Sermon Outlines
Create Account
1-800-123-4999
×

Warning

JUser: :_load: Unable to load user with ID: 290

കര്‍ത്താവ് സമീപസ്ഥനാകയാല്‍ ആനന്ദിക്കുക

Thursday, 18 December 2014 06:16
Rate this item
(0 votes)

ഡിസംബര്‍ 21

കര്‍ത്താവ് സമീപസ്ഥനാകയാല്‍ ആനന്ദിക്കുക

Rejoice, the Lord is near

സെഖ. 2:6-13       സങ്കീ. 50:1-15

1തെസ്സ. 5:12-24   യോഹ. 16:16-24

ധ്യാനവചനം: എപ്പോഴും സന്തോഷിപ്പിന്‍ (1തെസ്സ-5:16).

കര്‍ത്താവിന്റെ വരവ് അടുത്തുവെന്ന്  ഉണര്‍ന്നുകൊണ്ട് അവിടുത്തെ വരവില്‍ സന്തോഷത്തോടെ കാണുവാനുള്ള ഒരുക്കത്തോടെ കഴിയുന്നതാണ് ഓരോ ക്രൈസ്തവന്റെയും വിജയകരമായ ക്രൈസ്തവ ജീവിതത്തിന്റെ ഏറ്റവും നല്ല പ്രകടനം. കര്‍ത്താവായ യേശുക്രിസ്തു വീണ്ടും വരുമെന്നു നാം സഭയായി അപ്പൊസ്തലവിശ്വാസപ്രമാണത്തിലൂടെയും നിഖ്യാവിശ്വാസപ്രമാണത്തിലൂടെയും ഏറ്റു പറയുന്നു. പുതിയനിയമത്തില്‍ മാത്രമല്ല പഴയനിയമത്തിലും യേശുക്രിസ്തുവിന്റെ രണ്ടാംവരവിനെക്കുറിച്ചുള്ള പ്രവചനങ്ങളുണ്ട്. പുതിയനിയമത്തില്‍ ഓരോ 25 വാക്യത്തിലും ഒരു വാക്യം അവിടുത്തെ രണ്ടാംവരവിനെക്കുറിച്ചുള്ളതാണ്. മുന്നൂറ്റി ഇരുപതോളം പ്രാവശ്യം കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാംവരവിനെക്കുറിച്ച് പുതിയനിയമത്തില്‍ കാണാം. ഇതിനെക്കുറിച്ചുള്ള രേഖകളെ താഴെപറയുംവിധം വേര്‍തിരിക്കാം. 

  • യേശുക്രിസ്തു പറഞ്ഞ സാക്ഷ്യം (മത്താ-24,25, മര്‍-13, ലൂ-21, യോഹ-14:1-3, 16:1-5)
  • ദൂതന്മാരുടെ സാക്ഷ്യം (അ.പ്ര-1:11)
  • അപ്പൊസ്തലന്മാരുടെ സാക്ഷ്യം

                 പത്രൊസ് (1പത്രൊ-5:4, 2പത്രൊ-3:10-13 മുതലായവ)
                 പൗലൊസ് (1തെസ്സ-4:16,17, 5:2 മുതലായവ)
                 യൂദാ (14,15)
                 യാക്കോബ് (യാക്കോ-5:7,8)
                 യോഹന്നാന്‍ (1യോഹ-2:28)

  • കര്‍ത്താവിന്റെ അത്താഴത്തിലെ സാക്ഷ്യം (1കൊരി-11:26)
  • സഭയുടെ പ്രാര്‍ത്ഥന (വെളി-22:20)

യേശുക്രിസ്തുവിന്റെ വരവ് അക്ഷരാര്‍ത്ഥത്തില്‍ സഭ വിശ്വസിക്കുന്നുണ്ടെങ്കിലും സമയത്തെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ വേദപുസ്തകം നല്‍കുന്നില്ല (മത്താ-24:36, 1തെസ്സ-5:2). അതുകൊണ്ട് ഒരുങ്ങിയിരിക്കുവാനാണ് സഭയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ക്രിസ്തുവിന്റെ വരവിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് പല അഭിപ്രായങ്ങളാണുള്ളത്. ഇതുമായി ബന്ധപ്പെട്ട്  ഒന്നാമത് യേശുക്രിസ്തു തന്റെ ജനത്തിന്റെ ആശ്വാസത്തിനായി വരുന്നതായി ചിന്തിക്കുന്നു. രണ്ടാമത് നീതിയോടെ ന്യായംവിധിക്കുവാനായി അവിടുന്നു വരുന്നു. ഒടുവിലായി തന്റെ ജനത്തെ നിത്യകൂടാരത്തില്‍ ചേര്‍ത്തുകൊള്ളാനായി വരുന്നുവെന്ന്  ഇവിടെ ധ്യാനിക്കുന്നു. 

1.തന്റെ ജനത്തിന്റെ ആശ്വാസത്തിനുവേണ്ടി (യോഹ-16:16-24)

