പരിശുദ്ധാത്മാവിൽ നടത്തപ്പെടുക എന്നതു ക്രിസ്തീയജീവിതത്തിന്റെ ഒരു പ്രധാന ഉപദേശമാണ്. ആത്മാവിനെ അനുസരിച്ചു നടക്കുന്നവനാണ് ആത്മീകൻ. ത്രിത്വത്തിൽ ഒരുവനായ പരിശുദ്ധാത്മാവിനെ മനുഷ്യർക്കുവേണ്ടി ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നു. ദൈവം സർവ്വശക്തനായ പിതാവായും തന്റെ പുത്രനായ മനുഷ്യനായിത്തീർന്ന മശിഹായായും, പരിശുദ്ധാത്മാവായും മനുഷ്യരോട് ഇടപെട്ടുകൊണ്ടിരിക്കുന്നു. പഴയനിയമകാലം മുതൽ പരിശുദ്ധാത്മാവിന്റെ വാഗ്ദത്തം ലഭിച്ചു തുടങ്ങിയിട്ടുണ്ട് (യോഹ.2:28, യെശ. 28:2, യെശ.11:1). രാജാക്കന്മാർ, പ്രവാചകന്മാർ, പുരോഹിതന്മാർ തുടങ്ങി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടു വിളിക്കപ്പെട്ടവരുടെമേൽ മാത്രം അയയ്ക്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിനെയാണ് അന്ത്യകാലത്തു സകല ജഡത്തിൽമേലും പകരപ്പെടും എന്നു പറഞ്ഞിരിക്കുന്നത്. പെസഹാ പെരുന്നാൾ കഴിഞ്ഞ് 50-ാം നാളായ പെന്തക്കോസ്തു പെരുന്നാൾ ദിനം പരിശുദ്ധാത്മാവിന്റെ പ്രത്യക്ഷമായ പ്രവൃത്തി സകലരുടേയും മേൽ പകരുവാൻ തുടങ്ങി. അന്നു ക്രൈസ്തവസമൂഹത്തിന്റെ ഉദ്ഘാടനം നടന്നുവെന്നു പറയാം. സഭ സ്ഥാപിക്കപ്പെട്ടു. അങ്ങനെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ക്രൈസ്തവസഭയിൽ പ്രകടമായി ആരംഭിച്ചു (അ.പ്ര.12:1-10, 8:14 -17, 10:44-48, 19:1-6). തുടർന്ന് അപ്പൊസ്തലന്മാരാൽ സഭയുടെ ശുശ്രൂഷകൾക്കും ആരാധനാ ക്രമങ്ങൾക്കുമുള്ള നിർദ്ദേശങ്ങൾ നൽകപ്പെട്ടു. അതു പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ ഉപയോഗപ്പെടുത്താനും മനസ്സിലാക്കാനും കൂടുതൽ സഹായകരമായി (1കൊരി.12,14 അദ്ധ്യായങ്ങൾ). പരിശുദ്ധാത്മാവിന്റെ വാഗ്ദത്തം ചില പ്രത്യേക വ്യക്തികൾക്കോ സഭാവിഭാഗങ്ങൾക്കോ മാത്രമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ''കാറ്റ് ഇഷ്ടമുള്ളിടത്ത് ഊതുന്നു'' (യോഹ. 3:8) എന്നാണ് യേശുക്രിസ്തു ഇതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. ദൈവം തന്റെ വാഗ്ദത്തം മുഖപക്ഷമില്ലാതെയാണ് നിറവേറ്റുന്നതെന്ന് ഇതുപോലുള്ള ഒരു സാഹചര്യത്തിൽ പത്രൊസും പറയുന്നുണ്ട്. (അ.പ്ര.10:34). പഴയനിയമത്തിൽ പ്രവാചകന്മാരിലൂടെയും പുതിയനിയമത്തിൽ യേശുക്രിസ്തുവിലൂടെയും നല്കപ്പെട്ട വാഗ്ദത്തം പെന്തെക്കൊസ്തുനാളിൽ ആരംഭിച്ചു, ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുവെന്നുവേണം കരുതാൻ. ലൂക്കൊ.11:13-ൽ കർത്താവ് പറയുന്നു: ''തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും''. ദാഹിക്കുന്ന ഏവരേയും കർത്താവ് വിളിക്കുന്നു. അതും പരിശുദ്ധാത്മനിറവിലുള്ള ഒരു ജീവിതത്തിനുവേണ്ടിയുള്ള ആഹ്വാനമായിട്ടു കാണുന്നു (യോഹ. 7:37,38). കർത്താവിന്റെ ശുശ്രൂഷാകാലം കഴിഞ്ഞു അയക്കുവാൻ പോകുന്ന പരിശുദ്ധാത്മാവിനെക്കുറിച്ച് യേശു ആവർത്തിച്ചാവർത്തിച്ച് പറയുന്നതും ശ്രദ്ധേയമാണ് (യോഹ. 14:15-21, 16:8-13).
