നവംബര്‍ 16 പെണ്‍കുട്ടികള്‍ക്ക് ശോഭനമായൊരു ഭാവി ഉറപ്പാക്കല്‍ Assuring future for the girl child 2 രാജാ. 5:1-5 സങ്കീ. 8 അ.പ്ര. 12:11-17 മര്‍. 5:21-24, 35-43 ധ്യാനവചനം: കുട്ടിയുടെ കൈക്കു പിടിച്ചു: ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അര്‍ത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു (മര്‍-5:41). ദൈവം തന്റെ പുത്രനിലൂടെ ക്ഷീണിതരേയും തള്ളപ്പെട്ടവരെയും കരുതുകയും ശക്തീകരിക്കുകയും ചെയ്തതായി തിരുവചനത്തില്‍ ദര്‍ശിക്കാന്‍ സാധിക്കും. വിവേചനരഹിതമായ സ്‌നേഹമാണ് യേശുക്രിസ്തുവിലൂടെ മനുഷ്യര്‍ക്ക് വെളിപ്പെട്ടത്. അതില്‍ ആണും പെണ്ണും എന്ന വ്യത്യാസമില്ല (ഗലാ-3:28). സമൂഹത്തില്‍ പെണ്‍കുഞ്ഞുങ്ങളെ ആദരിക്കാനും അംഗീകരിക്കാനുമുള്ള ഒരു മനോഭാവമാണ് ഇന്നത്തെ ധ്യാനത്തിലൂടെ ഉണ്ടാകേണ്ടത്. അവരുടെ താലന്തുകളും സമൂഹത്തിന്റെ നന്മയ്ക്കും കുടുംബത്തിന്റെ അനുഗ്രഹത്തിനും കാരണമാകും. എന്നാല്‍ പെണ്‍കുട്ടികള്‍ക്കുള്ള വെല്ലുവിളികള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണാവസ്ഥ മുതല്‍ ശവക്കല്ലറ വരെ അവരുടെ ജീവിതം വെല്ലുവിളിക്കപ്പെടുന്നു. ഭ്രൂണഹത്യ (foeticide), ശിശുഹത്യ (infanticide), പെണ്‍വാണിഭം (women traficking), ബലാത്‌സംഗം (rape), സ്ത്രീധനം (dowry), ഗാര്‍ഹിക പീഡനം (domestic violence) ഇങ്ങനെ പലതരത്തില്‍ അവരുടെ ജീവിതം വെല്ലുവിളിക്കപ്പെടുന്നു. റാംഅഹൂജ എന്ന സാമൂഹിക ശാസ്ത്രജ്ഞന്‍ ഇതിനെ മൂന്നായി തിരിച്ചിരിക്കുന്നു. 1. കുറ്റകൃത്യമായ അക്രമങ്ങള്‍ (criminal violence) 2. ഗാര്‍ഹിക അക്രമങ്ങള്‍ (domestic violence) 3. സാമൂഹിക അക്രമങ്ങള്‍ (social violence) ഓരോ വര്‍ഷവും ഈ അക്രമങ്ങള്‍ ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പഠനത്തില്‍ ഇന്ത്യയില്‍ 2006-ല്‍ 1,64,765 കേസുകള്‍ ഉണ്ടായിരുന്നെങ്കില്‍ 2010 ല്‍ അത് 2,13,585 ആയി ഉയരുവാനിടയായി. കഴിഞ്ഞ രണ്ടുവര്‍ഷം കേരളത്തില്‍ 23,853 കേസുകളാണ് പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന അക്രമങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അതില്‍ 6870 കേസുകള്‍ ബലാത്സംഗകേസുകളായിരുന്നു. വീടുകളിലും ജോലിസ്ഥലങ്ങളിലും പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതത്വം നഷ്ടപ്പെടുന്ന ഒരു കാലഘട്ടത്തില്‍ എത്തിയിരിക്കുന്നു. ഇന്നത്തെ മാധ്യമങ്ങളുടെ വളര്‍ച്ചയും മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍മീഡിയ എന്നിവയുടെ കുതിച്ചുകയറ്റവും പെണ്‍കുട്ടികളുടെ ധാര്‍മ്മികസുരക്ഷിതത്വത്തിന് വലിയ വെല്ലുവിളിയായിത്തീര്‍ന്നിരിക്കുന്നു. ഇവിടെയാണ് പെണ്‍കുട്ടികളോടുള്ള കരുതലിനെക്കുറിച്ച് വേദപുസ്തകാടിസ്ഥാനത്തില്‍ നാം ധ്യാനിക്കേണ്ടത്. 