ധ്യാനവചനം :
അവന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുലേ്‌ക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്തു അവര്‍ അതുവരെ അറിഞ്ഞില്ല. അങ്ങനെ ശിഷ്യന്മാര്‍ വീട്ടിലേക്കു മടങ്ങിപ്പോയി (യോഹ-20:9).
കര്‍ത്താവായ യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ക്രിസ്തീയ ജീവിതത്തിന്റെ പ്രത്യാശയുടെയും വിജയത്തിന്റെയും ഏറ്റവും വലിയ സന്ദേശം നല്‍കുന്നത്. എല്ലാ അപ്പൊസ്തലന്മാരും യേശുവിന്റെ ഉയിര്‍പ്പിനെ രേഖപ്പെടുത്തുന്നു (മത്താ-28, മര്‍-16, ലൂ-24, യോഹ-20,21, 1കൊരി-15). മരിച്ചവരുടെ ഉയിര്‍പ്പ് പഴയനിയമം മുതല്‍ പല സന്ദര്‍ഭങ്ങളിലായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഏലിയാവ്, ഏലിശാ തുടങ്ങിയ പ്രവാചകന്മാരിലൂടെ മരിച്ചവര്‍ ഉയിര്‍ത്തതായി പഴയനിയമ സംഭവങ്ങള്‍ ഉണ്ട് (1രാജാ-17:17-23, 2രാജാ-4:26-37). ഞാന്‍ മരിക്കയില്ല ജീവനോടെ ഇരുന്ന് യഹോവയുടെ പ്രവര്‍ത്തികളെ വര്‍ണ്ണിക്കുമെന്ന് ദാവീദ് പ്രത്യാശയുടെ സങ്കീര്‍ത്തനം പാടുന്നത് ശ്രദ്ധേയമാണ് (സങ്കീ-118:17). ''ജീവനുള്ളവനെ നിങ്ങള്‍ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതു എന്ത്? അവന്‍ ഇവിടെ ഇല്ല ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു'' (ലൂ-24:5,6) ഇങ്ങനെയാണ് ലൂക്കൊസ് രേഖപ്പെടുത്തുന്നത്. യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം എന്നാണ് വി.പൗലൊസിന്റെ വാദം (1കൊരി-15:14). യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ക്രിസ്തീയവിശ്വാസത്തിന്റെ പ്രധാനമായ അടിസ്ഥാനം. ഈ ഉയിര്‍പ്പിന്‍ ദിവസത്തെ ലോകമെമ്പാടും ആഘോഷിക്കുമ്പോള്‍ ക്രിസ്തുവിന്റെ ഉയിര്‍പ്പ് തരുന്ന ചില സന്ദേശങ്ങള്‍ നാം ഓര്‍ത്തിരിക്കുന്നത് നല്ലതാണ്.
1. ഭയപ്പെടേണ്ട (യോഹ-20:1-18)
ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് പ്രത്യക്ഷപ്പെട്ട സന്ദര്‍ഭങ്ങളിലെല്ലാം പറഞ്ഞതിതാണ് (മത്താ-28:5, യോഹ-20:21,26) ''ഭയപ്പെടേണ്ട''; അഥവാ ''നിങ്ങള്‍ക്ക് സമാധാനം''. പല കാരണങ്ങളാല്‍ ഭയപ്പെട്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ഉയിര്‍പ്പിന്റെ സന്ദേശത്തിന്റെ പ്രാധാന്യം ഇതാണ്. ശാരീരികരോഗങ്ങളെക്കുറിച്ചുള്ള ഭയം, മക്കളെക്കുറിച്ചുള്ള ഭയം, ഭാവിയെക്കുറിച്ചുള്ള ഭയം, കുടുംബബന്ധങ്ങളെക്കുറിച്ചുള്ള ഭയം ഇങ്ങനെ പലകാര്യങ്ങളിലും മനുഷ്യന്‍ ഭയപ്പെട്ടിരിക്കുന്നു. ഇവിടെ വേദപുസ്തകം നല്‍കുന്ന ''ഭയപ്പെടേണ്ട'' എന്ന ദൈവികചിന്ത നമ്മെ എപ്പോഴും ആശ്വസിപ്പിച്ചു നടത്തേണ്ടതാണ്. മൂന്നൂറിലധികം പ്രാവശ്യം വിശുദ്ധ വേദപുസ്തകത്തില്‍ ഭയപ്പെടേണ്ട എന്ന ദൈവസന്ദേശം രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ഭാരങ്ങള്‍ വഹിക്കുവാന്‍, നമ്മുടെ വേദനകളെ അറിയുന്ന കണ്ണുനീര്‍ തുടയ്ക്കുന്ന, കൈവിടാതെ കൂടെയിരിക്കുന്ന ഒരു ദൈവം ജീവിക്കുന്നു. അതേ, അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു, ഭയപ്പെടേണ്ട.
