Sermon Outlines
Create Account
1-800-123-4999

അക്രമസാഹചര്യങ്ങളിലെ സമാധാനം

Monday, 16 September 2019 10:20
Rate this item
(1 Vote)

സെപ്റ്റംബര്‍ 22
അക്രമസാഹചര്യങ്ങളിലെ സമാധാനം
Peace in the Context of Violence


പഴയനിയമം    1 ശമു. 24:1-12
സങ്കീര്‍ത്തനം     52
ലേഖനം            റോമ. 12:14-21
സുവിശേഷം     മത്താ. 5:38-48


ധ്യാനവചനം: ആര്‍ക്കും തിന്മെക്കു പകരം, തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പില്‍ യോഗ്യമായതു മുന്‍കരുതി, കഴിയുമെങ്കില്‍ നിങ്ങളാല്‍ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിന്‍ (റോമ. 12:17,18).


വ്യക്തികളിലും കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രീയത്തിലും ഇന്നു കാണുന്ന അക്രമസാഹചര്യങ്ങളില്‍ സമാധാനത്തിന്റെ സുവിശേഷത്തിനു വലിയ സ്ഥാനമുണ്ട്. യേശുക്രിസ്തുവിന്റെ സുവിശേഷം സമാധാനത്തിന്റെ സുവിശേഷമാണ്. അതുകൊണ്ടാണു കഴിയുമെങ്കില്‍ നിങ്ങളാല്‍ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിന്‍ (റോമാ. 12:18) എന്നു പഠിപ്പിക്കുന്നത്. സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവപുത്രന്മാര്‍ എന്നു വിളിക്കപ്പെടുമെന്നാണ് യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണം (മത്താ. 5:9). പ്രതികൂലസാഹചര്യങ്ങളിലും പതറാതെ നില്‍ക്കുന്ന സന്തോഷമായ മാനസിക അവസ്ഥയാണു സമാധാനം. തമ്മില്‍ സമാധാനമായിരിപ്പിന്‍ (1തെസ്സ. 5:13), കഴിയുമെങ്കില്‍ നിങ്ങളാല്‍ ആവോളം സകലമനുഷ്യരോടും സമാധാനമായിരിക്കുവിന്‍ (റോമ. 12:18). പഴയനിയമത്തില്‍ സമാധാനം എന്നര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന എബ്രായ പദം ശാലോം ആണ്. ഈ പദത്തിനു സ്വാസ്ഥ്യം, പൂര്‍ണ്ണത, ക്ഷേമം തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. മറ്റൊരാളിന്റെ ക്ഷേമത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴും (ഉല്പ. 43:27, പുറ. 4:18, ന്യായാ. 19:20) മറ്റൊരാളുമായി രഞ്ജനത്തിലാണെന്നതു സൂചിപ്പിക്കുമ്പോഴും ശാലോം ഉപയോഗിക്കുന്നു (1രാജാ. 5:12). അതുപോലെ ശാരീരികമായി സുരക്ഷയ്ക്കും സമാധാനം എന്നു പറയുന്നുണ്ട് (സങ്കീ. 4:8). സമാധാനം ദൈവത്തിന്റെ ദാനമാണ്, ആത്മാവിന്റെ ഫലമാണ് (ഗലാ. 5:22). മശിഹായുടെ വാഴ്ച സമാധാനത്തിന്റെ കാലമാണ് (യെശ.2:2,4; 11:1-9, ഹഗ്ഗാ. 2:7-9). സമാധാനത്തോടിരിപ്പിന്‍ എന്നാല്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും (2കൊരി.13:11). സമാധാനത്തില്‍ ജീവിക്കാന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു (1കൊരി. 7:15). അന്യോന്യം സമാധാനമുള്ളവരായിരിപ്പിന്‍ (മര്‍ക്കൊ. 9:50) എന്നൊക്കെ പുതിയനിയമം നമ്മെ പഠിപ്പിക്കുന്നു.


