃഷ്ണ, ആശ, ഡംഭം, അഹങ്കാരം ഇവ വെടിഞ്ഞവനായും ഏതൊരാള്‍ കഴിയുന്നുവോ അവന്‍ ആരായാലും അവനാണ് ബ്രാഹ്മണന്‍. ഏതു ജാതിയില്‍പ്പെട്ടവനും ബ്രാഹ്മണനായിരിക്കാന്‍ കഴിയും. ഇതാണ് ശ്രുതിയുടെയും പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും ഉപനിഷത്തുകളുടെയും സന്ദേശം (വജ്ര. ഉപ. 1-9). ഇങ്ങനെ ഭാരതീയ മതമനുസരിച്ചും എല്ലാവരെയും പുരോഹിതനാക്കുവാനുള്ള ഒരു ആഹ്വാനമുണ്ട്.
ജന്മനാജായതേ ശൂദ്ര
കര്‍മണാ ജായതേ ബ്രാഹ്മണാ
ബ്രഹ്മവേദേതി ബ്രാഹ്മണ
2. എല്ലാവര്‍ക്കുംവേണ്ടിയുള്ള യേശുവിന്റെ പൗരോഹിത്യപ്രാര്‍ത്ഥന (യോഹ. 17:1-8)
ക്രിസ്തുവിന്റെ ശരീരമായ സഭ പുരോഹിതരാജ്യമായി അഭിഷേകം ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ പൗരോഹിത്യത്തിനുള്ള രണ്ടു കടമകളെ പത്രൊസ് ചൂണ്ടിക്കാണിക്കുന്നു (1പത്രൊ. 2:5-9). 1. യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു പ്രസാദമുള്ള ആത്മീയയാഗം കഴിക്കുക. 2. അന്ധകാരത്തില്‍നിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു വിളിച്ചവന്റെ സദ്ഗുണങ്ങളെ ഘോഷിക്ക. വെളിപ്പാടു പുസ്തകത്തില്‍ രാജകീയപുരോഹിതവര്‍ഗ്ഗം എന്ന ആശയത്തെ വ്യക്തമാക്കിയിട്ടുണ്ട് (വെളി. 1:6, 5:10, 20:6). യേശുവിന്റെ പൗരോഹിത്യപ്രാര്‍ത്ഥനയാണ് യോഹ. 17 -ല്‍ കാണുന്നത്. മനുഷ്യനും ദൈവവുമായി യേശുക്രിസ്തുവിലൂടെ ഒന്നായിത്തീര്‍ന്നിരിക്കുന്നു. ഇതാണ് പുരോഹിതശുശ്രൂഷ - പ്രായശ്ചിത്തമാവുക അഥവാ ഐക്യശുശ്രൂഷ. യോഹ. 17:11,21,23 വാക്യങ്ങളില്‍ തന്റെ ശിഷ്യന്മാര്‍ ഒന്നായിത്തീരേണ്ടതിനായി യേശു പ്രാര്‍ത്ഥിക്കുന്നതായി കാണുന്നു. ഇതാണു വിശ്വാസികളുടെ ഐക്യത്തിനായുള്ള ശക്തമായ പൗരോഹിത്യപ്രാര്‍ത്ഥന.
3. എല്ലാ വിശ്വാസികളുടെയും പൗരോഹിത്യം (യെശ. 61:1-11)
യഹോവയുടെ അഭിഷിക്തനാണ് പുരോഹിതന്‍. എന്നാല്‍ അന്ത്യകാലത്ത് എല്ലാവരുടെമേലും ദൈവം തന്റെ ആത്മാവിനെ പകര്‍ന്നു (യോവേ. 2:28, അ.പ്ര. 2:17). ആത്മാവിനെ പ്രാപിച്ചവര്‍ വിമോചനത്തിന്റെ ചാലകങ്ങളാണ്. ''യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയുടെ ആത്മാവ് എന്റെ മേലിരിക്കുന്നു'' എന്നു പറഞ്ഞുതുടങ്ങുന്ന യെശ. 61-ല്‍ അഭിഷിക്തന്‍ ചെയ്യേണ്ട ശുശ്രൂഷ രേഖപ്പെടുത്തുന്നുണ്ട്. അതൊരു വിമോചനശുശ്രൂഷയാണ്. ഹൃദയം തകര്‍ന്നവര്‍ക്കും തടവുകാര്‍ക്കും ബദ്ധന്മാര്‍ക്കും ദുഃഖിതന്മാര്‍ക്കും വിമോചനമുണ്ടാകണം. ഇതാണ് യേശുക്രിസ്തുവിന്റെയും പ്രഖ്യാപിതനയം (ലൂക്കൊ. 4:18). അതുകൊണ്ട് എല്ലാ വിശ്വാസികളുടെയും പൗരോഹിത്യം ഈ അഭിഷേകത്തിലൂടെ ഉറപ്പിക്കപ്പെടുന്നു. പുതിയനിയമവിശ്വാസികള്‍ക്കുള്ള ഉപദേശമിതാണ് : ''അവനാല്‍ പ്രാപിച്ച അഭിഷേകം നിങ്ങളില്‍ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാന്‍ ആവശ്യമില്ല; അവന്റെ അഭിഷേകംതന്നെ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്‌കല്ല സത്യംതന്നെ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങള്‍ അവനില്‍ വസിപ്പിന്‍. ഇനിയും കുഞ്ഞുങ്ങളേ, അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നാം അവന്റെ സന്നിധിയില്‍ ലജ്ജിച്ചുപോകാതെ അവന്റെ പ്രത്യക്ഷതയില്‍ നമുക്കു ധൈര്യം ഉണ്ടാകേണ്ടതിനു അവനില്‍ വസിപ്പിന്‍'' (1യോഹ. 2:27,28).