മരിച്ചുപോയ പെണ്‍കുട്ടിയെ തലീഥാ കൂമി എന്നു പറഞ്ഞു യേശു എഴുന്നേല്പിച്ചതുപോലെ പല കാരണങ്ങളാല്‍ വെല്ലുവിളിക്കപ്പെടുന്ന നമ്മുടെ പെണ്‍കുട്ടികളെ കൈപിടിച്ച് എഴുന്നേല്പിക്കാനാണ് ഇന്ന് ഇടയാകേണ്ടത്. പെണ്‍കുട്ടികളുടെ വിശിഷ്ടതയെ - ദൈവം നല്‍കിയിരിക്കുന്ന അവരുടെ വിലയെ ഉറപ്പാക്കേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ പലകാരണങ്ങളാല്‍ അവരുടെ അവകാശങ്ങളും സംരക്ഷണവും വെല്ലുവിളിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ ക്രൈസ്തവസഭയ്ക്കു ഈ വിഷയത്തോടുള്ള പ്രതികരണമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ദൈവം തന്റെ പുത്രനിലൂടെ ക്ഷീണിതരെയും തള്ളപ്പെട്ടവരെയും കരുതുകയും ശക്തീകരിക്കുകയും ചെയ്തതായി തിരുവചനത്തില്‍ ദര്‍ശിക്കാന്‍ സാധിക്കും. വിവേചനരഹിതമായ സ്‌നേഹമാണ് യേശുക്രിസ്തുവിലൂടെ മനുഷ്യര്‍ക്കു വെളിപ്പെട്ടത്. അതില്‍ ആണും പെണ്ണും എന്ന വ്യത്യാസമില്ല (ഗലാ.3:28). സമൂഹത്തില്‍ പെണ്‍കുഞ്ഞുങ്ങളെ ആദരിക്കാനും അംഗീകരിക്കാനുമുള്ള ഒരു മനോഭാവമാണ് ഇന്നത്തെ ധ്യാനത്തിലൂടെ ഉണ്ടാകേണ്ടത്. അവരുടെ താലന്തുകള്‍ സമൂഹത്തിന്റെ നന്മയ്ക്കും കുടുംബത്തിന്റെ അനുഗ്രഹത്തിനും കാരണമാകും. എന്നാല്‍ പെണ്‍കുട്ടികള്‍ക്കുള്ള വെല്ലുവിളികള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണാവസ്ഥ മുതല്‍ ശവക്കല്ലറ വരെ അവരുടെ ജീവിതം വെല്ലുവിളിക്കപ്പെടുന്നു. ഭ്രൂണഹത്യ (foeticide), ശിശുഹത്യ (infanticide), പെണ്‍വാണിഭം (women traficking), ബലാത്‌സംഗം (rape), സ്ത്രീധനം (dowry), ഗാര്‍ഹികപീഡനം (domestic violence) ഇങ്ങനെ പലതരത്തില്‍ അവരുടെ ജീവിതം വെല്ലുവിളിക്കപ്പെടുന്നു. റാംഅഹൂജ എന്ന സാമൂഹികശാസ്ത്രജ്ഞന്‍ ഇതിനെ മൂന്നായി തിരിച്ചിരിക്കുന്നു. 1. കുറ്റകൃത്യമായ അക്രമങ്ങള്‍ (criminal violence), 2. ഗാര്‍ഹിക അക്രമങ്ങള്‍ (domestic violence), 3. സാമൂഹിക അക്രമങ്ങള്‍ (social violence)
ഓരോ വര്‍ഷവും ഈ അക്രമങ്ങള്‍ ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പഠനത്തില്‍ ഇന്ത്യയില്‍ 2006-ല്‍ 1,64,765 കേസുകള്‍ ഉണ്ടായിരുന്നെങ്കില്‍ 2010-ല്‍ അത് 2,13,585 ആയി ഉയരാനിടയായി. കഴിഞ്ഞ രണ്ടുവര്‍ഷം കേരളത്തില്‍ 23,853 കേസുകളാണു പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന അക്രമങ്ങള്‍ക്കു രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അതില്‍ 6870 കേസുകള്‍ ബലാത്സംഗകേസുകളായിരുന്നു. വീടുകളിലും ജോലിസ്ഥലങ്ങളിലും പെണ്‍കുട്ടികള്‍ക്കു സുരക്ഷിതത്വം നഷ്ടപ്പെടുന്ന ഒരു കാലഘട്ടത്തില്‍ എത്തിയിരിക്കുന്നു. ഇന്നത്തെ മാധ്യമങ്ങളുടെ വളര്‍ച്ചയും മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍മീഡിയ എന്നിവയുടെ കുതിച്ചുകയറ്റവും പെണ്‍കുട്ടികളുടെ ധാര്‍മ്മികസുരക്ഷിതത്വത്തിനു വലിയ വെല്ലുവിളിയായിത്തീര്‍ന്നിരിക്കുന്നു. ഇവിടെയാണു പെണ്‍കുട്ടികളോടുള്ള കരുതലിനെക്കുറിച്ചു വേദപുസ്തകാടിസ്ഥാനത്തില്‍ നാം ധ്യാനിക്കേണ്ടത്.
