Sermon Outlines
Create Account
1-800-123-4999
×

Warning

JUser: :_load: Unable to load user with ID: 290

My Peace I Give to You

Monday, 14 September 2015 04:44
September 20 International day of Peace My Peace I Give to You Zech. 8:12-19 Ps. 119: 161 - 176 Rom. 5:1-5 Jn. 16:16-33 Verse for meditation: “I have told you these things, so that in me you may have peace. In this world you will have trouble. But take heart! I have overcome the world” (Jn. 16:33)
സെപ്റ്റംബര്‍ 20 അന്തര്‍ദേശീയ സമാധാനദിനം എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു My Peace I Give to You സെഖ. 8:12-19 സങ്കീ. 119:161-176 റോമ. 5:1-5 യോഹ. 16:16-33 ധ്യാനവചനം: നിങ്ങള്‍ക്കു എന്നില്‍ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു (യോഹ-16:33). സമാധാനപ്രഭുവായ ക്രിസ്തു നല്‍കുന്ന വാഗ്ദത്തം അവിടുത്തെ സമാധാനം തന്നെയാണ്. പഴയനിയമത്തില്‍ സമാധാനം എന്നര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന എബ്രായ പദം ശാലോം ആണ്. ഈ പദത്തിനു സ്വാസ്ഥ്യം, പൂര്‍ണ്ണത, ക്ഷേമം തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. മറ്റൊരാളിന്റെ ക്ഷേമത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴും (ഉല്പ-43:27, പുറ-4:18, ന്യായാ-19:20) മറ്റൊരാളുമായി രഞ്ജനത്തിലാണെന്നതു സൂചിപ്പിക്കുമ്പോഴും ശാലോം ഉപയോഗിക്കുന്നു (1രാജാ-5:12). അതുപോലെ ശാരീരികമായി സുരക്ഷയ്ക്കും സമാധാനം എന്നു പറയുന്നുണ്ട് (സങ്കീ-4:8). സമാധാനം ദൈവത്തിന്റെ ദാനമാണ്, ആത്മാവിന്റെ ഫലമാണ് (ഗലാ-5:22). മശിഹായുടെ വാഴ്ച സമാധാനത്തിന്റെ കാലമാണ് (യെശ-2:2,4; 11:1-9, ഹഗ്ഗാ-2:7-9). പ്രതികൂലസാഹചര്യങ്ങളിലും പതറാതെ നില്‍ക്കുന്ന സന്തോഷമായ മാനസിക അവസ്ഥയാണു സമാധാനം. തമ്മില്‍ സമാധാനമായിരിപ്പിന്‍ (1തെസ്സ-5:13), കഴിയുമെങ്കില്‍ നിങ്ങളാല്‍ ആവോളം സകലമനുഷ്യരോടും സമാധാനമായിരിക്കുവിന്‍ (റോ-12:18). സമാധാനത്തോടിരിപ്പിന്‍ എന്നാല്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും (2കൊരി-13:11). സമാധാനത്തില്‍ ജീവിക്കാന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു (1കൊരി-7:15). അന്യോന്യം സമാധാനമുള്ളവരായിരിപ്പിന്‍ (മര്‍-9:50) എന്നൊക്കെ പുതിയനിയമം നമ്മെ പഠിപ്പിക്കുന്നു. യുദ്ധവും ഭിന്നതയും അടിമത്തവും വര്‍ഗ്ഗീയകലാപങ്ങളും രാഷ്ട്രീയവിപ്ലവങ്ങളും നടക്കുന്ന ഒരു കാലഘട്ടത്തിലാണു പാലസ്തീന്‍ ജനതയോടു ക്രിസ്തു ഇപ്രകാരം പറഞ്ഞത്: ''സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവമക്കള്‍ എന്നു വിളിക്കപ്പെടും'' (മത്താ-9:5). സമാധാനസന്ദേശത്തിലൂടെ എങ്ങനെ സംഘര്‍ഷനിവാരണം നടത്താന്‍ കഴിയുമെന്നാണ് ഈ സന്ദേശത്തിലൂടെ ചിന്തിക്കേണ്ടത്. 1. സമാധാനപ്രഭുവായ ദൈവം പഴയനിയമത്തില്‍ (സെഖ-8:12-19) യിസ്രായേല്‍ ഗൃഹത്തോടു സമാധാനനിയമം ചെയ്യുന്ന ദൈവകല്പനകളാണ് സെഖ-8:12-19 കാണുന്നത്. മശിഹാ സമാധാനപ്രഭുവാണ് (യെശ-9:6). സമാധാനം ഘോഷിക്കുന്നവനും പ്രസിദ്ധമാക്കുന്നവനും മശിഹയാണ് (യെശ-52:7). അവിടുന്നു പൂര്‍ണ്ണസമാധാനത്തില്‍ കാക്കും (യെശ-26:3). പഴയനിയമത്തില്‍ ദൈവത്തെ സമാധാനം നിയമിക്കുന്നവനായും അതു നിവര്‍ത്തിക്കുന്നവനായും കാണുന്നു (യെശ-26:12). സമാധാനനിവാസത്തില്‍ പാര്‍പ്പിക്കുന്നതും അവസാനം വരാത്ത