Sermon Outlines
Create Account
1-800-123-4999
×

Warning

JUser: :_load: Unable to load user with ID: 290

സുവിശേഷങ്ങളിലെ യേശുവും മറ്റൊരു യേശുവും (Part -II)

Friday, 30 October 2015 10:41
Rate this item
(0 votes)

സുവിശേഷങ്ങളിലെ യേശുവും മറ്റൊരു യേശുവും (Part -II)

യേശുവിന്റെ രണ്ടാംവരവിന്റെ അടയാളങ്ങള്‍ യേശു തന്നെ പ്രവചിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം പറഞ്ഞത് ഇപ്രകാരമായിരുന്നു: ''കള്ള ക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേല്‍ക്കും'' (മത്താ-24:5,11,23,24, 1യോ-2:18). കഴിഞ്ഞ ലക്കത്തില്‍ എഴുതിയിരുന്നതുപോലെ ''മറ്റൊരു യേശുവിനെക്കുറിച്ചു പൗലൊസും സൂചിപ്പിക്കുന്നുണ്ട് (2കൊ-11:4). സുവിശേഷങ്ങളിലെ യേശുവിനെയാണ് കഴിഞ്ഞലക്കത്തില്‍ കാണാന്‍ ശ്രമിച്ചത്. സുവിശേഷങ്ങളിലെ യേശുവിനെ കാണാന്‍ അവിടുത്തെ ജീവിതവും പഠിപ്പിക്കലുമാണ് അറിയേണ്ടത്. ഈ ലക്കത്തില്‍ യേശുവിന്റെ ചില പഠിപ്പിക്കലുകളാണ് ചര്‍ച്ച ചെയ്യുന്നത്. യേശുവിന്റെ ശുശ്രൂഷയില്‍ തന്റെ പഠിപ്പിക്കല്‍ വളരെ പ്രാധാന്യമുള്ളതാണ്. യേശുവിന്റെ അനേക ഉപദേശങ്ങളെ സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇരുന്നൂറോളം വിവിധ വിഷയങ്ങളെ യേശു പഠിപ്പിച്ചു. ഒരു പുരുഷായുസ്സില്‍ മനുഷ്യനു ആവശ്യമുള്ളതും, അതിനു ശേഷം മനുഷ്യന് ആവശ്യമുള്ള നിത്യജീവനും അവിടുന്ന് ഉപദേശിച്ചു. അതേസമയം യേശു അനേകം അത്ഭുതങ്ങളും വീര്യപ്രവര്‍ത്തികളും ചെയ്തുവെങ്കിലും അതില്‍ ഏതാനും കുറച്ചു മാത്രമേ എഴുത്തുകാര്‍ എഴുതിയിട്ടുള്ളു. 23 രോഗശാന്തികളും, 9 വീര്യപ്രവൃത്തികളും (പച്ചവെള്ളം വീഞ്ഞാക്കിയത്, കടലില്‍ നടന്നത്, പുരുഷാരത്തെ പോഷിപ്പിച്ചത് മുതലായവ) 3 ഉയിര്‍പ്പിക്കലും - മൊത്തം 35. അതേസമയം ആയിരക്കണക്കിനു രോഗശാന്തികള്‍ യേശു ചെയ്തു എന്നുതന്നെയാണ് സുവിശേഷങ്ങള്‍ നല്‍കുന്ന സൂചന. അതില്‍ ചിലതു മാത്രം എഴുത്തുകാര്‍ രേഖപ്പെടുത്തി എന്നേയുള്ളു. എന്നാല്‍ മുന്‍ സൂചിപ്പിച്ചതുപോലെ യേശുവിന്റെ രേഖപ്പെടുത്തിക്കിട്ടിയ ഉപദേശങ്ങളില്‍ നിന്നും നാം വായിച്ചെടുക്കുന്ന യേശുവാണ് സുവിശേഷങ്ങളിലെ യേശു. ലൂക്കൊസ് യേശുവിനെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്: ''അവന്‍ ചെയ്തും ഉപദേശിച്ചും'' (അ.പ്ര-1:1). യേശുവും പറയുന്നു: ''എന്നെയും എന്റെ വചനങ്ങളെയും'' (മര്‍-8:38). യേശുവിന്റെ വചനങ്ങള്‍ അഥവാ ഉപദേശങ്ങളാണ് വേദപുസ്തകത്തിലെ കേന്ദ്രവും പ്രധാന ഉപദേശവും. എന്നാല്‍ ഇതില്‍ തന്നെ ഇന്നത്തെ ക്രിസ്തീയത എന്തുമാത്രം വ്യതിചലിച്ചിരിക്കുന്നുവെന്നു ശ്രദ്ധിക്കേണ്ടതാണ്.

