യോഹന്നാന്റെ ജനനത്തിലാണ് ഈ കേള്‍വിയുണ്ടായത് - ഈ പൈതല്‍ എന്താകും? (ലൂക്കൊ. 1:66). ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്കാന്‍ വേദപുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ ഇടയിലുള്ള ശുശ്രൂഷ ക്രൈസ്തവസഭയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കുഞ്ഞുങ്ങളെ ക്രൈസ്തവധര്‍മ്മത്തിലും പത്ഥ്യോപദേശത്തിലും വളര്‍ത്താന്‍ അനേകം നിര്‍ദ്ദേശങ്ങള്‍ തിരുവചനത്തിലുണ്ട്. പൈതങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍ അവരെ തടുക്കരുത് എന്നു ക്രിസ്തു ആഹ്വാനം ചെയ്തു (ലൂക്കൊ. 18:16, മര്‍ക്കൊ. 10:14, മത്താ.18:2,3). ക്രിസ്തുവിലേക്കു കുഞ്ഞുങ്ങള്‍ വരാന്‍ മുതിര്‍ന്നവര്‍ തടസ്സമാകരുത്. മുതിര്‍ന്നവരുടെ ജീവിതശൈലികളും മാതൃകയില്ലാത്ത സ്വഭാവങ്ങളും കുഞ്ഞുങ്ങളെ ദൈവത്തില്‍നിന്ന് അകറ്റാന്‍ പാടില്ല. ക്രിസ്തുകേന്ദ്രിത ജീവിതമുള്ള കുഞ്ഞുങ്ങളായി വളരാന്‍ പ്രോത്സാഹനം നല്‍കേണ്ടതു മാതാപിതാക്കളും സഭയുമാണ്.
1. പൈതങ്ങളെ ദൈവകേന്ദ്രിതരായി വളര്‍ത്തുക (ന്യായാ. 13:1-14)
മനോഹ തനിക്കു ലഭിച്ച മകനെ ദൈവം നല്‍കിയ നിര്‍ദ്ദേശപ്രകാരം വളര്‍ത്തി. അനേകനാളുകള്‍ സന്താനഭാഗ്യമില്ലാതിരുന്നവരായിരുന്നു മനോഹയും കുടുംബവും. ദൈവത്തിന്റെ ദര്‍ശനത്തിലൂടെ മനോഹയ്ക്കു ലഭിച്ച അനുഗ്രഹമായിരുന്നു തന്റെ മകനായ ശിംശോന്‍. മകനെ എങ്ങനെ വളര്‍ത്തണമെന്നു ദൈവം മനോഹയ്ക്കു നിര്‍ദ്ദേശം നല്‍കി. ഒടുവില്‍ ശിംശോന്‍ ശക്തനായ ഒരു ദൈവമനുഷ്യനായിത്തീര്‍ന്നു. ഇന്നത്തെ സാഹചര്യത്തില്‍ കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടവിധം തിരുവചനത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അതനുസരിക്കാന്‍ മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്വവുമുണ്ട്.
2. പൈതങ്ങളെ പത്ഥേ്യാപദേശത്തില്‍ വളര്‍ത്തുക (എഫെ. 6:1-4)
മക്കളെ കോപിപ്പിക്കാതെ പത്ഥേ്യാപദേശത്തില്‍ വളര്‍ത്തണം എന്നാണ് പൗലൊസ് പഠിപ്പിക്കുന്നത്. ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്കാന്‍ തിരുവചനം ഓര്‍മ്മിപ്പിക്കുന്നു. അതിനായി അവര്‍ക്കു ബാലശിക്ഷ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട് (എബ്രാ. 12:6, 1കൊരി. 11:32, എഫെ. 6:4). ഏറ്റവുമധികം ബാലശിക്ഷയെക്കുറിച്ചു പറയുന്നത് സദൃശവാക്യത്തിലാണ് (സദൃ. 3:11,12, 13:24, 19:18, 22:15, 23:13,14, 29:15,17).
