നവംബര്‍ 23
രാജാവായ ക്രിസ്തുവിന്റെ ആഘോഷം
Festival of Christ the King
സെഖ-2:10-13 സങ്കീ. 115
എഫെ-1:3-10 ലൂക്കൊ. 1:26-38
ധ്യാനവചനം: അവന്‍ വലിയവന്‍ ആകും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും; കര്‍ത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കെടുക്കും. അവന്‍ യാക്കോബ് ഗൃഹത്തിനു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിനു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു (ലൂ-1:32,33).
ദൈവരാജ്യം എന്ന ചിന്ത വേദപുസ്തകത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. പ്രതേ്യകിച്ച് പുതിയ നിയമത്തില്‍. യേശുക്രിസ്തു ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിച്ചു. അപ്പൊസ്തലന്മാരോട് അത് പ്രസംഗിക്കുവാനായി നിര്‍ദ്ദേശിച്ചു. നീതിയുടെയും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും പരസ്പരം പങ്കുവയ്ക്കലിന്റെയും വ്യവസ്ഥിതിയും ജീവിതശൈലിയുമാണ് ദൈവരാജ്യം. ദൈവരാജ്യത്തിന്റെ രാജാവ് ക്രിസ്തുവാണ്. ദൈവരാജ്യത്തില്‍ വിശപ്പുള്ളവനും താഴ്‌ന്നവനും തൃപ്തിയാക്കപ്പെടുകയും ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു. അങ്ങനെ രാജാവായ ക്രിസ്തുവിനെ നാം ആഘോഷിക്കുന്നു. അഥവാ ദൈവരാജ്യത്തിന്റെ സന്തോഷത്തില്‍ നാം ആഘോഷിക്കുന്നു. നമ്മുടെ വ്യക്തിപരമായ ജീവിതവും കുടുംബങ്ങളും സഭയും ദൈവരാജ്യത്തിന്റെ ഘടകങ്ങളായി മാറണം. അതിനായി ഈ സന്ദേശം സഹായിക്കട്ടെ.
1. ദൈവം രാജാവാകുന്നു : ആഘോഷിക്കുക (സെഖ-2:10-13)
ദൈവത്തെ രാജാവായി കാണുന്ന ചിന്ത പഴയനിയമത്തില്‍ ധാരാളം സ്ഥലങ്ങളില്‍ കാണാം. ''സീയോന്‍ പുത്രിയേ ഘോഷിച്ചു ഉല്ലസിച്ച് സന്തോഷിക്കുക. ഇതാ ഞാന്‍ വരുന്നു ഞാന്‍ നിന്റെ മദ്ധ്യേ വസിക്കും'' എന്ന് യഹോവ അരുളിച്ചെയ്യുന്നതായി സെഖര്യാവ് പ്രവചിക്കുന്നു. ദൈവരാജ്യത്തിന്റെ രാജാവ് ദൈവമാണ്. ദൈവം രാജാവാകുന്ന വ്യവസ്ഥിതിയില്‍ ഒരു തിന്മകളുടെ ശക്തികളും പ്രവേശിക്കുന്നില്ല. ഒരു അനര്‍ത്ഥവും നിനക്കു ഭവിക്കുകയില്ല (സങ്കീ-91:10) എന്ന വാഗ്ദത്തം ദൈവരാജ്യത്തിലെ അംഗങ്ങള്‍ക്കുള്ളതാണ് - അത്യുന്നതന്റെ മറവില്‍ വസിക്കുന്നവന് (സങ്കീ-91:1).
2. ക്രിസ്തുവിലൂടെയുള്ള തിരഞ്ഞെടുപ്പ് : ആഘോഷിക്കുക (എഫെ-1:3-10)
ലോകസ്ഥാപനത്തിനു മുമ്പ് തനിക്കുള്ളവരെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന പൗലൊസിന്റെ ദൈവശാസ്ത്രം ഇവിടെ വിശദീകരിക്കുന്നു. ദൈവത്തിന്റെ ഹിതപ്രകാരവും യേശുക്രിസ്തു മുഖാന്തരവും തനിക്ക് ആവശ്യമുള്ളവരെ ദൈവം മുന്‍നിയമിക്കുകയും മുന്‍നിയമിച്ചവരെ വിളിക്കുകയും വിളിച്ചവരെ നീതീകരിക്കുകയും ചെയ്തിരിക്കുന്നു (റോമ-8:29,30). ഇതുതന്നെയാണ് എഫെ-1:3-10-ലും കാണുന്നത്. ദൈവത്തെ അറിയുവാനും ദൈവത്തെ ക്രിസ്തുവിലൂടെ ഗ്രഹിക്കുവാനും വിശുദ്ധനായ ദൈവത്തെ ആരാധിച്ച് ദൈവഇഷ്ടപ്രകാരം ജീവിക്കാന്‍ ശ്രമിക്കാനും കഴിഞ്ഞത് അവിടുത്തെ കൃപകൊണ്ടുമാത്രമാണ്. ആ കൃപയെ ഓര്‍ത്ത് നന്ദി പറഞ്ഞ് ദൈവത്തെ ആഘോഷത്തോടെ ആരാധിക്കാം.
