സകലസൃഷ്ടിയുടെയും വീണ്ടെടുപ്പിനായി പിതാവായ ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിനെ ലോകത്തിലേയ്ക്ക് അയച്ചു. യേശു ഭൂമിയില്‍ ജനിക്കുന്നതിനു മുമ്പേ തന്നെ ദൈവത്തിന്റെ ഈ രക്ഷണ്യപദ്ധതിയെക്കുറിച്ച് പ്രവാചകന്മാര്‍ മുഖാന്തിരം അരുളിച്ചെയ്തിരുന്നു. ഇന്നത്തെ പഴയനിയമ വേദഭാഗങ്ങളില്‍ (യെശ-32:1-20, 9:27, സങ്കീ-8:1-4, 19-29) വായിച്ചത് അതാണ്. തന്നെക്കുറിച്ച് സങ്കീര്‍ത്തനത്തിലും പ്രവാചകന്മാരുടെ പുസ്തകത്തിലും യഹൂദന്മാരുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവെന്നു ക്രിസ്തുതന്നെ അവകാശപ്പെട്ടു (ലൂ-24:44,യോഹ-5:39). യേശുക്രിസ്തുവിന്റെ ജനനം, പ്രവര്‍ത്തനം, മരണം, പുനരുത്ഥാനം, സ്വര്‍ഗ്ഗാരോഹണം, വീണ്ടുംവരവ് ഇവയെല്ലാം പ്രവചിക്കപ്പെട്ടിരുന്നതായി കാണുന്നു. യേശുവിന്റെ ജനനം ലോകചരിത്രത്തിലെ ഒരു മഹത് സംഭവമാണ്. ദൈവം മനുഷ്യചരിത്രത്തിലേയ്ക്ക് ഇറങ്ങിവന്ന സംഭവം. ആത്മാവും അരൂപിയുമായ ദൈവം രൂപമുള്ളവനായും വ്യക്തിയായും ലോകത്തില്‍വന്ന സംഭവം. ഇത്തരുണത്തില്‍ യേശുക്രിസ്തു ജനിച്ചതിന്റെ ദൈവിക ഉദ്ദേശം ധ്യാനിക്കുന്നത് നന്നായിരിക്കും. ഒന്നാമത് അവിടുന്ന് പാപികളെ രക്ഷിക്കുവാന്‍ വന്നുവെന്ന് നാം ധ്യാനിക്കുന്നു. പിന്നെ ദൈവരാജ്യം പ്രസംഗിക്കുവാന്‍ ലോകത്തില്‍ വന്നു എന്നുള്ള ക്രിസ്തുചിന്തയിലേയ്ക്ക് നാം നോക്കുന്നു. മൂന്നാമതായി ക്രിസ്തുമസിന്റെ സന്ദേശം വിമോചനത്തിന്റെ സന്ദേശമാണെന്ന് ധ്യാനിക്കുന്നുണ്ട്. നാലാമതായി പിശാചിന്റെ പ്രവര്‍ത്തികളെ അഴിക്കുവാനാണ് യേശുക്രിസ്തു ജനിച്ചതെന്ന വി.യോഹന്നാന്റെ വചനത്തെയും വ്യാഖ്യാനിക്കുന്നു. ഒടുവില്‍ ശുശ്രൂഷിക്കാനും അനേകര്‍ക്കുവേണ്ടി ജീവനെ കൊടുക്കുവാനും വന്നു എന്ന ചിന്തയും ധ്യാനിക്കുന്നുണ്ട്.
