ഐക്യത്തിന്റെ ദൈവശാസ്ത്രം ആരംഭിക്കുന്നത് ഉല്പത്തി മുതലാണ്. 'മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല' എന്നു ദൈവം കണ്ടു (ഉല്പ. 2:18). എല്ലാ സുനഗോഗുകളും ആരാധനകള്‍ ആരംഭിക്കുമ്പോള്‍ ഈ വചനം ഗാനമായോ പ്രാര്‍ത്ഥനയായോ ആവര്‍ത്തിച്ചു ചൊല്ലാറുണ്ട് : ഷേമാ യിസ്രായേല്‍ അഡോനായി ഏലോഹേനു അഡോനായി ഏഖാദ് - യിസ്രായേലേ കേള്‍ക്ക യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നെ (ആവര്‍. 6:4). യഹോവയായ ദൈവത്തിന്റെ ഏകത്വമാണ് ഈ ദൈവശാസ്ത്രത്തിന്റെ അടിസ്താനതത്വം. ദൈവത്തില്‍ ആരംഭിക്കുന്ന ഈ ഏകത്വം സൃഷ്ടികളിലേക്കു വ്യാപിച്ചു വികസിച്ചു സര്‍വ്വലോകത്തെയും നിറക്കുന്നു. ശലോമോനുശേഷം യെരോബയാമും രെഹബയാമും യിസ്രായേല്‍ രാജ്യത്തെ വിഭജിച്ചു ശമര്യയിലും യെരൂശലേമിലുമായി രാജ്യം സ്ഥാപിച്ചു. അങ്ങനെ ശമര്യരും യഹൂദ്യരും എന്നും ശത്രുക്കളായി മാറി. എന്നാല്‍ യോഹന്നാന്‍ നാലാം അധ്യായത്തില്‍ കര്‍ത്താവായ യേശുക്രിസ്തു ശമര്യ വഴി യാത്ര ചെയ്ത് അവരെ ഐക്യത്തിന്റെ ബാലപാഠം പഠിപ്പിച്ചു : ''എന്റെ വാക്കു വിശ്വസിക്ക; നിങ്ങള്‍ പിതാവിനെ നമസ്‌കരിക്കുന്നത് ഈ മലയിലുമല്ല (ശമര്യ) യെരൂശലേമിലുമല്ല എന്നുള്ള നാഴിക വരുന്നു. സത്യനമസ്‌കാരികള്‍ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്‌കരിക്കുന്നു'' (യോഹ. 6:21-24). യേശുക്രിസ്തുവിലൂടെ ഈ ഐക്യമാണ് രൂപപ്പെടേണ്ടത് (ഗലാ. 3:28). അവിടുന്നു നമ്മുടെ സമാധാനം (എഫെ. 2:13). യേശു ഇരുപക്ഷത്തെയും ഒന്നാക്കി ഒരു പുതുമനുഷ്യനാക്കി ദൈവത്തോടു നിരപ്പിച്ചു. ഇതാണ് ക്രൂശില്‍ നടന്നത്. അതുകൊണ്ടാണ് 'ഒരു ഇടയനും ഒരു ആട്ടിന്‍കൂട്ടവും' എന്നു കര്‍ത്താവ് ദര്‍ശനം കണ്ടത് (യോഹ. 10:16). പെന്തെക്കൊസ്തുനാളില്‍ സംഭവിച്ചതു ബാബേലിന്റെ വിപരീതാവര്‍ത്തനമായിരുന്നു. ബാബേലില്‍ ഭാഷ തിരിച്ചറിയാതെ കലങ്ങിപ്പോയി. എന്നാല്‍ പെന്തെക്കൊസ്തുനാളില്‍ പരിശുദ്ധാത്മാവ് വന്നപ്പോള്‍ അവര്‍ പരസ്പരം തിരിച്ചറിഞ്ഞു. പരസ്പരം തിരിച്ചറിവില്‍നിന്നാണ് ബന്ധങ്ങളുണ്ടാകുന്നത്. അതാണ് സഭയുടെ അടിസ്ഥാനം (ഉല്പ. 11, അ.