നമ്മുടെ പൗരത്വം ഈ ഭൂമിയില്‍ അല്ലെന്നും നിത്യതയിലാണ് നമ്മുടെ ആത്യന്തികലക്ഷ്യം വയ്‌ക്കേണ്ടതെന്നും ക്രൈസ്തവസഭ തിരിച്ചറിയണം. ''നമ്മുടെ പൗരത്വം സ്വര്‍ഗ്ഗത്തിലാണ് അവിടെനിന്നു കര്‍ത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും'' എന്നതായിരുന്നു പൗലൊസിന്റെ ഉപദേശം (ഫിലി. 3:20). അളവില്ലാതെ സാധനങ്ങളോ പണമോ സേവനങ്ങളോ വാരിക്കൂട്ടാന്‍ പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് ഉപഭോഗപരത. വ്യാവസായിക വിപ്ലവത്തിനുശേഷം പ്രത്യേകിച്ചു ഇരുപതാംനൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ ഉല്പാദനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഉപഭോഗപരതയും മനുഷ്യസമൂഹത്തില്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി. ഏതിനെയും ഭൗതികാടിസ്ഥാനത്തില്‍ അളക്കുന്ന ഒരു രീതിയാണ് ആധുനിക തലമുറയില്‍ കാണുന്നത്. ഇതാണ് ഉപഭോഗപരതയുടെ പ്രത്യേകത. ഉപഭോഗപരതയുടെ മുമ്പില്‍ പലപ്പോഴും ധാര്‍മ്മികതയും ക്രൈസ്തവമൂല്യങ്ങളും ചോദ്യം ചെയ്യപ്പെടുന്നു. ഒരു ഉപഭോഗസംസ്‌കാരത്തിലാണ് ഇന്നത്തെ തലമുറ ജീവിക്കുന്നത്. ഈ ഉപഭോഗപരതയോടുള്ള ക്രിസ്തീയപ്രതികരണം എന്തെന്നു പഠിപ്പിക്കേണ്ടതു സഭയുടെ ദൗത്യമാണ്. ബന്ധങ്ങള്‍പോലും ഈ സംസ്‌കാരത്തില്‍ കാണുന്നതുകൊണ്ടാണ് പലതിനും ക്രിസ്തീയമൂല്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്തു ലാഭമാണുണ്ടാവുക എന്ന ചിന്തയോടുള്ള ബന്ധങ്ങള്‍ ഒരിക്കലും ദൃഢമാകുന്നില്ല. നല്‍കാനും ത്യജിക്കാനും പഠിപ്പിക്കുന്ന ക്രിസ്തീയമാര്‍ഗ്ഗം ഉപഭോഗസംസ്‌കാരത്തിന് ഒരു വലിയ വെല്ലുവിളിയാണ്.
1. ഉപഭോഗപരതയുടെ ആധുനികാവിഷ്‌കരണം (ഉല്പ. 3:1-7)
ലളിതജീവിതവും പരിസ്ഥിതിസംരക്ഷണരീതികളും ഉപഭോഗ ചിന്താഗതിയില്‍നിന്നു എപ്പോഴും അകന്നു നില്‍ക്കുന്നു. വിലയേറിയ ആഭരണങ്ങളും ആഡംബരകാറുകളും ആഡംബരവസ്ത്രധാരണവുമുണ്ടെങ്കിലേ സമൂഹത്തില്‍ ഉന്നതവില കല്പിക്കുകയുള്ളൂ എന്ന ചിന്താഗതിയാണ് ഇതിന്റെ പിന്നിലുള്ളത്. ഇവിടെ സ്വയം ചിലവാക്കപ്പെടുക മാത്രമല്ല ബഹുരാഷ്ട്രക്കമ്പനികളെ അന്യായമായി വളരാന്‍ അനുവദിക്കുകയും ചെയ്യുന്നു. നമ്മുടെ നാട്ടിലെ എളിയവരുടെ ചെറുകിടവ്യവസായങ്ങളും കാര്‍ഷികോല്പന്നങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നതുമില്ല. ഇത് ഇന്നത്തെ സമൂഹത്തിന്റെ തിന്മയുടെയും പാപത്തിന്റെയും ഒരു പ്രകടനമാണ്. ഉപഭോഗപരത മനുഷ്യനെ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. കാണാന്‍ ഭംഗിയുള്ളതും തിന്നാന്‍ രുചിയുള്ളതും ജ്ഞാനം പ്രാപിക്കാന്‍ കാമ്യവും എന്നു സ്ത്രീ കണ്ടു, ഫലം പറിച്ചുതിന്നു (ഉല്പ. 3:6). ഇങ്ങനെയാണ് തിന്മയെ ആദ്യമായി രേഖപ്പെടുത്തുന്നത്. പാമ്പിന്റെ ഒരു കൗശലമായിരുന്നു ഇത്. ഇന്നത്തെ പ്രലോഭനങ്ങളും ഇതു തന്നെയാണ്. മള്‍ട്ടിനാഷണല്‍ കമ്പനികളും അവരുടെ പരസ്യങ്ങളും കണ്ട് എളിയസമൂഹം പ്രലോഭിപ്പിക്കപ്പെടുന്നു. കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരും ഒരുപോലെ ഈ സംസ്‌കാരത്തിന് അടിമകളാവുന്നു.