3. പൈതങ്ങളെ ആത്മനിറവില്‍ വളര്‍ത്തുക (ലൂക്കൊ. 1:57-66)
സെഖര്യാവും എലീസബെത്തും വളരെ വാര്‍ദ്ധക്യത്തിലെത്തിയപ്പോഴാണ് അവര്‍ക്കു മകനെ ലഭിച്ചത്. ദൈവത്തിന്റെ നിര്‍ദ്ദേശപ്രകാരം അവന് അവര്‍ യോഹന്നാന്‍ എന്നു പേരിട്ടു. യോഹന്നാന്റെ ജനനം കഴിഞ്ഞപ്പോള്‍ തന്നെ സെഖര്യാവ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോഹന്നാനെക്കുറിച്ചു പ്രവചിച്ചു (ലൂക്കൊ. 61:79). ആത്മാവിനാല്‍ വെളിപ്പെട്ടു കിട്ടിയതനുസരിച്ചാണ് സെഖര്യാവ് യോഹന്നാനു നിര്‍ദ്ദേശം നല്‍കുന്നത്: ''നീയോ പൈതലേ അത്യുന്നതന്റെ പ്രവാചകനെന്നു വിളിക്കപ്പെടും. കര്‍ത്താവിന്റെ വഴിയൊരുക്കാനും നമ്മുടെ ദൈവത്തിന്റെ ആര്‍ദ്രകരുണയാല്‍ അവന്റെ ജനത്തിനു പാപമോചനത്തിനു രക്ഷാപരിജ്ഞാനം കൊടുക്കാനുമായി നീ അവനു മുമ്പായി നടക്കും (ലൂക്കൊ. 1:76,77). അങ്ങനെ യോഹന്നാന്‍ വ്യത്യസ്തനായി വളര്‍ന്നു - ''പൈതല്‍ വളര്‍ന്നു ആത്മാവില്‍ ബലപ്പെട്ടു. അവന്‍ യിസ്രായേലിനു തന്നെത്താന്‍ കാണിക്കുന്ന നാള്‍വരെ മരുഭൂമിയിലായിരുന്നു'' (ലൂക്കൊ. 1:80). പൈതങ്ങള്‍ ദൈവത്തിന്റെ ദാനമാണെന്നു തിരിച്ചറിഞ്ഞു വേണം കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടതും ശിക്ഷിക്കേണ്ടതും. സെഖര്യാവിന്റെ മകന് യോഹന്നാന്‍ എന്നു പേര്‍ വിളിക്കണമെന്നു ദൈവം കൊടുത്ത നിര്‍ദ്ദേശമനുസരിച്ച് അവര്‍ അങ്ങനെ പേരു നല്‍കി. 'യഹോവ കൃപാലുവായിരിക്കുന്നു' എന്നാണ് യോഹന്നാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. ദൈവത്തിന്റെ കൃപയും ദാനവുമാണ് നമ്മുടെ കുഞ്ഞുങ്ങളെന്നുള്ള ബോധത്തോടെ അവരെ ആത്മാവിന്റെ നിര്‍ദ്ദേശമനുസരിച്ചു വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്യണം.
സണ്ടേസ്‌കൂള്‍ പ്രസ്ഥാനം
റോബര്‍ട്ട് റെയ്ക്‌സിന്റെ (Rev. Robert Napier Raikes, 1736 - 1811) പിതാവ് പ്രസിദ്ധമായ ഗ്ലൗസെസ്റ്റര്‍ ജേണല്‍ (Gloucester Journal) ന്റെ എഡിറ്ററായിരുന്നു. സ്വന്തമായി പ്രിന്റിംഗ് പ്രസും അദ്ദേഹത്തിനുണ്ടായിരുന്നു. 1757-ല്‍ തന്റെ പിതാവ് ആകസ്മികമായി മരിച്ചു. മാസികയുടെ പ്രസിദ്ധീകരണവും പ്രസ്സും റോബര്‍ട്ട് റെയ്ക്‌സിന്റെ ഉത്തരവാദിത്വത്തിലായി. ആയിടയ്ക്കാണു ആറിനും പതിനാലിനും ഇടയ്ക്കു വയസ്സു പ്രായമുള്ള കുട്ടികള്‍ തെരുവില്‍ അലഞ്ഞു തിരിയുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പതിനെട്ടാംനൂറ്റാണ്ടിന്റെ മധ്യത്തില്‍ പൊട്ടിപ്പുറപ്പെട്ട വ്യാവസായികവിപ്ലവം അനേകകുട്ടികളെ തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ ബാലവേല വര്‍ദ്ധിച്ച ഒരു കാലമായിരുന്നു ഇത്. ദിവസവും പന്ത്രണ്ടുമണിക്കൂര്‍ ജോലി ചെയ്യേണ്ടി വന്ന ഈ കുട്ടികള്‍ക്കു ഞായറാഴ്ചകളില്‍ അവധിയായിരുന്നു. അന്നു തെരുവിലിറങ്ങി എല്ലാ അക്രമങ്ങളും ഈ കുട്ടികള്‍ കാണിക്കുമായിരുന്നു. വ്യത്യസ്തമായ സാമൂഹികപ്രശ്‌നങ്ങള്‍ ഇവരില്‍ ഉടലെടുത്തു. അങ്ങനെയാണു റോബര്‍ട്ട് റെയ്ക്‌സ് ഇവരെക്കുറിച്ചു തന്റെ പത്രത്തില്‍ എഴുതാന്‍ തുടങ്ങിയത്. ഈയിടയ്ക്ക് റവ. തോമസ് സ്റ്റോക്ക് എന്ന ഇംഗ്ലീഷ് ആംഗ്ലിക്കന്‍ പുരോഹിതന്‍ ഈ കുട്ടികള്‍ക്കുവേണ്ടി എന്തെങ്കിലും ആത്മീയകാര്യങ്ങള്‍ ചെയ്യാനായി റോബര്‍ട്ട് റെയ്ക്‌സിനെ പ്രോത്സാഹിപ്പിച്ചു. നിരക്ഷരരായ ഈ കുട്ടികള്‍ക്കു അക്ഷരം പഠിപ്പിക്കുകയായിരുന്നു റെയ്ക്‌സിന്റെ ആദ്യത്തെ ലക്ഷ്യം. അങ്ങനെ 1781-ല്‍ ഇംഗ്ലണ്ടിലെ മെറിഡിത്ത് (Mrs. Meredith)എന്ന സ്ത്രീയുടെ ഭവനത്തില്‍ വച്ച് ഒരു ക്ലാസ്സ് ആരംഭിച്ചു. ആദ്യമൊക്കെ കുട്ടികളുടെ പ്രതികരണം വളരെ തണുത്തതായിരുന്നു. എന്നാല്‍ പെട്ടെന്നു ഈ അവസ്ഥയ്ക്കു മാറ്റമുണ്ടായി. 1785 ആയപ്പോള്‍ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലായി രണ്ടുലക്ഷത്തി അമ്പതിനായിരം കുട്ടികള്‍ ഈ ക്ലാസ്സില്‍ ഉത്സാഹത്തോടെ പങ്കെടുക്കാന്‍ തുടങ്ങി. 1831 ആയപ്പോള്‍ 1.2 ദശലക്ഷം കുട്ടികളാണ് ഇതില്‍ ചേര്‍ന്നത്. ഇങ്ങനെ ഞായറാഴ്ചകളില്‍ ആരംഭിച്ച ഈ പ്രസ്ഥാനമാണ് ഇന്നു ലോകം മുഴുവനും വ്യാപിച്ച സണ്ടേസ്‌കൂള്‍ പ്രസ്ഥാനം. ലോകത്തിലെ ആദ്യത്തെ പൊതുവിദ്യാഭ്യാസപദ്ധതി ഇങ്ങനെയാണുണ്ടായത്. സമൂഹത്തില്‍ ഉയര്‍ന്നതലത്തിലുള്ളവര്‍ക്കു മാത്രമേ വിദ്യാഭ്യാസത്തിന് അവകാശവും അവസരവും ഉണ്ടായിരുന്നുള്ളു. എന്നാല്‍ സണ്ടേസ്‌കൂള്‍ പ്രസ്ഥാനത്തിലൂടെ എല്ലാവിഭാഗങ്ങളിലെ കുട്ടികളും അക്ഷരം പഠിച്ചു. റോബര്‍ട്ട് റെയ്ക്‌സ് സണ്ടേസ്‌കൂളിലൂടെ ഉദ്ദേശിച്ചതു മൂന്നു കാര്യങ്ങളായിരുന്നു.
- അടിസ്ഥാന വിദ്യാഭ്യാസം നല്‍കുക (Basic formal education)
- ധാര്‍മ്മികമൂല്യം പഠിപ്പിക്കുക (Teaching moral values)
- സുവിശേഷീകരണം(Evangelism and church growth)
റോബര്‍ട്ട്‌സ് റെയ്ക്‌സിന്റെ മകന്‍ റവ. റോബര്‍ട്ട് നേപ്പിയര്‍ റെയ്ക്‌സ് (Rev. Robert Napier Raikes) ഒരു ആംഗ്ലിക്കന്‍ സഭാപട്ടക്കാരനായി. അദ്ദേഹത്തിന്റെ മകന്‍ റോബര്‍ട്ട് നേപ്പിയര്‍ റെയ്ക്‌സ് (ജൂനിയര്‍) ഇന്ത്യന്‍ പട്ടാളത്തിന്റെ ജനറലായി ഇന്ത്യയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.