പ്ര. 2). പല അവയവങ്ങളും ഒരു ശരീരവുമെന്ന സഭയുടെ അടിസ്ഥാനസ്വഭാവം ഐക്യത്തിന്റെ ഭാഷയിലാണ് തിരിച്ചറിയേണ്ടത്. പരിശുദ്ധാത്മാവിന്റെ ഉപദേശവും (2കൊരി. 13:14) യൂക്കറിസ്റ്റിന്റെ പഠിപ്പിക്കലും (1കൊരി. 11) ഐക്യത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന വചനങ്ങളാണ്. 'മുന്തിരിവള്ളിയും കൊമ്പുകളും' എന്ന ഐക്യത്തിലാണ് ദൈവസഭ നിലനില്‍ക്കേണ്ടത്. യേശുവിനെ പിരിഞ്ഞു നമുക്കൊന്നും ചെയ്യാന്‍ കഴിയുകയില്ല (യോഹ. 15:4) എന്ന ബോധത്തോടെ അവിടുത്തെ സാന്നിധ്യത്തോടും വചനത്തോടും ചേര്‍ന്നിരിക്കാന്‍ ഈ ദൃഷ്ടാന്തം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മുന്തിരിവള്ളിയുമായി ബന്ധപ്പെട്ട് യേശു അനേക ഉപമകള്‍ നല്‍കിയിട്ടുണ്ട്. യിസ്രായേലിലെ ഒലിവ്, അത്തി എന്നിവയോടൊപ്പം പ്രധാന സസ്യങ്ങളിലൊന്നാണ് മുന്തിരിച്ചെടി. യേശുവും പിതാവും ഒന്നായിരിക്കുന്നതുപോലെ നാമും യേശുവില്‍ ഒന്നായിത്തീരാനാണ് ഈ ദൃഷ്ടാന്തം നല്‍കപ്പെട്ടിരിക്കുന്നത്.
1. അവര്‍ എന്റെ കൈയില്‍ ഒന്നായിരിക്കും (യെഹെ. 37:15-23)
''ഞാന്‍ എഫ്രയീമിന്റെ കയ്യിലുള്ള യോസേഫിന്‍ കോലിനെയും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേല്‍ ഗോത്രങ്ങളെയും എടുത്ത് അവരെ അവനോടു യഹൂദായുടെ കോലിനോടുതന്നെ ചേര്‍ത്ത് ഒരു കോലാക്കും. അവര്‍ എന്റെ കൈയില്‍ ഒന്നായിരിക്കും''. പിരിഞ്ഞുപോയ യിസ്രായേലിനെ ഒന്നാക്കുന്ന ഐക്യത്തിന്റെ വാഗ്ദത്തമാണ് ഇവിടെ വായിക്കുന്നത്. യിസ്രായേലിനെയും യഹൂദയേയും ഒന്നാക്കിത്തീര്‍ക്കുമെന്ന യെഹെസ്‌കേലിന്റെ പ്രവചനമാണിത്. യിസ്രായേല്‍ പര്‍വ്വതങ്ങളില്‍ അവരെ ഏകജാതിയാക്കും (യെഹെ. 37:22). ഒരേ രാജാവ് അവര്‍ക്കെല്ലാവര്‍ക്കും രാജാവായിരിക്കും, അവര്‍ ഇനി രണ്ടു ജാതിയായിരിക്കുകയില്ല, രണ്ടു രാജ്യമായി പിരിയുകയുമില്ല. ഇങ്ങനെ ഐക്യത്തിനായി ദൈവം അവരോടു സംസാരിക്കുന്നു.
2. ഒരു ശരീരവും അവയവങ്ങളും (1 കൊരി. 12:12-27)
ഐക്യത്തിന്റെ ഏറ്റവും പ്രധാന മാതൃക സഭയാണ്. ഒരു ശരീരവും ആ ശരീരത്തിലെ വിവിധ അവയവങ്ങളും പോലെയാണ് ക്രൈസ്തവസഭ നിലനില്‍ക്കേണ്ടത്. കാരണം ക്രിസ്തുവിന്റെ ശരീരമാണ് സഭ. അവയവങ്ങള്‍ക്കു വിവിധ ജോലികളുള്ളതുപോലെ വൈരുദ്ധ്യങ്ങളില്‍ ഏകത്വമായിരിക്കണം സഭയുടെ പ്രത്യേകത.
