യെരുശലേമിൽനിന്നു എമ്മവുസ്സിലേക്കു പോകുന്ന ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്ന യേശു തിരുവെഴുത്തുകളെക്കുറിച്ചു സംസാരിക്കുന്നു. മോശെ തുടങ്ങി സകലപ്രവാചകന്മാരിൽനിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു. അതുപോലെ മറ്റൊരിക്കൽ ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുമ്പോൾ മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എഴുതിയിരുന്നതു വ്യാഖ്യാനിച്ചു തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിനു അവരുടെ ബുദ്ധിയെ തുറന്നു (ലൂക്കൊ. 24:44,45). ഇന്നത്തെ സാഹചര്യത്തിലും ഒരു തിരുവചന പുനർവായന ആവശ്യമായിരിക്കുന്നു. പുനർവായനയിൽ പ്രധാനമായും ഏഴു കാര്യങ്ങൾ നടക്കണമെന്നാണു ഗവേഷണവായനയെ (research reading)ക്കുറിച്ചു പഠനം നടത്തുന്നവർ പറയുന്നത്. ഇതിനെ ഇംഗ്ലീഷിൽ Seven Rs എന്നു പറയുന്നു. വായന (read), പുനർവായന(reread), പ്രതിഫലനം (reflect), ബന്ധിപ്പിക്കൽ (relate), ആരായുക (refer), യുക്തിപൂർവ്വം വിവേചിക്കുക (reasoning), രേഖപ്പെടുത്തുക (record). ദൈവവചനം വായിക്കുമ്പോഴും ഈയൊരു അന്വേഷണം നല്ലതാണ്. അക്ഷരങ്ങളുടെ പുറകിലെ ആത്മാവിനെ തിരിച്ചറിയാൻ ഈവഴികൾ ഇടയാക്കും. കാരണം അക്ഷരം കൊല്ലുന്നു ആത്മാവ് ജീവിപ്പിക്കുന്നു എന്നാണല്ലോ. രീതിശാസ്ത്രത്തിൽ ഗ്രന്ഥം(text) വായിക്കുമ്പോൾ അതിന്റെ പശ്ചാത്തലവും (context) പഠിക്കണമെന്നു പറയാൻ കാരണം അതാണ്. മാറ്റമില്ലാതെ ഇന്നും ജീവിക്കുന്ന അനന്യനായ ക്രിസ്തു നമ്മോടു പല രീതികളിൽ സംസാരിക്കുമ്പോൾ അതു ശ്രദ്ധിക്കാനും തിരിച്ചറിയാനും ഇന്നത്തെ സാഹചര്യത്തിനനുസൃതമായ ഒരു പുനർവായന ദൈവവചനവ്യാഖ്യാനത്തിൽ ആവശ്യമാണ്.
1. തിരുവചന പുനർവായന നൽകുന്ന രൂപാന്തരം (2 ദിന. 34:29-33)
എട്ടു വയസ്സായപ്പോൾ രാജാവായ ആളാണ് യോശീയാവ് എന്ന യെഹൂദാ രാജാവ്. തന്റെ വാഴ്ചയുടെ 18-ാം ആണ്ടിൽ ദൈവാലയത്തിൽ അറ്റകുറ്റ പണികൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം കണ്ടെത്തി. അതു രാജാവിന്റെ കൈയിൽ സമർപ്പിച്ചു. രാജാവിന്റെ സെക്രട്ടറി ശാഫാൻ അതു രാജാവിനെ വായിച്ചു കേൾപ്പിച്ചു. ന്യായപ്രമാണത്തിലെ വാക്കുകളെ കേട്ടിട്ടു രാജാവ് വസ്ത്രം കീറി. തുടർന്നു രാജ്യം മുഴുവനും യഹോവയിങ്കലേക്കു തിരിയുവാൻ ഈ സംഭവം കാരണമായിത്തീർന്നു. രാജ്യത്തിനു തന്നെയുണ്ടായ ഒരു രൂപാന്തരമാണ് തുടർന്നു സംഭവിക്കുന്നത്. തിരുവചനപാരായണവും പുനഃപാരായണവും സമൂഹത്തെ രൂപാന്തരത്തിലേക്കു നയിക്കുന്നു.
2. തിരുവചന പുനർവായന നൽകുന്ന ക്രിസ്തുദർശനം (ലൂക്കൊ. 24:13-27)
മുൻ സൂചിപ്പിച്ചതുപോലെ യരുശലേമിൽനിന്ന് എമ്മവൂസിലേക്കു ക്ലെയോപ്പാവും മറ്റൊരാളും യാത്ര ചെയ്യുമ്പോൾ ഉയിർത്ത കർത്താവും കൂടെ അവരോടൊപ്പം നടന്നു. ക്രിസ്തു ആണെന്ന് അറിയാതെ അവർ നടക്കുന്നുവെങ്കിലും ഒടുവിൽ അവർ യേശുവിനെ തിരിച്ചറിയുന്നു. യേശു അവർക്കു തിരുവെഴുത്തുകളെ വ്യാഖ്യാനിച്ചു കൊടുക്കുന്നു. അവർ പോകുന്ന ഗ്രാമത്തോടടുത്തപ്പോൾ ക്രിസ്തു മുന്നിലേക്കു നടക്കുന്ന ഭാവം കാണിച്ചു. അപ്പോൾ അവർ പറയുന്ന ഒരു അഭ്യർത്ഥന ശ്രദ്ധേയമാണ്: ''ഞങ്ങളോടുകൂടെ പാർക്കുക; നേരം വൈകി അസ്തമിക്കാറായല്ലോ'' (ലൂക്കൊ. 24:29).
3. തിരുവചന പുനർവായന നൽകുന്ന ദൃഢവിശ്വാസം (അ.പ്ര. 8:26-40)
എത്യോപ്യ രാജ്ഞിയുടെ ഷണ്ഡൻ യരുശലേമിലേക്കു ആരാധിക്കാൻ വന്നതാണ്. മടങ്ങിപ്പോകുമ്പോൾ യെശയ്യാ പ്രവാചകന്റെ പുസ്തകം വായിക്കുകയായിരുന്നു. ഫിലിപ്പൊസ് അതു വ്യാഖ്യാനിച്ചു കൊടുത്തു. ഷണ്ഡനു രൂപാന്തരമുണ്ടാകുന്നു. തിരുവചനത്തിന്റെ പുനർവായന ഇവിടെ ഒരു വ്യക്തിയെ രൂപാന്തരപ്പെടുത്തുകയും ക്രിസ്തുവിശ്വാസത്തിലേക്കു കൊണ്ടുവരികയും ചെയ്തു.