സമാധാനം തരുന്നവനും കര്‍ത്താവത്രെ (യെശ-32:18, 9:7). യെരുശലേമിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ പഴയനിയമം ആഹ്വാനം തരുന്നു (സങ്കീ-122:6, 120:6,7). ദൈവം മനുഷ്യനോടു ഒരു സമാധാന നിയമം ചെയ്യുമെന്നു പ്രവാചകന്മാരിലൂടെ സംസാരിച്ചിരിക്കുന്നു (യെഹ-37:26). ഈ സമാധാന നിയമം മാറാത്തതായി നിലനില്‍ക്കുമെന്നു യെശയ്യാവും പറയുന്നു (യെശ-54:10). ദൈവത്തില്‍ ആശ്രയം വയ്ക്കുന്നവനു പൂര്‍ണ്ണസമാധാനമുണ്ടെന്ന തിരുവചനം ഇവിടെ സ്മരിക്കേണ്ടതാണ് (യെശ-26:3). ദൈവത്തിന്റെ ന്യായപ്രമാണത്തോടു പ്രിയമുള്ളവര്‍ക്കാണു മഹാസമാധാനമുള്ളതെന്നും അവര്‍ക്കു വീഴ്ചക്കു സംഗതിയേതുമില്ലെന്നും തിരുവചനം പറയുന്നു (സങ്കീ-119:165). അതുകൊണ്ടു സത്യവും സമാധാനവും ഇഷ്ടപ്പെടാന്‍ സെഖര്യാവ് ആഹ്വാനം നല്‍കുന്നു (സെഖ-8:19). 2. യേശു സമാധാനപ്രഭു (യോഹ-16:16-33, റോമ-5:1-5) എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു എന്നാണു ക്രിസ്തു നല്‍കിയ വാഗ്ദത്തം (യോഹ-14:27). യേശുക്രിസ്തുവായ സമാധാനപ്രഭു തന്നെയാണു നമുക്കു മാതൃകയാകേണ്ടത് (യെശ-9:6, മീഖാ-4:1-8). യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട് എന്നു പൗലൊസ് ആവര്‍ത്തിച്ചു പറയുന്നു (റോ-5:1, എഫെ-2:14-17). യേശുക്രിസ്തു തരുന്ന സമാധാനം ലോകം തരുന്ന സമാധാനം പോലെയല്ല. അതു നിത്യമാണ്. സകലബുദ്ധിയേയും കവിയുന്നതാണ്(യോഹ-14:27, ഫിലി-4:6, മത്താ-10:13). ഇതിനൊരു ഉത്തമ ഉദാഹരണം ക്രിസ്തു തന്നെയാണ്. തിരമാലയും കൊടുങ്കാറ്റും അടിക്കുമ്പോഴും പടകില്‍ സുഖമായി ഉറങ്ങുന്ന സമാധാനം! അതിദാരുണമായി വേദനപ്പെടുമ്പോള്‍ ക്രൂശില്‍ അനുഭവിക്കുന്ന സമാധാനം. ഇതാണ് തുടര്‍ന്നുവന്ന സ്‌തെഫാനൊസിനെപ്പോലെയുള്ള രക്തസാക്ഷികള്‍ക്കും അനുഭവിക്കാന്‍ ഇടയായത്. സമീപത്തും അകന്നും ഇരുന്നവരെ ഒന്നാക്കിത്തീര്‍ക്കുകയും ആ ഒന്നായ മനുഷ്യസമൂഹത്തെ ദൈവത്തോടു നിരപ്പിക്കുകയും ചെയ്ത ക്രിസ്തുവിന്റെ സമാധാനത്തിന്റെ പ്രവൃത്തിയാണ് അനുരഞ്ജനത്തിന് ഏറ്റവും വലിയ ഉദാഹരണം (എഫെ-2:14-18, കൊലൊ-1:20). ഇതുപോലെ പലകാരണങ്ങളാല്‍ അകന്നിരിക്കുന്നവര്‍ ക്രിസ്തുവിലൂടെ ഒന്നായിത്തീര്‍ന്നു ദൈവത്തോടുള്ള സമാധാനം അനുഭവിക്കാന്‍ ഇടയാകണം. യേശുക്രിസ്തുവിന്റെ ക്രൂശാണ് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും ഏറ്റവും വലിയ മാതൃക. 3. വചനം നല്‍കുന്ന സമാധാനം (സങ്കീ-119:161-170) ദൈവത്തിന്റെ ന്യായപ്രമാണത്തോടു പ്രിയമുള്ളവര്‍ക്കു മഹാസമാധാനം ഉണ്ട് (സങ്കീ-119:165). ദൈവത്തിന്റെ വചനം നല്‍കുന്ന പ്രത്യാശയും സമാധാനവും വലുതാണ്. ആശീര്‍വാദം നല്കുന്നതു സമാധാനം ആശംസിക്കുകയാണ് 'സമാധാനത്തിന്റെ ദൈവം തന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയില്‍ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ' (1തെസ്സ-5:23). പാപിയായ മനുഷ്യനു ദൈവത്തോടു നിരപ്പു പ്രാപിക്കേണ്ടതിനു പാപത്തിന്റെ ശത്രുത മാറ്റേണ്ടതാണ്. ക്രിസ്തുവിന്റെ യാഗത്താലാണ് ഈ ശത്രുത മാറി ദൈവത്തോടു സമാധാനം പ്രാപിക്കുന്നത് (റോമ-5:1, കൊലൊ-1:20). നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേല്‍ ആയി (യെശ-53:5). ക്രിസ്തുവാണ് നമ്മുടെ സമാധാനം (എഫെ-2:14). ദൈവസമാധാനം സകലബുദ്ധിയെയും കവിയുന്നതാണ് (ഫിലി-4:7). അന്യോന്യം സമാധാനത്തില്‍ കഴിയുന്നതിനു വിശ്വാസികള്‍ ശ്രമിക്കേണ്ടതാണ് (റോമ-14:19, 1കൊരി-14:33).

