വ്യത്യസ്ത മതങ്ങളും വിശ്വാസങ്ങളുമുള്ള ഒരു സമൂഹത്തിലാണു നാം ജീവിക്കുന്നത്. ഇങ്ങനെയുള്ള വ്യത്യസ്തവിശ്വാസങ്ങളെ പങ്കു വയ്ക്കുന്ന ഒരു മാനവികതയാണ് ഉരുത്തിരിയപ്പെടേണ്ടത്. കാരണം മതാതീത ആത്മീയത ഈ ദിവസങ്ങളില്‍ ധാരാളം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ബഹുമുഖവൈരുദ്ധ്യങ്ങളും പലവിധ വിശ്വാസങ്ങളും ആചാരങ്ങളും നിറഞ്ഞ മതബഹുലസമൂഹത്തിലാണു നാം ജീവിക്കുന്നത്. 2011 സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ 80.5% പേര്‍ ഹൈന്ദവരാണ്. 13.4% മുസ്ലീങ്ങളും 2.3% ക്രിസ്ത്യാനികളും 1.9% സിക്കുകാരും 0.8% ബൗദ്ധന്മാരും 0.4% ജൈനന്മാരും 0.6% മറ്റു ആദിവാസി മതങ്ങളിലുളളവരും അടങ്ങിയ ഒരു മതേതരത്വ രാജ്യമാണു ഭാരതം. ഈ മതബഹുലതയുള്ള സമൂഹത്തില്‍ സുവിശേഷത്തിന്റെ മൂല്യങ്ങള്‍ പകരാന്‍ ദൈവത്തിന്റെ അദൃശ്യകൃപ ധാരാളം ആവശ്യമാണ്. അതിനുവേണ്ടിയുള്ള ജ്ഞാനവും ധൈര്യവും ദൈവശക്തിയും ലഭിക്കാനാണ് ഈ സന്ദേശം ആലോചന തരുന്നത്. മതാതീത ആത്മീയതയാണു യേശുക്രിസ്തു പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ മതചിന്തകള്‍ക്കപ്പുറമായ ക്രിസ്തുസ്വഭാവത്തിലൂടെ സുവിശേഷത്തെ പ്രകടമാക്കാന്‍ കഴിയുമെന്നാണു തിരുവചനം നമുക്കു തരുന്ന ധൈര്യം. ഈ സാഹചര്യത്തില്‍ സുവിശേഷം പങ്കുവയ്ക്കാന്‍ വേണ്ടി അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.
1. നിനെവേക്കുണ്ടായ രൂപാന്തരം (യോനാ-4:1-11)
നിനെവേയില്‍ മാനസാന്തരപ്രസംഗം നടത്തിയ യോനയെപ്പോലും അതിശയിപ്പിച്ചുകൊണ്ടു നിനെവെക്കാര്‍ മാനസാന്തരപ്പെട്ടു. നിനെവെ നശിച്ചുപോകുമെന്നാണു യോനാ കരുതിയത്. എന്നാല്‍ 'ഇവരും എനിക്കുള്ളവരല്ലയോ' എന്ന ദൈവത്തിന്റെ മനോഭാവം യോനയെ അതിശയിപ്പിച്ചു. ദൈവം എല്ലാവരുടെയും ദൈവമാണെന്ന് ഈ കഥയിലൂടെ ഓര്‍മ്മിപ്പിക്കുന്നു. ഇതുപോലെ വിജാതീയരായ പലരെയും ദൈവം രൂപാന്തരപ്പെടുത്തുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ നോക്കാം.
-
അബ്രഹാം തന്റെ ഭാര്യയെ അദ്ദേഹത്തിന്റെ സഹോദരി എന്നു പരിചയപ്പെടുത്തിയിരുന്നു. ഗെരാര്‍ രാജാവായ അബിമേലെക്ക് സാറായെ പിടിച്ചുകൊണ്ടുപോയി. ഈ സന്ദര്‍ഭത്തില്‍ രാത്രിയില്‍ ദൈവം അബിമേലെക്കിനോടു സംസാരിച്ചു (ഉല്പ-20:1-18). അബിമേലെക്ക് ഒരു വിജാതീയനായ രാജാവായിരുന്നു (ഫെലിസ്ത്യരാജാവ്).
-
വരാന്‍പോകുന്ന ക്ഷാമത്തെക്കുറിച്ചു ദൈവം ഒരു സ്വപ്നത്തില്‍ക്കൂടെ ഈജിപ്ഷ്യന്‍ ഭരണാധികാരിയായ ഫറവോനു വെളിപ്പെടുത്തിക്കൊടുത്തു (ഉല്പ-41:1).