ഞാന്‍ എന്റെ 15-ാമത്തെ വയസ്സില്‍ പ്രസംഗിക്കാന്‍ തുടങ്ങി. കൊച്ചുപയ്യനായിരുന്നതു കൊണ്ടായിരിക്കാം എന്നെ പലരും ഉത്സാഹിപ്പിച്ചു. എന്റെ സഭയുടെ ഉപദേശിയും, സംഘടനകളും എനിക്കു വളരെ അവസരങ്ങള്‍ തന്നു. പിന്നെ മറ്റു സഭക്കാര്‍ എന്നെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. പ്രത്യേക അനുഭവങ്ങള്‍ ഒന്നും ഇല്ലാതെയും പ്രത്യേക ഗുരുത്വമില്ലാതെയും ഞാന്‍ പ്രസംഗകനായി. എന്നാല്‍ എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് എനിക്ക് സുവിശേഷങ്ങളിലെ യേശുവിനെ മനസ്സിലായി തുടങ്ങിയത്. ഇന്നും പൂര്‍ണ്ണമായിട്ട് അവിടുത്തെ മനസിലായിട്ടില്ല. മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ ധരിച്ചത് എനിക്കെല്ലാം മനസ്സിലായിക്കഴിഞ്ഞുവെന്നായിരുന്നു. എന്റെ ആദ്യകാല സുവിശേഷപ്രസംഗങ്ങളുടെ കാലഘട്ടത്തിലെന്നപോലുള്ള അനേക പ്രസംഗകര്‍ ഇന്നും ഉണ്ട്. വചനജ്ഞാനമോ, ദൈവജ്ഞാനമോ ഇല്ലാതെ പ്രസംഗിക്കുന്നുണ്ട്. ഞാനും അങ്ങനെ ആയിരുന്നു. ''ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു'' (1കൊരി-13:11). ഇത്തരം പ്രഭാഷണങ്ങളും ഉപദേശങ്ങളും ക്രൈസ്തവതയ്ക്കും, ക്രിസ്തുസഭയ്ക്കും ഗുണത്തേക്കാള്‍ ഏറെ ദോഷമാണുണ്ടാക്കുന്നത്. 

മുന്‍ സൂചിപ്പിച്ചതുപോലെ യേശുവിന്റെ ചില ഉപദേശങ്ങള്‍ ഇവിടെ നോക്കാം.

