Sermon Outlines
Create Account
1-800-123-4999
×

Warning

JUser: :_load: Unable to load user with ID: 290

നോമ്പ് : സൃഷ്ടിയുടെ രൂപാന്തരണത്തിന്റെ ഒരു കാലം

Wednesday, 26 February 2014 12:07
Rate this item
(0 votes)

മാര്‍ച്ച് 2
നോമ്പ് : സൃഷ്ടിയുടെ രൂപാന്തരണത്തിന്റെ ഒരു കാലം

യെശ. 44:21-28    സങ്കീ. 6
റോമ. 11:13-24    യോഹ. 2:1-11



ധ്യാനവചനം: കോരെശ് എന്റെ ഇടയന്‍ അവന്‍ എന്റെ ഹിതമൊക്കെയും നിവര്‍ത്തിക്കും എന്നും യെരുശലേം പണിയപ്പെടും, മന്ദിരത്തിനു അടിസ്ഥാനം ഇടും എന്നും ഞാന്‍ കല്പിക്കുന്നു (യെശ-44:28).

രൂപാന്തരപ്പെടുത്തു ദൈവികസ്വഭാവം ബൈബിളില്‍ ഉടനീളം നാം കാണുന്നു. 


1.    വിജാതിയനായ കോരെശ് : രൂപാന്തര പ്രക്രിയയില്‍ പങ്കാളി (യെശ-44:21-28)

കാംബിസസ് ഓമന്റെ പുത്രനാണ് കോരെശ് രണ്ടാമന്‍. ബി.സി. -559 ല്‍ അന്‍ഷാനിലെ ചക്രവര്‍ത്തിയായി. വിശാലമായ പേര്‍ഷ്യാ സാമ്രാജ്യം ഇദ്ദേഹം സ്ഥാപിച്ചു. ബി.സി. 559-530 ആയിരുന്നു ഭരണകാലം. ഇദ്ദേഹം ഒരു സ്വരാഷ്ട്രമത (പാര്‍സിമതം) വിശ്വാസിയായിരുന്നതായി അഭിപ്രായമുണ്ട്. വിജാതിയനായ ഈ ചക്രവര്‍ത്തി ബൈബിള്‍ പ്രവചനത്തിലും (യെശ-41:25, 44:28, 45:1-13) ചരിത്രത്തിലും (2ദിന-36:22, എസ്രാ-1:1, ദാനി-1:21, 10:1) പ്രമുഖസ്ഥാനം വഹിക്കുന്നു. മേദ്യ, ലുദിയ എന്നീ രാജ്യങ്ങളെ കീഴടക്കിയ കോരെശ് ബി.സി.-539 ല്‍ ബാബിലോണിയ പിടിച്ചടക്കി. തുടര്‍ന്ന് യഹൂദ്യ രണ്ടു നൂറ്റാണ്ടോളം പാര്‍സി സാമ്രാജ്യത്തിന്റെ ഒരു പ്രവശ്യയായി തുടര്‍ന്നു. യഹൂദ പ്രവാസികളോടു ഇദ്ദേഹം കരുണ കാണിക്കുകയും സ്വന്ത സ്ഥലത്തുപോയി ദേവാലയം പണിയുവാന്‍ അവര്‍ക്കു അനുവാദം നല്‍കുകയും ചെയ്തു. യെശയ്യാവ് കോരെശിനെ 'യഹോവയുടെ അഭിഷിക്തന്‍' അഥവാ മശിഹാ എന്നും 'യഹോവയുടെ ഇടയന്‍' എന്നും വിളിച്ചു (യെശ-45:1, 44:28). യരുശലേം ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വിളംബരം മാത്രമല്ല, പണിക്കാവശ്യമായ സഹായം നല്‍കുകയും (എസ്രാ-3:7), ആലയംവക ഉപകരണങ്ങള്‍ മടക്കിക്കൊടുക്കുകയും ചെയ്തു (എസ്രാ-1:7,8). ദാനിയേലിന്റെ പുസ്തകത്തിലും കോരെശ് രാജാവിനെ ഒരു നല്ല ചക്രവര്‍ത്തിയായി ദര്‍ശിക്കുന്നു (ദാനി-1:21, 6:28, 10:1). ദൈവത്തിന്റെ വഴികള്‍ അവര്‍ണ്ണനീയമാണ്. തന്റെ മഹത്വമേറിയ പുനഃസ്ഥാപനത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രവര്‍ത്തനത്തിന് ദൈവം ഏതു മനുഷ്യനേയും ഉപയോഗിക്കുമെന്നുള്ളതിനൊരു തെളിവാണ് കോരെശ് രാജാവ്.


