ഒന്നാംനൂറ്റാണ്ടിലെ സഭ പന്തിരുവരെ കൂടാതെ ഏഴു പുരുഷന്മാരെ കൂടെ നിയമിച്ചു. അതു മേശകളില്‍ ശുശ്രൂഷ ചെയ്യാനായിരുന്നു. ഇവരാണു ക്രമേണ ശുശ്രൂഷകന്മാര്‍ എന്നറിയപ്പെട്ടത് - ഡീഖന്‍. പുതിയനിയമസഭയില്‍ ഇവരുടെ പ്രവര്‍ത്തനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. തുടര്‍ന്ന് ഇവരില്‍ ചിലര്‍ ശക്തരായ മിഷണറിമാരായി മാറി. ഉദാഹരണം : ഫിലിപ്പൊസ്, സ്‌തേഫാനൊസ്. ഒരു മനുഷ്യന്റെ യൗവനകാലം വളരെ പ്രധാനപ്പെട്ടതാണ്. യൗവനകാലത്തു സൃഷ്ടാവിനെ ഓര്‍ത്തുകൊള്ളാന്‍ സഭാപ്രസംഗി ഓര്‍മ്മിപ്പിക്കുന്നു (സഭാ. 11:9, 12:1). യൗവനകാലത്തു വിശുദ്ധിയോടെ കഴിയാന്‍ പൗലൊസ് ഉപദേശിക്കുന്നു (2തിമൊ. 2:22). യൗവനത്തിലെ ശക്തി തിന്മയ്ക്കായി ഉപയോഗിക്കരുത് (സദൃ. 5:9). യൗവനം തുച്ഛീകരിക്കാന്‍ പാടില്ല. ദൈവകേന്ദ്രിതവും ക്രിസ്തുകേന്ദ്രിതവുമായ ജീവിതം നയിക്കുമ്പോഴാണ് അത് അര്‍ത്ഥസമ്പന്നമാകുന്നത്. യുവതലമുറ സമകാലികലോകത്തില്‍ പലതരത്തിലുള്ള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു. വിവിധ പ്രലോഭനങ്ങളാണ് അവരുടെ ആത്മീയതയ്‌ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്നത്. അണുകുടുംബവ്യവസ്ഥിതിയും സാമൂഹികമാധ്യമങ്ങളും വാര്‍ത്താവിനിമയ സാങ്കേതികവിദ്യയുടെ വളര്‍ച്ചയും 'ഗ്ലോബല്‍ വില്ലേജ്' എന്ന ചിന്തയും ലോകത്തെ വളരെ ചെറുതാക്കുന്ന ഒരു കാലഘട്ടത്തില്‍ എത്തിച്ചിരിക്കുന്നു. ദൈവത്തെക്കുറിച്ചും ദൈവികകാര്യങ്ങെളക്കുറിച്ചും ചിന്തിക്കാന്‍ സമയം ലഭിക്കാത്ത വിധത്തിലുള്ള തൊഴിലുകളിലാണു നമ്മുടെ യുവാക്കള്‍ക്ക് ഏര്‍പ്പെടേണ്ടിവരുന്നത്. ശാസ്ത്രത്തിന്റെ വളര്‍ച്ച അവരുടെ ക്രിസ്തീയവിശ്വാസത്തെ പലപ്പോഴും ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരുണത്തില്‍ സമകാല യുവതലമുറയ്ക്ക് എങ്ങനെ ക്രിസ്തുവിനോടൊപ്പം കര്‍മ്മനിരതരായിരിക്കാന്‍ കഴിയുമെന്നു ചിന്തിക്കേണ്ടതാണ്.