1.പാപികളെ രക്ഷിക്കാന്‍ (മീഖാ-5:1-9)
യഹൂദാ സഹസ്രങ്ങളില്‍ ചെറുതായ ബത്‌ലെഹേം എഫ്രാത്തിനോട് മീഖയിലൂടെ പ്രവചിക്കപ്പെട്ട തിരുവചനം പോലെ (മീഖാ-5:2) ക്രിസ്തു പാപികളെ രക്ഷിക്കാന്‍ ലോകത്തിലേക്ക് വന്നു. ബി.സി 742-687 കാലഘട്ടത്താണ് മീഖാ പ്രവചിച്ചത്. ഹോശേയ, ആമോസ്, യെശയ്യാവു എന്നിവരുടെ സമകാലീനനായിരുന്നു അദ്ദേഹം. ശമര്യയുടെയും (മീഖാ-1:5-7) യഹൂദയുടെയും (1:9-16) പാപം നിമിത്തം അവര്‍ക്ക് സംഭവിക്കാന്‍ പോകുന്ന ന്യായവിധിയുടെ കാഠിന്യം അറിയിക്കുന്ന പ്രവാചകന്‍ ഒപ്പം തന്റെ ജനത്തിനുള്ള ആത്യന്തികമായ അനുഗ്രഹവും മിശിഹായുടെ വരവും വാഴ്ചയും പ്രവചിക്കുന്നു. ക്രിസ്തുവിന്റെ ജനനത്തിനു മുമ്പ് യോസഫിനോടു ദൈവത്തിന്റെ ദൂതന്‍ പറഞ്ഞത് ഇപ്രകാരമാണ്: അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു രക്ഷിക്കാനിരിക്കകൊണ്ടു നീ അവന് യേശു എന്നു പേരിടേണം. യേശു എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ രക്ഷിതാവ് എന്നാണ് (മത്താ-1:21). യേശുക്രിസ്തു പാപികളെ രക്ഷിക്കാന്‍ ലോകത്തില്‍ വന്നു എന്നു വി.പൗലൊസ് സാക്ഷ്യപ്പെടുത്തുുന്നു (1തിമൊ-1:15-17). ഞാന്‍ നീതിന്മാരെയല്ല പാപികളെയത്രെ വിളിക്കാന്‍ വന്നതു അഥവാ രക്ഷിക്കാന്‍ വന്നത് എന്നു യേശു പറഞ്ഞതായി എല്ലാ സമവീക്ഷണസുവിശേഷകരും സാക്ഷിക്കുന്നു (മത്താ-9:12,13, മര്‍-2:17, ലൂ-5:31,32, 19:10). ഇതായിരുന്നു യേശുക്രിസ്തുവിന്റെ പ്രഥമ ദൗത്യം : ''കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രന്‍ വന്നതു'' (ലൂ-19:10). ക്രിസ്തുമസിന്റെ സന്ദേശം പാപക്ഷമയുടെ സന്ദേശമാണ്.
2.ദൈവരാജ്യം പ്രസംഗിക്കാന്‍ (സങ്കീ-89:1-4,19-29)
നിത്യമായ അഭിഷേകത്തോടെ ശുശ്രൂഷ ചെയ്യുന്ന ഒരു രാജാവായിട്ടാണ് ക്രിസ്തുവിനെ പഴയനിയമത്തില്‍ വെളിപ്പെടുത്തിക്കാണുന്നത്. ''ഞാന്‍ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരില്‍ ശ്രേഷ്ഠനും ആക്കും. ഞാന്‍ അവന് എന്റെ ദയയെ എന്നേക്കും കാണിക്കും...... അവന്റെ സിംഹാസനത്തെ ശാശ്വതമായി ആകാശമുള്ള കാലത്തോളം നിലനിര്‍ത്തും'' (സങ്കീ-89:27-29). ദൈവരാജ്യം പ്രസംഗിക്കേണ്ടതിനാണ് ഞാന്‍ വന്നതെന്നു ക്രിസ്തു വ്യക്തമാക്കുന്നു (ലൂ-4:43, മര്‍-1:38). യേശുക്രിസ്തുവിന്റെ പ്രഭാഷണത്തിന്റെ ഉള്ളടക്കം ദൈവരാജ്യമായിരുന്നു (മര്‍-14,15). ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാന്‍ സ്‌നാപകന്‍ വരെയാണെന്നും അതിനുശേഷം ദൈവരാജ്യം പ്രസംഗിക്കേണ്ടതാകുന്നുവെന്നും ക്രിസ്തു ലോകചരിത്രത്തെ രണ്ടായി തിരിച്ചു (ലൂ-16:16). ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല നീതിയും സമാധാനവും, പരിശുദ്ധാത്മ സന്തോഷവുമാണ്. നീതിയുടെയും ന്യായത്തിന്റെയും സമാധാനത്തിന്റെയും സത്യത്തിന്റെയും സന്തോഷത്തിന്റെയും പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും രാജ്യമാണ് ദൈവരാജ്യം. അങ്ങനെയുള്ള ഒരു വ്യവസ്ഥിതി ഉണ്ടായാല്‍ ഭക്ഷണമില്ലാത്തവരും, ദാഹജലമില്ലാത്തവരും ഉടുക്കാന്‍ വസ്ത്രമില്ലാത്തവരും സമൂഹത്തില്‍ ഉണ്ടാകില്ല. അതാണ് മുമ്പെ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിച്ചാല്‍ ഈ പറഞ്ഞത് അവിടെയുണ്ടാകുമെന്നു ക്രിസ്തു പഠിപ്പിച്ചത് (മത്താ-6:33). ഭൂമിയില്‍ ന്യായം സ്ഥാപിക്കുവോളം അവിടുന്നു തളരുകയില്ലെന്നു ക്രിസ്തുവിനെ കുറിച്ച് യെശയ്യാവ് പ്രവചിച്ചതും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ് (യെശ-42:4). സത്യത്തിന് സാക്ഷ്യം പറയുവാന്‍ ഞാന്‍ വന്നിരിക്കുന്നു. എന്റെ രാജ്യം ഐഹികമല്ല എന്ന് പീലാത്തോസിനോട് കര്‍ത്താവ് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു (യോഹ-18:36,37). സത്യത്തിന്റെയും സ്‌നേഹത്തിന്റെയും രാജ്യം ഭൂമിയില്‍ സ്ഥാപിക്കപ്പെടണം. ''അവിടുത്തെ രാജ്യം വരേണമേ'' എന്ന് നിരന്തരം പ്രാര്‍ത്ഥിക്കുവാന്‍ അവിടുന്ന് ശിഷ്യന്മാരെ പഠിപ്പിച്ചു. ഇങ്ങനെയാണ് ക്രിസ്തുമസിന്റെ സന്ദേശം ദൈവരാജ്യത്തിന്റെ സന്ദേശമായി മാറിയത്.