Women Partners in God’s Liberation Act

Wednesday, 09 September 2015 10:05
September13 Women’s day Women Partners in God’s Liberation Act Ex. 1:15-22 Ps. 148 Rom. 16:1-16 Mk. 15:37-41 Verse for meditation: “Some women were watching from a distance. Among them were Mary Magdalene, Mary the mother of James the younger and of Joses, and Salome. In Galilee these women had followed him and cared for his needs. Many other women who had come up with him to Jerusalem were also there” (Mk. 15:40, 41)
സെപ്റ്റംബര്‍ 13 വനിതാദിനം ദൈവത്തിന്റെ വിമോചനപ്രക്രിയയില്‍ പങ്കാളികളായ സ്ത്രീകള്‍ Women Partners in God’s Liberative Act പുറ. 1:15-22 സങ്കീ. 148 റോമ. 16:1-16 മര്‍. 15:37-41 ധ്യാനവചനം: സ്ത്രീകള്‍ ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരില്‍ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമയും ഉണ്ടായിരുന്നു. അവന്‍ ഗലീലയില്‍ ഇരിക്കുമ്പോള്‍ അവര്‍ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടു കൂടെ യെരുശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു (മര്‍-15:40,41). ദൈവത്തിന്റെ വിമോചനപ്രകിയയില്‍ വിവേചനമില്ലാതെ ദൈവം വനിതകളെയും ശാക്തീകരിച്ച് ഉപയോഗിച്ചു. കാരണം ക്രിസ്തുയേശുവില്‍ എല്ലാവരും ഒരു പോലെയാണ്. യഹൂദനും ഗ്രീക്കുകാരനും; പുരുഷനും സ്ത്രീയും; യജമാനനും അടിമയും (ഗലാ. 3:28) എല്ലാവരും. യേശുവിനോടൊപ്പം ഒരു വലിയ കൂട്ടം സ്ത്രീകള്‍ ശുശ്രൂഷചെയ്തതായി നാം കാണുന്നു (ലൂക്കൊ. 8:1-13). സൗഖ്യം പ്രാപിച്ച സ്ത്രീകള്‍, മഗ്ദലക്കാരത്തി മറിയ, ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്ന, ശൂശന്ന, അവരുടെ വസ്തുവകകള്‍ നല്‍കി ശുശ്രൂഷ ചെയ്യുന്ന പല സ്ത്രീകളും ആ ടീമില്‍ ഉണ്ടായിരുന്നതായി നാം മനസ്സിലാക്കുന്നു. അവരുടെ ഈ തരത്തിലെ ശുശ്രൂഷകള്‍ ഗുരു സ്വീകരിച്ചിരുന്നു. യേശുവിന്റെ ദൈവരാജ്യപ്രസംഗത്തിലും പ്രവര്‍ത്തനത്തിലും അങ്ങനെ സ്ത്രീകളും പ്രധാന പങ്കാളികളായിത്തീര്‍ന്നു. പുരുഷ മേധാവിത്വത്തിന്റെ കാലത്തും ബൈബിളിലെ ആത്മീയതയില്‍ സ്ത്രീകള്‍ക്ക് ഒരു നല്ല സ്ഥാനം നല്‍കുന്നതായി കാണുന്നു. സാറ, റിബേക്കാ, റാഹേല്‍, ദബോറ, രൂത്ത്, എസ്ഥേര്‍ എന്നിവര്‍ പഴയനിയമത്തിലെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. 1. വിമോചനപ്രകിയയിലെ സ്ത്രീകള്‍ : ശിപ്രാ, പൂവാ (പുറ-1:15-22) ദൈവം അനേകം സ്ത്രീകളെ തന്റെ വിമോചനപ്രക്രിയയില്‍ ഉപയോഗിച്ചതായി നാം കാണുന്നു. യിസ്രായേല്‍ ജനങ്ങളില്‍ ആണ്‍കുട്ടികളെ അവരുടെ ജനനത്തില്‍തന്നെ കൊന്നുകളയുവാന്‍ ഫറവോന്‍ ചില നഴ്‌സുമാരെ ഏര്‍പ്പാടു ചെയ്തതായി നാം കാണുന്നു (പുറ-1:15-22). എന്നാല്‍ ശിപ്രാ, പൂവാ എന്ന രണ്ടു നഴ്‌സുമാര്‍ രാജാവിന്റെ കല്പനയെക്കാള്‍ ദൈവത്തെ ഭയപ്പെട്ടു കുട്ടികളെ കൊല്ലാതെ രക്ഷപ്പെടുത്തി. അതുകൊണ്ടു ജനം വര്‍ദ്ധിച്ചു ഏറ്റവും ബലപ്പെട്ടു (1:20). കുറേ കുട്ടികളെ മാത്രമല്ല, ഒരു വിമോചകനെ തന്നെ സൂക്ഷിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഒരു ചെറിയ വിമോചനപ്രസ്ഥാനത്തെ ഉണ്ടാക്കാനല്ല, ലോകചരിത്രത്തിലെതന്നെ എല്ലാ വിമോചനപ്രസ്ഥാനങ്ങള്‍ക്കും സ്ത്രീകള്‍ പങ്കാളികളായിത്തീരാന്‍ ഈ സംഭവം ഇടയാക്കി. യഹൂദന്മാരുടെ വരാനിരുന്ന അത്യാഹിതത്തില്‍നിന്നും അവരെ രക്ഷിക്കാന്‍ എസ്ഥേറിനെ ദൈവം ഉപയോഗിച്ചത് ഇവിടെ പ്രസ്താവ്യമാണ് (എസ്ഥേ-7:1-10). 