2.    വിജാതിയരുടെ രൂപാന്തരം (റോമ-11:13-24)

മുന്‍ സൂചിപ്പിച്ചതുപോലെ ദൈവം എല്ലാവരെയും രൂപാന്തരപ്പെടുത്തുന്നു - തന്റെ ഉദ്ദേശ്യത്തിനായി. സ്വാഭാവിക കൊമ്പുകളായ യഹൂദന്മാരെ അവരുടെ അവിശ്വാസം നിമിത്തം ആദരിക്കാതെ കാട്ടൊലിവിന്റെ കൊമ്പുകളായ വിജാതിയരായ നമ്മെ നാട്ടൊലിവോടു ഒട്ടിച്ചുചേര്‍ത്തു എന്നാണ് വി.പൗലൊസ് പ്രസ്താവിക്കുന്നത് (റോ-11:13-24). അവിശ്വാസത്തില്‍ നില നില്‍ക്കാത്തതുകൊണ്ട് അവര്‍ ഒടിഞ്ഞുപോയി. എന്നാല്‍ ദൈവം തന്റെ കൃപയാല്‍ മറ്റുള്ളവരെയും അതില്‍ ഒട്ടിച്ചു ചേര്‍ക്കുന്നു. അങ്ങനെ യാതൊരു വിവേചനവുമില്ലാതെ സകലര്‍ക്കും നല്‍കുന്ന രൂപാന്തരം നാം അവിടെ ദര്‍ശിക്കുന്നു.


3.    കാനാവിലെ അടയാളം : രൂപാന്തരത്തിന്റെ തെളിവ് (യോഹ-2:1-14)

യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷയില്‍ ഒന്നാമത്തെ അടയാളമായി കാനാവിലെ അടയാളം നിലനില്‍ക്കുന്നു.  നിറവും രുചിയും മണവും ഇല്ലാത്ത വെള്ളത്തെ നിറവും രുചിയും മണവും ഉള്ള മുന്തിരിച്ചാറാക്കി ക്രിസ്തു മാറ്റുമ്പോള്‍ മനുഷ്യസമൂഹത്തിന് സമഗ്രമായി നല്‍കുന്ന ഒരു രൂപാന്തരമാണ് അവിടെ ദര്‍ശിക്കുന്നത്. യോഹന്നാന്‍, ക്രിസ്തു ചെയ്ത അതിശയങ്ങളെ വെറും അതിശയങ്ങളായി കാണുന്നില്ല.  അതെല്ലാം അടയാളങ്ങളാണ്. മനുഷ്യനും സമൂഹത്തിനും രൂപാന്തരം നല്‍കുവാന്‍ കഴിവുള്ള ദൈവപ്രവൃത്തിയാണ് കാനാവിലെ സംഭവത്തിലൂടെ എഴുത്തുകാരന്‍ വെളിപ്പെടുത്തുന്നത്. ഇപ്രകാരമുള്ള ഒരു രൂപാന്തരം നമ്മുടെ ജീവിതത്തിലും ഉണ്ടാകണമേ എന്ന് പ്രാര്‍ത്ഥിക്കാം.


പ്രാര്‍ത്ഥന : കൃപാലുവായ ദൈവമേ, കാര്‍മുകിലിനെപ്പോലെ ഞങ്ങളുടെ ലംഘനങ്ങളെയും മേഘത്തെപ്പോലെ ഞങ്ങളുടെ പാപങ്ങളെയും മായിച്ചുകളയുന്നവനേ, അങ്ങയുടെ കോപത്താല്‍ ഞങ്ങളെ ശിക്ഷിക്കരുതേ, ഞങ്ങളുടെ കഠിന പാപങ്ങളില്‍ നിന്ന് ഞങ്ങളെ വിടുവിക്കേണമേ. അങ്ങയുടെ കൃപ ഞങ്ങളുടെമേല്‍ ചൊരിഞ്ഞ്, ഞങ്ങളെ രൂപാന്തരപ്പെടുത്തി ഞങ്ങളെ അവിടുത്തോട് ഒട്ടിച്ചു ചേര്‍ക്കേണമേ. ലോകത്തെ വീണ്ടെടുക്കുന്നതിനായി യേശുവിനെ ലോകത്തിലേയ്ക്ക് അയച്ചതിനാല്‍ ഒരിക്കല്‍ പാപികളായിരുന്ന നാമെല്ലാവരും അങ്ങയില്‍ വിശ്വസിക്കുകയും നിത്യജീവന്‍ പ്രാപിക്കുകയും ചെയ്തതിനാല്‍ അവിടുത്തെ സ്വന്തമായിത്തീര്‍ന്നുവല്ലോ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു.  ആമേന്‍

Menu