ക്രിസ്തുവിന്റെ വരവിന്‍ നാളില്‍ കണ്ണുനീര്‍ തുടക്കപ്പെടുമെന്നും ദു:ഖം സന്തോഷമായി തീരുമെന്നും അവിടുന്നു തന്നെ വാഗ്ദത്തം ചെയ്തു (യോഹ-16:20). ദൈവജനത്തെ ചേര്‍ത്തുക്കൊള്ളുവാനും അവരുടെ കണ്ണുനീര്‍ തുടയ്ക്കുവാനുമാണ് (1തെസ്സ-4:16,17, വെളി-7:17, 21:4,5) കര്‍ത്താവ് വരുന്നതെന്നാണ് പുതിയനിയമ സങ്കല്പം. തനിക്കായി കാത്തുനില്‍ക്കുന്നവരുടെ രക്ഷയ്ക്കായി വരുമെന്ന് അപ്പൊസ്തലന്‍ പറയുന്നു. പൂര്‍ണ്ണമായ ഒരു വീണ്ടെടുപ്പാണ് ക്രിസ്തുവിന്റെ വരവില്‍ സംഭവിക്കുന്നത് (എബ്രാ-9:28). ഈ വീണ്ടെടുപ്പ് മനുഷ്യനു മാത്രമല്ല സര്‍വ്വചരാചരങ്ങളുടെയും വീണ്ടെടുപ്പാണ്. അതിനുവേണ്ടി സകലസൃഷ്ടിയും ഈറ്റുനോവോടെ ഇരിക്കുന്നുവെന്ന് വി.പൗലൊസ് പറയുന്നു (റോ-8:18-25). 

2.ന്യായവിധിയ്ക്ക് (സെഖ-2:10-13)

സെഖ-2:10-13, സങ്കീ-50:4-6 വാക്യങ്ങളില്‍ കാണുന്ന ന്യായവിധി അന്ത്യകാലത്ത് നടക്കേണ്ട ന്യായവിധിയാണെന്നാണ് ചില ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. താണവനെ ഉയര്‍ത്തുകയും  പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍ നിന്ന് ഇറക്കുകയും വിശിരിക്കുന്നവരെ നന്മകളാല്‍ നിറക്കുകയും, സമ്പന്നന്മാരെ വെറുതെ അയച്ചുകളയുകയും ചെയ്യുന്ന ഒരു ന്യായവിധിയാണ് അന്നു നടക്കുന്നത് (ലൂ-1:51-53). എല്ലാ പ്രവൃത്തികള്‍ക്കും അതിനു തക്കതായ പ്രതിഫലം നല്‍കാനാണ് ക്രിസ്തു വരുന്നത് (2കൊരി-5:10, 1കൊരി-3:11-15, മത്താ-12:36,37, റോ-2:16, 1കൊരി-4:5).

3.നിത്യമായ വാസസ്ഥലത്തിനായി ഒരുക്കപ്പെടണം (1തെസ്സ-5:12-24)

ക്രിസ്തുവിന്റെ വരവിനെക്കുറിച്ച് പറഞ്ഞതിനു ശേഷം വി.പൗലൊസ് ഉപദേശിക്കുന്നതാണ് 1തെസ്സ-5:12-24-ല്‍ കാണുന്നത്. ക്രിസ്തു വരുന്നത് തന്റെ ജനത്തിനു നിത്യമായ വാസസ്ഥലം ഒരുക്കാനാണ്.  അവര്‍ തന്നോടൊപ്പം നിത്യതയില്‍ യുഗായുഗം വാഴും എന്നു വിശ്വസിക്കപ്പെടുന്നു (യോഹ-14:1-3, വെളി-21:1-3). ഇവിടെയാണ് ''വിശ്വസ്തനായ ദാസന്‍'' എന്നു വിളിച്ച് ചേര്‍ക്കപ്പെടുന്നത്. ഇവിടെയാണ് ക്രിസ്തു എന്ന മണവാളനോടൊപ്പം വാഴുന്ന ദിവ്യമായ അനുഭവം എന്ന ക്രിസ്തീയ പ്രത്യാശയുടെ കാതല്‍.  അതുകൊണ്ട് ക്രിസ്തുവിന്റെ വരവിനുവേണ്ടി ഒരുങ്ങിയിരിക്കുവാന്‍ സന്തോഷത്തോടെ കാത്തിരിക്കുവാന്‍ വി.പൗലൊസ് ആലോചന തരുന്നു (1തെസ്സ-5:12-24). ഉണര്‍ന്നും പ്രാര്‍ത്ഥിച്ചുമിരിക്കുവാനായി നിര്‍ദ്ദേശിക്കുന്നു (ലൂ-21:36).

       മല്‍ പ്രീയനേ എന്നേശുനായകനെ എപ്പോള്‍ വരും

       എന്‍ കണ്ണീര്‍ തുടച്ചീടുവാന്‍

       അങ്ങയെ ആശ്ലേഷിക്കാന്‍

       എന്നേശുവേ വാനമേഘേവേഗം വന്നീടണേ

പ്രാര്‍ത്ഥന

സര്‍വ്വശക്തനായ ദൈവമേ, കണ്ണിലെ കൃഷ്ണമണിപോലെ ഞങ്ങളെ കരുതുന്നവനായുള്ളോവേ, ഞങ്ങളുടെ വീണ്ടെടുപ്പുകാരനായി നിന്റെ പുത്രനെ സ്വീകരിക്കുവാന്‍ ആനന്ദത്തോടെ ഞങ്ങള്‍ കാത്തിരിക്കുമ്പോള്‍, നിന്റെ പുത്രന്റെ വരവിങ്കല്‍ ഞങ്ങള്‍ അനിന്ദ്യരായി കാണപ്പെടേണ്ടതിന് ഞങ്ങളുടെ ദേഹ, ദേഹി, ആത്മാക്കളെ ശുദ്ധീകരിക്കേണമേ. അങ്ങനെ കുറഞ്ഞോന്നു കഴിഞ്ഞിട്ട്  നീതിയോടും വിശ്വസ്തതയോടും കൂടെ നീ ഞങ്ങളുടെ ന്യായാധിപതിയായി എഴുന്നള്ളുമ്പോള്‍ ഞങ്ങള്‍ നിന്നെ നിശ്ചയമായും വിശ്വാസത്തോടെ കാണുമല്ലോ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍

 

Menu