2. വാഗ്ദത്തങ്ങളെ ഓര്‍ക്കുക
ക്രിസ്തുവിന്റെ ശരീരം കാണാതെ അന്ധാളിച്ചു ഒഴിഞ്ഞ കല്ലറയുടെ മുമ്പില്‍നില്‍ക്കുന്നവരോട് ദൂതന്മാര്‍ പറഞ്ഞതിപ്രകാരമാണ് ''മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കൈയില്‍ ഏല്‍പ്പിച്ച് ക്രൂശിക്കുകയും അവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും വേണം എന്നു പറഞ്ഞത് ഓര്‍ത്തുകൊള്‍വിന്‍'' (ലൂ-24:7, മത്താ-28:6, യോഹ-20:9). യേശു മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുലേ്‌ക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്ത് തിരിച്ചറിയാത്തതുകൊണ്ടാണ് (യോഹ-20:9) അവര്‍ സംശയിച്ചതും ഭയപ്പെട്ടതും. ഉയിര്‍പ്പിന്റെ സന്ദേശം ഓര്‍മ്മിപ്പിക്കുന്നത് ദൈവത്തിന്റെ വാഗ്ദത്തങ്ങളെ ഓര്‍ക്കുവാനാണ്. അവിടുന്നു വാഗ്ദത്തങ്ങളില്‍ വിശ്വസ്തനാണ് (എബ്രാ-10:23, 1തെസ്സ-5:24, 1കൊരി-10:13, 2തെസ്സ-3:3). ദൈവത്തിന്റെ എല്ലാ വാഗ്ദത്തങ്ങളും യേശുക്രിസ്തുവില്‍ ഉവ്വ് എന്നും ആമേന്‍ എന്നുമിരിക്കുന്നു (2കൊരി-1:20,21).
3. വന്നു കാണുക; പോയി പറയുക
കല്ലറയിലേയ്ക്ക് പോയ സ്ത്രീകളോട് അവന്‍ കിടന്ന സ്ഥലം വന്നു കാണുവിന്‍, കണ്ടവര്‍ അവന്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റുവെന്നു വേഗം പോയി അവന്റെ ശിഷ്യന്മാരോട് പറയുവിന്‍ എന്ന് ദൂതന്മാര്‍ അറിയിക്കുന്നു (മത്താ-28:6,7, മര്‍-16:7, യോഹ-20:17). വന്നു കണ്ടവര്‍ പോയി പറയണം. ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ സന്ദേശം മറ്റുള്ളവരെ അറിയിക്കുവാനുള്ള ആഹ്വാനം നല്‍കപ്പെടുകയാണിവിടെ. ക്രിസ്തുവിനെ അറിഞ്ഞവരും അനുഭവിച്ചവരും അത് മറ്റുള്ളവരെ അറിയിക്കണം എന്ന ദൗത്യം ഈ സന്ദേശത്തിലൂടെ ലഭിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ യേശുവിനെ പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് അയ്യോ കഷ്ടം എന്ന് വി.പൗലൊസും പറയുന്നത് (1കൊരി-9:16). പ്രസംഗിക്കുന്നവന്‍ ഇല്ലാതെ എങ്ങനെ കേള്‍ക്കും, കേള്‍ക്കാതെ എങ്ങനെ വിശ്വസിക്കും, വിശ്വസിക്കാതെ എങ്ങനെ വിളിച്ചപേക്ഷിക്കും, വിളിച്ചപേക്ഷിക്കാതെ എങ്ങനെ രക്ഷിക്കപ്പെടും എന്നും വി.പൗലൊസ് ചോദിക്കുന്നു (റോ-10:9-17).