2. വിമോചനപ്രകിയയില്‍ സ്ത്രീകള്‍ : പൗലൊസിനോടൊപ്പം (റോമ-16:1-16) പൗലോസ് അപ്പൊസ്തലനും തന്റെ ശുശ്രൂഷയില്‍ പങ്കാളികളായ സ്ത്രീകളെ പ്രശംസിക്കുന്നുണ്ട് (റോ. 16:1-16). പ്രിസ്‌ക അഥവാ പ്രിസ്‌കില്ല, യൂനിയാവ്, യൂലിയ, നെരെയൂസിന്റെ സഹോദരി മറിയ, പെര്‍സിസ്, റൂഫസിന്റെ അമ്മ, യുവോദ്യ, സുന്തുക (റോ. 16:3,7,15; ഫിലി. 4:2,3) ഇങ്ങനെ അനേകര്‍. നിജപുത്രനായ തിമൊഥെയൊസിനെ ഉപദേശിക്കുമ്പോള്‍ തിമൊഥെയൊസിന്റെ അമ്മയിലും (യൂനീക്ക) വലിയമ്മയിലും (ലോവീസ്) ഉണ്ടായിരുന്ന വിശ്വാസത്തെ അനുകരണീയമായി പ്രശംസിക്കുന്നതു കാണാം. ദൈവവേലയ്ക്കായി പ്രാര്‍ത്ഥിക്കുന്നവര്‍, സാമ്പത്തികമായി സഹായിക്കുന്നവര്‍, വചനം പ്രസംഗിക്കാന്‍ കൂടെനിന്നു മറ്റു സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നവര്‍, പ്രസംഗിക്കുന്നവര്‍, ദൈവവേലചെയ്യുന്ന ഭര്‍ത്താക്കന്മാരെ സഹായിക്കുന്നവര്‍ ഇങ്ങനെ ഏതെല്ലാം രീതിയില്‍ ആ വിമോചനപ്രക്രിയയില്‍ ഇന്നും സ്ത്രീകള്‍ പങ്കാളികളായിത്തീരുന്നു. 3. വിമോചനപ്രകിയയില്‍ സ്ത്രീകള്‍ : യേശുവിനോടൊപ്പം (മര്‍-15:37:41) തന്റെ ക്രൂശുമരണത്തില്‍ സാക്ഷ്യം വഹിച്ചുകൊണ്ടു കൂടെനിന്ന പുരുഷന്മാര്‍ വളരെ ചുരുക്കം പേരാണ്. എന്നാല്‍ അനേകം സ്ത്രീകള്‍ അതിനു സാക്ഷ്യംവഹിച്ചതായി മര്‍ക്കൊസ് രേഖപ്പെടുത്തുന്നു (മര്‍-15:40,41). യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷയിലും അനേകം വനിതകള്‍ ദൈവരാജ്യത്തിന്റെ കെട്ടുപണിയ്ക്കായി ഉപയോഗിക്കപ്പെട്ടു. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവു പ്രസംഗിക്കാന്‍ (പറയാന്‍) ആദ്യം അയച്ചതു സ്ത്രീകളെയാണ് (മത്താ. 28:5-7). ഒരു സ്ത്രീയിലൂടെയാണു പാപം ലോകത്തില്‍ വന്നതെന്നു കരുതപ്പെട്ടിരുന്നു. അതായതു ഹവ്വയിലൂടെ. എന്നാല്‍ സ്ത്രീയിലൂടെ തന്നെ അനുഗ്രഹവും അതായതു ദൈവത്തിന്റെ ആത്യന്തിക വെളിപ്പാടായ ക്രിസ്തുവും ലോകത്തിലേക്കു വന്നു. ആദ്യത്തെ പാപം മുഖാന്തരം സ്ത്രീക്കു ഗര്‍ഭധാരണം വിധിക്കപ്പെട്ടു. അതൊരു ശാപമായി രേഖപ്പെടുത്തിയിരിക്കുന്നു (ഉല്പ-3:16). എന്നാല്‍ മറ്റൊരു സ്ത്രീയുടെ ഗര്‍ഭത്തിലൂടെ ലോകം മുഴുവനും അനുഗ്രഹിക്കപ്പെട്ടു. പരിശുദ്ധാത്മാവിനാല്‍ മറിയ ഗര്‍ഭിണിയായപ്പോള്‍ അവര്‍ പാടിയത് അങ്ങനെയാണ്. ''...ദൈവം തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നു. ശക്തനായവന്‍ എനിക്കു വലിയവ ചെയ്തിരിക്കുന്നു...'' (ലൂ-1:48,49). അങ്ങനെ മറ്റൊരു മാറ്റം സൃഷ്ടിക്കപ്പെട്ടു. യഹൂദന്മാരും ശമര്യരും ഏറിയകാലം ശത്രുക്കളായിരുന്നു. ആ ഒരു സാഹചര്യത്തിലാണു ക്രിസ്തു ശമര്യയിലെത്തുന്നതും തുടര്‍ന്നു ശമര്യയിലുള്ള സ്ത്രീയോടു ക്രിസ്തു സംസാരിച്ചതും. അവളുടെ സാക്ഷ്യം പ്രസിദ്ധമാണല്ലോ. യോഹന്നാന്‍ അതിനെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: ''സ്ത്രീ പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യാക്കാരും യേശുവില്‍ വിശ്വസിച്ചു. അങ്ങനെ ശമര്യര്‍ അവന്റെ അടുക്കല്‍ വന്നു. തങ്ങളോടു കൂടെ പാര്‍ക്കണം എന്നു യേശുവിനോട് അപേക്ഷിച്ചു. യേശു രണ്ടുനാള്‍ അവിടെ പാര്‍ത്തു. ഏറ്റവും അധികം പേര്‍ യേശുവിന്റെ വചനം കേട്ടു വിശ്വസിച്ചു (യോഹ-4:39-41).

യേശു എന്ന ഗുരു

Tuesday, 01 September 2015 04:32
