നവംബര്‍ 22 ദാരിദ്ര്യത്തോടുള്ള ക്രൈസ്തവ പ്രതികരണം Christian Response to Poverty ആമോ. 8:4-7 സങ്കീ. 145 യാക്കോ. 2:1-7 ലൂക്കൊ. 16:19-31 ധ്യാനവചനം: പ്രിയ സഹോദരന്മാരേ, കേള്‍പ്പിന്‍: ദൈവം ലോകത്തില്‍ ദരിദ്രരായവരെ വിശ്വാസത്തില്‍ സമ്പന്നരും തന്നെ സ്‌നേഹിക്കുന്നവര്‍ക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു (യാക്കോ-2:5). കര്‍മ്മഫലമാണു ദാരിദ്ര്യത്തിനു കാരണമെന്നു കര്‍മ്മസിദ്ധാന്തവും ആഗ്രഹമാണ് എല്ലാ ദുഃഖങ്ങള്‍ക്കും കാരണമെന്നും അതുകൊണ്ടു ദാരിദ്ര്യത്തില്‍ ജീവിക്കുന്നതില്‍ നിന്നും മാറാന്‍ ആഗ്രഹിക്കരുതെന്നു മറ്റൊരു പുരാതന മതവും പറയുമ്പോള്‍ ദാരിദ്ര്യത്തോടും ദരിദ്രന്മാരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണു ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ മുന്നേറുന്നത്. ദരിദ്രനെ കൈതാങ്ങി, അവന്റെ ആ അവസ്ഥയില്‍ നിന്നും ഉയര്‍ത്തണമെന്ന് ആദ്യമായി പഠിപ്പിച്ചതു ക്രിസ്തുവാണ്. സ്വര്‍ഗ്ഗമഹത്വംവിട്ടു ദരിദ്രനോടു സമനായി ഒരു ദരിദ്രനായി യേശു ഈ ഭൂമിയിലേക്കു വന്നു (2 കൊ. 8:9). 'ദരിദ്രന്മാരോടു സുവിശേഷം അറിയിക്കുവാന്‍ പിതാവ് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു' (ലൂക്കൊ. 4:18) എന്നായിരുന്നു തന്റെ പ്രഖ്യാപിതനയം. 'വരുവാനുള്ളവന്‍ നീയാണോ' എന്ന് അന്വേഷിക്കുവാന്‍ യോഹന്നാന്‍ സ്‌നാപകന്‍ സംശയത്തോടെ ഗുരുവിന്റെ അടുക്കല്‍ തന്റെ ശിഷ്യന്മാരെ അയക്കുമ്പോള്‍ ഗുരു പറഞ്ഞതിങ്ങനെയാണ്: ''നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും പോയി യോഹന്നാനോട് അറിയിക്കുവിന്‍. കുരുടര്‍ കാണുന്നു, മുടന്തര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരായി തീരുന്നു... ദരിദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു'' (മത്താ.11:4,5). ഇത്തരം രോഗികളെ സൗഖ്യമാക്കിയത് അവരെ രോഗത്തില്‍ നിന്നും സൗഖ്യമാക്കാന്‍ മാത്രമല്ലായിരുന്നു. അതിലുപരി - ഇത്തരം രോഗികളെ സമൂഹം അറപ്പുള്ളവരായി കണ്ടിരുന്നു, അടിച്ചമര്‍ത്തപ്പെട്ടവരായി. തൊട്ടുകൂടാത്തവരും, ശപിക്കപ്പെട്ടവരുമായി. കുരുടനായി പിറക്കുവാന്‍ അവന്റെ പൂര്‍വ്വപിതാക്കളുടെ പാപകാരണമായി. ഇവര്‍ക്കാണ് കര്‍ത്താവ് സൗഖ്യം പ്രഖ്യാപിച്ചത്. അവര്‍ക്ക് ശാരീരിക സൗഖ്യം മാത്രമല്ല, സാമൂഹിക സൗഖ്യവും നല്‍കുകയാണിവിടെ. