ദൈവം മനുഷ്യനായി നമ്മോടുകൂടെ വന്ന സംഭവമാണ് ക്രിസ്തുമസ്. അതാണ് ഇമ്മാനുവേല്‍ നല്‍കുന്ന സന്ദേശം. മനുഷ്യനോടുകൂടെയിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദൈവികസ്വഭാവം ബൈബിള്‍ മുഴുവന്‍ നാം കാണുന്നു. മനുഷ്യന്‍ പാപം ചെയ്യുന്നതിനു മുമ്പ് അവനു ദൈവവുമായി ഒരു കൂട്ടായ്മയുണ്ടായിരുന്നു. അവര്‍ ഒരുമിച്ചു നടന്നു. എന്നാല്‍ അവന്‍ പാപം ചെയ്തു ഏദെന്‍തോട്ടത്തില്‍നിന്നു പുറത്തായപ്പോള്‍ ആ കൂട്ടായ്മ നഷ്ടപ്പെട്ടു. അപ്പോള്‍ ദൈവം ചില മനുഷ്യരെ തിരഞ്ഞെടുത്തു - ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു (ഉല്പ. 5:21-24), നോഹ ദൈവത്തോടുകൂടെ നടന്നു (ഉല്പ. 6:9). സമാഗമനകൂടാരം എന്ന ചിന്തയും ദൈവം മനുഷ്യനോടുകൂടെ വസിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ ഒരടയാളമാണ് (പുറ. 25:8). മോശെ അതിനെ പണിതു. തുടര്‍ന്നു ശലോമോന്‍ ആലയം പണിതു. ദൈവം മനുഷ്യനോടു കൂടെ. പുതിയനിയമത്തില്‍ ദൈവം മനുഷ്യനായി വന്നപ്പോഴും ദൈവം നമ്മോടുകൂടെ' - ഇമ്മാനുവേല്‍ എന്ന അര്‍ത്ഥത്തില്‍ വെളിപ്പെട്ടു (മത്താ. 1:22). തുടര്‍ന്നു രണ്ടോ മൂന്നോ പേര്‍ കൂടുന്നിടത്ത് യേശു ഉണ്ടെന്നു തന്റെ സാന്നിധ്യത്തെ വാഗ്ദത്തം ചെയ്യുന്നു (മത്താ. 18:20). ഒരുനാളും അനാഥരായി വിടുകയില്ലെന്നും ലോകാവസാനത്തോളം അവന്‍ നമ്മോടുകൂടെയുണ്ടെന്നും പറഞ്ഞു (യോഹ. 14:18, മത്താ. 28:20). യേശുവിനുശേഷം ദൈവം പരിശുദ്ധാത്മാവിനെ അയച്ചു. ത്രിത്വത്തില്‍ ഒരുവനായ പരിശുദ്ധാത്മാവും മനുഷ്യനോടുകൂടെ ഇരിക്കുന്നവനായി ലോകത്തില്‍ വന്നു (യോഹ. 14:16,26, 16:8-13, 2കൊരി. 13:14). ഇങ്ങനെ മനുഷ്യനോടുകൂടെ ദൈവം എന്ന ചിന്ത തുടരെ ബൈബിളില്‍ ദൃശ്യമാണ്. ബൈബിള്‍ അവസാനിക്കുന്നതും വെളിപ്പാടുപുസ്തകത്തിലെ ദൈവം നമ്മോടു കൂടെ എന്ന വാഗ്ദത്തത്തോടുകൂടെയാണ് - 'ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം അവന്‍ അവരോടുകൂടെ വസിക്കും. അവര്‍ അവന്റെ ജനമായിരിക്കും. ദൈവം താന്‍ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും...' (വെളി. 21:3).
