ദൈവം എല്ലാവരുടെയും ദൈവമാണ്. മനുഷ്യരുടെ ദൈവാന്വേഷണങ്ങളിലാണ് മതങ്ങള്‍ രൂപപ്പെട്ടത്. വ്യത്യസ്തസാഹര്യങ്ങളില്‍ ദൈവാന്വേഷണം പുരോഗമിച്ചപ്പോള്‍ വികസിച്ചുവന്ന ദാര്‍ശനികതകളും താത്വികചിന്തകളും മതങ്ങളെ രൂപീകരിക്കാന്‍ സഹായിച്ചു. എന്നാല്‍ ദൈവം മതാതീതനാണ്. കാരണം മതങ്ങള്‍ മനുഷ്യസൃഷ്ടിയാണെങ്കിലും ദൈവം മനുഷ്യസൃഷ്ടിയല്ല. അതുകൊണ്ടാണു മതാതീത ആത്മീയതയെ ക്രിസ്തു പരിചയപ്പെടുത്തിയത്. ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കാന്‍ വന്നവനല്ലെന്നും അതു നിവര്‍ത്തിക്കാനാണു വന്നതെന്നും യേശു നിലപാടെടുത്തു (മത്താ. 5:17). ബഹുമുഖവൈരുദ്ധ്യങ്ങളും പലവിധ വിശ്വാസങ്ങളും ആചാരങ്ങളും നിറഞ്ഞ മതബഹുലസമൂഹത്തിലാണു നാം ജീവിക്കുന്നത്. 2011 സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ 80.5% പേര്‍ ഹൈന്ദവരാണ്. 13.4% മുസ്ലീങ്ങളും 2.3% ക്രിസ്ത്യാനികളും 1.9% സിക്കുകാരും 0.8% ബൗദ്ധന്മാരും 0.4% ജൈനന്മാരും 0.6% മറ്റു ആദിവാസി മതങ്ങളിലുളളവരും അടങ്ങിയ ഒരു മതേതരത്വ രാജ്യമാണു ഭാരതം. ഈ മതബഹുലതയുള്ള സമൂഹത്തില്‍ സുവിശേഷത്തിന്റെ മൂല്യങ്ങള്‍ പകരാന്‍ ദൈവത്തിന്റെ അദൃശ്യകൃപ ധാരാളം ആവശ്യമാണ്. കടലും കരയും കടന്നു മതപരിവര്‍ത്തനം നടത്തി മതത്തില്‍ ചേര്‍ക്കുന്നതിനെ കര്‍ത്താവ് നിശ്ചിതമായി വിമര്‍ശിച്ചു (മത്താ. 23:14). മനുഷ്യരുടെ ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് മാറേണ്ടത്. ഹൃദയപരിവര്‍ത്തനമാണ് അനിവാര്യം.
1. എല്ലാവര്‍ക്കും വിമോചനം (ആമോ. 9:1-12)
എല്ലാക്കാലത്തും എല്ലാവര്‍ക്കും ദൈവം വിമോചകനായിത്തീര്‍ന്നിട്ടുണ്ട്. എല്ലാ വിമോചനങ്ങളുടെയും ചരിത്രം നമുക്കു ലഭ്യമല്ല. യിസ്രായേലിനെ മിസ്രയീമില്‍നിന്നു വിടുവിച്ചതുപോലെ ഫെലിസ്ത്യരെ കഫ്‌തോരില്‍നിന്നും അരാമ്യരെ കീറില്‍നിന്നും ദൈവം വിടുവിച്ചിട്ടുണ്ട് (ആമോ. 9:7). എല്ലാവരെയും വിമോചിപ്പിക്കുന്ന ദൈവമായി കാലാകാലങ്ങളില്‍ എല്ലാവര്‍ക്കുംവേണ്ടി അവിടുന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും പ്രവര്‍ത്തിക്കുന്നു (യെശ. 19:20-25).
2. എല്ലാവരുടെയും രക്ഷകന്‍ (യോഹ. 10:14-18)
ഈ തൊഴുത്തില്‍പ്പെടാത്ത ആടുകളും എനിക്കുണ്ട് (യോഹ. 10:16) എന്നു ക്രിസ്തു പറഞ്ഞതിന് ഒരു അതിരുണ്ടാക്കാന്‍ സാധിക്കുകയില്ല. കര്‍ത്താവിന്റെ ആടുകള്‍ പല സമൂഹങ്ങളിലും വ്യാപിച്ചുകിടക്കുന്നുണ്ടാകും. വിജാതീയരായ പലരോടും ദൈവം സംസാരിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ നോക്കാം.