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടു വരുകയാണ്. സൗഖ്യം പ്രാപിച്ച കുഷ്ഠരോഗി പോയി തന്നെത്തന്നെ പുരോഹിതനെ കാണിച്ച്-സൗഖ്യത്തെ പ്രഖ്യാപിച്ചു സമൂഹത്തിലേക്കു കയറ്റപ്പെടണം. അവനും ദൈവസൃഷ്ടിയാണ്. സമനാണ്. പാളയത്തിനു പുറത്തു പാര്‍ക്കേണ്ടവനല്ല. അതുവരെ ഉണ്ടായിരുന്ന 'വിധി'യുടെ നിയമങ്ങളെ കര്‍ത്താവ് പിഴുതെറിയുകയാണ്. ആരാണ് ദരിദ്രന്‍? വേദപുസ്തകത്തില്‍, പഴയനിയമത്തിലും പുതിയ നിയമത്തിലുമായി ദരിദ്രരെ കുറിച്ച് അനേകം പരാമര്‍ശങ്ങളുണ്ട്. പഴയനിയമത്തില്‍ (എബ്രായ ഭാഷ) മുന്നൂറിലധികം (300) പ്രാവശ്യം ഈ വാക്ക് പ്രതിപാദിച്ചിരിക്കുന്നു. പല പദങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ana, dalal, aba, haser, sakan, rush, yarash, muk, haleka എന്നീ ഒന്‍പതു പ്രധാന പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ പദങ്ങള്‍ക്കെല്ലാം വ്യത്യസ്ത അര്‍ത്ഥങ്ങള്‍ ഉണ്ടെങ്കിലും പൊതുവെ മര്‍ദ്ദിതന്‍, ബലഹീനന്‍, നിസ്സഹായന്‍, ഭിക്ഷക്കാരന്‍, അടിമ, ഇര, അപഹരിക്കപ്പെട്ടവന്‍, ദരിദ്രന്‍ എന്നീ അര്‍ത്ഥങ്ങളിലാണു കാണുന്നത്. പഴയ നിയമത്തില്‍ ദൈവം എപ്പോഴും ഇക്കൂട്ടര്‍ക്കുവേണ്ടി കരുതലുള്ളവനായും, കരുണയുള്ളവനായും പ്രവര്‍ത്തിച്ചതായി കാണുന്നു. ഇവരെ സംരക്ഷിക്കുകയും വിടുവിക്കുകയും ചെയ്യുവാന്‍ ദൈവം മറ്റുള്ളവരോട് ആഹ്വാനം നല്‍കുന്നു. 1. ദാരിദ്ര്യത്തോടുള്ള പ്രതികരണം പഴയനിയമത്തില്‍ (ആമോ-8:4-7) ദരിദ്രന്മാര്‍ക്കെതിരെ ഉണ്ടായ അടിച്ചമര്‍ത്തലും ചൂഷണവും ശക്തമായി പ്രതികരിക്കുന്ന ഒരു പ്രവാചകനാണ് ആമോസ്. എളിയവനുവേണ്ടി ശബ്ദിക്കുന്ന ഒരു പ്രവചനമായിട്ടാണ് ആമോസിന്റെ പുസ്തകത്തെ നാം കാണുന്നത്. പഴയനിയമത്തില്‍ ദരിദ്രനോടു ഐക്യദാര്‍ഢ്യം കാണിക്കുന്ന ദൈവശബ്ദം പല സ്ഥലങ്ങളിലും പ്രകടമാണ്. പഞ്ചപുസ്തകത്തിലെ ന്യായപ്രമാണ നിയമങ്ങളും, ശബ്ബത്ത്, യോബേല്‍ സംവത്സരം തുടങ്ങിയ ആചാരങ്ങളും കാണുമ്പോള്‍ ദൈവം ദരിദ്രനെ എത്രമാത്രം കരുതിയിരിക്കുന്നു എന്നതു വ്യക്തമാണ്. അവകാശവും വസ്തുവകയും ഇല്ലാത്ത കൃഷിക്കാരനും, ഭവനരഹിതനായ പൗരനും, തൊഴില്‍രഹിതനായ സഹോദരനും, അടിമയും, വിശക്കുന്നവനും, മര്‍ദ്ദിതനും കൂലിക്കാരനും ദൈവമുമ്പില്‍ വിലയേറിയവരായി കാണുന്നു. ഇവരെ കരുതേണ്ടത് മറ്റുള്ളവരുടെ ഉത്തരവാദിത്തമായി ദൈവം പ്രഖ്യാപിച്ചിരിക്കുന്നു. (ലേവ്യാ. 