ഞാന്‍ വസ്തുവകകള്‍ പങ്കു ചെയ്യുന്ന ന്യായാധിപനല്ല

സഹോദരനുമായി അവകാശം പങ്കുവയ്ക്കുന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായിട്ട് ഒരാള്‍ ഗുരുവിന്റെ അടുക്കല്‍ വന്നു. ''ഞാനുമായി അവകാശം പങ്കുചെയ്യുവാന്‍ സഹോദരനോടു കല്പിക്കണമേ'' എന്ന് അപേക്ഷിച്ചു. ''മനുഷ്യാ, എന്നെ നിങ്ങള്‍ക്കു ന്യായകര്‍ത്താവോ പങ്കിടുന്നവനോ ആക്കിയതു ആരാണ്'' എന്നായിരുന്നു യേശു ചോദിച്ചത് (ലൂ-12:13-21). ഈ അപേക്ഷയെ യേശു നിരസിച്ചതു മാത്രമല്ല, ശക്തമായ ഒരു ഉദാഹരണവും ഇവിടെ യേശു പറഞ്ഞു. ഇങ്ങനെ ഒരു അപേക്ഷയുമായി എന്റെ അടുക്കല്‍ ഒരാള്‍ വന്നാല്‍ ന്യായം ചെയ്തുകൊടുക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. അല്ലെങ്കില്‍ ന്യായാധിപനായ ദൈവത്തോട് പ്രാര്‍ത്ഥിക്കാമെന്നെങ്കിലും ഞാന്‍ പറയും. അങ്ങനെയൊരു അപേക്ഷയാണ് യേശുവിനോട് ഇവനും ചെയ്തത്. എന്നാല്‍ ഈ സംഭാഷണം യേശു അവസാനിപ്പിച്ചത് ഇങ്ങനെ പറഞ്ഞിട്ടാണ്: ''മൂഢാ ഈ രാത്രിയില്‍ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവച്ചതു ആര്‍ക്കാകും'' (ലൂ-12:20). എന്തു പരുക്കന്‍ പ്രതികരണം. എന്നാല്‍ ആള്‍ക്കാര്‍ക്കുവേണ്ടി എന്നെപ്പോലുള്ള പ്രാര്‍ത്ഥനക്കാരും പ്രസംഗകരും ഇതല്ലേ പ്രാര്‍ത്ഥിക്കുന്നതും പ്രാര്‍ത്ഥിക്കാം എന്നു പറഞ്ഞ് ആള്‍ക്കാരെ മോഹിപ്പിക്കുന്നതും. ആള്‍ക്കാര്‍ പ്രാര്‍ത്ഥിക്കാന്‍ സുവിശേഷയോഗങ്ങളില്‍ ഓടികൂടുന്നത് ഇതിനല്ലേ. കേസു തീര്‍ക്കണം, ഓഹരി പങ്കുവയ്ക്കണം, വസ്തു തര്‍ക്കം തീരണം ഇങ്ങനെ പോകുന്നു. എന്നാല്‍ യേശുവിന്റെ മറുപടി കണ്ടില്ലേ. ഇതാണ് എന്നെ അതിശയിപ്പിച്ച ഉത്തരം. ഇതാണ് സുവിശേഷത്തിലെ യേശു. അവിടുന്ന് വസ്തുതര്‍ക്കം തീര്‍ക്കുന്ന ന്യായാധിപനല്ല, കേസു നടത്തുന്ന വക്കീലുമല്ല. കാര്യങ്ങള്‍ സാധിച്ചുതരുന്ന ദല്ലാളുമല്ല.

