ധ്യാനവചനം: നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു (മത്താ-7:17).
പ്രസംഗം
വ്യത്യസ്തതകളിലും മനോഹരതയിലും ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ച് ഉറപ്പിച്ചിരിക്കുന്നു. സ്രഷ്ടാവായ ദൈവത്തിന്റെ ജ്ഞാനം അവര്‍ണ്ണനീയവും ആശ്ചര്യജനകവുമാണ്. ദൈവം സൃഷ്ടിക്കുക മാത്രമല്ല സൃഷ്ടിച്ചതിനെ പുതുക്കുകയും ചെയ്യുന്നു (യെശ-65:17-25). സൃഷ്ടിച്ചതിന് ശേഷം ദൈവം മനുഷ്യനു ഒരു ഉത്തരവാദിത്തവും നല്‍കി. തോട്ടം കാക്കണം. തോട്ടത്തില്‍ വേല ചെയ്യണം (ഉല്പ-2:15). കാക്കുന്നവന്‍ യഥാര്‍ത്ഥത്തില്‍ ദൈവമാണ്. യഹോവ കാക്കുന്നു, പരിപാലിക്കുന്നു (സങ്കീ-121) എന്ന് സങ്കീര്‍ത്തനത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു. എന്നാല്‍ ഈ പരിപാലിക്കുന്ന ജോലി ദൈവം മനുഷ്യനു നല്‍കിയിട്ട് ദൈവം വിശ്രമിച്ചു. ഭാരതീയ മതമനുസരിച്ച് ദൈവം സൃഷ്ടി-സ്ഥിതി-സംഹാരത്തിലേര്‍പ്പെട്ടിരിക്കുന്നു. സൃഷ്ടിക്കുന്നു, പരിപാലിക്കുന്നു, സംഹരിക്കുന്നു. ഇതില്‍ പരിപാലനം എന്ന ജോലി മനുഷ്യന് നല്‍കിയെന്നു പറയാം. ദൈവത്തിന്റെ അധികാരവും തേജസ്സും മനുഷ്യനു നല്‍കിയത് ഈ പരിപാലന പ്രക്രിയ ചെയ്യാനാണ് (സങ്കീ-8). എന്നാല്‍ കാലക്രമേണ മനുഷ്യന്‍ തന്റെ കാര്യവിചാരകത്വം മറന്നുപോയി. ഭൂമിയെ പരിപാലിക്കേണ്ടതിനു പകരം ഉപദ്രവിക്കാന്‍ തുടങ്ങി. അങ്ങനെ തിന്മകളും, അസന്തുലിതാവസ്ഥയും ഭൂമിയില്‍ വന്നു. ദൈവം മനുഷ്യനു നല്‍കിയ അധികാരത്തെ ദുര്‍വിനിയോഗം ചെയ്യുമ്പോഴും, പ്രകൃതിയുടെ വിഭവങ്ങളെ ചൂഷണം ചെയ്യുമ്പോഴും മനുഷ്യന്‍ തന്നെ സ്വയം നശിക്കുന്നു എന്ന് വിസ്മരിച്ചു പോകരുത്.
ഇവിടെ നാം ഓരോരുത്തരും അവരവരുടെ ഏദന്‍തോട്ടം തിരിച്ചറിയണം. അപ്പോഴാണ് അതിനോടുള്ള കാര്യവിചാരകത്വവും ഓര്‍ക്കപ്പെടുന്നത്. ഓരോ ഗൃഹസ്ഥന്റെയും ആദ്യത്തെ ഏദന്‍ അവരവരുടെ കുടുംബം തന്നെയാണ്. കുടുംബത്തിന്റെ കാര്യവിചാരകത്വമാണ് ആദ്യഉത്തരവാദിത്തം. രണ്ടാമത്, കുടുംബങ്ങളുടെ കുടുംബമാണ്. ഒരു വലിയ കുടുംബം. അതാണ് സഭ. സഭയിലും പരസ്പരം പരിപാലിക്കപ്പെടേണ്ടതാണ്. ക്രിസ്തുവില്‍ ഒരുമിച്ച് വളരേണ്ടത് സഭയിലൂടെയാണ് (എഫെ-4:11-16). ഏദന്റെ പരിമിതി പിന്നേയും വളര്‍ന്ന് വികസിക്കുന്നുണ്ട്. അതാണ് സമൂഹം. നാം ഓരോരുത്തരും ജീവിക്കുന്ന സമൂഹത്തിന്റെ കാര്യവിചാരകന്മാരും നാമാണ്. പിന്നെ ഈ പരിസ്ഥിതി മുഴുവനും. അങ്ങനെ ഈ സൃഷ്ടിയുടെ കാര്യവിചാരകത്വത്തിന്റെ ഉത്തരവാദിത്തം നമുക്ക് എന്ന ചിന്തയോടെ മാത്രമേ നമുക്കു ജീവിക്കാന്‍ കഴിയൂ.
