''സത്യത്തിനു സാക്ഷി നില്‌ക്കേണ്ടതിനു ഞാന്‍ ജനിച്ചു. അതിനായി ലോകത്തില്‍ വന്നുമിരിക്കുന്നു. സത്യതല്പരനായവന്‍ എല്ലാം എന്റെ വാക്കു കേള്‍ക്കുന്നു'' യേശു തന്റെ വിചാരണവേളയില്‍ പീലാത്തൊസിനോടു പറഞ്ഞതാണിത്. ദൈവത്തിന്റെ പരമാധികാരവും നീതിയും സമാധാനവും ആഘോഷിക്കപ്പെടേണ്ടതാണ്. ഈ നവോത്ഥാനഞായറാഴ്ച ദൈവത്തിന്റെ അടിസ്ഥാനസ്വഭാവങ്ങളായ നീതിയേയും സമാധാനത്തേയും സത്യത്തേയും നാം ഓര്‍ക്കുന്നു. സഭാചരിത്രത്തില്‍ നവീകരണത്തിനു ഒരു പ്രധാന സ്ഥാനമുണ്ട്. എ.ഡി. 1517-ല്‍ എല്ലാ വിശുദ്ധന്മാരുടെയും ദിനത്തില്‍ (All Saints Day) മാര്‍ട്ടിന്‍ലൂഥര്‍ പാപവിമോചനചീട്ടിന്റെ പേരില്‍ ഒരു വാദപ്രതിവാദത്തിനായി തയ്യാറെടുത്തു. എന്നാല്‍ അതില്‍ സംബന്ധിക്കാന്‍ ആരും തുനിഞ്ഞില്ല. ഇതേത്തുടര്‍ന്നു ലൂഥര്‍ തനിക്കു പറയാനുള്ള വാദമുഖങ്ങള്‍ എഴുതിയുണ്ടാക്കി. ലൂഥറിന്റെ 95 വാദപ്രസ്താവങ്ങള്‍ (ഖണ്ഡനങ്ങള്‍ - 95 Theses) എന്നിതിനെ പറയുന്നു. എ.ഡി. 1517 ഒക്‌ടോബര്‍ 31 ന് സാക്‌സണിയിലെ വിറ്റന്‍ബര്‍ഗ് ദൈവാലയത്തിന്റെ പ്രധാന കവാടത്തില്‍ ഈ വാദപ്രസ്താവങ്ങള്‍ അദ്ദേഹം പതിപ്പിച്ചു. ഈ പ്രസ്താവങ്ങളില്‍ അന്നത്തെ കത്തോലിക്കാസഭയുടെ തെറ്റായ പഠിപ്പിക്കലിനെതിരെ തിരുവചനാടിസ്ഥാനമാക്കിയുള്ള വാദങ്ങളാണ് അദ്ദേഹം നിരത്തിയത്. മാനസാന്തരം, പാപമോചനം, പാപപരിഹാരദണ്ഡനം, ദൈവത്തിന്റെ ഇഷ്ടം, ദൈവകൃപ, ദാനധര്‍മ്മങ്ങള്‍, സുവിശേഷം, വിശ്വാസം എന്നീ വിവിധ വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്നു നവീകരണം ശക്തമായി. കൃപയാല്‍ മാത്രം (Sola Gratia), തിരുവെഴുത്തു മാത്രം (Sola Scriptura), വിശ്വാസത്താല്‍ മാത്രം (Solus Fide), ക്രിസ്തു മാത്രം (Solus Christus), മഹത്വം ദൈവത്തിനു മാത്രം (Sole Deo Gloria) ഇങ്ങനെ നവീകരണത്തിന്റെ 'അഞ്ചു മാത്രം' (Five Solas) ഉണ്ടായി. ദൈവത്തിന്റെ പരമാധികാരത്തില്‍ മാത്രം വിശ്വസിക്കാനും ദൈവത്താല്‍ വന്ന അധികാരത്തിനു കീഴടങ്ങാനും ഈ വാദമുഖങ്ങള്‍ ജനത്തെ നവീകരിച്ചു. അങ്ങനെയാണ് പ്രൊട്ടസ്റ്റന്റ് വിഭാഗം ഉണ്ടായത്.