3. ഐക്യത്തിന്റെ അനുഗ്രഹങ്ങള്‍ (സങ്കീ. 133)
സഹോദരീ സഹോദരന്മാര്‍ ഒത്തൊരുമിച്ചു വസിക്കുന്നത് അനേക അനുഗ്രഹങ്ങള്‍ക്കു കാരണമെന്നാണ് ദാവീദ് പാടുന്നത്. അതിനെ അഹരോന്റെ തലയിലെ വിശേഷതൈലമായും സീയോന്‍ പര്‍വ്വതത്തിലെ ഹെര്‍മ്മോന്യ മഞ്ഞായും ഉപമിക്കുന്നു. ഇവിടെ മൂന്നു അനുഗ്രഹങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത് - അഭിഷേകം, അനുഗ്രഹങ്ങള്‍, ശാശ്വതജീവന്‍.
4. ഐക്യത്തിന്റെ ലക്ഷ്യം (യോഹ. 17:11,21,23)
യേശുക്രിസ്തുവിന്റെ മഹാപുരോഹിതപ്രാര്‍ത്ഥനയില്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുന്ന വസ്തുതയാണ് യോഹ. 17:11,21,23 വാക്യങ്ങളില്‍ കാണുന്നത്. നാം ഐക്യപ്പെടുമ്പോള്‍ യേശു പിതാവിനാല്‍ അയക്കപ്പെട്ടവനാണെന്നു ലോകം വിശ്വസിക്കുകയും അറിയുകയും ചെയ്യും (യോഹ. 17:21,23). മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ലോകം യേശുവിനെ അംഗീകരിക്കപ്പെടണമെങ്കില്‍ നാം ഐക്യപ്പെടണം. അങ്ങനെയാണ് ക്രൈസ്തവസഭ ബലപ്പെടേണ്ടത്. ഉദാഹരണമായി, ഏതു വസ്തുവിനെയും നോക്കുക, അതിലടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങളെ വേര്‍തിരിക്കുമ്പോള്‍ അതിനു നിലനില്പില്ലാതെ പോകുന്നു. വെള്ളത്തിലുള്ള ഹൈഡ്രജനെയും ഓക്‌സിജനെയും നീക്കം ചെയ്താല്‍ വെള്ളം ഇല്ലാതെ പോകുന്നു. ഒരുമിച്ചു നില്‍ക്കുമ്പോള്‍ മാത്രമാണ് ആ വസ്തുവിനു അസ്ഥിത്വമുള്ളത്. ഇതൊരു പ്രാപഞ്ചിക സത്യമാണ്. സഭയുടെ ഐക്യത്തിന്റെ പ്രധാനലക്ഷ്യം സര്‍വ്വലോകത്തിന്റെയും രക്ഷയാണ്. അതുപോലെ സഭയുടെ ഐക്യം അതിന്റെ ശക്തിയെ വര്‍ദ്ധിപ്പിക്കുന്നു (1കൊരി. 12). ഒരു കുതിര രണ്ടു ടണ്‍ ഭാരം വലിക്കുമെങ്കില്‍ രണ്ടു കുതിര 29 ടണ്‍ ഭാരം വലിക്കുമത്രേ. ഇതാണ് കയറുണ്ടാക്കുന്നതിന്റെയും രഹസ്യം. കയറുകള്‍ പല പിരികളായി ഉണ്ടാക്കുമ്പോള്‍ (thread) അതിന്റെ ശക്തി എത്രയോ മടങ്ങു വര്‍ദ്ധിക്കുന്നു. ഐക്യം സഭയുടെ ശക്തിയെ വര്‍ദ്ധിപ്പിക്കുന്നു.