ഉയിർത്ത യേശു പല സ്ഥലങ്ങളിൽ വച്ചു പലർക്കും പ്രത്യക്ഷനായി (1കൊരി. 15:4-8). നാല്‍പതുദിവസം ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങളിലൂടെ മറ്റുള്ളവർക്കു കാണിച്ചുകൊടുത്തു (അ.പ്ര.1:3). ഭാരതത്തിലെ അപ്പൊസ്തലൻ എന്നറിയപ്പെട്ട സാധുസുന്ദർസിംഗിനെപ്പോലുള്ള പലർക്കും ഇതുപോലുള്ള യേശുവിന്റെ പ്രത്യക്ഷതകൾ ഉണ്ടായതായി പറയപ്പെടുന്നു. ഉയിർത്തെഴുന്നേറ്റ യേശു ദർശനം നൽകിയവരെ ശക്തീകരിക്കുകയും അവിടുത്തെ ശുശ്രൂഷക്കായി ഒരുക്കുകയും ചെയ്തു. ഭയം മാറിയവരായി പുതിയശക്തി പ്രാപിച്ച് അവർ ക്രിസ്തുസാക്ഷ്യം വഹിച്ചു.
1. യാക്കോബിനുണ്ടായ ദർശനവും ശാക്തീകരണവും (ഉല്പ. 28:10-22)
സഹോദരനെ പേടിച്ചു ഓടിപ്പോകുന്ന യാക്കോബിനു ദൈവം ബെഥേലിൽ വച്ചു ദർശനം നല്‍കുന്നു. ദൈവത്തിന്റെ ദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്വർഗ്ഗത്തോളം എത്തുന്ന ഒരു കോവണി അദ്ദേഹം കാണുന്നു. ആ ദർശനത്തിൽന്നു ലഭിക്കുന്ന ശക്തിയോടെയാണ് യാക്കോബ് തുടർന്നു യാത്ര ചെയ്തത്. ആ യാത്ര ഒരു വലിയ ജനസമൂഹത്തിന്റെ യാത്രയായിരുന്നു - യിസ്രായേലിന്റെ യാത്ര. ഇന്നും ഉയിർത്തെഴുന്നേറ്റ യേശു നൽകുന്ന ശക്തി ഇതുപോലെ നമുക്കും അനുഭവിക്കാൻ കഴിയണം.
2. ജീവൻ നൽകുന്ന ശക്തി (അ.പ്ര. 20:7-12)
പൗലോസിന്റെ ത്രോവാസിലെ പ്രസംഗം കേട്ടു രാത്രിയിൽ ഗാഢനിദ്ര വന്ന യൂത്തിക്കൊസ് വീണു മരിച്ചു. പൗലോസ് ഇറങ്ങിപ്പോയി അവന്റെ മേൽ വീണു തഴുകി ജീവനിലേക്കു കൊണ്ടുവന്നു. വീണുപോകുന്നതിനെ എഴുന്നേല്‍പ്പിക്കുകയും ജീവൻ പോകുന്നതിനെ ജീവിപ്പിക്കുകയും ചെയ്യുന്ന ശക്തിയാണ് ഉയിർത്തെഴുന്നേറ്റ ക്രിസ്തു നമുക്കു നൽകുന്നത്. ജീവിതത്തിലെ പല വെല്ലുവിളികളാൽ ക്ഷീണിച്ചു തളർന്നുപോകുന്ന അവസ്ഥകളിൽ അവിടുന്നു നമ്മെ ഇന്നും ബലപ്പെടുത്തി എഴുന്നേല്‍പ്പിക്കുന്നു. അതാണ് യേശു തരുന്ന ശാക്തീകരണം.
3. പോയി പറയുക (യോഹ. 20:11-18)
ഉയിർത്തെഴുന്നേറ്റ യേശു മറിയക്കു പ്രത്യക്ഷപ്പെട്ടു. സഹോദരന്മാരോടു പോയി പറയുവാൻ യേശു അവളെ ശക്തീകരിച്ചു (യോഹ. 21:17). അതുപോലെ പിതാവ് തന്നെ അയച്ചതുപോലെ യേശു ശിഷ്യന്മാരെ അയച്ചു. പാപങ്ങൾ ക്ഷമിക്കാനും നിലനിർത്താനും. ഉയിർത്തെഴുന്നേറ്റ യേശു തരുന്ന ശക്തി അവിടുത്തെ സാക്ഷിയായിത്തീരാനുള്ളതാണ് (അ.പ്ര. 1:8).