അപ്പനെ കുഴിച്ചിടുവാന്‍ പോലും അനുവാദം നല്‍കാത്തവന്‍

മുമ്പേപോയി എന്റെ അപ്പനെ കുഴിച്ചിട്ടിട്ട് അങ്ങയെ അനുഗമിക്കാം എന്നു പറഞ്ഞപ്പോള്‍ ''മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ നീയോ പോയി ദൈവരാജ്യം അറിയിക്ക'' എന്നു യേശു പറയുന്നു. മറ്റൊരുത്തന്‍ ''ആദ്യം എന്റെ വീട്ടുകാരോടു യാത്ര പറയാന്‍ അനുവാദം തരേണം'' എന്നു പറഞ്ഞപ്പോള്‍ ''കലപ്പക്കു കൈ വച്ചിട്ട് പുറകോട്ടു നോക്കുന്നവന്‍ ആരും ദൈവരാജ്യത്തിനു കൊള്ളാകുന്നവനല്ല'' (ലൂ-9:57-62) എന്നായിരുന്നു യേശുവിന്റെ പ്രതികരണം. കുടുംബകാര്യവും, വീട്ടുകാര്യവും പറഞ്ഞു മുതലക്കണ്ണീരൊഴുക്കി സഹതാപം സൃഷ്ടിക്കുന്ന ഇന്നത്തെ സുവിശേഷപ്രസംഗകരുടെ നിലപാടില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു നടപടി. എന്നോട് യേശു ചോദിച്ചിരുന്നുവെങ്കില്‍ ഈ രണ്ടുപേര്‍ക്കും ഒരു മാസത്തെ ലീവ് കൊടുത്തു നാട്ടില്‍ വിടാന്‍ ഞാന്‍ അഭിപ്രായപ്പെടുമായിരുന്നു. വണ്ടിക്കൂലിക്ക് പണവും കൊടുത്ത് പ്രാര്‍ത്ഥിച്ചു യാത്ര അയക്കുമായിരുന്നു. അപ്പനെ അടക്കാന്‍ പോവുകയല്ലേ. ആ യാത്രയപ്പില്‍ ഞാന്‍ അവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമായിരുന്നു. രണ്ടാമനോടും അങ്ങനെതന്നെ ചെയ്യുമായിരുന്നു. സമാധാനത്തോടെ പോയി കുറെനാള്‍ വീട്ടില്‍ ചെലവിട്ട് അവരുമായി താമസിച്ചു സമാധാനത്തോടെ വരാന്‍ പറയുമായിരുന്നു. എന്നാല്‍ യേശുവിന്റെ നിലപാട് വളരെ വ്യത്യസ്തമായിരുന്നു. ഒരു പരുപരുക്കന്‍ നിലപാട്. ഇതാണ് സുവിശേഷത്തിലെ യേശു. ഇന്നു നാം പലതിലും വിട്ടുവീഴ്ച ചെയ്യുന്നു. നമ്മുടെ സൗകര്യാനുസരണം സാഹചര്യങ്ങള്‍ക്കനുസൃതമായി കാര്യങ്ങളെ ലഘൂകരിക്കുന്നു. അല്ലെങ്കില്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നമ്മോട് ആരെങ്കിലും ചേര്‍ന്നു നില്‍ക്കുമോ? ഇങ്ങനെ ലഘൂകരിച്ചു ലഘൂകരിച്ചു നാം കാലക്രമേണ മറ്റൊരു യേശുവിനെ  ഉണ്ടാക്കി എടുത്തു. അതില്‍ ഇന്നത്തെ ക്രിസ്ത്യാനി ശരിക്കും വിജയിച്ചു.  നമുക്കിണങ്ങിയ ഒരു യേശു! ''അവനെത്ര മാധുര്യവാന്‍'' എന്നാണ് പാടി ആര്‍ക്കുന്നത്. എന്തു മാധുര്യമാണ് ഇവനുള്ളത്?! ഒന്നു ചേര്‍ന്നു നിന്നു നോക്കൂ. ഇവനില്‍ ഒരു മാധുര്യവുമില്ല. എന്നാല്‍ സുവിശേഷം വിറ്റ് കാശാക്കുന്നവര്‍ക്കു ''ഇവന്‍ മാധുര്യവാന്‍'' എന്നു പറഞ്ഞാലേ ആള്‍ക്കാര്‍ പണം കൊടുക്കൂ. കഠിനമായ ക്രൂശു ചുമക്കുവാനോ, സാധാരണക്കാരോട് താതാത്മ്യം പ്രാപിക്കാനോ ഇവര്‍ തയ്യാറാകുന്നില്ല. സുഖതലങ്ങളില്‍ നില്‍ക്കാനും അങ്ങനെയുള്ളവരെ പ്രീണിപ്പിച്ച് അവരുടെ തിന്മകളില്‍ കൂട്ടുചേരാനുമാണ് ഇന്നത്തെ സുവിശേഷം പ്രോത്സാഹിപ്പിക്കുന്നത്.