3. അവസാനമില്ലാത്ത ക്രിസ്തുവിന്റെ സിംഹാസനം (ലൂ-1:26-38)
യേശു ജനിക്കുന്നതിന് മുമ്പ് ഗബ്രിയേല്‍ മറിയയ്ക്ക് പ്രത്യക്ഷപ്പെട്ടു. ജനിക്കാന്‍ പോകുന്ന ശിശുവിനെക്കുറിച്ച് അവരോട് പറഞ്ഞു ''അവന്‍ വലിയവനാകും, അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും, കര്‍ത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും. അവന്‍ യാക്കോബ് ഗൃഹത്തിന് എന്നേക്കും രാജാവായിരിക്കും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല'' (ലൂ-1:32,33). ഈ ക്രിസ്തു സിംഹാസനമാണ് നമ്മില്‍ ഉടലെടുക്കേണ്ടത്. ക്രിസ്തുമസിലൂടെ അടുത്തുകൊണ്ടിരിക്കുന്ന ഈ ദിവസങ്ങളില്‍ ക്രിസ്തുവിനെ ഹൃദയങ്ങളിലേക്ക് വരവേല്‍ക്കാനായി നമുക്ക് ഒരുങ്ങാം. അവിടുത്തെ അവസാനമില്ലാത്ത രാജ്യം നമ്മില്‍ ഉരുവാകട്ടെ. അങ്ങനെ ദൈവരാജ്യത്തിന്റെ അനുഗൃഹീത വെളിപ്പെടല്‍ ലോകം മുഴുവന്‍ കാണട്ടെ.
രാജാധിരാജന്‍ മഹിമയോടെ
വാനമേഘത്തില്‍ എഴുന്നള്ളാറായ്
ക്ലേശം തീര്‍ന്നു നാം നിത്യം വസിക്കാന്‍
വാസം ഒരുക്കാന്‍ പോയ പ്രിയന്‍ താന്‍
പ്രാര്‍ത്ഥന
ദൈവരാജ്യത്തിന്റെ ദൗത്യത്തില്‍ പങ്കാളികളായി വിളിച്ച നിത്യനായ ദൈവമേ, ഞങ്ങളുടെ സംശയങ്ങളിലും നിരാശകളിലും അങ്ങയുടെ ഇഷ്ടം വിവേചിച്ചറിയുവാന്‍ കാത്തിരിക്കാന്‍ പഠിക്കേണ്ടതിന് ഞങ്ങളുടെ ഹൃദയങ്ങളെ പ്രത്യാശകൊണ്ട് നിറയ്ക്കണമേ എന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. നീതിയുടെ പാതയിലൂടെ ധൈര്യത്തോടെ നടക്കുവാന്‍ പഠിക്കുന്നതിലൂടെയും, ദരിദ്രരെ തൃപ്തരാക്കുകയും താണവരെ ഉയര്‍ത്തുകയും ചെയ്യുന്ന അങ്ങയുടെ ശക്തിയേറിയ പ്രവൃത്തികള്‍ക്ക് സാക്ഷ്യം വഹിക്കുന്നതിലൂടെയും ദൈവരാജ്യത്തിനുവേണ്ടി വെല്ലുവിളികള്‍ സ്വീകരിക്കാന്‍ ഞങ്ങളെ സഹായിക്കേണമേ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ജീവിച്ചു വാഴുന്ന ക്രിസ്തു വഴി ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമേന്‍.
-
രണ്ടു കുടുംബശത്രുക്കള്‍ ഒരു പാടത്ത് മുഖാമുഖമായി വന്നു. ഒരാള്‍ വയലിലേയ്ക്ക് ഇറങ്ങിയാലേ മറ്റൊരാള്‍ക്ക് പോകാന്‍ കഴിയൂ. അതില്‍ ആരോഗ്യവാനായ ആള്‍ പറഞ്ഞു. വിഡ്ഢികള്‍ക്ക് ഞാന്‍ വഴിമാറി കൊടുക്കാറില്ല. മറ്റെയാള്‍ വയലിലേയ്ക്ക് ഇറങ്ങി. എന്നിട്ട് അദ്ദേഹം പ്രതിവചിച്ചു ഞാനത് ചെയ്യാറുണ്ട്.
-
യുവജനക്യാമ്പില്‍ ഒരിക്കല്‍ ഒരു പാമ്പ് കയറിവന്നു. കുട്ടികള്‍ ആര്‍ത്തുകൂവി .... ''മിണ്ടാതിരിയെടാ ... എല്ലാവരും ബൈബിള്‍ എടുത്തുവായിക്കൂ''.... അധ്യാപകന്‍. ഒരാള്‍ ഉറക്കെ വായിച്ചു: ''അവന്‍ തന്റെ സ്വന്തം ജനങ്ങളുടെയിടയിലേക്ക് വന്നു. പക്ഷേ, അവരോ അവനെ സ്വീകരിച്ചില്ല''