സെപ്റ്റംബര്‍ 6 വിദ്യാഭ്യാസ ഞായര്‍ അദ്ധ്യാപകദിനം യേശു എന്ന ഗുരു Jesus the Guru സദൃ. 4:1-19 സങ്കീ. 141 അ.പ്ര. 22:1-5 ലൂക്കൊ. 4:31-44 ധ്യാനവചനം: അവന്റെ വചനം അധികാരത്തോടെ ആകയാല്‍ അവര്‍ അവന്റെ ഉപദേശത്തില്‍ വിസ്മയിച്ചു (ലൂക്കൊ-4:32). പ്രാചീനഭാരതത്തില്‍ ഏറെ ശ്രദ്ധയോടുകൂടെ ഉപയോഗിച്ചുവന്ന പദങ്ങളാണ് ഗുരു, ആചാര്യന്‍, ഉപാദ്ധ്യായന്‍ എന്നിവ. വിദ്യാദാനവുമായി ബന്ധപ്പെട്ടവയാണു ഈ പദങ്ങളെങ്കിലും അവയ്ക്കു തമ്മില്‍ അര്‍ത്ഥത്തില്‍ ഭേദമുണ്ട്. ഉപാദ്ധ്യായനെക്കാള്‍ ശ്രേഷ്ഠനാണു ആചാര്യന്‍. ആചാര്യനെക്കാള്‍ ശ്രേഷ്ഠനാണ് ഗുരു. വേദങ്ങളില്‍ ആചാര്യ ശബ്ദം സുലഭമാണ്. അര്‍വാചീനമായ മുണ്ഡകോപനിഷത്തിലും ശ്വേതാഅശ്വേതോപനിഷത്തിലും ഗുരു ശബ്ദം കാണാം. ഉപനിഷത്തിന്റെ കാലത്തു യജ്ഞത്തില്‍ നിന്നും (വേദങ്ങളുടെ കാലം) ജ്ഞാനത്തിലേക്കു മാറിയതോടുകൂടിയാണ് ഗുരു ശബ്ദത്തിനു പ്രാമുഖ്യം കൈവന്നത്. അദ്വൈയതാരകോപനിഷത്തില്‍ ഗുരുവിനെ ഇപ്രകാരം വ്യാഖ്യാനിക്കുന്നു. ''ഗുശബ്ദ സ്ത്വന്ധകാരഃ സ്യാദ് രു ശബ്ദസ്തന്നിരോധകഃ അന്ധകാര നിരോധിത്വാദ് ഗുരുരിത്യഭിധീയതെ'' 'ഗു' ശബ്ദത്തിന് അന്ധകാരമെന്നും, 'രു' എന്നതിനു രോധിക്കുന്നത് എന്നുമാണ് അര്‍ത്ഥം. അന്ധകാരത്തെ അകറ്റുന്നവനാണ് ഗുരു. അദ്വൈയതാരകോപനിഷത്ത് തുടര്‍ന്നും പറയുന്നു. ''ഗുരുരേവ പരംബ്രഹ്മ ഗുരുരേവ പരംഗതി ഗുരുരേവ പരംവിദ്യ ഗുരുരേവ പരായണം ഗുരുരേവ പരാകാഷ്ഠാ ഗുരുരേവ പരാധനം യസ്മാത് തദുപദേഷ്ടാസൗ തസ്മാദ് ഗുരുതരോ ഗുരു ഇതി'' ഗുരു തന്നെയാണു പരബ്രഹ്മം (ദൈവം). പരമമായ ഗതിയും പരമമായവിദ്യയും പരായണ യോഗ്യനും ഗുരു തന്നെയാണ്. ഗുരു-ശ്രേഷ്ഠരില്‍ ശ്രേഷ്ഠനാണ്. ഒരിക്കലെങ്കിലും അത് ഉച്ചരിക്കുന്നവര്‍ക്കു സംസാരമോചനം ലഭിക്കും. പാപങ്ങള്‍ മാറിപ്പോകും. പുരുഷാര്‍ത്ഥങ്ങളും കൈവരും. ഇങ്ങനെ അറിയുന്നവനാണ് ഉപനിഷദ് ജ്ഞാനി. ബൈബിളില്‍ അമ്പതോളം പ്രാവശ്യം ഗുരു എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. പഴയനിയമത്തില്‍ മൂന്നു എബ്രായപദങ്ങളെയാണു ഗുരു എന്നു തര്‍ജ്ജമ ചെയ്തിട്ടുള്ളത്. 1ശമു-10:12 (അബ്= പിതാവ്), 1ദിന-25:8 (മേവീന്‍= പരിജ്ഞാനി), സങ്കീ-119:99 (മ്‌ലംദീം = അദ്ധ്യാപകന്മാര്‍). ഡിഡസ്‌ക്കലൊസ് എന്ന ഗ്രീക്കു പദമാണു പുതിയനിയമത്തില്‍ പ്രയോഗിച്ചിട്ടുള്ളത്. ഡിഡസ്‌ക്കോ (പഠിപ്പിക്കുക) എന്ന ധാതുവില്‍ നിന്നാണു ഡിഡസ്‌ക്കലൊസ് എന്ന നാമത്തിന്റെ നിഷ്പത്തി. യേശുവിന്റെ സംബോധനയാണു സുവിശേഷങ്ങളില്‍ ഗുരു (മത്താ- 8:19, 12:38, 19:16, 22:16,24,36, 22:24, മര്‍-4:38, 9:17,38, 10:17,20,35, 12:14,19,32). ഗുരു എന്ന സംബോധന ഏറ്റവും അധികം കാണുന്നതു ലൂക്കൊസ് സുവിശേഷത്തിലാണ്. യോഹ-1:38 ലെ റബ്ബിയുടെയും 20:16 ലെ റബ്ബൂനിയുടെയും അര്‍ത്ഥം ഗുരു തന്നെയാണ്. യേശു തന്നെ സ്വയം ഞാന്‍ ഗുരുവും കര്‍ത്താവുമെന്നു പറഞ്ഞു (യോഹ-13:11). ഗുരുവിന്റെ ഭാവമാണു ഗൗരവം. 1. പഠിച്ച അദ്ധ്യാപകന്‍ ശലോമോന്‍ (സദൃ-4:1-19) ശലോമോനെ ജ്ഞാനിയായി ബൈബിള്‍ ചിത്രീകരിക്കുന്നു. എന്നാല്‍ അദ്ദേഹം പറയുന്നതു തന്റെ മാതാപിതാക്കളാണു തനിക്കു ജ്ഞാനം ഉപദേശിച്ചു കൊടുത്തത് എന്നാണ് (സദൃ-4:3-19). മാതാപിതാക്കളുടെ ജ്ഞാനോപദേശം ശ്രദ്ധിക്കാനും അതില്‍ നിലനില്‍ക്കാനും ശലോമോന്‍ ബുദ്ധി ഉപദേശിക്കുന്നു. ഗുരുശിഷ്യബന്ധം ആരംഭിക്കേണ്ടതു കുടുംബങ്ങളിലാണ്. മാതാപിതാക്കളാണ് ആദ്യത്തെ ഗുരുക്കന്മാര്‍. കുഞ്ഞുങ്ങള്‍ രക്ഷാകര്‍ത്താക്കളില്‍നിന്നു പഠിച്ചു തുടങ്ങുന്നു. ഇതു മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതാണ് (എഫെ-6:1-4). 2. പഠിച്ച അദ്ധ്യാപകന്‍ പൗലൊസ് (അ.പ്ര-22:1-5) പൗലൊസിന്റെ പ്രാഥമിക വിദ്യാഭ്യാസം പട്ടണത്തില്‍ യഹൂദപള്ളിക്കൂടത്തില്‍ ആരംഭിച്ചു. ഗ്രീക്കുഭാഷയിലുള്ള പഴയനിയമം ഉപയോഗിച്ചു. ഗ്രീക്കുഭാഷയും പഠിച്ചിരുന്നു. 