നിക്കോദേമൊസിനുള്ള മറുപടി

''ഗുരോ (റബ്ബീ) നീ ദൈവത്തിന്റെ അടുക്കല്‍ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കില്‍ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്യുവാന്‍ ആര്‍ക്കും കഴിയുകയില്ല'' (യോഹ-3:2) ഇതായിരുന്നു നിക്കോദേമൊസിന്റെ യേശുവിനോടുള്ള സ്തുതിപാടല്‍. എന്റെ അടുക്കല്‍ ഒരാള്‍ ഇങ്ങനെ വന്നുപറഞ്ഞാല്‍ ഞാന്‍ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി ഒരു ചായയും കൊടുത്തു, സ്‌നേഹത്തോടെ സംസാരിച്ചു, പ്രാര്‍ത്ഥിച്ച് അനുഗ്രഹിച്ച് അയക്കുമായിരുന്നു. എന്നാല്‍ യേശു ഇവിടെ ചെയ്തത് എനിക്കു ഒന്നും ഇഷ്ടപ്പെട്ടതല്ല. വളരെ പരുക്കന്‍ ഭാവത്തില്‍ ഒരു മറുപടി. ''ആമേന്‍, ആമേന്‍ ഞാന്‍ നിന്നോടു പറയുന്നു, പുതുതായി ജനിച്ചില്ലെങ്കില്‍ ദൈവരാജ്യം കാണാന്‍ ആര്‍ക്കും കഴിയുകയില്ല'' (3:3). നിക്കോദേമൊസ് ഒന്നും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് തുടര്‍ന്ന് യേശു അവനോടു പറയുന്നത്. സുവിശേഷത്തിലെ യേശു സ്തുതിപാടലുകളില്‍ പ്രലോഭിക്കപ്പെടുന്നവനല്ല. സ്തുതികളില്‍ വിരാചിക്കുന്നവനുമല്ല.

''നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ'' എന്ന് ഒരു സ്ത്രീ ഉച്ചത്തില്‍ സ്തുതിച്ചപ്പോള്‍ യേശുവിന്റെ മറുപടി ഇതായിരുന്നു: ''അല്ലാ ദൈവത്തിന്റെ വചനം പ്രമാണിക്കുന്നവര്‍ അത്രേ ഭാഗ്യവാന്മാര്‍'' (ലൂ-11:27,28) മറ്റൊരിക്കല്‍ അമ്മയും സഹോദരങ്ങളും നിന്നെ കാണാന്‍ പുറത്തുനില്‍ക്കുന്നു എന്നു ചിലര്‍ അറിയിച്ചപ്പോഴും എന്റെ അമ്മയും സഹോദരങ്ങളും ദൈവവചനം കേട്ടു ചെയ്യുന്നവരാണ് (ലൂ-8:19-21) എന്നായിരുന്നു പ്രതികരണം. ആള്‍ക്കാരുടെ സ്തുതിപാടലുകളില്‍ മയങ്ങിപ്പോയ ഒരു നേതാവായിരുന്നില്ല സുവിശേഷത്തിലെ യേശു. കാരണം അവന്‍ അവരുടെ ഹൃദയങ്ങള്‍ അറിഞ്ഞിരുന്നു. അതുകൊണ്ടാണ് സ്തുതിയുടെ ആത്മീയതയല്ല ക്രിസ്തീയ ആത്മീയത എന്നു പറയുന്നത്. സ്തുതിയും പാട്ടുമൊക്കെ പാടുന്നവര്‍ക്കു നല്ല അനുഭൂതി ഉളവാക്കുമെന്നുള്ളതു നിസ്തര്‍ക്കമായ സംഗതിയാണ്. മനുഷ്യ മനസ്സിന് ആശ്വാസം ഉണ്ടാകുന്നു. മനുഷ്യന്റെ വൈകാരികമായ സ്വഭാവത്തിന് ഇതൊക്കെ ഗുണം ചെയ്യുന്നുണ്ടാകും. എന്നാല്‍ ഇതാണ് യേശു ഏറ്റവും ഇഷ്ടപ്പെടുന്നതെന്നും ഇതിനുവേണ്ടിയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്നും സ്തുതികളുടെ മദ്ധ്യേയാണ് യേശു ഇരിക്കുന്നതെന്നുമൊക്കെയുള്ള ചിന്തകളും പഠിപ്പിക്കലും മണ്ടത്തരമാണ്. സ്തുതിക്കുന്നത് തെറ്റല്ല. എന്നാല്‍ അതുകൊണ്ട് അവസാനിക്കേണ്ടതല്ല ക്രൈസ്തവധര്‍മ്മം. അതില്‍ വലിയ മാഹാത്മ്യവും കാണാനില്ല. ക്രൈസ്തവസഭയുടെ നിലനില്‍പ്പിന്റെ ആത്യന്തിക ലക്ഷ്യമോ ഉദ്ദേശ്യമോ 'സ്തുതിക്കല്‍' അല്ല. ''എന്നെ കര്‍ത്താവേ കര്‍ത്താവേ എന്നു പറയുന്നവന്‍ ഏവനുമല്ല (സ്തുതിക്കുന്നവന്‍ അല്ല). പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ...'' (മത്താ-7:21) എന്ന വചനം പ്രസിദ്ധമാണല്ലോ. സ്തുതിയും ആരാധനയും കണ്ട് പ്രസാദിക്കുന്ന തരത്തിലെ ഒരു ആനുകാലിക രാഷ്ട്രീയനേതാവിനെപ്പോലെ യേശുവിനെ തരം താഴ്ത്തുകയാണ് ഇന്നത്തെ ''പ്രയിസ് ആന്റ് വര്‍ഷിപ്പ്'' വിഭാഗം ക്രൈസ്തവര്‍. ഇവിടെയും 'മറ്റൊരു യേശുവിനെ' ഇവര്‍ പരിചയപ്പെടുത്തുന്നു.

