സമകാലീന ലോകത്തില്‍ യുവാക്കളുടെ ആത്മീയത
Spirituality of the Youth in the Contemporary World
ഉല്‍. 41:37-43 സങ്കീ. 111
ഫിലി. 3:1-16 മത്താ. 19:16-22
ധ്യാനവചനം: ഒന്നു ഞാന്‍ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവില്‍ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു (ഫിലി-3:14).
യുവതലമുറ സമകാലീന ലോകത്തില്‍ പലതരത്തിലെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു. വിവിധ പ്രലോഭനങ്ങളാണ് അവരുടെ ആത്മീയതയ്‌ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്നത്. അണുകുടുംബവ്യവസ്ഥിതിയും സോഷ്യല്‍ മീഡിയയും വാര്‍ത്താവിനിമയ സാങ്കേതികവിദ്യയുടെ വളര്‍ച്ചയും 'ഗ്ളോബല്‍ വില്ലേജ്' എന്ന ചിന്തയും ലോകത്തെ വളരെ ചെറുതാക്കുന്ന ഒരു കാലഘട്ടത്തില്‍ എത്തിച്ചിരിക്കുന്നു. ദൈവത്തെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുവാനുള്ള സമയം ലഭിക്കാത്ത വിധത്തിലുള്ള തൊഴിലുകളിലാണ് നമ്മുടെ യുവാക്കള്‍ ഏര്‍പ്പെടേണ്ടിവരുന്നത്. ശാസ്ത്രത്തിന്റെ വളര്‍ച്ച അവരുടെ ക്രിസ്തീയവിശ്വാസത്തെ പലപ്പോഴും ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരുണത്തില്‍ സമകാലീന യുവതലമുറയ്ക്ക് എങ്ങനെ ക്രൈസ്തവ ആത്മീയതയില്‍ വളരാന്‍ സാധിക്കുമെന്നത് ചര്‍ച്ച ചെയ്യപ്പെടണം.
1.യോസേഫിന്റെ മാതൃക (ഉല്പ-41:37-43)
ഉല്പത്തി പുസ്തകത്തില്‍ ഏറ്റവും കൂടുതല്‍ വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന കഥാപാത്രമാണ് യോസേഫ്. ജീവിതത്തെക്കുറിച്ച് അനേക സ്വപ്നങ്ങള്‍ ഉണ്ടായിരുന്ന യോസേഫ് കഠിനമായ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നു. ഒറ്റപ്പെടലും അടിമത്തവും ജയില്‍വാസവും തന്റെ ചെറുപ്രായത്തിനുള്ളില്‍ അനുഭവിച്ചു. അപ്പന്റെ ഇഷ്ടപുത്രനായിരുന്ന മകന്‍ ലൈംഗികാരോപണത്തില്‍ മുങ്ങിത്താണു. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ലഭിച്ചു. തന്റെ ഗ്രാഫ് താഴോട്ട് പോയിക്കൊണ്ടിരുന്നു. നീണ്ട പതിമൂന്ന് വര്‍ഷങ്ങള്‍ (ഉല്പ-37:2, 41:46). എന്നാല്‍ യോസേഫിന്റെ ആത്മാര്‍ത്ഥതയും സത്യസന്ധതയും ദൈവഭയവും നിശ്ചയദാര്‍ഢ്യവും ദൈവാശ്രയവും വിശ്വസ്തതയും തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തില്‍ എത്തിക്കുവാന്‍ കാരണമായി. ഈജിപ്റ്റിന്റെ പ്രധാനമന്ത്രി പദത്തിലേയ്ക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടു. യുവതലമുറയ്ക്ക് യോസേഫ് ഒരു മാതൃകയാണ്.
2.ക്രിസ്തുവിനെ പിന്‍പറ്റുക (മത്താ-19:16-22)
ധനവാനായ യുവാവ് യേശുവിന്റെ അടുക്കല്‍ വന്നു. നിത്യജീവനെ പ്രാപിക്കാന്‍ എന്തു നന്മ ചെയ്യണം എന്നാണ് ചോദിച്ചത്. കല്പനകളെ പ്രമാണിക്ക എന്നു ഉത്തരം ലഭിച്ചു. അവയെ പ്രമാണിക്കുന്നു എന്ന് യുവാവ് മറുപടി പറഞ്ഞപ്പോള്‍, സല്‍ഗുണപൂര്‍ണ്ണനാകുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ തനിക്കുള്ളത് വിറ്റു ദരിദ്രര്‍ക്കു കൊടുത്തിട്ട് യേശുവിനെ അനുഗമിക്കുവാന്‍ ക്രിസ്തു ആഹ്വാനം ചെയ്തു. യേശുക്രിസ്തുവിനെ മാതൃകയാക്കുവാന്‍ യുവതലമുറയ്ക്ക് ഒരു സന്ദേശം ഇവിടെ ലഭിക്കുന്നുണ്ട്. വിശ്വാസനായകനും അതിനെ പൂര്‍ത്തീകരിക്കുന്നവനുമായ ക്രിസ്തുവിനെയാണ് നാം മാതൃകയാക്കേണ്ടത് (എബ്രാ-12:2)
3.പ്രലോഭനങ്ങളെ ജയിക്കുക (ഫിലി-3:1-16)
ലാഭമായിരുന്നതൊക്കെയും ക്രിസ്തു നിമിത്തം ചേതം എന്ന് എണ്ണുകയും പ്രലോഭനങ്ങളെ ജയിക്കുവാന്‍ ആഹ്വാനം നല്‍കുകയും ചെയ്യുന്ന ഭാഗമാണ് ഇവിടെ കാണുന്നത്. പിമ്പിലുള്ളത് മറന്ന് മുമ്പിലുള്ളതിനെ ആഞ്ഞും കൊണ്ട് ക്രിസ്തുയേശുവില്‍ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേയ്ക്ക് ഓടുന്നു എന്നാണ് പൗലൊസ് പറഞ്ഞത്. ഇവിടെയും ക്രിസ്തുമാതൃകയാണ് പ്രധാനം. നമ്മുടെ ബലവും സങ്കേതവും അവിടുന്നാണ്. ക്രിസ്തുവിന്റെ മരണത്തോട് അനുരൂപപ്പെട്ടിട്ട് ക്രിസ്തുവിനെയും അവിടുത്തെ പുനരുത്ഥാനത്തിന്റെ ശക്തിയേയും അവിടുത്തെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയേയും അനുഭവിച്ചറിയുന്ന തലത്തിലേയ്ക്ക് യുവാക്കള്‍ വളരുവാനായി നമുക്ക് പ്രാര്‍ത്ഥിക്കാം.
പ്രാര്‍ത്ഥന
കൃപാലുവും കാരുണ്യവാനുമായ ദൈവമേ, തന്റെ അത്ഭുതപ്രവൃത്തികളൊക്കെയും ഞങ്ങള്‍ ഓര്‍ക്കേണ്ടതിന് നിദാനമായോനേ, ദൈവാത്മാവ് വസിക്കുന്നതും, ക്രിസ്തുനിമിത്തം സകലതും ചേതം എന്നെണ്ണുന്നവരുമായ ജനതയായിത്തീരുവാന്‍ ഞങ്ങളെ സജ്ജരാക്കേണമേ. അങ്ങനെ നമ്മള്‍ ക്രിസ്തുവിന്റെ മരണത്തോട് അനുരൂപപ്പെട്ടിട്ട് അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയുകയും ചെയ്യുമല്ലോ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