12 വയസ്സാകുമ്പോള്‍ യഹൂദമര്യാദപ്രകാരം ബാല്യകാല വിദ്യാഭ്യാസത്തിന്റെ അവസാനമായി 'ന്യായപ്രമാണപുത്രന്‍' (son of the law) എന്നു പ്രഖ്യാപിക്കപ്പെട്ട ചടങ്ങു നടത്തപ്പെട്ടു. ഗമാലിയേലിന്റെ കീഴില്‍ ഉന്നതവിദ്യാഭ്യാസം നേടി. ഗമാലിയേല്‍ ഒരു പഴയനിയമ പണ്ഡിതനും മതസഹിഷ്ണുതയുള്ള യഹൂദനുമായിരുന്നു. (അപ്ര-5:30-35). 12 വയസ്സിനു ശേഷം തന്റെ യരുശലേമിലെ സഹോദരിയുടെ വീട്ടില്‍ താമസിച്ചുകൊണ്ടു പഠനം നടത്തിയിരിക്കാം എന്നു വിശ്വസിക്കുന്നു (അ.പ്ര-22:3). ഗമാലിയേലിന്റെ കീഴില്‍ 4-5 വര്‍ഷം ഈ പരിശീലനം നീണ്ടുനിന്നിരുന്നു. ഈ പഠനം പിന്നെ, പഴയനിയമത്തിന്റെ ക്രിസ്തീയവ്യാഖ്യാതാവായി മാറാന്‍ കാരണമായി. തര്‍സൊസില്‍ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കുവാന്‍ സമയം ചെലവാക്കിയിരിക്കണം. പ്രധാന വിഷയം സ്റ്റോയിക്ക് തത്വവും യവനസാഹിത്യവുമായിരുന്നു (അ.പ്ര-17:28, 1കൊ-15:33, തീ-1:12). എന്നാല്‍ ഈ പഠനങ്ങളെക്കാള്‍ (ഹോമര്‍, പ്ലേറ്റോ) ന്യായപ്രമാണവും പ്രവാചകന്മാരും ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാനവിഷയം. 3. യേശു സദ്ഗുരു (ലൂക്കൊ-4:31-44) യേശുക്രിസ്തു ശിഷ്യന്മാരോടു പറഞ്ഞു ''ഞാന്‍ ഗുരുവും കര്‍ത്താവുമാണ്'' (യോഹ-13:13). ഉപദേശിക്കുക മാത്രമല്ല പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്ത കാര്യങ്ങള്‍ തന്റെ ജീവിതത്തില്‍ പ്രവര്‍ത്തിച്ചു കാണിക്കുകയും ചെയ്തു. തന്റെ പഠിപ്പിക്കലുകള്‍ ശ്രദ്ധിക്കാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനും ജനത്തെ ആഹ്വാനം ചെയ്തു. തന്നില്‍ വിശ്വസിച്ചവരോടു ഗുരു ഇപ്രകാരം പറഞ്ഞു: ''എന്റെ ഉപദേശങ്ങളില്‍ നിലനിന്നാലേ, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ശിഷ്യരാകൂ'' (യോഹ-8:31). യേശുവിന്റെ ഈ ലോകത്തിലെ ശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കുന്ന സമയമായപ്പോള്‍ തന്റെ അപ്പൊസ്തലന്മാരോടു പറഞ്ഞത് ഇപ്രകാരമാണ്: ''നിങ്ങള്‍ ലോകത്തെല്ലായിടത്തും പോയി ഞാന്‍ നിങ്ങളെ പഠിപ്പിച്ച കാര്യങ്ങള്‍ ഒക്കെയും പഠിപ്പിച്ചുകൊണ്ടു മറ്റുള്ളവരേയും ശിഷ്യരാക്കുക'' (മത്താ-28:19,20). ഗുരുവിനെക്കുറിച്ചു പ്രസംഗിക്കുന്നതിനു പകരം ഗുരുവിന്റെ ഉപദേശങ്ങള്‍ പഠിപ്പിക്കാനുമാണു ഗുരു ആവശ്യപ്പെട്ടത്.

Jesus the Guru

Tuesday, 01 September 2015 04:09
September 6 Education Sunday Teachers day Jesus the Guru Prov. 4:1-19 Ps. 141 Acts 22:1-5 Lk. 4:31-44 Verse for meditation: “They were amazed at his teaching, because his message had authority” (Lk. 4:32)
August 30 Plurality: Common Humanity and faith Sharing Jonah 4:1-11 Ps. 82 Acts 8:26-40 Matt. 22:1-14 Verse for meditation: “But Nineveh has more than a hundred and twenty thousand people who cannot tell their right hand from their left, and many cattle as well. Should I not be concerned about that great city?” (Jonah 4:11)
ആഗസ്റ്റ് 30 ബഹുലത : പൊതുമാനവികതയും വിശ്വാസം പങ്കുവയ്ക്കലും Plurality : Common Humanity and Faith Sharing യോനാ 4:1-11 സങ്കീ. 82 അ.പ്ര. 8:26-40 മത്താ. 22:1-14 ധ്യാനവചനം: വലങ്കയ്യും ഇടങ്കയ്യും തമ്മില്‍ തിരിച്ചറിഞ്ഞുകൂടാത്ത ഒരു ലക്ഷത്തിരുപതിനായിരത്തില്‍ ചില്വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോ ഭാവം തോന്നരുതോ (യോനാ-4:11).