1. പണികൾക്കായുള്ള പരിശുദ്ധാത്മാവിന്റെ നടത്തിപ്പ് (പുറ. 36:1-7)
സമാഗമനകൂടാരം പണിയുവാൻ ദൈവം മോശെയോടു പറഞ്ഞു. എന്നാൽ അതിനായി ദൈവം ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ തിരഞ്ഞെടുത്തു. തനിക്കു കൂട്ടായി ദാൻ ഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലിയാബിനെയും നൽകി (പുറ. 31:1-6). പണികൾ ചെയ്യുവാൻ ദൈവം അവർക്കു പരിശുദ്ധാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ടു നിറച്ചു (പുറ. 31:5). പരിശുദ്ധാത്മാവിനാൽ നടത്തപ്പെട്ടതുകൊണ്ടു ജനം അതിനായി ചിലവു ചെയ്തു - വേണ്ടതിലധികമായി ജനം കൊണ്ടുവന്നു. ഇനിമേലാൽ വഴിപാടു കൊണ്ടുവരണ്ട എന്നു പ്രസിദ്ധമാക്കത്തക്കവിധത്തിൽ ആ ശുശ്രൂഷ വളർന്നു (പുറ. 36:5-7). ഒരു ശുശ്രൂഷ പരിശുദ്ധാത്മാവിനാൽ നടത്തപ്പെടുമ്പോൾ അതിനാവശ്യമുള്ളതു ലഭിക്കുന്നുവെന്നുള്ളതിനു തെളിവാണ്.
2. പുത്രത്വത്തിന്റെ ആത്മാവ് (റോമ. 8:12-17)
മുൻ സൂചിപ്പിച്ചതുപോലെ പരിശുദ്ധാത്മാവിനാൽ നടത്തപ്പെടുന്ന ജീവിതമാണ് ക്രിസ്തീയ ആത്മീയ ജീവിതം. ജഡത്തെ അനുസരിച്ചു ജീവിക്കുന്നുവെങ്കിൽ മരിക്കും നിശ്ചയം. ആത്മാവിനാൽ ശരീരത്തിന്റെ പ്രവർത്തികളെ മരിപ്പിക്കുന്നുവെങ്കിൽ നിങ്ങൾ ജീവിക്കും എന്നാണ് വി.പൗലൊസ് പഠിപ്പിച്ചത് (റോമ. 8:13). നാം മക്കളെങ്കിൽ ഈ ആത്മാവിനു അവകാശികളുമാണ്. ഇങ്ങനെ പരിശുദ്ധാത്മാവിനാൽ നടത്തപ്പെടുന്ന ഒരു ജീവിതം നമുക്കുണ്ടാകണം.
3. ദൈനംദിനം നടത്തുന്ന ആത്മാവ് (യോഹ. 14:25-31)
സഭയ്ക്കു നൽകുന്ന ആശീർവാദം ഇപ്രകാരമാണ്: ''കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളോടുകൂടെ ഇരിക്കട്ടെ'' (2കൊരി.13:14). ബൈബിളിൽ 22 പ്രാവശ്യം കൂട്ടായ്മ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ''കൊയ്‌നോനിയ'' എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥത്തിലാണ് കൂട്ടായ്മ എന്ന മലയാളം പദം ഉപയോഗിച്ചിരിക്കുന്നത്. പുതിയനിയമത്തിൽ പത്തൊമ്പതിടത്ത് ഈ പദമുണ്ട്. കൂടിച്ചേർന്നിരിക്കുന്ന അവസ്ഥയാണ് കൂട്ടായ്മ. കൊയ്‌നോനിയയുടെ ക്രിയാരൂപമായ കൊയ്‌നോനെയോ പുതിയനിയമത്തിൽ 8 സ്ഥലങ്ങളിൽ ഉണ്ട്. വ്യത്യസ്ത പദങ്ങളെക്കൊണ്ടാണ് അതിന്റെ പരിഭാഷ മലയാളത്തിൽ നിർവ്വഹിച്ചിരിക്കുന്നത് - ഓഹരികൊടുക്കുക (ഗലാ. 6:6), ഓഹരിക്കാരനാവുക (1തി. 5:22), പങ്കുള്ളവരാകുക (1പത്രൊ. 4:13) കൂട്ടായ്മ കാണിക്കുക (റോമ. 12:13, ഫിലി. 4:15) കൂട്ടാളിയാവുക (റോമ. 15:27, 2യോഹ. 11). ഏതെങ്കിലുമൊരു കാര്യത്തിൽ പങ്കാളിത്തമുണ്ടാകുന്നതിനെ കുറിക്കുകയാണ് കൊയ്‌നോനെയോ. ഭാഗഭാഗാക്കാവുക, കൂട്ടായ്മ ആചരിക്കുക, കൂട്ടാളിയാവുക തുടങ്ങിയ അർത്ഥങ്ങളാണ് നാം കണ്ടത്. പരിശുദ്ധാത്മാവ് ത്രിത്വത്തിൽ ഒരുവനായ വ്യക്തിയാണ്. വെറും ശക്തിയല്ല. അതായത് ശക്തിയുള്ള വ്യക്തി. പരിശുദ്ധാത്മാവാം ദൈവത്തിന്റെ സംസർഗ്ഗം ആണ് ഈ വാഗ്ദത്തം. ലോകാവസാനത്തോളം കൂടെയിരിക്കാമെന്ന വാഗ്ദത്തമാണിത്. പരിശുദ്ധാത്മാവിനെ എപ്പോഴും നമ്മോടുകൂടെയിരിക്കുവാൻ നല്‍കുമെന്നതാണ് ക്രിസ്തു നൽകിയ വാഗ്ദത്തം (യോഹ.14:16,26, 18:6-13). യഹോവ ശമ്മായായി പഴയനിയമത്തിലും (യെഹെ. 48:35) ഇമ്മാനുവേലായി പുതിയനിയമത്തിലും (മത്താ. 1:22) പരിശുദ്ധാത്മാവായി ഈ കാലത്തും ദൈവം നമുക്കു കൂട്ടായ്മ നൽകുന്നു.