3.സമഗ്ര വിമോചനത്തിനായി (വെളി-21:1-5)
ഈ ഭാഗത്ത് യേശുക്രിസ്തുവിന്റെ പുനരാഗമനത്തെക്കുറിച്ച് പറയുന്ന വചനങ്ങളാണെങ്കിലും അവിടുത്തെ ശുശ്രൂഷയുടെ പ്രധാന ദൗത്യമായി നാം കാണുന്നത് അവിടുന്നു നല്‍കുന്ന സമഗ്രവിമോചനമാണ് - ''അവന്‍ അവരുടെ കണ്ണില്‍ നിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും, ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല. ഒന്നാമത്തേത് കഴിഞ്ഞുപോയി'' (21:4,5). ലൂ-4:18,19-ല്‍ കാണുന്നതും യെശയ്യാ പ്രവചനപുസ്തകത്തില്‍നിന്നു ക്രിസ്തു വായിച്ചെടുത്ത് തന്റെ ശുശ്രൂഷയാക്കി മാറ്റിയെടുത്തതുമായ നസ്രത്ത് മാനിഫെസ്റ്റോ എന്ന പ്രസിദ്ധ ദര്‍ശനം ക്രിസ്തുമസിന്റെ സന്ദേശമായി മാറുന്നു.
-
ദരിദ്രരോട് സുവിശേഷം അറിയിക്കുവാന്‍ കര്‍ത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
-
ബദ്ധന്മാര്‍ക്ക് വിടുതല്‍ പ്രസംഗിക്കുവാന്‍
-
കുരുടന്മാര്‍ക്ക് കാഴ്ചയെ പ്രസംഗിക്കുവാന്‍
-
പീഡിതന്മാരെ വിടുവിച്ചയ്ക്കാന്‍
-
കര്‍ത്താവിന്റെ പ്രസാദവര്‍ഷം പ്രസംഗിക്കുവാന്‍
ഇവിടെ പറയുന്ന പഞ്ചദൗത്യങ്ങള്‍ ചേര്‍ത്ത് ചിന്തിച്ചാല്‍ അതില്‍ ഭൂരിപക്ഷമായിരിക്കുന്നത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ലഭിക്കുന്ന വിമോചനമാണ്. ഇത്തരം വിടുതല്‍ ആത്മീയം മാത്രമല്ല. ഭൗതികവും സാമൂഹികവും ധാര്‍മ്മികവും കൂടെയാണ്. അങ്ങനെയാണ് ക്രിസ്തുമസിന്റെ സന്ദേശം വിമോചനത്തിന്റെ സമഗ്രസന്ദേശമായി മാറുന്നത്.