25:25, 29, 35, 39, പുറ. 21:2-6, ആവ. 15:12-18, ലേവ്യാ. 19:13, ആവ. 24:14, പുറ. 21:20, 22:21-24, 23:9, 19:33, ആവ. 15:1-15, പുറ. 23:11, ആവ. 10:18, 5:12-15) ദരിദ്രനോടു കൃപ കാട്ടുന്നവന്‍ യഹോവയ്ക്കു വായ്പ കൊടുക്കുന്നു (സദൃ. 19:17). ദരിദ്രനെ പരിഹസിക്കുന്നവന്‍ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു. (സദൃ. 17:5, 14:31). നീതിമാന്‍ അഗതികളുടെ കാര്യം അറിയുന്നു (സദൃ. 29:7) എന്ന് ജ്ഞാനസാഹിത്യത്തില്‍ പറയുമ്പോള്‍, പ്രവാചക പുസ്തകങ്ങളിലൂടെ ദരിദ്രര്‍ക്കു വേണ്ടി ദൈവം ശക്തമായി സംസാരിക്കുന്നതു ശ്രദ്ധേയമാണ്. ആമോസും, ഹോശേയയും, മീഖയും, യെശയ്യാവും ദരിദ്രര്‍ക്കുവേണ്ടി കരുതുന്ന ദൈവത്തെ ചിത്രീകരിക്കുന്നു. യെശയ്യാവിന്റെ പുസ്തകത്തില്‍ മാത്രം (1-39 അദ്ധ്യായങ്ങള്‍) 24 പ്രാവശ്യം മുന്‍ സൂചിപ്പിച്ച എല്ലാ പദങ്ങളും (anaw, ani, dal, ebyon) രേഖപ്പെടുത്തിയിട്ടുണ്ട്. ആമോസില്‍ 13 പ്രാവശ്യം ഈ പദപ്രയോഗങ്ങള്‍ കാണാം. ''എളിയവരെ ആദരിക്കുന്നവന്‍ ഭാഗ്യവാന്‍'' എന്നു തുടങ്ങുന്ന മനോഹരമായ സങ്കീര്‍ത്തനത്തിലൂടെ നല്‍കുന്ന സന്ദേശവും ഇതു തന്നെയാണ് (സങ്കീ. 128:1). നിലം കൊയ്യുമ്പോള്‍ വയലിന്റെ അരികു തീര്‍ത്തുകൊയ്യരുതെന്നും, മുന്തിരിതോട്ടത്തിലും, നിലത്തിലും കാലാ (നിലത്തു ചിതറിക്കിടക്കുന്നത്) പെറുക്കരുതെന്നും, അതെല്ലാം ദേശത്തിലെ ദരിദ്രനു വേണ്ടി വിട്ടേക്കണം എന്നുമാണ് പഴയനിയമത്തിലൂടെ ദൈവം പറഞ്ഞത് (ലേവ്യാ. 19:9, 10; 23:22). ''എനിക്ക് ഇഷ്ടമുള്ള ഉപവാസം'' എന്നു ദൈവം പറയുന്നതിനെ യെശയ്യാവ് വ്യക്തമാക്കുന്നുണ്ട്. ''വിശപ്പുള്ളവനു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും, നഗ്നനെക്കണ്ടാല്‍ അവനെ ഉടുപ്പിക്കുന്നതും, അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ ചേര്‍ത്തുകൊള്ളുന്നതുമാണ് എനിക്കു ഇഷ്ടമുള്ള ഉപവാസം'' (യെശ 58:6,7). ദശാംശത്തെക്കുറിച്ചുള്ള ഉപദേശത്തിലും ഇതു വ്യക്തമാണ്. ദശാംശം കൊണ്ടുവന്ന് അനാഥനും വിധവക്കും പരദേശിക്കും ലേവ്യനും വേണ്ടി വീതിക്കണമെന്നാണു പ്രമാണം. ഈ നാലു കൂട്ടരും കാണിക്കുന്നത് എളിയവനെയാണ്. അങ്ങനെ ചെയ്താല്‍ ''ദരിദ്രന്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടാകുകയില്ല'' (ആവ.…