Sermon Outlines
Create Account
1-800-123-4999

ക്രൂശ് : രക്ഷയുടെ നിവർത്തീകരണം

Saturday, 19 March 2016 09:20
Rate this item
(0 votes)

മാർച്ച് 25

വലിയ വെള്ളി

Good Friday

ക്രൂശ് : രക്ഷയുടെ നിവർത്തീകരണം

Cross: Accomplishment of Salvation

പുറ. 14:15-22            സങ്കീ. 22

എബ്രാ. 13:8-17    യോഹ. 19:23-30

ധ്യാനവചനം: യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു (യോഹ. 19:30).

ക്രൂശ് രക്ഷയുടെ അടയാളമാണ്. ക്രൂശിന്റെ വചനം രക്ഷിക്കപ്പെടുന്നവർക്കു ദൈവശക്തിയെന്നാണു വി.പൗലൊസ് പറഞ്ഞത് (1കൊരി. 1:18).  സോഡ്‌സോ (രക്ഷിക്കുക, വിടുവിക്കുക), സോറ്റീർ (രക്ഷകൻ, രക്ഷിതാവു), സോറ്റീറിയ (രക്ഷ), സോറ്റീറിയൊസ്, സോറ്റീറിയൊൻ (വിശേഷണ രൂപങ്ങൾ) എന്നിവയാണു രക്ഷയുമായി ബന്ധപ്പെട്ട പുതിയനിയമ ഗ്രീക്കു പ്രയോഗങ്ങൾ. നാമവിശേഷണത്തിന്റെ നപുംസകരൂപമായ സോറ്റീറിയൊൻ നാമമായി രണ്ടു സ്ഥാനങ്ങളിൽ ക്രിസ്തുവിനു പകരം പ്രയോഗിച്ചിട്ടുണ്ട് (ലൂക്കൊ. 2:31, 3:6). വ്യക്തിപരവും (അ.പ്ര. 27:34, ഫിലി. 1:19, എബ്രാ. 11:7) ദേശീയവും (ലൂക്കൊ. 1:69-71, അ.പ്ര. 7:25) ആയ വിമോചനം, രക്ഷാനായകനായ ക്രിസ്തു (ലൂക്കൊ. 2:31, യോഹ. 4:22) രക്ഷയുടെ വ്യത്യസ്തഘടകങ്ങൾ (ഫിലി. 2:12, 1പത്രൊ. 1:9, റോമ. 13:11, 1തെസ്സ. 5:8-10) പരിശുദ്ധാത്മാവിലൂടെ ദൈവം നൽകുന്ന സകലവിധ അനുഗ്രഹങ്ങൾ (2കൊരി. 6:2, എബ്രാ. 5:9, 1പത്രൊ. 1:9,10, യൂദാ. 3) എന്നീ അർത്ഥങ്ങളിൽ സോറ്റീറിയ (രക്ഷ) പുതിയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. 'സോഡ്‌സോ'യും അനുബന്ധപദങ്ങളും സെപ്റ്റ്വജിന്റിൽ 483 തവണ പ്രയോഗിച്ചിട്ടുണ്ട്. യാഷാ (278 പ്രാവശ്യം) ഷാലോം (68 തവണ), റ്റ്‌സെലെം (55 പ്രാവശ്യം) എന്നീ എബ്രായ പദങ്ങളെയാണ് പ്രധാനമായും സോഡ്‌സോ കൊണ്ടു സെപ്റ്റ്വജിന്റിൽ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. സ്വതന്ത്രമാക്കുക, മോചിപ്പിക്കുക, രക്ഷിക്കുക, വിടുവിക്കുക എന്നീ അർത്ഥങ്ങൾ ഇതിനുണ്ട്. രക്ഷ ദൈവത്തിന്റെ ദാനമാണ് (എഫെ. 2:5). അതു ദൈവകൃപയാലാണ് ലഭിക്കുന്നത് (എഫെ. 2:8).