4. നിത്യത ജീവന്റെ ആഘോഷം (1കൊരി-15:42-58)
യേശു ക്രിസ്തുവിന്റെ ഉയിര്‍പ്പാണ് മരണാനന്തര ജീവിതത്തെക്കുറിച്ച് നമുക്ക് ബോധം തരുന്നത്. 1 കൊരി-15-ല്‍ വി.പൗലൊസ് നിത്യജീവനെക്കുറിച്ച് വ്യക്തമായി ചര്‍ച്ച ചെയ്യുന്നു. മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടെന്ന് സ്ഥാപിക്കുവാന്‍ താന്‍ പറയുന്ന പ്രധാനപ്പെട്ട തെളിവ് യേശുക്രിസ്തുവിന്റെ ഉയിര്‍പ്പാണ്. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം. മരിച്ചവര്‍ ഉയിര്‍ക്കുന്നില്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍ത്തിട്ടില്ല (1കൊരി-15:14-19). ഒരു മനുഷ്യനിലൂടെ പാപം വന്നതുപോലെ മരിച്ചവരുടെ ഉയിര്‍പ്പും ഒരു മനുഷ്യനാല്‍ വന്നു എന്നാണ് ഇതിനെക്കുറിച്ച് അദ്ദേഹം സമര്‍ത്ഥിക്കുന്നത് (റോമ-5:12-21). കര്‍ത്താവിന്റെ വരവിന്‍ നാളില്‍ ക്രിസ്തുവില്‍ മരിച്ചവര്‍ മുമ്പെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും പിന്നെ ജീവനോടെ ശേഷിക്കുന്ന വിശ്വാസികള്‍ യേശുവിനോടുകൂടെ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്ക്കുവാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും. ഇങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെയായിരിക്കും (1തെസ്സ-4:16,17). അതിന്റെ കാരണം അതിനു മുമ്പുതന്നെ അദ്ദേഹം സൂചിപ്പിക്കുന്നു: ''യേശു മരിക്കുകയും ജീവിച്ചു എഴുന്നേല്‍ക്കുകയും ചെയ്യുന്നു എന്ന് നാം വിശ്വസിക്കുന്നുവെങ്കില്‍ അങ്ങനെതന്നെ ദൈവം നിദ്രകൊണ്ടവരെയും യേശു മുഖാന്തരം അവനോടുകൂടെ വരുത്തും'' (1തെസ്സ-4:14). യേശുവിന്റെ ഉയിര്‍പ്പിനെ ഓര്‍ക്കുമ്പോള്‍, നമുക്കും ഒരു ഉയിര്‍പ്പുണ്ടെന്നു ഇത്തരുണത്തില്‍ ഓര്‍ക്കാം.
