ടെലിവിഷനില്‍ നിന്നിറങ്ങി ഗ്രാമത്തിലേയ്ക്കു വരിക ഗലീല എന്ന പ്രവിശ്യയില്‍ ഗ്രാമങ്ങളായിരുന്നു കൂടുതല്‍. ഗ്രാമീണരോടൊപ്പമായിരുന്നു യേശു കൂടുതല്‍ സമയവും പ്രസംഗിച്ചതും പ്രവര്‍ത്തിച്ചതും. മീന്‍പിടിത്തക്കാര്‍, കൃഷിക്കാര്‍, ആട്ടിടയര്‍ എന്നിവരായിരുന്നു യേശുവിന്റെ പ്രധാന അനുവാചകര്‍. തികച്ചും ഗ്രാമാന്തരീക്ഷം. തന്റെ പ്രവര്‍ത്തന കാലഘട്ടത്തില്‍ അഞ്ചുപ്രാവശ്യം മാത്രമേ അവിടുന്ന് യരുശലേം എന്ന പട്ടണത്തില്‍ വന്നിട്ടുള്ളുയെന്നാണ് പറയപ്പെടുന്നത്. ശിശുവായിരുന്നപ്പോള്‍ മാതാപിതാക്കള്‍ തന്നെ സമര്‍പ്പിക്കുവാന്‍ വേണ്ടി കൊണ്ടുവന്നത്. 12 വയസ്സുള്ളപ്പോള്‍ പെരുന്നാളിന് കൊണ്ടുപോയത്. അന്നു പുരോഹിതന്മാരുമായി തര്‍ക്കവും വാദങ്ങളും, പിന്നൊരിക്കല്‍ ദേവാലയത്തിലെ വാണിജ്യവല്‍ക്കരണത്തിനെതിരെ അക്രമം. പിന്നെ ക്രൂശിക്കപ്പെടാന്‍. ഒരിക്കല്‍ മാത്രമേ ചില അത്ഭുതങ്ങള്‍ ചെയ്യാനും ഉപദേശിക്കാനും യരുശലേമില്‍ പോയിട്ടുള്ളൂ. യേശു ഗ്രാമീണരായ സാധുക്കളോടു കൂടെയായിരുന്നു. ഉപമകളും, ഉപദേശങ്ങളും വായിക്കുമ്പോള്‍ അതു മനസ്സിലാകും. ''കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു'' (ലൂ4:18) എന്നായിരുന്നു തന്റെ മാനിഫെസ്റ്റോ. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ സംവത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് അയക്കപ്പെട്ടുവെന്നു തനിക്കു നല്ല ബോധ്യമുണ്ടായിരുന്നു. 2011 സെന്‍സസ് അനുസരിച്ചു ഭാരതത്തില്‍ 72 ശതമാനം ജനങ്ങളും പാര്‍ക്കുന്നത് ഗ്രാമങ്ങളിലാണ്. 28 ശതമാനം മാത്രമേ പട്ടണങ്ങളിലുള്ളു. എന്നാല്‍ 85 ശതമാനം ക്രിസ്തുനാമ പ്രവര്‍ത്തനങ്ങളും നടക്കുന്നത് പട്ടണങ്ങളിലാണ്. ഗ്രാമീണരായ 72 ശതമാനം ജനത്തിന് വേണ്ടി സര്‍ക്കാര്‍ അനേക വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ എത്തേണ്ടവന്റെ കരങ്ങളില്‍ അതൊന്നും എത്തുന്നില്ല. വടക്കന്‍ ഭാരതത്തിലെ ഗ്രാമങ്ങള്‍ നോക്കുക. സ്‌കൂളുകള്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ അദ്ധ്യാപകരില്ല. ആശുപത്രികള്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ ഡോക്ടര്‍മാര്‍ ഇല്ല. റോഡില്ല. യാത്രാസൗകര്യങ്ങളില്ല. ശുദ്ധജലമില്ല. ദാരിദ്ര്യം എന്നും ദാരിദ്ര്യം തന്നെ. ഇന്നത്തെ തൊഴിലാളി നിയമം അനുസരിച്ചു 348 രൂപ(മിനിമം വേജ് ആക്ട് 2015) ഒരു തൊഴിലാളിക്ക് ദിവസക്കൂലി കിട്ടണം. എന്നാല്‍ ഇന്നു കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഒരു തൊഴിലാളിയുടെ ശരാശരി ശമ്പളം 100-120 രൂപയാണ്. അഞ്ചോ ആറോ മക്കള്‍ അവനു കാണും. ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാരും. ഇവിടെ ആത്മഹത്യകളുടെ എണ്ണം കൂടുന്നു. ഗവണ്‍മെന്റിന്റെ വികസന പോളിസികളെല്ലാം ഇന്നും പേപ്പറില്‍ മാത്രം ഒതുങ്ങുന്നു. പട്ടണങ്ങളിലെ മനോഹരമായ ഫ്‌ളാറ്റുകളും, ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ഗോപുരങ്ങളും കാണുമ്പോള്‍ ഓര്‍ക്കണം അതിന്റെ പിമ്പില്‍ ഗ്രാമീണനായ തൊഴിലാളികളുടെ കൈകളാണെന്ന്. വലിയ റോഡുകള്‍, വലിയ ആലയങ്ങള്‍, ഭംഗിയേറിയ തുണികള്‍, ഫര്‍ണിച്ചറുകള്‍, വിഭവ സമൃദ്ധമായ ആഹാരം, സുന്ദരമായ വാഹനങ്ങള്‍ ഇതെല്ലാം കാണുമ്പോള്‍ ഓര്‍ക്കണം ഇതിന്റെയെല്ലാം പിന്നില്‍ ഒരു ഗ്രാമീണനായ തൊഴിലാളിയുണ്ട്. ദിവസം നൂറുരൂപ വാങ്ങി വയറ് ഇറുക്കി ഉടുത്ത് കൂനിക്കൂനി നടക്കുന്ന ഒരു തൊഴിലാളി. അവനല്ലേ യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ ശില്പി. തൊഴിലാളികള്‍ക്കുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും വെറും ഹിപ്പോക്രസിയല്ലേ പറയുന്നത് എന്നു തോന്നിപോകുന്നു. ഇവിടെ പാവപ്പെട്ടവന്‍ എന്നും പാവപ്പെട്ടവന്‍ തന്നെ. ക്രിസ്തുവിന്റെ അനുയായികളെങ്കിലും ഗ്രാമീണര്‍ക്കുവേണ്ടിയുള്ള സ്‌നേഹത്തോടും വാല്‍സല്യത്തോടും മുമ്പോട്ട് വരണം. ക്രിസ്തു തന്റെ ശുശ്രൂഷ ആരംഭിച്ചതും അവസാനിപ്പിച്ചതും ഗലീലയില്‍ തന്നെയായിരുന്നു. യോഹന്നാന്‍ തടവില്‍ ആയി എന്നു കേട്ടപ്പോള്‍ യേശു ഗലീലയിലേക്കു പോയി (മത്താ-1:4-12). അങ്ങനെ യേശുവിന്റെ ശുശ്രൂഷ ഗലീലയില്‍ ആരംഭിച്ചു (ലൂ-4:14). ക്രൂശിലേറ്റി കൊല്ലപ്പെട്ട കര്‍ത്താവിനെ കാണാന്‍ പോയ സ്ത്രീകള്‍ക്കു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു, ''അവന്‍ ഇവിടെ ഇല്ല നിങ്ങള്‍ക്കു മുമ്പ് ഗലീലലേക്ക് പോയി. നിങ്ങളും ഗലീലയിലേക്ക് പോവുക'' . ഉയിര്‍ത്ത കര്‍ത്താവിന്റെ സന്ദേശവും ഇതു തന്നെയായിരുന്നു. ''എന്റെ സഹോദരന്മാരോടു ഗലീലയിലേക്കു പോകുവാന്‍ പറയുവിന്‍. അവിടെ അവര്‍ എന്നെ കാണും'' (മത്താ. 