കര്‍ത്താവിന്റെ ഒന്നാം വരവിനേക്കാള്‍ പ്രധാനപ്പെട്ടതായിരിക്കും അവിടുത്തെ രണ്ടാംവരവും. അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പര്‍വ്വതം പര്‍വ്വതങ്ങളുടെ ശിഖരത്തില്‍ സ്ഥാപിതവും കുന്നുങ്ങള്‍ക്കു മീതെ ഉന്നതവുമായിരിക്കുമെന്നു മീഖാ പ്രവചിച്ചു (മീഖാ. 4:1,2). ഒരു വലിയ സമൂഹത്തിന്റെ പ്രത്യാശയാണിത്. ഈ ആഗമനോത്സവകാലഘട്ടത്തില്‍ (Advent Season) യേശുവിന്റെ ആഗമനത്തെക്കുറിച്ചാണ് നാം ധ്യാനിക്കുന്നത്. കര്‍ത്താവായ യേശുക്രിസ്തു വീണ്ടും വരുമെന്നു നാം സഭയായി അപ്പൊസ്തലവിശ്വാസപ്രമാണത്തിലൂടെയും നിഖ്യാവിശ്വാസപ്രമാണത്തിലൂടെയും ഏറ്റു പറയുന്നു. പുതിയനിയമത്തില്‍ മാത്രമല്ല പഴയനിയമത്തിലും യേശുക്രിസ്തുവിന്റെ രണ്ടാംവരവിനെക്കുറിച്ചുള്ള പ്രവചനങ്ങളുണ്ട്. പുതിയനിയമത്തില്‍ ഓരോ 25 വാക്യത്തിലും ഒരു വാക്യം അവിടുത്തെ രണ്ടാംവരവിനെക്കുറിച്ചുള്ളതാണ്. മുന്നൂറ്റി ഇരുപതോളം പ്രാവശ്യം കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാംവരവിനെക്കുറിച്ചു പുതിയനിയമത്തില്‍ കാണാം. ഇതിനെക്കുറിച്ചുള്ള രേഖകളെ താഴെപറയുംവിധം വേര്‍തിരിക്കാം.
• യേശുക്രിസ്തു പറഞ്ഞ സാക്ഷ്യം (മത്താ.24,25, മര്‍ക്കൊ.13, ലൂക്കൊ. 21, യോഹ.14:1-3, 16:1-5)
• ദൂതന്മാരുടെ സാക്ഷ്യം (അ.പ്ര. 1:11)
• അപ്പൊസ്തലന്മാരുടെ സാക്ഷ്യം
+ പത്രൊസ് (1പത്രൊ. 5:4, 2പത്രൊ. 3:10-13 മുതലായവ)
+ പൗലൊസ് (1തെസ്സ. 4:16,17, 5:2 മുതലായവ)
+ യൂദാ (14,15)
+ യാക്കോബ് (യാക്കോ.5:7,8)
+ യോഹന്നാന്‍ (1യോഹ.2:28)
• കര്‍ത്താവിന്റെ അത്താഴത്തിലെ സാക്ഷ്യം (1കൊരി.11:26)
• സഭയുടെ പ്രാര്‍ത്ഥന (വെളി. 22:20)
• വിശ്വാസപ്രമാണങ്ങള്‍ (അപ്പൊസ്തലവിശ്വാസപ്രമാണവും നിഖ്യാവിശ്വാസപ്രമാണവും)
യേശുക്രിസ്തുവിന്റെ വരവ് അക്ഷരാര്‍ത്ഥത്തില്‍ സഭ വിശ്വസിക്കുന്നുണ്ടെങ്കിലും സമയത്തെക്കുറിച്ചു വ്യക്തമായ തെളിവുകള്‍ വേദപുസ്തകം നല്‍കുന്നില്ല (മത്താ.24:36, 1തെസ്സ.5:2). അതുകൊണ്ട് ഒരുങ്ങിയിരിക്കാനാണ് സഭയ്ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
1. കര്‍ത്താവിന്റെ വരവിനായി സഭ ഒരുങ്ങണം (മീഖാ. 4:1-5)
യിസ്രായേലിനുള്ള ഒരു അന്ത്യകാല ലക്ഷണമാണ് മീഖാ. 4:1-5-ല്‍ പറയുന്നത്. സകലജാതികളും വംശങ്ങളും ദൈവത്തില്‍ ആശ്രയിക്കുന്ന ഒരു കാലഘട്ടം വരുമെന്നാണ് ഈ പ്രവചനം. നാളും നാഴികയും അറിയായ്കകൊണ്ടു പുതിയനിയമവിശ്വാസികളും യേശുവിന്റെ വരവിനായി ഒരുങ്ങണം.
2. കര്‍ത്താവിന്റെ വരവിനെക്കുറിച്ചു പറയണം (യോഹ. 4:21-37)
യേശുവിനെക്കുറിച്ചുള്ള ശമര്യാക്കാരി സ്ത്രീയുടെ ചിന്തകള്‍ക്കു മാറ്റം വന്നു. യഹൂദന്‍, യജമാനന്‍, പ്രവാചകന്‍, മശിഹാ ഇങ്ങനെ യേശുവിനെ അവള്‍ വ്യത്യസ്തരീതികളില്‍ മനസ്സിലാക്കി. ഒടുവില്‍ മിശിഹായെ കണ്ടെത്തിയ ശമര്യാക്കാരി താന്‍ കണ്ട മിശിഹായെക്കുറിച്ച് എല്ലാവരോടും പറഞ്ഞു (ലൂക്കൊ. 4:39-42). വരാന്‍പോകുന്ന മിശിഹായെക്കുറിച്ചു സഭ പറയണം. വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിക്കാന്‍ തക്കവണ്ണം കൊയ്യുന്നവന്‍ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവയ്ക്കുന്നു എന്നാണ് ക്രിസ്തു ഇതിനെക്കുറിച്ചു പറഞ്ഞത്.
3. കര്‍ത്താവിന്റെ വരവിന്നായി ഒരുക്കപ്പെടണം (1 യോഹ. 4:7-21)
കര്‍ത്താവിന്റെ കല്പനകള്‍ അനുസരിച്ചു അവിടുത്തെ വരവിനായി നാം ഒരുങ്ങണം. അതിനുള്ള ഏറ്റവും വലിയ കല്പനയാണ് 'അന്യോന്യം സ്‌നേഹിക്കുക' എന്നത്. കാണുന്ന സഹോദരനെ സ്‌നേഹിക്കാത്തവന് കാണാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയുകയില്ല (1യോഹ. 4:20). നാം ദൈവത്തെ സ്‌നേഹിച്ചതല്ല. ദൈവം നമ്മെ സ്‌നേഹിച്ചു. അതുകൊണ്ടു നാമും പരസ്പരം സ്‌നേഹിച്ചു ക്രിസ്തുവിന്റെ കല്പന അനുസരിക്കേണ്ടതാണ്.