വെളിപ്പാടു പുസ്തകത്തിലെ യേശു

കഴിഞ്ഞ 25 വര്‍ഷങ്ങളായി ഞാന്‍ വെളിപ്പാടു പുസ്തകം പഠിപ്പിക്കുന്നു. കേരളത്തിലും ഭാരതത്തിന്റെ പല സംസ്ഥാനങ്ങളിലും മറ്റു വിദേശരാജ്യങ്ങളിലും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. വെളിപ്പാടു പുസ്തകത്തില്‍ യേശുവിനെ യോഹന്നാന്‍ വെളിപ്പെടുത്തുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. ഈ പുസ്തകത്തില്‍ ഇരുപത്തിരണ്ടിലധികം പേരുകള്‍ യേശുവിന് നല്‍കപ്പെട്ടിരിക്കുന്നു. ശക്തമായ പീഢനം അനുഭവിച്ചുകൊണ്ടിരുന്ന ക്രൈസ്തവ സഭയ്ക്കു പ്രതീക്ഷയും പ്രത്യാശയും നല്‍കുന്ന വെളിപ്പെടുത്തലുകള്‍ ആണിവ. എന്നാല്‍ ഇതില്‍ അധികവും ആലങ്കാരികമായ പദപ്രയോഗങ്ങളാണ്. അക്ഷരികമായി എടുക്കാനുള്ളതല്ല. നീറോ ചക്രവര്‍ത്തിയുടെ പീഢനം അനുഭവിക്കുന്ന ക്രൈസ്തവ സഭയ്ക്കു നീറോയേക്കാള്‍ ഒരു വലിയ ഭരണാധികാരിയെ പരിചയപ്പെടുത്തുകയാണിവിടെ- ''രാജാധിരാജാവ്, കര്‍ത്താധികര്‍ത്താവ്, സിംഹാസനത്തില്‍ ഇരിക്കുന്നവന്‍''. സ്വര്‍ണ്ണതെരുവീഥി, പന്ത്രണ്ട് മുത്തുകള്‍ തുടങ്ങിയ പദപ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. അന്നത്തെ സഭ പീഢനത്തിലാണ്. ദാരിദ്ര്യത്തിലാണ്. അടിച്ചമര്‍ത്തലിലാണ്. ഉപദ്രവങ്ങളിലാണ്. നിസ്സഹായതയിലാണ്. അവര്‍ക്കുവേണ്ടിയുള്ള പ്രോത്സാഹനവും ഉത്സാഹിപ്പിക്കലും ആണ് യോഹന്നാന്റെ  വെളിപ്പാടുപുസ്തകം എന്ന ലേഖനം. എന്നാല്‍ സമൃദ്ധിയിലും ആഢംബരത്തിലും അമിത സ്വാതന്ത്ര്യത്തിലും കഴിയുന്ന ഇന്നത്തെ ക്രിസ്ത്യാനി ഇതു വായിക്കുമ്പോള്‍ യഥാര്‍ത്ഥത്തിലുള്ള ഒരു പുനര്‍വായന വേണ്ടിവരും. ഇന്നത്തെ ക്രിസ്ത്യാനി മടങ്ങിവരേണ്ടത് സുവിശേഷങ്ങളിലെ യേശുവിലേക്കു തന്നെയാണ്. സുവിശേഷത്തിലെ യേശു പ്രജകളുടെ രാജാവല്ല പ്രത്യുത പ്രജകളുടെ ദാസനാണ്. തന്റെ രാജ്യം ഐഹികമല്ലന്നാണ് അവിടുത്തെ നിലപാട്. പിന്നെ എങ്ങനെ അദ്ദേഹത്തെ നാം രാജാവെന്ന് വിളിക്കും?! ദാസനായിതീരുകയും നമ്മെയും മറ്റുള്ളവരുടെ ദാസനായി തീരാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത യേശുവാണ് സുവിശേഷങ്ങളിലെ യേശു. എന്നാല്‍ ദൈവരാജ്യത്തിന്റെ രാജാവ് ദൈവം തന്നെയാണെന്ന് ഞാനും സമ്മതിക്കുന്നു.