യേശുക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നു
പരലോകത്തില്‍ ജീവിക്കുന്നു
ഇഹലോകത്തില്‍ താനിനി വേഗം വരും
രാജരാജനായ് വാണിടുവാന്‍
പ്രാര്‍ത്ഥന
ജീവന്റെ ദൈവമേ, അങ്ങയുടെ പ്രിയപുത്രനായ യേശുക്രിസ്തുവഴി മരണത്തെ അതിജീവിച്ച് നിത്യമായ ജീവനിലേയ്ക്കുള്ള വാതില്‍ തുറന്നവനേ, ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ സന്തോഷാതിരേകത്താല്‍ ആഘോഷിക്കുന്ന ഞങ്ങളും മരണത്തില്‍ നിന്ന് ജീവനിലേയ്ക്ക് ഉയിര്‍ക്കുവാന്‍ കൃപയാകേണമേ. അങ്ങനെ അപമാനത്തിലും ബലഹീനതയിലും വിതയ്ക്കപ്പെടുന്ന പ്രാകൃതവും നശ്വരവുമായ നമ്മുടെ ശരീരങ്ങള്‍ തേജസ്സിലും ശക്തിയിലും ആത്മീയമായും അനശ്വരമായും ഉയിര്‍ക്കുകയും ദൈവരാജ്യം അവകാശമാക്കുകയും ചെയ്യുമല്ലോ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍
ഈസ്റ്റര്‍
ക്രിസ്തുവിന് വളരെമുമ്പുതന്നെ ഈസ്റ്റര്‍ എന്ന പേരില്‍ ആഘോഷിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു ഉത്സവം നിലനിന്നിരുന്നു. ഇതിന്റെ പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. അത്ഭുതകരമായ വലിപ്പമുള്ള ഒരു മുട്ട ആകാശത്തില്‍നിന്ന്‍ യൂഫ്രട്ടീസ് നദിയില്‍ പതിച്ചുവത്രെ. മത്സ്യങ്ങള്‍ ഇതിനെ ഉരുട്ടി കരയില്‍ വച്ചു. പ്രാവുകള്‍ അതിന് അടയിരിക്കുകയും അതില്‍ നിന്ന് അസ്തരാത്ത് എന്ന ദേവി പുറത്തുവരികയും ചെയ്തു. അസ്തരാത്തിന്റെ മറ്റൊരു വാക്കാണ് ഈസ്റ്റര്‍. ഈസ്തര്‍ എന്ന ഒരു ബാബിലോണിയ ദേവിയും ഉണ്ടായിരുന്നു. സ്വര്‍ഗ്ഗരാജ്ഞി എന്നാണ് ഇതിന്റെ അര്‍ത്ഥം. ഈ ദേവിയുടെ പേരിലുള്ള ഉത്സവമാണ് ഈസ്റ്റര്‍ ഉത്സവമായി ആഘോഷിക്കപ്പെട്ടിരുന്നത്. എബ്രായര്‍ക്ക് അസ്തരാത്ത് ദേവിയും അവരോടുള്ള ആരാധനയും അറപ്പായിരുന്നു (1ശമു-7:13, 1രാജാ-11:5,33, 2രാജാ-23:13, യിരെ-7:18, 44:18).
- വാട്ടര്‍ മെലന്‍ (തണ്ണിമത്തന്‍) തോട്ടത്തില്‍ കുസൃതിക്കുട്ടികള്‍ മോഷണം നടത്തുന്നതിനാല്‍ അതിന്റെ ഉടമസ്ഥന്‍ ഒരു ബോര്‍ഡ് വച്ചു. ഒരു തണ്ണിമത്തനില്‍ സയനൈഡ് കുത്തിവച്ചിട്ടുണ്ട്. കുട്ടികള്‍ വന്നപ്പോള്‍ അവര്‍ക്ക് അന്നു മോഷ്ടിക്കാന്‍ സാധിച്ചില്ല. അടുത്തദിവസം രാവിലെ അച്ചന്‍ വന്നപ്പോള്‍ ഒന്നു പോലും മോഷണം പോയിട്ടില്ല. അച്ചന് സന്തോഷമായി. എന്നാല്‍ മറ്റൊരു ബോര്‍ഡു കൂടെ ആരോ അവിടെ വച്ചിരിക്കുന്നു ''ഒന്നില്‍ കൂടെ സയനൈഡ് കുത്തിവച്ചിട്ടുണ്ട്.