1. ഇമ്മാനുവേല്‍ - ഒരു അടയാളം (യെശ. 7:10-17)
ആഹാസ് രാജാവിനു അടയാളമായി കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കുമെന്നും അവന്റെ പേര്‍ ഇമ്മാനുവേലായിരിക്കുമെന്നും പ്രവാചകന്‍ പ്രവചിച്ചു. ഇമ്മാനുവേല്‍ എന്നപേര് ബൈബിളില്‍ മൂന്നു സ്ഥലത്തേ ഉള്ളൂ - യെശ. 7:14, 8:8, മത്താ. 1:23. പേരിന്റെ സൂചന യെശ. 8:10 ലും കാണാം. ഈ പ്രവചനകാലത്തു (ബി.സി. 735) അരാമ്യന്റെയും യിസ്രായേലിന്റെയും സൈന്യം യഹൂദയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പശ്ചിമേഷ്യ മുഴുവനും കീഴടക്കാന്‍ അശൂര്‍രാജാവായ തിഗ്ലത്-പിലേസര്‍ ശ്രമിച്ചു. അശൂരിനെതിരെ അരാമും യിസ്രായേലും സൈനികസഖ്യം ശക്തിപ്പെടുത്താന്‍ ശ്രമിച്ചു. കര്‍ത്താവില്‍ ആശ്രയിച്ച് ഉറപ്പോടുകൂടിയിരിക്കണമെന്നും അശൂരിനോടു സഹായം അപേക്ഷിക്കരുതെന്നും പ്രവാചകന്‍ ആഹാസിനോടു പറഞ്ഞു. ആഹാസിനു വിശ്വാസം വരേണ്ടതിനായി മീതെ ഉയരത്തിലോ താഴെ പാതാളത്തിലോ ഒരു അടയാളം ചോദിക്കാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാജാവ് അതു വിസമ്മതിച്ചു. അവിശ്വാസത്തിനു രാജാവിനെ കുറ്റപ്പെടുത്തിയശേഷം പ്രവാചകന്‍ തന്നെ ആഹാസിനു ഒരു അടയാളം നല്‍കി. ആ അടയാളമാണ് ഇമ്മാനുവേല്‍. ഇമ്മാനുവേലിന്റെ ജനനം ഒരു അടയാളമാണ്. യെശയ്യാപ്രവാചകന്റെ മനസ്സിലുണ്ടായിരുന്നത് മശീഹയാണ്. രാജാവിന്റെ ഭീരുത്വത്തെക്കുറിച്ചു മനസ്സിലാക്കിയപ്പോള്‍ യഥാര്‍ത്ഥരാജാവിന്റെ വെളിപ്പാട് പ്രവാചകന്‍ നല്‍കുകയായിരുന്നു. ഈ രാജാവ് തന്റെ ജനത്തിന്റെ കഷ്ടതയും ദാരിദ്ര്യവും മാറ്റും. താന്‍ അത്ഭുതമന്ത്രിയും വീരനാം ദൈവവും നിത്യപിതാവും സമാധാനപ്രഭുവും എന്നു വിളിക്കപ്പെടും (യെശ. 9:6). യിസ്രായേലിന്റെ വീണ്ടെടുപ്പുകാരന്‍ അവനാണ്. ആധിപത്യം അവന്റെ തോളിലിരിക്കും. ആ കുഞ്ഞുതന്നെയാണ് ഇമ്മാനുവേല്‍ (മീഖാ. 5:3). എന്നാല്‍ യെശയ്യാവ് നല്‍കിയ ഇമ്മാനുവേലിന്റെ അടയാളം ആഹാസ് രാജാവ് ഉപേക്ഷിച്ചുകൊണ്ട് അദ്ദേഹം അശ്ശൂര്‍ രാജാവിനെ ആശ്രയിച്ചു (യെശ. 7:15,16). അതോടുകൂടെ ആഹാസ് രാജാവിനെ സംബന്ധിച്ചിടത്തോളം ഈ പ്രവചനം അപ്രസക്തമായി. എന്നാല്‍ ഒടുവില്‍ സര്‍വ്വജനത്തിനും ഉണ്ടാകാനുള്ള മഹാസന്തോഷവും അടയാളവുമായി ഇമ്മാനുവേല്‍ യേശുവില്‍ വെളിപ്പെട്ടു.
2. ഇമ്മാനുവേല്‍ - ലോകരക്ഷകന്‍ (മത്താ. 1:18-25)
കന്യക ഗര്‍ഭിണിയാകുന്നത് ഒരു പ്രകൃത്യതീത അനുഭവമാണ്. പ്രവാചകന്റെ വാക്കിന്റെ അനുപമത്വമിതാണ്. ഇതാണ് ആഹാസിനു നല്‍കിയ അടയാളം. ഇതു യേശുവിന്റെ ജനനത്തിന്റെ പ്രവചനമാണെന്നു മത്തായി രേഖപ്പെടുത്തുന്നു (മത്താ. 1:22,23). ഇമ്മാനുവേല്‍ യിസ്രായേലിന്റെ മാത്രമല്ല ലോകരക്ഷകനായി മാറിയത്. യേശുവിന്റെ രക്തം സകലപാപവും പോക്കി മോചിക്കാന്‍ ശക്തിയുള്ളതായിത്തീര്‍ന്നു (1യോഹ. 1:7). നമ്മോടുകൂടെയിരുന്നു വഴിനടത്തുന്നവന്‍ മാത്രമല്ല മനുഷ്യന്റെ പാപപരിഹാരത്തിനായി നല്‍കപ്പെട്ട രക്ഷയുടെ ഏകമാര്‍ഗ്ഗമായി (അ.പ്ര. 4:12).