അനീതിക്കെതിരെയുള്ള നിലപാട്

അനീതിക്കും ചൂഷണത്തിനുമെതിരെ ശക്തമായ നിലപാടായിരുന്നു യേശുവിനുണ്ടായിരുന്നത്. ദേവാലയം കച്ചവടസ്ഥലമാക്കിയതിനെതിരെ അവിടുന്ന് പ്രതികരിച്ചത് ചാട്ടവാറെടുത്തായിരുന്നു. വാണിഭക്കാരെ പുറത്താക്കി. മേശകളെ മറിച്ചിട്ടു. ''എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുത്'' (യോ-25:13-23) എന്നു പ്രഖ്യാപിച്ചു. ഈ സ്ഥാനത്ത് ഞാന്‍ ആയിരുന്നുവെങ്കില്‍ വേണ്ടിവന്നാല്‍ ഒരു ''അഡ്ജസ്റ്റ്‌മെന്റ് സമരം'' നടത്തി പിന്മാറുമായിരുന്നു. ഇലക്കും മുള്ളിനും കേടില്ലാത്ത ഒരു നിലപാട്. അങ്ങനെ ചെയ്താലേ എന്നോട് എല്ലാവരും ഐക്യദാര്‍ഡ്യത്തില്‍ നില്‍ക്കുകയുള്ളു. എന്നാലേ എനിക്കും നിലനില്‍പ്പുള്ളു. ഇന്നത്തെ സംഘടനകളും, സുവിശേഷകരും ചെയ്യുന്നത് ഇതുതന്നെയാണ്. എന്നാല്‍ സുവിശേഷങ്ങളിലെ യേശു അങ്ങനെ അല്ലായിരുന്നു. യേശുവിന് വഴി നിരത്തുവാന്‍ വന്ന യോഹന്നാന്‍ പോലും യേശുവിന്റെ ചെയ്തികളില്‍ ഇടറിപ്പോയി. യേശുവിനെ സ്‌നാനപ്പെടുത്തുകയും പൊതുജനത്തിനു പരിചയപ്പെടുത്തികൊടുക്കുകയും ചെയ്‌തെങ്കിലും കാലക്രമേണ തനിക്ക് അബദ്ധം പറ്റിപ്പോയോ എന്നു യോഹന്നാനൊരു സംശയം. കാരണം താന്‍ പ്രതീക്ഷിച്ച തരത്തിലെ യേശു അല്ലായിരുന്നു ഈ യേശു. ജയിലില്‍ കിടക്കുന്ന യോഹന്നാനെ ഒന്നു കാണാനോ തനിക്കുപോലും മോചനം നല്‍കാനോ കഴിയാത്ത യേശു. തികഞ്ഞ ആശങ്കയോടെയാണ് യോഹന്നാന്‍ തന്റെ ശിഷ്യന്മാരെ യേശുവിന്റെ അടുക്കല്‍ അയക്കുന്നത്. ''വരുവാനുള്ളവന്‍ നീയാണോ അതോ (വേറൊരാള്‍ വരുമോ) ഞങ്ങള്‍ മറ്റൊരുത്തനെ കാത്തിരിക്കണമോ''. അന്നും ഈ ചോദ്യം ഉയര്‍ന്നു. ''മറ്റൊരുത്തനെ തരിക''. ഇതിനു ''എങ്കല്‍ ഇടറി പോകാത്തവന്‍ ഭാഗ്യവാന്മാര്‍'' എന്നായിരുന്നു യേശുവിന്റെ മറുപടി. നമ്മുടെ സൗകര്യാര്‍ത്ഥം നമുക്കു ഇഷ്ടപ്പെട്ട ഒരു യേശുവിനെ ഉണ്ടാക്കുമ്പോഴാണ് യേശുവിനെക്കുറിച്ചുള്ള അറിവില്‍ നാം ഇടറിപ്പോകുന്നത്.

ഇന്നു മതവും മനുഷ്യനും ഉണ്ടാക്കിയ യേശുവിനെ വിട്ട് യഥാര്‍ത്ഥ യേശുവിനെ അഥവാ സുവിശേഷത്തിലെ യേശുവിനെ അനുഗമിക്കാന്‍ ശ്രമിക്കേണ്ടതാണ്. ദൈവപുത്രനായിരുന്നിട്ടും 'മനുഷ്യപുത്രന്‍' എന്നു സ്വയം പലവട്ടം പരിചയപ്പെടുത്തിയ യേശു. മനുഷ്യന്റെ കഷ്ടപ്പാടിനോടു ചേര്‍ന്നു കടല്‍ക്കരയില്‍ നടക്കുന്ന ദാസനായ യേശു. ഖലീല്‍ ജിബ്രാന്‍ പറയുന്നതോര്‍ക്കുന്നു: ''അവന്‍ കടലില്‍ നടന്നതിലല്ല എനിക്കല്‍ഭുതം - കടല്‍ത്തീരത്തില്‍ നടന്നതിലാണല്‍ഭുതം''. യേശുവിന്റെ ജീവിതവും പഠിപ്പിക്കലും ഒന്നായിരുന്നു. യേശുവിനെ പ്രസംഗിക്കുന്നവര്‍ യേശുവിനെപ്പോലെ അവരുടെ നിലകളില്‍ നിന്നിറങ്ങി വരാന്‍ തയ്യാറായിരുന്നെങ്കില്‍! പ്രസംഗകരുടെ എണ്ണം കൂടുംതോറും ''മറ്റൊരു യേശു''ക്കളുടെ എണ്ണവും കൂടുന്നു.

 

Menu