- അബ്രഹാം തന്റെ ഭാര്യയെ അദ്ദേഹത്തിന്റെ സഹോദരി എന്നു പരിചയപ്പെടുത്തിയിരുന്നു. ഗെരാര്‍ രാജാവായ അബിമേലെക്ക് സാറായെ പിടിച്ചുകൊണ്ടുപോയി. ഈ സന്ദര്‍ഭത്തില്‍ രാത്രിയില്‍ ദൈവം അബിമേലെക്കിനോടു സംസാരിച്ചു (ഉല്പ. 20:1-18). അബിമേലെക്ക് ഒരു വിജാതീയനായ രാജാവായിരുന്നു (ഫെലിസ്ത്യരാജാവ്).
- വരാന്‍പോകുന്ന ക്ഷാമത്തെക്കുറിച്ചു ദൈവം ഒരു സ്വപ്നത്തില്‍ക്കൂടെ ഈജിപ്ഷ്യന്‍ ഭരണാധികാരിയായ ഫറവോനു വെളിപ്പെടുത്തിക്കൊടുത്തു (ഉല്പ. 41:1).
- വിജാതീയനായ ബിലെയാമിനു ദൈവത്തിന്റെ വെളിപ്പാടു ലഭിക്കുന്നു (സംഖ്യ. 22).
- അന്ത്യകാലസംഭവങ്ങളെക്കുറിച്ചും മിശിഹായുടെ വരവിനെക്കുറിച്ചും വിഗ്രഹാരാധിയായ നെബൂഖദ്‌നേസറിനു സ്വപ്നത്തിലൂടെ ദൈവം വെളിപ്പാടു നല്‍കുന്നു (ദാനി. 2). നെബൂഖദ്‌നേസര്‍ തന്നെ തന്റെ വിഗ്രഹം ഉണ്ടാക്കി ആരാധിക്കാന്‍ ആള്‍ക്കാരെ പ്രേരിപ്പിച്ചിരുന്നു.
- വിജാതീയരായ നിനെവേക്കാര്‍ ദൈവത്തിന്റെ വചനം കേട്ട് അത് അംഗീകരിക്കുകയും അനുതപിക്കുകയും ചെയ്യുന്നു (യോന. 3:4).
- പുതിയനിയമത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ചു പീലാത്തോസിന്റെ ഭാര്യയ്ക്കു സ്വപ്നത്തിലൂടെ സന്ദേശം ലഭിച്ചു (മത്താ. 27:19).
3. എല്ലാവര്‍ക്കും രക്ഷ (റോമ. 2:17-29)
രക്ഷ എല്ലാവര്‍ക്കുമുള്ള ദൈവത്തിന്റെ ദാനമാണ് (വെളി. 7:9,10). അതുകൊണ്ടാണ് യേശുക്രിസ്തുവിന്റെ ജനനം സര്‍വ്വജനങ്ങള്‍ക്കുമുണ്ടാകേണ്ട സന്തോഷം എന്നറിയപ്പെട്ടത് (ലൂക്കൊ. 2:10). യഹൂദനും യവനനും വ്യത്യാസമില്ലാതെ എല്ലാവരും പാപത്തില്‍ അകപ്പെട്ടു. അതുകൊണ്ട് എല്ലാവര്‍ക്കും രക്ഷ ആവശ്യമായി വന്നു. യഹൂദന് ഒരു പ്രത്യേകതയുമില്ല എന്നാണ് പൗലൊസിന്റെ വാദം. കാരണം പുറമെ യഹൂദനായവന്‍ യഹൂദനല്ല. പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല (റോമ. 2:28). യഹൂദന് എന്തു വിശേഷത പരിച്ഛേദനയാല്‍ എന്തു പ്രയോജനം (റോമ. 3:1) എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ദൈവത്തിനു മുഖപക്ഷമില്ല (അ.പ്ര. 10:34, എബ്രാ. 13:5, ഗലാ. 3:27).