1. പെണ്‍കുട്ടികളുടെ അവകാശവും സംരക്ഷിക്കപ്പെടണം (സംഖ്യാ. 27:1-11)
പെണ്‍കുട്ടികള്‍ക്കും അവകാശം നല്‍കണമെന്നതു ദൈവം മോശെയോടു പറഞ്ഞ ആലോചനയായിരുന്നു. സെലോഫഹാദിന്റെ അഞ്ചു പെണ്‍മക്കള്‍ - മഹ്ലാ, നോവാ, ഹൊഗ്ലാ, മില്‍ക്കാ, തിര്‍സാ - മോശെയുടെയും ഏലെയാസര്‍പുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സര്‍വ്വസഭയുടെയും അടുക്കല്‍ വന്നു അവരുടെ അപ്പന്റെ അവകാശം അവര്‍ക്കു നല്‍കാനായി അപേക്ഷിച്ചു. സെലോഫഹാദ് ഈ വിഷയം 'യഹോവയുടെ മുമ്പാകെ വച്ചു'. സെലോഫഹാദിന്റെ പുത്രിമാര്‍ പറയുന്നതു ശരിതന്നെ അവര്‍ക്ക് അവകാശം കൊടുക്കണം എന്നു ദൈവം മറുപടി നല്‍കി. പെണ്‍കുട്ടികള്‍ക്കു ലഭിക്കേണ്ട അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ല.
2. പെണ്‍കുട്ടികള്‍ ക്രൈസ്തവദൗത്യത്തില്‍ (അ.പ്ര. 21:7-14)
ഒന്നാംനൂറ്റാണ്ടിലെ സഭയില്‍ പെണ്‍കുട്ടികളും ക്രൈസ്തവദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതിനുദാഹരണമാണ് അ.പ്ര. 21:7-14 -ല്‍ കാണുന്നത്. ഫിലിപ്പൊസിനു ഉണ്ടായിരുന്ന പ്രവാചകികളായ പെണ്‍മക്കളെക്കുറിച്ചു ലൂക്കൊസ് പറയുന്നു (അ.പ്ര. 21:7-14). അവര്‍ ചെറിയ പെണ്‍കുട്ടികളായിരുന്നെങ്കിലും (കന്യകമാര്‍) പ്രവചിക്കുന്നവരായിരുന്നു. ദൈവവചനം പഠിപ്പിക്കുന്ന ശുശ്രൂഷയില്‍ ചെറിയ പെണ്‍കുട്ടികളും ഉപയോഗിക്കപ്പെട്ടതായി ഇതില്‍നിന്നു മനസ്സിലാക്കാം.
