Sermon Outlines
Create Account
1-800-123-4999

ദുര്‍ബലത : കരുതലും ആദരവും

Tuesday, 08 October 2019 04:03
Rate this item
(1 Vote)

ഒക്‌ടോബര്‍ 13
മാനസികവും ശാരീരികവുമായി വെല്ലുവിളിക്കപ്പെട്ടവരുടേയും സാന്ത്വനശുശ്രൂഷാരോഗികളുടേയും ഞായര്‍

Sunday for the Mentally & Physically Challenged and Palliative Patients

ദുര്‍ബലത : കരുതലും ആദരവും
Disability: Care and Honour


പഴയനിയമം     2 ശമു. 9:1-13
സങ്കീര്‍ത്തനം      146
ലേഖനം             അ.പ്ര.  9:32-35
സുവിശേഷം      മര്‍ക്കൊ. 3:1-6


ധ്യാനവചനം : വരണ്ട കയ്യുള്ള മനുഷ്യനോടു അവന്‍ : നടുവില്‍ എഴുന്നേറ്റുനില്ക്ക എന്നു പറഞ്ഞു (മര്‍ക്കൊ. 3:3).


മാനസികവും ശാരീരികവുമായി തളര്‍ന്നുപോകുന്നതും വെല്ലുവിളിക്കപ്പെടുന്നവരുടെയിടയിലാണ് കര്‍ത്താവ് കൂടൂതല്‍ സമയവും ചെലവിട്ടത്. ''രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം'' എന്നായിരുന്നു കര്‍ത്താവിന്റെ ശുശ്രൂഷയുടെ നിലപാട്. ഇത്തരത്തില്‍ കഷ്ടപ്പെടുന്നത് ഏതെങ്കിലും കര്‍മ്മഫലമാണെന്നും ശാപമാണെന്നും ചിന്തിച്ചിരുന്ന പശ്ചാത്തലത്തിലാണ് ക്രിസ്തുവിന്റെ ശുശ്രൂഷ ആരംഭിക്കുന്നത്. കുരുടനും മുടന്തനും ചെകിടനും കുഷ്ഠരോഗിയും അന്നു സമൂഹത്തില്‍ തിരസ്‌കരിക്കപ്പെട്ടവരാണ്. അതായത് അശുദ്ധരാണ്. എന്നാല്‍ ആരെയും അശുദ്ധരെന്നു പറയരുതെന്നാണു പുതിയനിയമം (അ.പ്ര.10:28). ഇത്തരം രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ ജീവിക്കാന്‍ അര്‍ഹതയുള്ളവരായിരുന്നില്ല. പൂര്‍ണ്ണമായി പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ജീവിതത്തില്‍ ഒതുക്കപ്പെടുകയും ചെയ്ത ഇപ്രകാരമുള്ളവരെ പൂര്‍ണ്ണരാക്കി ഒരു സമഗ്രവ്യക്തിത്വത്തിന്റെ ഉടമയാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയാണ് ക്രിസ്തു ചെയ്തത്. യേശുക്രിസ്തു ചെയ്ത അത്ഭുതങ്ങളും രോഗശാന്തികളും ജനത്തെ തന്നിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തില്‍ ചെയ്തതല്ല. പ്രത്യുത ജനത്തിന്റെ വിടുതലിനായി, അഥവാ വിമോചനത്തിനായി ചെയ്തതാണ്. യേശു വരുത്തിയ സൗഖ്യം വെറും ശാരീരികം മാത്രമായിരുന്നില്ല. അതു സാമൂഹികവും ആത്മീയവും കൂടെയായിരുന്നു. അതുകൊണ്ട് ഇന്നും മാനസികവും ശാരീരികവുമായി വെല്ലുവിളിക്കപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യം സഭയിലെ ഓരോ അംഗത്തിന്റെയും ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടതാണ്. അവരോടു ബഹുമാനവും കരുതലും ഉണ്ടാകേണ്ടതുമാണ്.


1. ബലഹീനതയില്‍ ഉയര്‍ത്തപ്പെടുന്നു (2 ശമു. 9:1-13)
മെഫീബോശെത്തിനു ലഭിക്കുന്ന ആദരവാണ് 2 ശമു. 9:1-3 -ല്‍ കാണുന്നത്. ശൗല്‍ രാജാവിന്റെ പുത്രനായ യോനാഥാന്റെ മകനായിരുന്നു മെഫീബോശെത്ത്. പിതാവും പിതാമഹനും ഗില്‍ബോവാ പര്‍വ്വതത്തില്‍വച്ചു യുദ്ധത്തില്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിനു അഞ്ചു വയസ്സായിരുന്നു. അക്കാലത്തു ധാത്രിയുടെ സംരക്ഷണത്തിലായിരുന്നു പൈതല്‍. ദുരന്തത്തെക്കുറിച്ചുള്ള വാര്‍ത്ത രാജഗൃഹത്തിലെത്തിയപ്പോള്‍ അവര്‍ കുഞ്ഞിനെയും എടുത്തുകൊണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ദാരുണമായി കുഞ്ഞ് താഴെവീഴുകയും രണ്ടുകാലും മുടന്താവുകയും ചെയ്തു (2ശമു. 4:4). ഈ അപകടത്തിനുശേഷം അദ്ദേഹം ലോദേബാരില്‍ ഗാഥ്യനായ മാഖീരിന്റെ വീട്ടില്‍ കഴിയുകയായിരുന്നു. യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിനു ശൗലിന്റെ കുടുംബത്തില്‍ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ എന്ന് അന്വേഷിച്ചപ്പോഴാണ് രണ്ടുകാലും മുടന്തുള്ള മെഫീബോശെത്തിനെ ദാവീദ് കണ്ടുമുട്ടുന്നത്. അവന്‍ മുടന്തനായിരുന്നുവെങ്കിലും അവന്റെ നിലവും പുരയിടവും ദാവീദ് മടക്കിക്കൊടുത്തു. ദിവസവും ദാവീദിന്റെ മേശയില്‍നിന്നു ഭക്ഷണം കഴിക്കാന്‍ അവകാശം നല്‍കി. അവശത അനുഭവിക്കുന്നവരോടു നാം കാണിക്കേണ്ട ബഹുമാനത്തിനും കരുതലിനും ഒരു മാതൃകയാണിത്.