1. സൃഷ്ടിയുടെ വീഴ്ച (ഉല്പ-6:1-13)
ദൈവം മനുഷ്യനെ സൃഷ്ടിച്ചശേഷം അവന്‍ ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ അവന് വ്യക്തമാക്കികൊടുത്തെങ്കിലും ആ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാതെ അവന്‍ അതിക്രമത്തിലും വഷളത്വത്തിലും ജീവിച്ചു (ഉല്പ-6:11,12). അപ്പോഴാണ് ഭൂമിയെ നശിപ്പിക്കുവാന്‍ ദൈവം തീരുമാനിച്ചതും ജലപ്രളയം അയക്കുതിന് മുമ്പ് നോഹയോട് പെട്ടകം ഉണ്ടാക്കാന്‍ പറഞ്ഞതും (ഉല്പ-6,7,8,9). മനുഷ്യസൃഷ്ടിയുടെ ദൈവികഉദ്ദേശ്യം ലംഘിക്കുന്നതാണ് പ്രഥമമായ പാപമെന്ന് ഇവിടെ ഓര്‍മ്മിപ്പിക്കുന്നു.
2. നല്ല ഫലം കൊടുക്കുക (മത്താ-7:15-23)
വീഴ്ച ഉണര്‍ന്നിട്ട് ഫലം കായ്ക്കണം. ഫലം കൊടുക്കേണ്ടതിനാണ് ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തത് (യോഹ-15:16) എന്നാണ് ക്രിസ്തു തന്റെ അപ്പൊസ്തലന്മാരോട് പറഞ്ഞത്. മുന്തിരിത്തോട്ടത്തില്‍ നട്ടിരുന്ന അത്തിവൃക്ഷത്തെക്കുറിച്ചും കര്‍ത്താവ് പറഞ്ഞത് അതുതന്നെ(ലൂ-13:6-9). ക്രിസ്തുവിന്റെ ഗിരിപ്രഭാഷണത്തിലും ഫലം കൊടുക്കുന്ന വൃക്ഷങ്ങളായിത്തീരുവാന്‍ കേള്‍വിക്കാര്‍ക്ക് ആഹ്വാനം നല്‍കുന്നു (മത്താ-7:15-21). നല്ല ഫലം കായ്ക്കാത്ത വൃക്ഷമൊക്കെയും വെട്ടി തീയില്‍ ഇടുന്നു. അതുകൊണ്ട് പ്രവൃത്തികളാകുന്ന ഫലം കായ്ക്കാന്‍ ക്രിസ്തു ഉത്സാഹിപ്പിക്കുന്നു.