1. ദാനിയേല്‍ കര്‍മ്മപഥത്തില്‍ (ദാനി. 1:1-17)
യുവാവായ ദാനിയേലിന്റെ മാതൃക നിറഞ്ഞ ആത്മീയജീവിതമാണ് ദാനിയേലിന്റെ പുസ്തകം ചൂണ്ടിക്കാട്ടുന്നത്. ബാബിലോണിലേക്കു പ്രവാസികളായി പിടിക്കപ്പെട്ടുകൊണ്ടുവന്ന ദാനിയേല്‍, ഹനന്യാവു (ശദ്രക്ക്), മീശായേല്‍ (മേശെക്ക്), അസര്യാവു (അബേദ്‌നഗോവ്) എന്നീ യഹൂദയുവാക്കന്മാര്‍ ബാബിലോണിയയിലും വിശുദ്ധജീവിതത്തിനായി നിലനിന്നു. പുതിയ സാഹചര്യങ്ങള്‍, മതം, സംസ്‌കാരം, ഭക്ഷണരീതി ഇവയൊന്നുംതന്നെ അവരെ പ്രലോഭിപ്പിച്ചില്ല. ഭക്ഷണപാനീയങ്ങളില്‍പ്പോലും അവര്‍ വ്യത്യസ്തരായി ജീവിച്ചു. സംസ്‌കാരവും രാജ്യവും ഭാഷയും മാറി ജീവിക്കേണ്ടിവരുന്ന സാഹചര്യങ്ങളുണ്ടാകുമ്പോഴും ഇന്നത്തെ പശ്ചാത്തലത്തിലെ യുവാക്കള്‍ക്ക് ഈ യഹൂദ യുവാക്കന്മാര്‍ മാതൃകയായിത്തീരണം. അവര്‍ ആയിരുന്ന സ്ഥലത്തു യഹോവയായ ദൈവം തന്നെ സത്യദൈവമെന്നു വെളിപ്പെടുത്തിയതുപോലെ ഇന്നത്തെ യുവജനങ്ങള്‍ അതു വെളിപ്പെടുത്താന്‍ തയ്യാറാകണം.
2. ശുശ്രൂഷകര്‍ കര്‍മ്മപഥത്തില്‍ (അ.പ്ര. 6:1-7)
ഒന്നാംനൂറ്റാണ്ടിലെ സഭയില്‍ മേശയിങ്കല്‍ ശുശ്രൂഷ ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വാസവും പരിശുദ്ധാത്മാവും ജ്ഞാനവും നല്ല സാക്ഷ്യവുമുള്ള ശുശ്രൂഷ ചെയ്തു. ഇന്നത്തെ യുവജനങ്ങള്‍ക്കു ക്രിസ്തുവിനോടൊപ്പം കര്‍മ്മനിരതരാകാനുള്ള മാതൃകയാണിവര്‍. സുവിശേഷത്തിനായി ഇവരിലൊരാളായ സ്‌തേഫാനൊസ് രക്തസാക്ഷിയായിത്തീര്‍ന്നു. അതുപോലെ ഫിലിപ്പൊസ് ശമര്യയില്‍ മിഷണറിയായി ആത്മനിറവിലുള്ള ശുശ്രൂഷ നിര്‍വ്വഹിച്ചു. ശമര്യാപട്ടണം മുഴുവനും സുവിശേഷം കേള്‍ക്കുകയും യേശുക്രിസ്തുവില്‍ വിശ്വസിച്ചു സ്‌നാനമേല്‍ക്കുകയും ചെയ്തു (അ.പ്ര. 8:8-17). ഫിലിപ്പൊസിലൂടെ എത്യോപ്യാരാജ്ഞിയുടെ മേല്‍വിചാരകനായിരുന്ന ഷണ്ഡനും സുവിശേഷം കേള്‍ക്കുകയും ആഫ്രിക്കയില്‍ സഭയുണ്ടാവുകയും ചെയ്തു (അ.പ്ര. 8:26-40).
3. യേശുവിനെക്കണ്ട അന്ത്രയോസ് കര്‍മ്മപഥത്തില്‍ (യോഹ. 1:35-42)
യോഹന്നാന്‍ സ്‌നാപകന്റെ ശിഷ്യനായിരുന്ന അന്ത്രെയൊസ് യേശുവിനെ കണ്ടപ്പോള്‍ സ്‌നാപകനെ വിട്ടു യേശുവിനെ അനുഗമിച്ചു. ഒരുദിവസം അദ്ദേഹം യേശുവിനോടൊപ്പം താമസിച്ചു. പിറ്റേദിവസം അദ്ദേഹം തന്റെ സഹോദരനായ ശീമോന്‍ പത്രൊസിനെയും കൂട്ടി യേശുവിന്റെ അടുക്കല്‍ വന്നു. അങ്ങനെ ഇരുവരും യേശുവിന്റെ ശിഷ്യരായിത്തീര്‍ന്നു. യേശുവിനെ കണ്ടവര്‍ അന്ത്രയോസ് ചെയ്തതുപോലെ മറ്റുള്ളവരോട് അതു പങ്കുവച്ച് അവരെയും യേശുവിലേക്കു കൊണ്ടുവരണം. യേശുവിനോടൊപ്പം കര്‍മ്മപഥത്തില്‍ അണിനിരക്കാന്‍ യുവജനങ്ങള്‍ക്കു സാധിക്കണം. ദാനിയേലിനെയും അന്ത്രയൊസിനെയും പുതിയനിയമസഭയിലെ ശുശ്രൂഷകരെയും നമുക്കു മാതൃകയാക്കാം.