2. യേശു നല്‍കുന്ന കരുതല്‍ (മര്‍ക്കൊ. 3:1-6)
വരണ്ടകയ്യുള്ള മനുഷ്യനെ കര്‍ത്താവ് സൗഖ്യമാക്കിയ സംഭവമാണു മര്‍ക്കൊ. 3:1-6 -ല്‍ കാണുന്നത്. യേശുക്രിസ്തു ചെയ്ത രോഗശാന്തിയും വീര്യപ്രവര്‍ത്തികളും വെറും ശാരീരികസുഖത്തിനു മാത്രമായിരുന്നില്ല. ശാരീരികമായും മാനസികമായും വെല്ലുവിളിക്കപ്പെട്ട ഈ ബലഹീനമനുഷ്യനെ ബലപ്പെടുത്തി നടത്തിയതുപോലെ എത്രയോ അടയാളങ്ങള്‍ തന്റെ പരസ്യശുശ്രൂഷാകാലത്തു ചെയ്തിട്ടുള്ളതായി നമുക്കറിയാം. എന്നാല്‍ യേശു ചെയ്ത അടയാളങ്ങളൊന്നും മനുഷ്യരെ യേശുവിലേക്ക് ആകര്‍ഷിക്കാന്‍ ആയിരുന്നില്ല, പ്രത്യുത ജനത്തിന്റെ വിടുതലിനുവേണ്ടിയായിരുന്നു. അതുകൊണ്ടാണു പലസ്ഥലങ്ങളിലും ഈ അത്ഭുതങ്ങള്‍ ആരോടും പറയരുതെന്നു ക്രിസ്തു പറഞ്ഞത് (മര്‍ക്കൊ. 1:44,45). കുഷ്ഠരോഗിയെ സൗഖ്യമാക്കിയിട്ട് ഇതാരോടും പറയരുതെന്ന് അമര്‍ച്ചയായി കല്പിച്ചുവെന്നു രേഖപ്പെടുത്തുന്നു. എന്നാല്‍ അവനെത്തന്നെ പുരോഹിതനു കാണിച്ചു തന്റെ ശുദ്ധീകരണത്തിനുവേണ്ടി മോശെ കല്പിച്ചത് അവര്‍ക്കു സാക്ഷ്യത്തിനായി അര്‍പ്പിക്ക എന്നുപറഞ്ഞ് അവനെ വിട്ടയച്ചു. അവിടെയും അവന്റെ നന്മയായിരുന്നു ക്രിസ്തുവിന്റെ ലക്ഷ്യം. അവനെ ക്രിസ്തുവിന്റെ പരസ്യത്തിനുവേണ്ടി ഉപയോഗിക്കുകയല്ല.


3. ബലഹീനതയില്‍ ആശ്വാസം - അപ്പൊസ്തലന്മാരുടെ ശുശ്രൂഷ (അ.പ്ര. 9:32-35)
യേശുവിനുശേഷം വന്ന അപ്പൊസ്തലന്മാരും യേശുവിന്റെ അതേ ശുശ്രൂഷതന്നെ തുടര്‍ന്നതായി മനസ്സിലാക്കുന്നു. പക്ഷപാതം പിടിച്ചു എട്ടു സംവത്സരമായി കിടക്കയിലായിരുന്ന ഐനെയാസിനെ പത്രൊസ് സന്ദര്‍ശിക്കുന്നു. 'ഐനെയാസെ യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു' എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം സൗഖ്യം പ്രാപിച്ചു. രോഗക്കിടക്കയില്‍ കിടക്കുന്നവരെ കരുതുകയും സന്ദര്‍ശിക്കുകയും ചെയ്യുന്ന ശുശ്രൂഷ ദൈവസഭയുടെ ഒരു പ്രധാന ശുശ്രൂഷയാണ്. ഇങ്ങനെ പഴയനിയമത്തിലും യേശുക്രിസ്തുവിന്റെ ശുശ്രൂഷയിലും അപ്പൊസ്തലന്മാരുടെ ശുശ്രൂഷയിലും മാനസികവും ശാരീരികവുമായി വെല്ലുവിളിക്കപ്പെടുന്നവരുടെയിടയില്‍ പ്രവര്‍ത്തിക്കേണ്ട സാന്ത്വനശുശ്രൂഷകളെ നാം മാതൃകയാക്കുന്നു.

Menu