3. ദൈവോദ്ദേശ്യത്തെ ലംഘിച്ച വീഴ്ച (റോ-7:14-25)
നന്മ ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെങ്കിലും ഇച്ഛിക്കാത്ത തിന്മയെ പ്രവര്‍ത്തിക്കുന്നു എന്നാണ് വി.പൗലൊസ് തന്റെ ജീവിതത്തെക്കുറിച്ച് വിലയിരുത്തുന്നത്. പാപത്തോടുള്ള മനുഷ്യന്റെ അഭിലാഷത്തെ അദ്ദേഹം ഇവിടെ തുറന്നുകാട്ടുന്നു. നന്മ പ്രവൃത്തികള്‍ മാത്രം ചെയ്യണമെന്ന് ആത്മാവില്‍ ആഗ്രഹിക്കുങ്കെിലും ജഡത്തില്‍ തിന്മ പ്രവൃത്തികള്‍ അഭിലഷിക്കുന്നു. ഇവിടെ ആത്മീകനായി ജീവിക്കുവാന്‍ ഒരു ആഹ്വാനവും നല്‍കപ്പെടുന്നുണ്ട്. തുടര്‍ന്നുള്ള അധ്യായം ഇത് വ്യക്തമാക്കുന്നു (റോ-8:1-14). ദൈവോദ്ദേശ്യം ലംഘിച്ചുപോയ വീഴ്ചയില്‍നിന്നു കരകയറാനുള്ള വഴി ക്രിസ്തുയേശുവിലൂടെ ലഭിക്കുന്ന ദൈവകൃപയാണ്. യേശുക്രിസ്തു മുഖാന്തരം ഞാന്‍ ദൈവത്തിന് സ്‌തോത്രം ചെയ്യുന്നു. കാരണം ക്രിസ്തുയേശുവില്‍ ശിക്ഷാവിധി ഇല്ല (റോ-7:25, 8:1) എന്നു പറഞ്ഞുകൊണ്ടാണ് വി.പൗലൊസ് ആ ചോദ്യത്തിന് ഉത്തരം നല്‍കുന്നത്. ദൈവികോദ്ദേശ്യം തിരിച്ചറിയാനും അത് അറിയാതെപോയ ലംഘനങ്ങളുടെ കാലങ്ങളില്‍ നിന്ന് കരകയറാനും ദൈവം കൃപ നല്‍കട്ടെ. ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയ ഭാഗ്യ പദവിയിലേയ്ക്ക് വരാന്‍ ദൈവം സഹായിക്കട്ടെ (സങ്കീ-32:1).
പ്രാര്‍ത്ഥന
ദയാലുവായ ദൈവമേ, നല്ലഫലം കായ്‌ക്കേണ്ടതിന് നല്ല വൃക്ഷങ്ങളായി ഞങ്ങളെ സൃഷ്ടിച്ചവനേ, പാപത്തോടും അനുസരണക്കേടിനോടുമുള്ള ഞങ്ങളുടെ ചായ്‌വുകളെയും ഞങ്ങള്‍ ചെയ്യണമെന്ന് അങ്ങ് ആഗ്രഹിക്കുന്ന നന്മകള്‍ ചെയ്യാതിരിക്കുന്നതിനുള്ള അഭിലാഷത്തെയും ചെറുത്തുനില്ക്കുന്നതിനുള്ള ശക്തി ഞങ്ങള്‍ക്കു നല്‍കേണമേ എന്ന് ഞങ്ങളങ്ങയോടപേക്ഷിക്കുന്നു. അങ്ങനെ ഞങ്ങള്‍ അങ്ങയുടെ ഹിതം മാത്രം ചെയ്യുന്നവരായി, അങ്ങയുടെ രാജ്യത്തിലെ ശിഷ്യരായി നല്ലഫലം കായ്ക്കുന്നവരാകുകയും, നിത്യജീവന്‍ അവകാശമാക്കുതിനായി ഞങ്ങളെത്തന്നെ സജ്ജരാക്കുകയും ചെയ്യുമല്ലോ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍
ഫലിതം
കുട്ടിയ്ക്ക് രണ്ട് 5 രൂപ തുട്ട് കൊടുത്തു. ഒരെണ്ണം കാണിയ്ക്ക ഇടാനും, ഒരെണ്ണം മിഠായി വാങ്ങാനും. 2 നാണയതുട്ട് വച്ച് കളിച്ച് കളിച്ച് പോയ കുട്ടിയുടെ ഒരു നാണയ തുട്ട് താഴെ വീണു ഉരുണ്ട് ഡ്രയിനേജിലേക്കു പോയപ്പോള്‍ കുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു: ''കര്‍ത്താവേ നിന്റെ പൈസ ഇതാ പോകുന്നു വേണമെങ്കില്‍ പിടിച്ചോളണേ''.