ആഗസ്റ്റ് 23 വിശുദ്ധ കുര്‍ബാന എന്ന കൂദാശ Sacrament of Holy Qurbana (Holy Sacrifice) 2 രാജാ. 4:42-44 സങ്കീ. 100 1 കൊരി. 11:23-30 യോഹ. 6:15-59 ധ്യാനവചനം: സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാകുന്നു. ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും. ഞാന്‍ കൊടുക്കാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ കൊടുക്കുന്ന എന്റെ മാംസമാകുന്നു (യോഹ-6:59). 'കൊര്‍ബ്ബാന്‍' എന്ന അരാമ്യ പദത്തില്‍ നിന്നാണു കുര്‍ബ്ബാനയുടെ ഉല്‍പ്പത്തി. കര്‍ത്താവിന്റെ അത്താഴത്തിനു സുറിയാനി സഭകള്‍ കുര്‍ബാന എന്ന പേരാണു നല്‍കിയിട്ടുള്ളത്. കൊര്‍ബ്ബാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം വഴിപാട് എന്നാണ്. കത്തോലിക്ക സഭ ഇതിനെ മാസ് എന്നു വിളിക്കുന്നു. പിരിച്ചുവിടുക എന്നര്‍ത്ഥമുള്ള 'മിത്തറെ' (Mittere) എന്ന ലത്തീന്‍ ധാതുവില്‍ നിന്നാണു മാസ് എന്ന പദത്തിന്റെ ഉത്ഭവം. കര്‍ത്താവിന്റെ ക്രൂശുമരണത്തെ സ്മരിച്ചുകൊണ്ടു ക്രൈസ്തവസഭ ആചരിച്ചുവരുന്ന ഒരു കൂദാശയാണു കര്‍ത്താവിന്റെ അത്താഴം. യേശുക്രിസ്തു തന്റെ അപ്പൊസ്തലന്മാരുമായി കഴിച്ച പെസഹ ഭോജനമാണ് ഒടുവില്‍ പരമ്പരാഗതമായി കര്‍ത്താവിന്റെ അത്താഴമായി സഭയില്‍ അംഗീകരിക്കപ്പെട്ടതെന്നു വിശ്വസിക്കുന്നു. ഈ അന്ത്യ അത്താഴത്തെക്കുറിച്ചുള്ള വിവരണം സമവീക്ഷണസുവിശേഷങ്ങളിലും കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാംലേഖനത്തിലും ഉണ്ട് (മത്താ-26:17-29, മര്‍-14:17-25, ലൂ-22:14-21, 1കൊരി-11:23-26). ഒരു അത്താഴത്തെക്കുറിച്ചുള്ള വിവരണം യോഹന്നാന്‍ നല്‍കുന്നുണ്ടെങ്കിലും (13:21-30) അതില്‍ കര്‍ത്തൃമേശയുടെ സ്ഥാപനത്തെക്കുറിച്ചു സൂചനയില്ല. ''എന്റെ ഓര്‍മ്മയ്ക്കായി ചെയ്‌വിന്‍'' എന്നു ക്രിസ്തു പറഞ്ഞതായി ലൂക്കൊസ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു (ലൂ-22:19). ആണ്ടുതോറും യഹൂദന്മാര്‍ ആചരിച്ചുവരുന്ന പെസഹാ പെരുന്നാളിനുവേണ്ടി ഇനി കൂടിവരുമ്പോള്‍ തന്റെ ഓര്‍മ്മയ്ക്കുവേണ്ടി ചെയ്യണമെന്നാണു ക്രിസ്തു വിഭാവനചെയ്തത്. കാരണം കഴിഞ്ഞ നാളുകളില്‍ ജനത്തിനുവേണ്ടി യാഗമായിത്തീര്‍ന്ന പെസഹാകുഞ്ഞാടു താന്‍തന്നെയെന്നു (1കൊരി-5:7) ക്രിസ്തു പറയുകയായിരുന്നു. ഇനി നടത്തുന്ന പെസഹാആചാരങ്ങളിലും യേശുവിനെയാണ് ഓര്‍ക്കേണ്ടത്. ഇതായിരുന്നു സന്ദേശം. യഹൂദനല്ലാതെ വേറെയാരും ഇത് ആഘോഷിക്കാനും പാടില്ല (പുറ-12:42-51). എന്നാല്‍ പുതിയനിയമസഭ ഇതൊരു കൂദാശയായി ആചരിച്ചുതുടങ്ങിയപ്പോള്‍ കര്‍ത്താവിന്റെ ക്രൂശ്മരണത്തെ ധ്യാനിക്കാനും അനുതാപത്തോടെ അവിടുത്തെ അടുക്കല്‍ വരാനും ഈ ശുശ്രൂഷ കാരണമായിത്തീര്‍ന്നു. 1. വിശുദ്ധ വഴിപാടില്‍ സ്വയം ശോധന (1 കൊരി-11:23-30) വിശുദ്ധ വഴിപാടില്‍ നിരന്തരം ശോധന ചെയ്യാനും ശുദ്ധീകരിക്കാനും സഭയ്ക്ക് അവസരം ലഭിക്കുന്നു. ഇത്തരുണത്തില്‍ അയോഗ്യത മാറ്റപ്പെടുകയും കുറവുകള്‍ ബോധ്യപ്പെടുകയും ചെയ്യുന്നു. പിന്നെയും വിശുദ്ധജീവിതത്തിനായി ദൈവകൃപ അന്വേഷിക്കുന്നു. അവിടത്തെ കൃപയില്ലാതെ നിര്‍മ്മലമായ ജീവിതം സാദ്ധ്യമല്ലല്ലോ. അങ്ങനെ സ്വയം വിധിക്കപ്പെട്ടു ശുദ്ധീകരിക്കപ്പെടാന്‍ ഉപദേശിക്കുന്ന അനുഗ്രഹിക്കപ്പെട്ട ഒരു സന്ദേശമാണു കര്‍ത്താവിന്റെ അത്താഴം നല്‍കുന്നത്. അവരവരെ വിധിക്കാനായി ലഭിക്കുന്ന ഒരവസരം. അങ്ങനെ ചെയ്താല്‍ നാം വിധിക്കപ്പെടുകയില്ല (1കൊരി-11:27-33). അങ്ങനെ നിരന്തരം ദൈവത്തിന്റെ സാന്നിധ്യബോധം ഉണര്‍ന്നുകൊണ്ടു ജീവിക്കാന്‍ ഇടയാകും (സങ്കീ-16:11). ഈ കൂദാശയില്‍ ക്രിസ്തുവിനെ ഓര്‍ക്കുന്നതുപോലെ മാനുഷികബന്ധങ്ങളിലുള്ള കൂട്ടായ്മയുടെ ഐക്യവും ദൃഢതയും വര്‍ദ്ധിക്കണം. ''അപ്പം ഒന്നാകകൊണ്ടു പലരായ നാം ഒരു ശരീരമാകുന്നു. നാം എല്ലാവരും ആ ഒരേ അപ്പത്തില്‍ അംശികളാകുന്നുവല്ലോ'' (1കൊരി-10:17). അന്യോന്യമുള്ള കൂട്ടായ്മയ്ക്ക് ആദിമസഭ വളരെ പ്രാധാന്യം നല്‍കിയിരുന്നു. അപ്പം നുറുക്കലില്‍ ഒരു കൂട്ടായ്മ ഉണ്ട് (അ.