-
വിജാതീയനായ ബിലെയാമിനു ദൈവത്തിന്റെ വെളിപ്പാടു ലഭിക്കുന്നു (സംഖ്യ-22).
-
അന്ത്യകാലസംഭവങ്ങളെക്കുറിച്ചും മിശിഹായുടെ വരവിനെക്കുറിച്ചും വിഗ്രഹാരാധിയായ നെബൂഖദ്‌നേസറിനു സ്വപ്നത്തിലൂടെ ദൈവം വെളിപ്പാടു നല്‍കുന്നു (ദാനി-2). നെബൂഖദ്‌നേസര്‍ തന്നെ തന്റെ വിഗ്രഹം ഉണ്ടാക്കി ആരാധിക്കുവാന്‍ ആള്‍ക്കാരെ പ്രേരിപ്പിച്ചിരുന്നു.
-
വിജാതീയരായ നിനെവേക്കാര്‍ ദൈവത്തിന്റെ വചനം കേട്ട് അത് അംഗീകരിക്കുകയും അനുതപിക്കുകയും ചെയ്യുന്നു (യോന-3:4).
-
പുതിയനിയമത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ചു പീലാത്തോസിന്റെ ഭാര്യയ്ക്കു സ്വപ്നത്തിലൂടെ സന്ദേശം ലഭിച്ചു (മത്താ-27:19).
2. ഐത്യോപ്യനും സുവിശേഷം (അ.പ്ര-8:26-40)
യെരുശലേമില്‍ നമസ്‌കരിക്കാന്‍ വന്നിട്ടു മടങ്ങിപ്പോകുമ്പോഴാണു ക്രിസ്തുവിന്റെ സുവിശേഷം ഐത്യോപ്യന്‍ ഫിലിപ്പൊസിലൂടെ കേള്‍ക്കുന്നത്. അങ്ങനെ അദ്ദേഹവും ക്രിസ്തു വിശ്വാസത്തില്‍ വന്നു. ഇതുപോലെ വിജാതീയര്‍ ക്രിസ്തുഭാഗത്തേക്കു വരുന്ന അനേക സംഭവങ്ങള്‍ പുതിയനിയമത്തില്‍ ഉണ്ട്. വിജാതീയനായ കൊര്‍ന്നല്യോസിന്റെ ഭവനത്തിലേയ്ക്കു ദൈവം പത്രൊസിനെ അയച്ചു. അത് ഉള്‍ക്കൊള്ളുവാന്‍ പത്രൊസിനു പ്രയാസമായിരുന്നു. എന്നാല്‍ ക്രമേണ, ആരെയും അശുദ്ധമായി കാണരുതെന്നും ദൈവം ശുദ്ധീകരിച്ചതു മലിനമെന്നു വിചാരിക്കരുതെന്നും പത്രൊസിനു ലഭിച്ച ദര്‍ശനംകൊണ്ട് അവിടെയും കൈസ്ത്രവസാക്ഷ്യം വഹിക്കുവാന്‍ ഇടയായി. ദൈവം ആരോടും മുഖപക്ഷമില്ലാതെ എല്ലാവര്‍ക്കും ദൈവമായിരിക്കുന്നു എന്നതാണ് ഇവിടെ പ്രധാനമായി അറിയേണ്ടത് (അ.പ്ര-10:34, എബ്രാ-13:5, ഗലാ-3:27).
3. വിളിക്കപ്പെട്ടവര്‍ അനേകര്‍ (മത്താ-22:1-16)
ദൈവരാജ്യത്തെക്കുറിച്ചു ക്രിസ്തു പഠിപ്പിക്കുമ്പോള്‍ പല സ്ഥലങ്ങളിലും ഉപസംഹരിച്ചത് ഇപ്രകാരമാണ് : ''മുമ്പന്മാര്‍ പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരും ആകും'' (മത്താ-19:30, 20:16, ലൂക്കൊ-13:30). കാരണം വിളിക്കപ്പെട്ടവര്‍ അനേകരാണ് (മത്താ-22:14). അതേസമയം തിരഞ്ഞെടുക്കപ്പെട്ടവര്‍ ചുരുക്കവും. ഈ ദൈവികദര്‍ശനമാണ് വെളിപ്പാട് 7-ല്‍ കാണുന്നത്. സകലഭാഷയില്‍ നിന്നും സകലജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഉള്ള എണ്ണിക്കൂടാത്ത വലിയപുരുഷാരം കര്‍ത്താവിന്റെ മുമ്പില്‍ നില്‍ക്കുന്നു (വെളി-7:9-17). കാരണം ഇവരും യേശുക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടവരാണ്. ദൈവം അവരെയും രക്ഷിച്ചിരിക്കുന്നു.