ദൈവം തന്റെ പുത്രനായ യേശുവിനെ മാനവവിമോചനത്തിനായി ക്രൂശ് മരണത്തിനു ഏല്പിച്ച ദിവസമാണ് ക്രൈസ്തവർ നല്ല വെള്ളിയാഴ്ചയായി ആചരിക്കുന്നത്. സ്‌നേഹത്തിന്റെയും ക്ഷമയുടെയും ആത്മത്യാഗത്തിന്റെയും വെളിപ്പെടലാണ് ക്രൂശിൽ ദർശിക്കുന്നത്. ക്രൂശ് യഹൂദന്മാർക്കു ഇടർച്ചയും ജ്ഞാനികളായ യവനന്മാർക്കു (ജാതികൾക്കു) ഭോഷത്വവും ആയിരുന്നു. എന്നാൽ അതു ദൈവജ്ഞാനത്തിന്റെ അടയാളമായിത്തീർന്നു (1കൊരി. 1:18,23,24). അപമാനത്തിന്റെയും താഴ്ചയുടെയും ശാപത്തിന്റെയും പ്രതീകമായിരുന്നു ക്രൂശ് (ആവര്‍. 21:23, ഗലാ. 3:13). ക്രിസ്തു അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിച്ചു (എബ്രാ. 12:2) ക്രൂശിലെ മരണത്തോളം കഷ്ടം അനുഭവിച്ചു (ഫിലി. 2:8). ക്രൈസ്തവർ വിശ്വസിക്കുന്നതു യേശുക്രിസ്തുവിന്റെ മരണം ഒരു കൊലപാതകമായിരുന്നില്ല എന്നാണ്. മാത്രമല്ല അത് ഒരു രക്തസാക്ഷിത്വമോ ആത്മഹത്യയോ അപകടമരണമോ ഒരു സാധാരണ മരണമോ ആയിരുന്നില്ല.  പ്രത്യുത ദൈവം ഒരുക്കിയ തന്റെ പുത്രന്റെ യാഗമായിരുന്നു. യേശുവിന്റെ മരണത്തിലൂടെ മരണത്തിനു മരണം സംഭവിക്കുകയായിരുന്നു. പാപത്തിന്റെ ശമ്പളം മരണമാണ് (റോമ. 6:23). ഈ മരണത്തെയാണ് ക്രിസ്തു ക്രൂശിൽ വഹിച്ചത്. മരണം ഒരു അന്ത്യമല്ല എന്നു തെളിയിക്കപ്പെട്ടു. മരണത്തെ തോല്പിച്ച് മരണത്തിനപ്പുറമായ ഒരു ജീവിതം അവിടുന്നു പ്രദാനം ചെയ്തു (റോമ. 5:12-21). 

1.   മിസ്രയീമിൽ നിന്നുള്ള രക്ഷ (പുറ. 14:15-22)

മിസ്രയീം അടിമത്തത്തിൽ നിന്നും യിസ്രായേൽ ജനം വിടുവിക്കപ്പെട്ടതുപോലെ സകല തിന്മകളുടെ ശക്തികളിൽനിന്നും യേശുക്രിസ്തുവിലൂടെ മോചനമുണ്ടാകുന്നു. അന്നു അവർ മോശെയെ അനുഗമിച്ചുവെങ്കിൽ ഇന്നു യേശുവായ പാറയെ നാം അനുഗമിക്കുന്നു (1കൊരി. 10:1-5). ക്രൂശിൽ യേശു വരുത്തിയ രക്ഷയുടെ നിവർത്തീകരണം അനുഭവത്തിലാകുന്നത് യേശുവിനെ അനുഗമിക്കാൻ തുടങ്ങുമ്പോഴാണ്. 

2.   യേശുവിന്റെ യാഗം നല്‍കിയ പൂർത്തീകരണം (എബ്രാ. 13:8-17)

യേശുവിന്റെ മരണം ഒരു ആത്മഹത്യയായിരുന്നില്ല. അത് ഒരു സാധാരണ യാദൃശ്ചിക മരണവുമല്ല. യേശുവിന്റെ മരണം കൊലപാതകമല്ല. അത് ഒരു അപകടമരണവുമല്ല. യേശുവിന്റെ മരണം പിതാവ് ഒരുക്കിയ പുത്രന്റെ യാഗമായിരുന്നു. ആ യാഗത്തിലൂടെയാണ് മനുഷ്യനു പൂർണ്ണമായി രക്ഷ അനുഭവിക്കാൻ കഴിഞ്ഞത്. സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിനു നഗരവാതിലിനു പുറത്തു വച്ചു യേശു കഷ്ടമനുഭവിച്ചു (എബ്രാ. 12:12). 

3.   ക്രൂശ് നല്‍കിയ നിവർത്തിയാക്കൽ (യോഹ. 19:23-30)

സകലവും നിവൃത്തിയാക്കിയ (യോഹ. 19:30) പ്രവൃത്തിയാണു ക്രൂശിൽ ദർശിക്കുന്നത്. ന്യായപ്രമാണത്തിന്റെ നിവൃത്തി, പാപത്തിന്റെ നിവൃത്തി, തിന്മശക്തികളുടെ നിവൃത്തി, തിരുവെഴുത്തിന്റെ നിവൃത്തി ഇങ്ങനെ യേശു നിവൃത്തിയാക്കിയതു ബഹുമുഖമായ ശുശ്രൂഷയായിരുന്നു. അതുകൊണ്ടാണ് യേശുക്രിസ്തു ദൈവികവെളിപ്പാടുകളുടെ നിവർത്തീകരണമെന്നു വിശ്വസിക്കപ്പെടുന്നത്.

 

Menu