പ്ര-2:42,46). ആ കൂട്ടായ്മയില്‍ ഉല്ലാസവും ഹൃദയപരമാര്‍ത്ഥതയും അവര്‍ അനുഭവിച്ചു (അ.പ്ര-2:46). കര്‍ത്താവിന്റെ അത്താഴം സഭയില്‍ കൂട്ടായ്മബന്ധം വളരാനും സ്‌നേഹം വര്‍ദ്ധിക്കാനും ഐകമത്യം നിലനില്‍ക്കാനും കാരണമാകുന്നു. ക്രിസ്തുവിന്റെ തിരുമേശയില്‍ നാം പങ്കാളികളാകുമ്പോള്‍ നമ്മുടെ ജീവിതം മറ്റ് അവസരങ്ങളില്‍ ഭൂതത്തിന്റെ അഥവാ തിന്മയുടെ മേശയ്ക്ക് അംഗങ്ങളായി തീരുവാന്‍ പാടില്ല. വി.പൗലൊസ് ഇതിനെ ശക്തമായി ഉപദേശിക്കുന്നുണ്ട് ''നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ ആണ്''. നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മയുമാണ്. നിങ്ങള്‍ക്കു കര്‍ത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികളാകുവാന്‍ പേടിയില്ല (1കൊരി-10:16-21). ക്രിസ്തുവിന്റെ മേശയിങ്കലേയ്ക്കു നാം വരുമ്പോള്‍ നമ്മുടെ രൂപാന്തരജീവിതം സ്വയം വിവേചിക്കാനും ഉറപ്പുവരുത്താനും നാം ബാദ്ധ്യസ്ഥരാണ്. 2. വിശുദ്ധയാഗത്തില്‍ ജീവന്റെ അപ്പത്തെ ഓര്‍ക്കുന്നു (യോഹ-6:15-59) യേശുക്രിസ്തുവാണു ജീവന്റെ അപ്പം. 'ഞാനാകുന്നു' എന്നു ക്രിസ്തു പറഞ്ഞ ഏഴു അവകാശവാദങ്ങളില്‍ (seven ‘I am sayings’ of Jesus) ഒന്നാണ് ഇത്. യേശുവിനെയും യേശുവിന്റെ ഉപദേശങ്ങളെയും അംഗീകരിക്കുക എന്നതാണ് 'എന്നെ തിന്നുക' എന്നതുകൊണ്ടു ക്രിസ്തു വിവക്ഷിക്കുന്നത്. കര്‍ത്താവിന്റെ മേശയിലും ഇതു പ്രസ്താവ്യമാണ്. കാരണം തിരുവത്താഴത്തില്‍ നാം ക്രിസ്തുവിന്റെ ക്രൂശുമരണത്തെയും പുനരുത്ഥാനത്തെയും ഓര്‍ക്കുന്നു. മുന്‍ സൂചിപ്പിച്ചതുപോലെ, കര്‍ത്താവിന്റെ ക്രൂശ്മരണത്തെയും പുനരുത്ഥാനത്തെയും ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. നാം നുറുക്കുന്ന അപ്പം കര്‍ത്താവിന്റെ ശരീരത്തിന്റെ കൂട്ടായ്മയായും നാം കുടിക്കുന്ന പാനപാത്രം യേശുക്രിസ്തു ചൊരിഞ്ഞ രക്തത്തിന്റെ അടയാളമായും ഓര്‍ക്കുന്നു. ഓരോ കൂട്ടായ്മയിലേയും അദൃശ്യനായ ആതിഥേനായി ക്രിസ്തുവിനെ ധ്യാനിക്കുന്നു (1കൊരി-10:20,21). നാം ക്രിസ്തുവിലും ക്രിസ്തു നമ്മിലും വസിക്കുന്ന അനുഭവം സജീവവും ചൈതന്യവത്തുമായി തീരുന്നു (യോഹ-6:53-58). അത് പരസ്പരകൂട്ടായ്മയ്ക്കും ക്രിസ്തുശരീരത്തിന്റെ പങ്കാളിത്തത്തിനും കാരണമായിത്തീരുന്നു. കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാംവരവാണു ക്രൈസ്തവസഭയുടെ ഏറ്റവും വലിയ പ്രത്യാശ. യേശുക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണസമയം മുതല്‍ ക്രിസ്തുവിന്റെ വരവിനായി സഭ കാത്തിരിക്കുന്നു (അ.പ്ര-1:11). ആമേന്‍ കര്‍ത്താവായ യേശുവേ വേഗം വരേണമേ എന്ന സഭയുടെ പ്രാര്‍ത്ഥന ഇത്തരുണത്തില്‍ സ്മരിക്കപ്പെടണം (വെളി-22:20). ഈ കൂദാശ കര്‍ത്താവിന്റെ വരവോളം തന്റെ മരണത്തെ പ്രസ്താവിക്കുന്നു എന്നാണ് വി.പൗലൊസിന്റെ വാദം. കര്‍ത്താവിന്റെ വരവോളം തന്റെ മരണത്തെ സാക്ഷിക്കുന്നതിന്റെ അടയാളമാണു കര്‍ത്താവിന്റെ അത്താഴം. 3. വിശുദ്ധയാഗം നിത്യജീവനെ ഓര്‍മ്മിപ്പിക്കും (യോഹ-6:15-19) ക്രിസ്തീയ ജീവിതത്തിന്റെ പ്രധാന ലക്ഷ്യം നിത്യജീവനാണല്ലോ. അതായതു ക്രിസ്തു വാഗ്ദത്തം ചെയ്ത സമൃദ്ധിയായ ജീവന്‍. കര്‍ത്താവിന്റെ മേശയില്‍ പങ്കാളികളാകുമ്പോള്‍ സഭ…
August 23 Sacrament of Holy Qurbana (Holy Sacrifice) 2 Kings 4:42-44 Ps. 100 1 Cor. 11:23-30 Jn. 6:15-59 Verse for meditation: “This is the bread that came down from heaven. Your forefathers ate manna and died, but he who feeds on this bread will live forever” (Jn. 6:58)

Menu