4.തിന്മകളുടെ ശക്തികളെ അട്ടിമറിക്കുവാന്‍ (സങ്കീ-89:1-4, 19-21)
മുന്‍സൂചിപ്പിച്ചതുപോലെ ദൈവരാജ്യം സ്ഥാപിക്കപ്പെട്ടാല്‍ തിന്മകളുടെ ശക്തികള്‍ അട്ടിമറിക്കപ്പെടും. പിശാചിന്റെ പ്രവൃത്തികളെ അഴിക്കുവാന്‍ ദൈവപുത്രന്‍ പ്രത്യക്ഷനായി എന്ന് വി.യോഹന്നാന്റെ പ്രഖ്യാപനത്തില്‍നിന്ന് (1യോഹ-3:8) മനസ്സിലാക്കുന്നത് ക്രിസ്തുവിന്റെ ശുശ്രൂഷയിലുള്ള തിന്മകളുടെ ശക്തിക്കെതിരെ നില്‍ക്കുന്ന പോരാട്ടമാണ്. എല്ലാ തിന്മകളുടെ വ്യവസ്ഥിതികളും തകര്‍ക്കപ്പെടണം. അപ്പോഴാണ് മുന്‍സൂചിപ്പിച്ചതുപോലെ ദൈവരാജ്യത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. യേശു പറയുന്നു ഞാന്‍ ദൈവാത്മാവിനാല്‍ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍ ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ വന്നുകഴിഞ്ഞിരിക്കുന്നു (മത്താ-12:28).
5.വചനം ജഡമായി കൃപ നിറഞ്ഞവനായി നമ്മുടെ അടുക്കല്‍ എത്തി (യോഹ-1:1-14)
വചനം ജഡമായി വെളിപ്പെട്ടവനാണ് ക്രിസ്തു. മോശെ മുഖാന്തരം നിയമങ്ങളും, മതത്തിന്റെ ന്യായപ്രമാണങ്ങളും വന്നപ്പോള്‍ യേശു മുഖാന്തരം ലോകത്തിലേയ്ക്ക് കൃപ വന്നു. അത് കൃപമേല്‍ കൃപയായി തീര്‍ന്നു. ശുശ്രൂഷയുടെയും തീവ്രമായ ദാസ്യസ്വഭാവത്തിന്റെയും കൃപയാണ്. ശുശ്രൂഷിക്കാനും അനേകര്‍ക്കുവേണ്ടി ജീവനെ മറുവിലയായി നല്‍കുവാനുമാണ് ക്രിസ്തു വന്നതെന്ന തന്റെ ത്യാഗോജ്ജ്വലമായ വാക്കുകളാണ് ക്രിസ്തുമസിന്റെ സന്ദേശം. ''നിന്റെ ഇഷ്ടം ചെയ്യുവാന്‍ ഞാന്‍ വരുന്നു'' (എബ്രാ-10:9) എന്നു പിതാവിനോട് അപേക്ഷിച്ചുകൊണ്ട് കാഠിന്യമേറിയ ക്രൂശുമരണം വഹിക്കുവാന്‍ അങ്ങനെ ദൈവത്തിന്റെ ത്യാഗസ്വഭാവം പ്രദര്‍ശിപ്പിക്കുവാന്‍ യേശു വന്നു. അതുകൊണ്ടാണ് ഓരോരുത്തനെ അവനവന്റെ അകൃത്യത്തില്‍നിന്നു തിരിക്കേണ്ടതിന് അവനെ അയച്ചിരിക്കുന്നത് എന്നു പത്രൊസ് പ്രസംഗിച്ചത് (അ.പ്ര-3:26). ശുശ്രൂഷയുടെയും ത്യാഗത്തിന്റെയും സന്ദേശമാണ് ക്രിസ്തുമസിന്റെ സന്ദേശം.
യേശു രാജന്‍ ജനിച്ചു പാടി സന്തോഷിപ്പിന്‍
പാപശാപമൊഴിച്ചു പാടി സന്തോഷിപ്പിന്‍
വാനദൂതരാകവെ ആനന്ദിച്ചു കൂടുന്നെ
കൂടിടുവിന്‍ പാടിടുവിന്‍ പാടി സന്തോഷിപ്പിന്‍
പ്രാര്‍ത്ഥന
നിത്യനായ ദൈവമേ, സകലലോകത്തിനും സമാധാനം നല്‍കുവാനായി തന്റെ ഏകപുത്രനെ യഹൂദ്യ പട്ടണങ്ങളില്‍ ഏറ്റവും ചെറിയതൊന്നിലേക്കയച്ചവനേ, വചനം ജഡമായി, കൃപയും സത്യവും നിറഞ്ഞവനായി ഞങ്ങളുടെ ഇടയില്‍ പാര്‍ത്തവനേ തിരിച്ചറിയുവാനും സ്വീകരിക്കുവാനും വിശ്വസിക്കുവാനുമുള്ള കൃപ ഞങ്ങള്‍ക്കു നല്‍കേണമേ. അങ്ങനെ ഞങ്ങള്‍ സദാകാലവും അങ്ങയോടൊപ്പം ജീവിക്കുന്ന അങ്ങയുടെ മക്കളാകുമല്ലോ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