1. ദൈവത്തിന്റെ കരുതല്‍ ബലഹീനരെയും ക്ഷീണിതരെയും കരുതുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ദൈവത്തെയാണ് വിശുദ്ധവേദപുസ്തകത്തില്‍ ദര്‍ശിക്കുന്നത്. ദൈവത്തിന് മുഖപക്ഷമില്ല, അവിടുന്ന് എല്ലാവരുടെയും ദൈവമായിരിക്കുന്നു, പുരുഷന്റെയും സ്ത്രീയുടെയും (ഗലാ-3:28, അ.പ്ര-10:34). ദൈവം പുരുഷനു മാത്രമല്ല സ്ത്രീയേയും പുരുഷനെയും ചേര്‍ത്താണ് ആദാം എന്നു പേരിട്ടത് (ഉല്പ-5:2). രണ്ടുപേരിലുമുള്ള ശരീരത്തിന് മാത്രമേ വ്യത്യാസമുള്ളു. ആത്മാവ് ഒന്നുതന്നെയാണ്. അത് ദൈവത്തില്‍നിന്നുള്ളതാണ്. പഴയനിയമകാലത്തും ദൈവം ദെബോറ, ഹന്ന തുടങ്ങിയ പ്രവാചകികളെ ഉപയോഗിച്ചിട്ടുണ്ട് (ലൂ-2:36, ന്യായാ-4). രൂത്ത്, എസ്ഥേര്‍ എന്നീ പേരുകളിലുള്ള പുസ്തകങ്ങള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തി. പുതിയനിയമകാലത്ത് യേശുവിന്റെ ശുശ്രൂഷകള്‍ക്ക് സഹായികളായി അനേകം സ്ത്രീകള്‍ തന്നോടൊപ്പമുണ്ടായിരുന്നു (ലൂ-8:1-3). അപ്പൊസ്തലന്മാരുടെ കാലത്ത് സഭയില്‍ ശുശ്രൂഷ ചെയ്യുന്ന അനേക സ്ത്രീകളെ നമുക്കു കാണാം (റോ-16). സഭയ്ക്ക് നേതൃത്വം കൊടുക്കുന്ന സ്ത്രീകളെ 2യോഹന്നാനില്‍ (2യോഹ-2) നാം കാണുന്നു. ദൈവത്തിന്റെ സ്വന്തസ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടവരാണ് സ്ത്രീകളും. അവരെ കരുതുന്നത് ദൈവവുമാണ്. 2.കുടുംബത്തില്‍നിന്ന് പെണ്‍കുട്ടികള്‍ക്ക് ലഭിക്കേണ്ട കരുതല്‍ (മര്‍-5:21-24, 35-43) ബലഹീനമായി പോവുകയും മരിച്ചുപോവുകയും ചെയ്യുന്ന പെണ്‍കുട്ടികളെ ഓര്‍ത്ത് ഭാരപ്പെടുകയും ക്രിസ്തുവിന്റെ അടുക്കല്‍ വരികയും ചെയ്യുന്ന രക്ഷാകര്‍ത്താക്കളെ സുവിശേഷങ്ങളിലും അപ്പൊസ്തലപ്രവര്‍ത്തികളിലും രേഖപ്പെടുത്തിയിട്ടുണ്ട് (മര്‍-5:21-24, 35-43; അ.പ്ര-9:36-43). കുടുംബത്തിലാണ് പെണ്‍കുട്ടികളുടെ സുരക്ഷിതത്വം ആദ്യമായി ഉറപ്പാക്കേണ്ടത്. അതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളും. അവരുടെ വിദ്യാഭ്യാസം, അവരുടെ സുഹൃദ്ബന്ധങ്ങള്‍, അവരുടെ ആവശ്യങ്ങള്‍ ഇതിലെല്ലാം മാതാപിതാക്കളുടെ ശ്രദ്ധ എത്തണം. വി.