3. തലീഥാ കൂമി (മര്‍ക്കൊ. 5:35-43)
കുടുംബത്തില്‍ പെണ്‍കുട്ടികള്‍ക്കു കൂടുതല്‍ കരുതലും സംരക്ഷണവും ലഭിക്കണം. പള്ളിപ്രമാണിയുടെ മരിച്ചുപോയ മകള്‍ ഉയിര്‍ത്തെഴുന്നേല്ക്കുന്നതാണ് മര്‍ക്കൊ.5:35-43 -ല്‍ കാണുന്നത്. ബാല കിടക്കുന്നിടത്തു മാതാപിതാക്കളെ മാത്രമേ കര്‍ത്താവു ക്ഷണിച്ചുള്ളു. മാതാപിതാക്കളും ക്രിസ്തുവും ചേര്‍ന്നുനിന്നാല്‍ ഏതു ജീവനില്ലാത്ത അവസ്ഥയും ജീവന്‍ പ്രാപിക്കും - കുട്ടികളില്‍. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ദൈവത്തിങ്കലേക്കു കൊണ്ടെത്തിക്കണം. ബലഹീനമായി പോവുകയും മരിച്ചുപോവുകയും ചെയ്യുന്ന പെണ്‍കുട്ടികളെ ഓര്‍ത്തു ഭാരപ്പെടുകയും ക്രിസ്തുവിന്റെ അടുക്കല്‍ വരികയും ചെയ്യുന്ന രക്ഷാകര്‍ത്താക്കളെ സുവിശേഷങ്ങളിലും അപ്പൊസ്തലപ്രവര്‍ത്തികളിലും രേഖപ്പെടുത്തിയിട്ടുണ്ട് (മര്‍ക്കൊ. 5:21-24, 35-43, അ.പ്ര. 9:36-43). കുടുംബത്തിലാണു പെണ്‍കുട്ടികളുടെ സുരക്ഷിതത്വം ആദ്യമായി ഉറപ്പാക്കേണ്ടത്. അതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതു മാതാപിതാക്കളും. അവരുടെ വിദ്യാഭ്യാസം, അവരുടെ സുഹൃദ്ബന്ധങ്ങള്‍, അവരുടെ ആവശ്യങ്ങള്‍ ഇതിലെല്ലാം മാതാപിതാക്കളുടെ ശ്രദ്ധ എത്തണം. വി.പൗലൊസ് നല്‍കുന്ന ഉപദേശം ഇപ്രകാരമാണ്: നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളര്‍ത്തുക (എഫെ. 6:4). ഭാരതസംസ്‌കാരമനുസരിച്ചു പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞു മറ്റൊരു കുടുംബത്തിലേക്ക് അയയ്ക്കപ്പെടുന്നു. എന്നാല്‍ സ്വന്തം വീട്ടില്‍ അവള്‍ അന്യയാണെന്നും ഇതുവരെ കണ്ടിട്ടില്ലാത്തതും പരിചയമില്ലാത്തതുമായ ഒരു വീട്ടിലേക്ക് അയക്കപ്പെടുമെന്നുമുള്ള ബോധത്താല്‍ ചെറുപ്പത്തിലേ തന്നെ പെണ്‍കുട്ടികള്‍ മാനസികമായി വേട്ടയാടപ്പെടുന്നുണ്ട്. പുതിയ വീട്ടില്‍ എത്തുമ്പോഴും അവിടെയും അവള്‍ ''വന്നു കയറിയവളായി'' കരുതപ്പെട്ട് അന്യയാകുന്നു. ഇവിടെ 'ഒരിടം' (space)പെണ്‍കുട്ടികള്‍ക്കാവശ്യമാണ്. അതു സ്വന്തകുടുംബത്തില്‍നിന്നുതന്നെ ആരംഭിക്കേണ്ടതാണ്. കാരണം, ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവസ്‌നേഹം അവള്‍ക്കും അവകാശപ്പെട്ടതാണ്. ബാലയുടെ കൈക്കുപിടിച്ച് എഴുന്നേല്‍പ്പിച്ചതുപോലെ, അവള്‍ക്കു ഭക്ഷണം കൊടുക്കാന്‍ നിര്‍ദ്ദേശിച്ചതുപോലെ ഇന്നും പല കാരണങ്ങളാല്‍ തളര്‍ന്നുപോകുന്ന, ചൂഷണം ചെയ്യപ്പെടുന്ന പെണ്‍കുട്ടികളെ കര്‍ത്താവ് അവിടുത്തെ ആഴമേറിയ സ്‌നേഹത്താല്‍ കൈക്കുപിടിച്ചു എഴുന്നേല്‍പ്പിച്ചു പുതുജീവന്‍ നല്‍കുന്നു. മാത്രമല്ല, പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഉത്തരവാദപ്പെട്ട നമ്മോട് അവളുടെ തുടര്‍ന്നുള്ള ജീവിതം സുരക്ഷിതമാക്കാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. യേശുക്രിസ്തുവിന്റെ സുവിശേഷം സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും സംരക്ഷണത്തിന്റെയും സുവിശേഷമാണ്. ഏത് അടിച്ചമര്‍ത്തപ്പെടുന്ന സമൂഹത്തിനും സുവിശേഷം വിമോചനത്തെ പ്രഖ്യാപിക്കുന്നു. പെണ്‍കുട്ടികളുടെ വിശിഷ്ടതയെ - വേദപുസ്തകം നല്‍കുന്ന വിലയെ ഉറപ്പാക്കേണ്ടതാണ്.