28:7-10). യേശുവിനെ കാണണമെങ്കില്‍ ഗലീലക്ക് പോകണം. ഭാരതത്തിന്റെ ഗ്രാമങ്ങള്‍ - അതാണ് ഇവിടത്തെ ഗലീല. ഒഡീഷ തുടങ്ങിയ സംസ്ഥാനത്തിലെ ഗ്രാമത്തില്‍ ഒരു അതിഥി വന്നാല്‍ അവരുടെ കാലുകള്‍ കഴുകി തുണി കൊണ്ട് തുടച്ചാണ് അവരെ സ്വീകരിക്കുന്നത്. ഒരിക്കല്‍ എന്നെ അങ്ങനെ സ്വീകരിച്ചപ്പോള്‍ ഞാന്‍ അവരുടെ മുഖത്തേക്കു നോക്കി. ഗുരുവിനെയാണ് ഞാന്‍ അവരുടെ മുഖങ്ങളില്‍ കണ്ടത്. ഗുരുവിന്റെ ഹൃദയം ഇന്നും ഗ്രാമീണരുടെ ഇടയിലാണ്. പാളയത്തിനു പുറത്ത് (എബ്രാ. 13:13). ഗ്രാമീണരായ സാധുക്കളാണു വൈദ്യനെ ആവശ്യമുള്ള രോഗികള്‍. ബെഥസ്ദയിലേക്ക് ഇറങ്ങാന്‍ കഴിയാത്ത രോഗി ഗ്രാമീണനാണ്. യേശുവിന്റെ ശുശ്രൂഷയില്‍ സന്തോഷിച്ചതു ഗ്രാമീണരാണ്. അപ്പം കഴിക്കാന്‍ എത്താന്‍ സാധിക്കാത്ത ഉള്‍ഗ്രാമങ്ങളിലുള്ളവര്‍ക്കുവേണ്ടിയാണു പന്ത്രണ്ട് കൊട്ട മിച്ചമുണ്ടായിരുന്ന അപ്പം ഉപയോഗിച്ചതെന്നാണു പറയപ്പെടുന്നത്. ധാരാളിത്തത്തിലെ മിച്ചം - സര്‍പ്ലസ് - കളയരുത്. ആഢംബരങ്ങള്‍ക്കുവേണ്ടി പാഴാക്കരുത്. മിച്ചം എടുക്കുക. ഉള്‍ഗ്രാമങ്ങളിലുള്ളവര്‍ക്കും, ഗുരുവിന്റെ ധ്യാനപ്രസംഗം കേള്‍ക്കാന്‍ വരാത്തവര്‍ക്കും ആ അപ്പം ആവശ്യമാണ്. കേരളത്തില്‍ ക്രൈസ്തവ ടെലിവിഷന്‍ ചാനലുകള്‍ ഒന്നുമില്ലാതിരുന്നപ്പോള്‍ ഞാന്‍ ടെലിവിഷനില്‍ (ജീവന്‍ ടിവിയില്‍) ക്രൈസ്തവ പ്രോഗ്രാമുകള്‍ ചെയ്തുകൊണ്ടിരുന്നതാണ്. എന്നാല്‍ ക്രമേണ ടിവി പ്രഭാഷണത്തിലുള്ള ചിലവു വളരെയധികമാണെന്നു മനസ്സിലായി. ഒരു എപ്പിസോഡ് നിര്‍മ്മിച്ചു അതു സംപ്രേക്ഷണം ചെയ്യുമ്പോള്‍ ചിലവാകുന്ന പണം കണക്കുകൂട്ടിയാല്‍ അതൊരു പാഴ്ചിലവാണെന്നു മനസ്സിലായി. ഇന്നു കേരളത്തില്‍ അഞ്ചു ക്രൈസ്തവ ചാനലുകള്‍ ഉണ്ട്. സുവിശേഷപ്രസംഗം നല്ലതുതന്നെ. എന്നാല്‍ വ്യക്തികളുടെയും സംഘടനകളുടെയും പേര് വളര്‍ത്താന്‍ മാത്രമാണ് ഇന്നു ടെലിവിഷന്‍ പ്രോഗ്രാമുകള്‍ അധികവും നടത്തുന്നത്. ഒരു എപ്പിസോഡ് (അര മണിക്കൂര്‍) നിര്‍മ്മിച്ചു സംപ്രേക്ഷണം ചെയ്യാന്‍ ചിലവാകുന്നത് ഏറ്റവും കുറഞ്ഞത് മുപ്പതിനായിരം രൂപയാണ്. ഈ പണമുണ്ടെങ്കില്‍ വടക്കേന്ത്യയിലെ ഗ്രാമത്തില്‍ ഒരു ആരാധന കൂട്ടത്തിന് ഒരു ഷെഡ് പണിയാം. സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളെ താമസിപ്പിക്കാന്‍ ഗ്രാമങ്ങളിലെ…