1. മോശെയും അഹരോനും പരമാധികാരത്തിന്റെ ചാലകങ്ങള്‍ (പുറ.7:1-7)
യിസ്രായേല്‍ ജനത്തിന്റെ അടിമത്തത്തില്‍നിന്നും ബന്ധനത്തില്‍നിന്നും വിടുവിക്കാനായി മോശെയും അഹരോനെയും ദൈവം അധികാരപ്പെടുത്തി. മോശെയെ ഫറവോനു ദൈവമാക്കിവച്ചു. അഹരോന്‍ മോശെക്കു പ്രവാചകനായി (പുറ. 7:1). വിവിധ അടയാളങ്ങളാലും അത്ഭുതങ്ങളാലും യിസ്രായേല്‍ ജനത്തെ അവര്‍ വിടുവിച്ചു. നീതിയും ന്യായവും സത്യവും സമൂഹത്തിനു വെളിപ്പെടുത്തിക്കൊണ്ടു ദൈവത്തിന്റെ പരമാധികാരത്തിന്റെ രാജ്യത്തെ സ്ഥാപിക്കാന്‍ ദൈവം നമ്മെയും ഉപയോഗിക്കും.
2. സത്യത്തിനു സാക്ഷി നില്‍ക്കുന്ന ശുശ്രൂഷ യേശുവില്‍ (യോഹ. 18:33-38)
എന്റെ രാജ്യം ഐഹികമല്ല (യോഹ. 18:36) എന്നു യേശു സാക്ഷ്യപ്പെടുത്തി. അവിടുത്തെ രാജ്യം നീതിയും സമാധാനവും സന്തോഷവും നിറഞ്ഞതാണ് (റോമ. 14:17). നീതിയും ന്യായവും സത്യവും സമാധാനവും ദൈവരാജ്യത്തിന്റെ അടിസ്ഥാനഘടകങ്ങളാണെന്നാണ് നാം പറഞ്ഞുവന്നത്. ഇതു ദൈവികസ്വഭാവങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട ചില വചനങ്ങള്‍ വായിക്കാം. അവന്‍ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; യഹോവയുടെ ദയകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു. (സങ്കീ. 33:5). നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരില്‍ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു (സങ്കീ. 45:7). നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായിനടക്കുന്നു (സങ്കീ. 89:14). മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു (സങ്കീ. 97:2).
3. പരമാധികാരത്തിനു താഴെയുള്ള അധികാരങ്ങള്‍ക്കും കീഴ്‌പ്പെടുക (റോമ. 13:1-7)
ദൈവത്താല്‍ ഉണ്ടായ അധികാരങ്ങള്‍ക്കും കീഴ്‌പ്പെടേണ്ടതാണ്. ഏതു മനുഷ്യനും ശ്രേഷ്ഠ അധികാരങ്ങള്‍ക്കു കീഴടങ്ങട്ടെ. ദൈവത്താല്‍ അല്ലാതെ ഒരു അധികാരവുമില്ലല്ലോ (റോമ. 13:1). അധികാരത്തോടു മറുക്കുന്നവന്‍ ദൈവത്തിന്റെ വ്യവസ്ഥയോടു മറുക്കുന്നു. ചെറുതും വലുതുമായ അധികാരങ്ങള്‍ നമുക്കു മുകളിലുണ്ട്. ആ അധികാരികളും ദൈവശുശ്രൂഷകന്മാരാണ് (റോമ. 13:6). അതുകൊണ്ടു സമൂഹത്തിലെ അധികാരങ്ങള്‍ക്കും കീഴടങ്ങിയിരിക്കേണ്ടതാണ്. അതേസമയം നീതിയും ന്യായവും സത്യവും സ്ഥാപിക്കപ്പെടുകയും വേണം. അനീതിയുടെ ഘടനകള്‍ അട്ടിമറിക്കപ്പെടും. സത്യവും നീതിയും ന്യായവും ധര്‍മ്മവും സ്ഥാപിക്കപ്പെടും.