1. ദാവീദ് - സമാധാനത്തിന്റെ മാതൃക (1 ശമു. 24:1-12)
അക്രമസാഹചര്യത്തില്‍ ദാവീദ് കാണിക്കുന്ന സംയമനം സമാധാനത്തിന്റെ ഒരു ഉദാത്തമാതൃകയാണ്. ശൗല്‍ ദാവീദിന് ശത്രുവായിത്തീര്‍ന്നു. ദാവീദിനെ കൊല്ലുവാന്‍ ശൗല്‍ അന്വേഷിച്ചു നടക്കുമ്പോള്‍ ശൗല്‍ ദാവീദിന്റെ കയ്യില്‍ അകപ്പെടുന്നതാണ് 1ശമു. 24:1-12 -ല്‍ കാണുന്നത്. എന്നാല്‍ ദാവീദ് ശൗലിനോടു ക്ഷമിക്കുന്നു. ശത്രുവിനെയും ക്ഷമയോടെ കാണുന്ന ഈ മനോഭാവം ഉണ്ടാകുമ്പോഴാണ് നമ്മില്‍ സമാധാനമുണ്ടാകുന്നത്.


2. യേശു - സമാധാനത്തിന്റെ മാതൃക (മത്താ. 5:38-48)
'എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു എന്നാണ് യേശു നല്‍കിയ വാഗ്ദത്തം (യോഹ. 14:27). ദൈവസ്‌നേഹത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ് ക്രൂശില്‍ യേശു പ്രദര്‍ശിപ്പിച്ചത് (റോമ. 5:8). മൂന്നുതരം സ്‌നേഹമാണ് ക്രിസ്തു പഠിപ്പിച്ചത് എന്നു പറയാം. ഒന്നാമത് പരസ്പരമുള്ള സ്‌നേഹം (യോഹ. 13:34,35). ഇതു ബന്ധങ്ങളിലുള്ള സ്‌നേഹമാണ്. സഹോദരനെയും കൂട്ടുകാരനെയും ഭാര്യയേയും ഭര്‍ത്താവിനെയും മക്കളെയും സ്‌നേഹിക്കുന്ന സ്‌നേഹം. ഇതിനെ മാനുഷികസ്‌നേഹം എന്നുപറയാം (human love). രണ്ടാമത് ആവശ്യത്തിലിരിക്കുന്നവരെ സ്‌നേഹിക്കുന്ന സ്‌നേഹമാണ്. അപകടത്തില്‍പ്പെടുന്നവരെയും ആശ്രിതരായി കഴിയുന്നവരെയും സ്‌നേഹിക്കേണ്ട സ്‌നേഹം (ലൂക്കൊ. 10:25-37). ഇതാണ് ധാര്‍മ്മികസ്‌നേഹം (ethical love). എന്നാല്‍ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നതുകൊണ്ട് എന്തു പ്രതിഫലം. സഹോദരനെ മാത്രം സ്‌നേഹിക്കുന്നതുകൊണ്ട് എന്തു വിശേഷം (മത്താ. 5:46,47) എന്നു ചോദിച്ചുകൊണ്ടു മറ്റൊരു സ്‌നേഹത്തെ ക്രിസ്തു പരിചയപ്പെടുത്തുന്നതാണ് ഗിരിപ്രഭാഷണം. അതാണ് ശത്രുവിനോടുള്ള സ്‌നേഹം (മത്താ. 5:38-48). ഇതാണ് ദൈവസ്‌നേഹം (റോമ. 5:8). ഈ സ്‌നേഹത്തിലൂടെ മാത്രമാണ് അക്രമസാഹചര്യങ്ങളില്‍ സമാധാനം ഉണ്ടാകുന്നത്.


3. അപ്പൊസ്തലിക ഉപദേശം - സമാധാനത്തിന്റെ മാതൃക (റോമ. 12:14-21)
കഴിയുന്നതും ആവോളം എല്ലാവരോടും സമാധാനമായിരിക്കാന്‍ നല്‍കുന്ന ഉപദേശമാണ് റോമ. 12:21- ല്‍ കാണുന്നത്. ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കാനും തമ്മില്‍ ഐകമത്യം ഉള്ളവരായിരിക്കാനും തിന്മക്കു പകരം തിന്മ ചെയ്യാതെ നന്മ ചെയ്യാനും ഇവിടെ ഉപദേശിക്കുന്നു. ഇതാണ് രണ്ടാംനാഴിക നടക്കുന്നത്.

Menu