പൗലൊസ് നല്‍കുന്ന ഉപദേശം ഇപ്രകാരമാണ്: നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്റെ ബാലശിക്ഷയിലും പത്യോപദേശത്തിലും പോറ്റി വളര്‍ത്തുക (എഫെ-6:4). ഭാരതസംസ്‌കാരമനുസരിച്ച് പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞ് മറ്റൊരു കുടുംബത്തിലേയ്ക്ക് അയക്കപ്പെടുന്നു. എന്നാല്‍ സ്വന്തം വീട്ടില്‍ അവള്‍ അന്യയാണെന്നും ഇതുവരെ കണ്ടിട്ടില്ലാത്തതും പരിചയമില്ലാത്തതുമായ ഒരു വീട്ടിലേയ്ക്ക് അയക്കപ്പെടുമെന്നുമുള്ള ബോധത്താല്‍ ചെറുപ്പത്തിലേ തന്നെ പെണ്‍കുട്ടികള്‍ മാനസികമായി വേട്ടയാടപ്പെടുന്നുണ്ട്. പുതിയ വീട്ടില്‍ എത്തുമ്പോഴും അവിടെയും അവള്‍ ''വന്നു കയറിയവളായി'' കരുതപ്പെട്ട് അന്യയാകുന്നു. ഇവിടെ 'ഒരിടം' (space) പെണ്‍കുട്ടികള്‍ക്കാവശ്യമാണ്. അതു സ്വന്തകുടുംബത്തില്‍ നിന്നു തന്നെ ആരംഭിക്കേണ്ടതാണ്. കാരണം, ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവസ്‌നേഹം അവള്‍ക്കും അവകാശപ്പെട്ടതാണ്. ബാലയുടെ കൈക്കു പിടിച്ച് എഴുന്നേല്‍പ്പിച്ചതുപോലെ, അവള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ നിര്‍ദ്ദേശിച്ചതുപോലെ ഇന്നും പല കാരണങ്ങളാല്‍ തളര്‍ന്നുപോകുന്ന, ചൂഷണം ചെയ്യപ്പെടുന്ന പെണ്‍കുട്ടികളെ കര്‍ത്താവ് അവിടുത്തെ ആഴമേറിയ സ്‌നേഹത്താല്‍ കൈക്കു പിടിച്ചു എഴുന്നേല്‍പ്പിച്ചു പുതുജീവന്‍ നല്‍കുന്നു. മാത്രമല്ല, പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ട നമ്മോട് അവളുടെ തുടര്‍ന്നുള്ള ജീവിതം സുരക്ഷിതമാക്കാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. 3.പെണ്‍കുട്ടികള്‍ ദൈവരാജ്യത്തിന്റെ പണിയില്‍ (2രാജാ-5:1-5, അ.പ്ര-12:11-17) പഴയനിയമത്തിലും പുതിയനിയമത്തിലും കണ്ടതുപോലെ ദൈവശുശ്രൂഷയില്‍ ദൈവം പെണ്‍കുട്ടികളെയും ഉപയോഗിക്കുന്നുണ്ട്. 2രാജാ-5:1-5 -ല്‍ അരാംരാജാവിന്റെ സേനാപതിയായ നയമാന്റെ വീട്ടിലുണ്ടായിരുന്ന വീട്ടുജോലിക്കാരിയായ പെണ്‍കുട്ടിയാണ് ജീവനുള്ള ദൈവത്തെ അവര്‍ക്കു പരിചയപ്പെടുത്തികൊടുക്കുന്നത്. തന്മൂലം അദ്ദേഹത്തിന് സൗഖ്യം ലഭിക്കുന്നു എന്നു മാത്രമല്ല രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയാണ് മാറുന്നത്. പത്രൊസ് ജയില്‍ മോചിതനായി പുറത്തു വന്നു മര്‍ക്കൊസ് എന്ന യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടില്‍ പോയി. അവിടെ അവര്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പടിപ്പുര വാതില്‍ക്കല്‍ മുട്ടിക്കൊണ്ടിരിക്കുമ്പോള്‍ രോദാ എന്നൊരു പെണ്‍കുട്ടിയാണ് അവളുടെ ശബ്ദം തിരിച്ചറിഞ്ഞ് പത്രൊസിന്റെ വരവിനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നവരെ അറിയിച്ചത്. ഇവിടെ വിശ്വാസത്തിന്റെ കാല്‍വയ്ക്കുന്നത് ഒരു പെണ്‍കുട്ടിയാണ്. പ്രാര്‍ത്ഥിച്ചവര്‍ അവളുടെ വാക്കു വിശ്വസിക്കുന്നില്ല (അ.പ്ര-12:12-15). എന്നാല്‍ രോദയ്ക്ക് അത് വിശ്വസിക്കാനും ദൈവത്തിന്റെ…