2. ലളിതജീവിതം മാതൃകയാക്കുക (മത്താ. 6:25-34)
ക്രിസ്തീയത പഠിപ്പിക്കുന്നതു ലളിതജീവിതത്തെക്കുറിച്ചാണ്. ഉണ്ണാനും ഉടുക്കാനുമുണ്ടെങ്കില്‍ മതിയെന്നു നാം വിചാരിക്ക എന്നായിരുന്നു വി.പൗലൊസിന്റെ നിലപാട് (1തിമൊ. 6:8). കാരണം ധനികന്മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കെണിയിലും കുടുങ്ങുന്നു. എല്ലാമോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ജീവിതത്തിനു പ്രാഥമികമായ ആവശ്യത്തിനുള്ളതെല്ലാം നല്‍കാന്‍ ദൈവം ശക്തനാണ്. ജീവിതത്തിന്റെ വിവിധ ആവശ്യങ്ങളെ ഓര്‍ത്തു ഭാരപ്പെട്ടുപോകുന്ന മനുഷ്യനെ എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നു വ്യാകുലപ്പെടാതെ ക്രിസ്തുവില്‍ ആശ്രയിക്കാന്‍ അവിടുന്ന് ആഹ്വാനം ചെയ്യുന്നു (മത്താ. 6:25-34). ഇവിടെ നമ്മോട് ഒരു ആഹ്വാനവും കൂടെ നല്‍കുന്നുണ്ട്. അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക. ദൈവരാജ്യം സ്ഥാപിതമായാല്‍ നമുക്കു ആവശ്യമുള്ള വിഭവങ്ങള്‍ അവിടെ ഉണ്ടാകും എന്നര്‍ത്ഥം.
3. നിത്യതയെ ലക്ഷ്യമാക്കുക (ഫിലി. 3:17-21)
നിത്യതയെക്കുറിച്ചുള്ള വ്യക്തമായ ദര്‍ശനവും ആഗ്രഹവും ഉണ്ടായാല്‍ മാത്രമേ ഈ ലോകത്തോടുള്ള സ്‌നേഹവും അഭിനിവേശവും കുറയുകയുള്ളു. ലോകസ്‌നേഹം ദൈവത്തിനു ശത്രുത്വമാണ് (യാക്കോ. 4:4). അതുകൊണ്ടാണു ജഡമോഹം, കണ്‍മോഹം, ജീവനത്തിന്റെ പ്രതാപം എന്നിവ പിതാവില്‍നിന്നല്ല ലോകത്തില്‍നിന്നത്രേ എന്നു പറയുന്നത്. കാരണം ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു (1യോഹ. 2:16,17). ഭൗതിക ആഗ്രഹങ്ങളുടെ പുറകെ മാത്രം പോകുന്നതു ക്രൂശിനു വിരോധമായി പോകുന്നതാണ്. അവരുടെ അവസാനം നാശം അവരുടെ ദൈവം വയറ് എന്നാണ് പൗലൊസ് പറയുന്നത്. ക്രിസ്തീയ ആത്മീയത ലാളിത്യത്തിന്റെ ആത്മീയതയാണ്. ആഗ്രഹം അനാവശ്യം ആവശ്യം അത്യാവശ്യം ഇങ്ങനെ വസ്തുക്കളെ നാലായി തിരിക്കാം. ഇതില്‍ അത്യാവശ്യമുള്ളതു മാത്രം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ക്രിസ്തുവിന്റെ പഠിപ്പിക്കല്‍.